Archives / November 2018

 ബിജുതുറയിൽക്കുന്ന്
ഹൃദയകുമാരി ടീച്ചർ

 

         ഞാൻ ആദ്യമായ് ഹൃദയകുമാരി ടീച്ചറെ കാണുന്നത് എന്റെ മകനെ എഴുത്തിനിരുത്താൻ ആ വീട്ടിലെത്തിയപ്പോഴാണ്. ഹൃദയകുമാരി ടീച്ചറുടെ സഹപ്രവർത്തകയായ മഹേശ്വരിയമ്മ ടീച്ചറുടെ മകളാണ് ഹൃദയകുമാരി ടീച്ചർ വഴി സുഗതകുമാരി ടീച്ചറെ പരിചയപ്പെടുത്തിയത്.സുഗതകുമാരി ടീച്ചറെ ക്കൊണ്ട് എഴുത്തിനിരുത്തണമെന്ന എന്റെ മോഹത്തെ ഹൃദയകുമാരി ടീച്ചർ സ്നേഹത്തോടെ അനുവദിച്ചു.രണ്ടു പേരുടേയും വീട് അടുത്തടുത്താണങ്കിലും ഹൃദയകുമാരി ടീച്ചറുടെ പൂജാമുറിയിൽ വച്ചാണ് മകനെ അക്ഷരലോകത്തേക്ക് ടീച്ചർ ആ കുഞ്ഞു വിരൽ പിടിച്ച് കയറ്റിയത്. ഹൃദയകുമാരി ടീച്ചറുടെ സാന്നിധ്യവും അവിടെയുണ്ടായത് മകന്റെ പുണ്യമായ് എനിക്കനുഭപ്പെട്ടു.                                                                                                                                                 ലൈബ്രറിയിലെ സുഹൃത്തുക്കൾക്കൊപ്പം ഒരു സംഘമായാണ് പോലീസ് ക്യാമ്പിന് സമീപമുള്ള പ്രിയ കവി ബോധേശ്വരന്റെ പാദസ്പർശമേറ്റ ഭവനത്തിലെത്തിയത്.ഹൃദയകുമാരി ടീച്ചറും സുഗതകുമാരി ടീച്ചറും ഒരുമിച്ച് മുന്നിൽ നില്ക്കുന്ന കാഴ്ച ബോധമണ്ഡലംമറയും വരെയും ഉണ്ടാകും. വിദ്യാരംഭ സമയമല്ലാത്തൊരു ദിവസമായിരുന്നു അത്. സുഗതകുമാരി ടീച്ചറെ വിളിക്കുമ്പോൾ 'നേരമെടുത്തിട്ടുണ്ടോ' എന്നൊരു ചോദ്യം മായിരുന്നു.' ഇല്ല' ടീച്ചറുടെ സമയമാണ് എന്റെ നേരം എന്ന മറുപടിയിൽ എന്റെ മകൻ വൈശാഖന് ഒരു തിങ്കളാഴ്ച രാവിലെ സമയമനുവദിച്ചു.ഹൃദയകുമാരി ടീച്ചറുടെ വീട്ടിൽ വച്ച് പ്രിയ കവയത്രി സുഗതകുമാരി ടീച്ചർ അരിമണിയിൽ അക്ഷരം പകർന്ന് നല്കുമ്പോൾ എന്റെ സന്തോഷം പറഞ്ഞറിയിക്കുന്നതിനുമപ്പുറമായിരുന്നു. എഴുതിക്കഴിഞ്ഞ് കവയിത്രി പറഞ്ഞ വാക്കുകൾ അതിശയിപ്പിക്കുന്നതായിരുന്നു: 'അഭയയിലേക്ക് പോകാൻ സമയം കഴിഞ്ഞു. ഇല്ലെങ്കിൽ മോനിത്തിരി പായസം ഉണ്ടാക്കിത്തരുമായിരുന്നു'.ഹൃദയകുമാരി ടീച്ചർ ഇത് കേട്ട് പുഞ്ചിരിച്ചു കൊണ്ട് അടുത്ത് നില്പുണ്ട്.ഒരു പരിചയവുമില്ലാത്ത ഞങ്ങളെ ഇത്ര സ്നേഹ വാല്സല്യത്തോടെ വീട്ടിൽ സ്വീകരിച്ചത് സ്വാതന്ത്ര്യ സമര സേനാനി കൂടിയായ ആ പിതാവിൽ നിന്ന് ലഭിച്ച നന്മ തന്നെയാണന്ന കാര്യത്തിൽ സംശയമില്ല. ഈയവസരത്തിൽ ഹൃദയകുമാരി ടീച്ചറെ ചിരംജീവിയായി തന്നെ സ്മരിക്കുന്നു. ടീച്ചർ പകർന്ന അക്ഷരങ്ങളിലൂടെ, പുസതകങ്ങളിലൂടെ മലയാളമുള്ള കാലത്തോളം മറക്കില്ല.       *.     *.    *.    *.    *                   ഹൃദയകുമാരി ടീച്ചറെ നേരിട്ട് കാണുന്നതിന് മുൻപേ ടീച്ചറുടെ പുസ്കങ്ങളിൽ പ്രധാനപ്പെട്ട കാല്പനികത, നവോത്ഥാനം ആംഗല സമൂഹത്താൽ, ചിന്തയുടെ ചില്ലകൾ, ആത്മകഥയായ 'നന്ദിപൂർവം' എന്നിവ പല തവണ എന്റെ കൈകളിലൂടെ വായനക്കാരിലെത്തിയിരുന്നു. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ പഠന സംബന്ധമായ വായനയ്ക്കായി ഏറ്റവും കൂടുതൽ വായനക്കാർ അന്വേഷിക്കുന്ന പുസ്തകങ്ങളിലൊന്നാണ് ' കാല്പനികത'. പാശ്ചാത്യ സാഹിത്യത്തിലെ വിശിഷ്ട കൃതികളെ ലളിതമായ ഭാഷയിൽ സാഹിത്യ വിദ്യാർത്ഥികൾക്ക് മനസിലാക്കുവാൻ കാല്പനികത'യ്ക്ക് കഴിയുന്നുണ്ട്.മലയാള ,പാശ്ചാത്യ സാഹിത്യ കൃതികളെ താരതമ്യം ചെയ്ത് അവതരിപ്പിക്കാനുള്ള ടീച്ചറുടെ കഴിവ് ശ്രദ്ധേയമാണ്. ടീച്ചറുടെ ശരീരം മാത്രമേ നഷ്ടമായിട്ടുള്ളു. ശിഷ്യഗണങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും സാഹിത്യ ഗവേഷണ വിദ്യാർത്ഥികളുടെ മനസിലെ മായാത്ത സാന്ത്വനമായി എന്നും കൂടെയുണ്ടാകും. ലൈബ്രറികളിലെ പുസ്തകകങ്ങൾക്കിടയിലെ അമൂല്യ രത്നമായ് ഹൃദയകുമാരി ടീച്ചറുടെ പുസ്തകങ്ങൾ എന്നും തിളങ്ങി നിൽക്കും. .

 

Share :

Photo Galleries