Archives / November 2018

ഇന്ദിരാ ബാലൻ
ഉരുകിത്തീരുമ്പോൾ വെളിച്ചമാകുന്നവൾ

ഓരോ ജീവിതങ്ങൾക്കും സ്വന്തമായൊരു ശബ്ദകോശമുണ്ടാകും. ജീവിതത്തിന്റെ രൗദ്ര സംഗീതങ്ങളെല്ലാം നിലച്ച് ക്ഷീണിതമാകുമ്പോഴാണ് പോയ് പോയ കാലത്തിന്റെ ശബ്ദ വെളിച്ചങ്ങളെ തിരയുക. വേദനയും സന്തോഷങ്ങളും നിറഞ്ഞ ജീവിത നാടകത്തിന്റെ അണിയറയിൽ ചുട്ടി മായ്ച്ച്... കഥാപാത്രങ്ങളിൽ നിന്നും മാറി പച്ച മനുഷ്യനിലേക്കുള്ള കച്ചയഴിക്കുമ്പോഴായിരിക്കും നെഞ്ചിലാളിയ സ്നേഹത്തിന്റെ കനിയെ ഓർത്തെടുക്കുക. 

കവി മണമ്പൂർ രാജൻ ബാബുവിന്റെ " സ്നേഹിത " എന്ന കവിത വായിച്ചപ്പോൾ തോന്നിയ വിചാരധാരയാണ് മേലെ കുറിച്ചത്. ജീവിതത്തിന്റെ ഏണിപ്പടികൾ താണ്ടുമ്പോൾ വാഗ്ദാനങ്ങൾ മറന്നു പോകുന്ന ഒരു സമൂഹത്തെ നോക്കിക്കാണുവാൻ ഈ കവിതക്ക് കഴിയുന്നു.  ഒരു കവിക്ക് എഴുതാതിരിക്കാനാവാത്ത വിധം വാക്കുകൾ തോടുകൾ പൊട്ടിച്ച ക്ഷരങ്ങളായ് പിറക്കുമ്പോഴുള്ള വിഹ്വലതകളും തിരിച്ചറിവുമാണ് ഈ പതിനാറു വരിക്കവിതയിലൂടെ ആലേഖനം ചെയ്തിരിക്കുന്നത്. ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടെന്ന ഊട്ടിയുറപ്പിക്കൽ .. അക്ഷരങ്ങൾ മുത്തുകളെ പോലെ മുന്നിൽ ചിതറുമ്പോൾ ഇരിക്കാനോ, നടക്കാനോ, നിൽക്കുവാനോ കഴിയാനാവാത്ത വിധം ഒരു പരവേശം കവിയെ ചൂഴുന്നു. അകം കത്തുന്ന വിധം സന്തോഷ സന്താപങ്ങളും അസ്വസ്ഥതകളും ഉന്മാദമായ് നിറഞ്ഞ് ഭ്രാന്താവസ്ഥയിലെത്തുന്ന വിഭ്രമ വേളയിൽ ,ഈ ലോകത്തെ അടയാളപ്പെടുത്തുവാൻ  കയ്യിലുള്ള വാക്കുകൾക്ക് ശക്തി പോരെന്ന് തോന്നുമ്പോൾ ഈ ജന്മം പോലും എത്ര ദുർബ്ബലമെന്ന് മനസ്സിലാകുന്നു.  ശബ്ദകോശങ്ങളിൽ നിന്നും സ്വരൂക്കൂട്ടിയ വാക്കുകൾ പോരാ ഉള്ളിൽ ജൃംഭിക്കുന്ന കടലിനെപ്പോലെയുള്ള ജീവിതത്തെ വരച്ചെടുക്കാൻ. ആ തിരിച്ചറിവോടെ പേന പൂട്ടുമ്പോൾ മുമ്പിലുള്ള വാക്കുകൾ പോലും തോൽവി സമ്മതിച്ച് തൊഴുത് മടങ്ങുന്നത് ലോകത്തിന്റെ അരാജകത്വത്തേയും അരക്ഷിതത്വത്തേയും ആണ് സൂചിപ്പിക്കുന്നത്. മനുഷ്യത്വം നഷ്ടപ്പെട്ട കാലത്തെ ,ജീവിതത്തിനെ കുറിക്കാൻ അക്ഷരങ്ങൾക്കാവതില്ലാ അഥവാ കഴിഞ്ഞാൽ ആ വാക്കുകൾ അസഹിഷ്ണുതയുടെ കനലാഴിയിൽ എരിഞ്ഞേക്കാം. എഴുതാനാവാത്ത ആ നിസ്സഹായതയിൽ ഒരു കുളിർക്കാറ്റ് പോലെ  സമാശ്വാസമായി വന്നു പൊതിയുന്നത് പാതി നെഞ്ചിന്റെ ചൂടാണ്. അരികിലേക്കതെത്തുന്നത് ഒരു തൂവെള്ളക്കപ്പ് നിറയെ  ജീവിതസ്നേഹത്തിന്റെ മണവും മധുരവും കയ്പ്പും ചേർത്തിളക്കിയ ചായയുമായാണ്.തൂവെള്ള  എന്ന വർണ്ണപ്രതീകം ഇടംപാതിയുടെ ഹൃദയശുദ്ധിയാണ് വ്യക്തമാക്കുന്നത്. അവിടെ കവി പറയുന്നു,
"അതിലെൻ ചായ
പിന്നിൽ കാവ്യമല്ലെൻ പ്രേയസി
പഴമക്കാർ ചൊല്ലുന്ന സഹധർമ്മിണിയല്ല "....
ഉരുകിത്തീരുമ്പോഴും ജീവിതത്തിലെ വെളിച്ചമായിത്തീരുന്ന സ്നേഹിതയാണവൾ "
.... എന്ന തിരിച്ചറിവിൽ ഏററവും വലിയ മഹാകാവ്യത്തെ കവി  കാണുന്നു.
യാഥാസ്ഥിതിക മനോഭാവത്തിന്റെ മുന യൊടിച്ച് പുരുഷനൊപ്പം തൊട്ടുനിൽക്കേണ്ടവൾ സ്ത്രീ എന്നത് ഒറ്റവരി കൊണ്ട് കുറിക്കുമ്പോൾ  വാക്കുകൾ വസന്തർത്തുവായി  ശൂന്യമായ താളുകളിൽ.. നിറയുന്നു.. കവിയുന്നു... കവിതയായി... ജീവിതമായി... മഹാകാവ്യങ്ങളായി...... എന്ന തിരിച്ചറിവിൽ ഈ കുഞ്ഞു കവിത ഉന്മാദമായ് നിറഞ്ഞ അന്ത:സംഘർഷങ്ങൾക്കെല്ലാം മറുപടി തന്ന് പടിയിറങ്ങുന്നു! ജീവിതത്തിൽ ഉരുകിത്തീരുമ്പോൾ പരസ്പരം വെളിച്ചമായിത്തീരാൻ കഴിഞ്ഞാൽ  ഒരു മഹാകാവ്യം തന്നെ രചിക്കാമെന്ന  മറു പാഠവും ഈ കവിത നൽകുന്നു!.... വർണ്ണ വർഗ്ഗങ്ങളൊ അതിരുകളൊ ,വിഭാഗീയതകളൊ ഇല്ലാതെ മനുഷ്യനെ മനുഷ്യനായിക്കണ്ട് നമുക്ക് സ്നേഹിക്കാം, മാനവികതയെന്ന സ്നേഹശാദ്വലഭൂവിന് അടിത്തറ പാകാമെന്ന ആന്തരികമായ അർത്ഥവും ഇവിടെ ഊറി വരുന്നു.......!

Share :

Photo Galleries