Archives / 

എൻ.പരമേശ്വരൻ മുൻ ലൈബ്രേറിയൻ-ഇൻ-ചാർജ്ജ് ,കേരള യൂണിവേഴ്സിറ്റി ലൈബ്രറി
പ്രൊഫ. ഹൃദയകുമാരി ടീച്ചർ-     ഒരു ഓർമ്മക്കുറിപ്പ് 

 

    മികച്ച അധ്യാപികയും പ്രമുഖ എഴുത്തുകാരിയും നിരൂപകയും ആയ പ്രൊഫ.ബി. ഹൃദയകുമാരി ടീച്ചറിന്  കേരള യൂണിവേഴ്സിറ്റി ലൈബ്രറിയുമായി നല്ല  അടുപ്പമുണ്ടായിരുന്നു.കേരളത്തിലെ വിവിധ ഗവണ്മെന്റ് കോളേജകളിൽ 38 വർഷം ഇംഗ്ലീഷ് അധ്യാപികയായിരുന്ന ടീച്ചർ ,തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും വിമൻസ് കോളേജിലും ജോലി ചെയ്യുന്ന സമയത്തു തന്നെ കേരള യൂണിവേഴ്സിറ്റി ലൈബ്രറിയിൽ അംഗത്വം എടുത്തിരുന്നു. ലൈബ്രറിയിലെ ഒരു സ്ഥിരം സന്ദർശക ആയിരുന്നു ടീച്ചർ .വിമൻസ് കോളേജിൽ പ്രിൻസിപ്പാ ളായിരിക്കേ  ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിച്ചു. അതിനു ശേഷമാണ് കേരള യൂണിവേഴ്സിറ്റി  ലൈബ്രറി തന്റെ സാഹിത്യരചന രചനകൾക്കും  പ0നത്തിനുമായി ഒരു സ്ഥിരം കേന്ദ്രമാക്കി മാറ്റി.  കേരള യൂണിവേഴ്സിറ്റി ലൈബ്രറിയിലെ ഗവേഷണ വിഭാഗത്തിൽ ഒരു സ്ഥിരം സീറ്റ് ടീച്ചറിന് നൽകുകയുണ്ടായി. നേരത്തെ സംസ്കൃത പണ്ഡിതൻ പ്രൊഫ.ബാലരാമപണിക്കർ സാറിനാണ് ഇതുപോലെ ഒരു സ്ഥിരം സീറ്റ് ലൈബ്രറിയിൽ നൽകിയിരുന്നത്.

      ലൈബ്രറിയിൽ സ്ഥിരം സീറ്റ് ലഭിച്ചത് ടീച്ചറിന് വലിയ ഉപകാരമായി മാറി. കാരണം ടീച്ചറിന്റെ നിരന്തര പ0നത്തിനും ഗവേഷണത്തിനും വേണ്ട പുസ്തകങ്ങൾ എടുത്ത് സ്വന്തം മേശയിൽ സൂക്ഷിക്കാനും തന്റെ സാഹിത്യ രചനക്കും മറ്റും അവിടെ ഇരുന്ന് തന്നെ പ0നങ്ങൾ നടത്തുവാനും സാധിച്ചു എകദേശം 17 വർഷക്കാലം ടീച്ചർ ലൈബ്രറിയിൽ ഈ നിലയിൽ പഠനം നടത്തിവന്നു. ടിച്ചറിന്റെ പ്രശസ്തമായ ''കാൽപനികത'' എന്ന ലേഖന സമാഹാരത്തിനു നിരുപണ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1991-ൽ ലഭിക്കുകയുണ്ടായി. ഈ ലേഖന സമാഹാരം തയ്യാറാക്കാൻ ടീച്ചർ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത് കേരള യൂണിവേഴ്സിറ്റി ലൈബ്രറിലെ ലഭ്യമായ ഗ്രന്ഥങ്ങൾ ആയിരുന്നു. ലൈബ്രറിയിലെ കേരള പ0ന വിഭാഗത്തിലേയും റഫറൻസ് വിഭാഗത്തിലേയും ഗ്രന്ഥങ്ങൾ ടീച്ചറിന്റെ രചനക്ക് വളരെ അധികം സഹായകമായി. കേരള പഠന വിഭാഗത്തിലെ ലൈബ്രേറിയൻ ആയി രുന്ന ശ്രീ. വേലപ്പൻ നായരൂടെ സഹായം ടീച്ചറിന് ലഭിച്ചിരുന്നു. പുസ്തകത്തിന്റെ അവതാരികയിൽ ലൈബ്രറിയിൽ നിന്നും ലഭിച്ച സേവനങ്ങളെ ടീച്ചർ ഓർമ്മിച്ച് എഴുതിയിട്ടുണ്ട്.

       ടീച്ചറിന്റെ സൗമ്യമായ പെരുമാറ്റം ശ്രദ്ധിക്കപ്പെട്ടിരുന്നു. ലൈബ്രറിയിലെ എല്ലാ ജീവനക്കാർക്കും ടീച്ചറിനോട് നല്ല അടുപ്പവും ബഹുമാനവുമായിരുന്നു. അതു കൊണ്ട് തന്നെ ടീച്ചറിനും ജീവനക്കാരെ വളരെ ഇഷ്ടമായിന്നു കേരള യൂണിവേഴ്സിറ്റിയിൽ ലൈബ്രേറിയൻ-ഇൻ-ചാർജ്ജ് ആയി ഞാൻ 2001 ഡിസംബറിൽ ആണ് ചുമതലയേറ്റത്. അതിനു ശേഷം ലൈബ്രറിയിൽ സംഘടിപ്പിച്ച ചില മീറ്റിംങ്ങുകളിൽ ടീച്ചറെ പങ്കെടുപ്പിക്കാൻ എനിക്ക് സാധിച്ചു. ടീച്ചറെ ക്ഷണിക്കാൻ വേണ്ടി വീട്ടിൽ പോയപ്പോൾ ടീച്ചറിന്റെ സഹോദരിയും പ്രശസ്ത കവിയത്രിയുമായ സുഗതകുമാരി ടീച്ചറോട് അടുത്ത് ഇടപഴകാന്നും സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞു. അത് എനിക്ക് ലഭിച്ച വലിയ ഭാഗ്യമായി ഞാൻ കാണുന്നു. പ്രൊഫ. ഹൃദയകുമാരി ടീച്ചറിന്റെ സ്നേഹവും സൗമ്യവുമായ പെരുമാറ്റവും ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. ടീച്ചറിന്റെ ലൈബ്രറിയിലുള്ള സമ്പർക്കം ലൈബ്രറിക്കും ഒരു അംഗീകാരമായിരുന്നു. ടീച്ചറിന്റെ പാവനസ്മരണക്ക് മുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു.

Share :

Photo Galleries