Archives / November 2018

പി കെ സുധി
ദാമ്പത്യം


 എന്‍റെ വീട്ടുടമ തീര്‍ത്തും വിചിത്രനായൊരു മനുഷ്യനാണെന്ന് പലതരത്തിലും തെളിയിക്കുന്ന മട്ടിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഈ വാടകവീട്ടില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും പുറത്താക്കപ്പെടുമെന്നൊരു ആശങ്കയും എനിക്കുണ്ടായിരുന്നു.
എനിക്കു തലവേദനയുണ്ടാക്കാന്‍ കൂടെക്കൂടെ അയാള്‍ക്കൊരു വരവുണ്ട്. അതും വെളുപ്പിന്. ചായ, ചോറ്, സ്കൂളൊരുക്കം.. പെണ്ണമ്പിള്ളയ്ക്ക് പലതുകൊണ്ടും പ്രാന്തു കയറിയ ഒരു നേരമാണത്. അയാളാണെങ്കില്‍ ഓരോ മുറിയിലും കയറിയിറങ്ങി പരതും. അതൊന്നും ഭാര്യയ്ക്കിഷ്ടമല്ല. എനിക്കും. നമ്മുടെ ബെഡ്റൂമില്‍ മറ്റൊരാള്‍ കയറിനോക്കുകയെന്നുവച്ചാല്‍?
ഒരിക്കല്‍ സഹികെട്ട ഞാന്‍ ചോദിച്ചു.
സാറെന്താണവിടെ തെരയുന്നത്?
ഒന്നുമില്ല. ഒന്നുമില്ല. പണ്ടിവിടെ ചുവരിലൊരു പാടുണ്ടായിരന്നു.
അദ്ദേഹം ഒന്നു നിര്‍ത്തി പിന്നെയും തുടര്‍ന്നു. 
പണ്ടിവിടെയൊരു പാടുണ്ടായിരുന്നു. ഇന്നലെയും ആ സംഭവം സ്വപ്നത്തിലാവര്‍ത്തിച്ചു.
ഒരിക്കല്‍ ഞങ്ങള്‍ തമ്മിലുള്ള വഴക്കു മൂത്തു. ഞാനവളുടെ ചെപ്പയ്ക്കിട്ടൊന്നു നന്നായി വീക്കി. നിന്നനില്‍പ്പില്‍ അവള്‍ കറങ്ങിപ്പോയി. പ്രജ്ഞവന്നപ്പോള്‍ അവളെന്‍റെ മുഖം ലാക്കാക്കി തുപ്പി. ചോരയ്ക്കൊപ്പം അണപ്പല്ലു വീണതിവിടെയായിരുന്നു.
ആ സ്ഥലം വെറുതെ തൊട്ടുകാണിക്കുക മാത്രമല്ല. അവിടെ തലോടി നിന്നു. സംതൃപ്തിയോടെ.
ചുവരില്‍ ചെന്നിടിച്ച അവളുടെ ഇളകിയ പല്ലിന്‍റെ ടിക് ശബ്ദം ഞാനിനിയും മറന്നിട്ടില്ല. ആ ചോരക്കട്ടയെ ചുവരില്‍ നിന്നും കഴുകി കളഞ്ഞില്ല. അതു പൊടിഞ്ഞുണങ്ങിയ പാട് കുറെനാള്‍ അവിടയെുണ്ടായിരുന്നു. 
അദ്ദേഹം പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. എനിക്കത്ര ഇഷ്ടപ്പെടാത്തതിനാല്‍ ഞാനതു കാര്യമാക്കിയില്ല.
അദ്ദേഹമിറങ്ങിയതിനു പിന്നാലെ എന്‍റെ ഭാര്യ തകര്‍ക്കാന്‍ തുടങ്ങി. എല്ലാം ദുഷ്ടډാരാണ്. പെരുംദുഷ്ടډാര്‍. അവള്‍ കലമ്പലുണ്ടാക്കിയത് ഞാനുള്‍പ്പെടെ ഈ ലോകത്തിലെ സര്‍വ്വപുരുഷډാരെയും ലാക്കാക്കിയാണ്. ഞാനാ ചുവരിലെ പാടില്‍ നോക്കിയിരുന്ന് കലിയടക്കി.
അദ്ദേഹത്തിന്‍റെ വാടക നയവും വിചിത്രമായിരുന്നു.
ഞാന്‍ കൊടുത്തുകൊണ്ടിരുന്ന വാടക ചെറിയൊരു സംഖ്യ മാത്രമായിരുന്നു. അതിന്‍റെയഞ്ചിരട്ടി ഏതു പൊട്ടക്കണ്ണനും ആ വീടിനു കൊടുക്കാന്‍ തയ്യാറാകും. അത്രയും സൗകര്യങ്ങളുള്ള നല്ലൊരു വീടാണത്.
വീടു കരാറാക്കിയ സമയത്ത് ഇത്രയും കുറഞ്ഞ വാടക നിശ്ചയിച്ചത് നന്നായിരുന്നു. ഞാനന്ന് ഏറെ ദാരിദ്ര്യത്തിലുഴലുന്ന കാലമായിരുന്നു. കിട്ടുന്ന പണമൊന്നിനും തികഞ്ഞിരുന്നില്ല. പിന്നെ ശമ്പളം ഏറെക്കൂടി. ചെറിയ തുകയാണല്ലോ ഈ വീടിന് കൈമാറുന്നത്. പിന്നീട് പേഴ്സില്‍ നിന്നും വാടകപ്പണം കൈമാറുമ്പോള്‍ ഒരു വല്ലായ്മ എന്നെ പൊതിഞ്ഞു. ഞാനദ്ദേഹത്തെ പറ്റിക്കുകയാണോ?
അദ്ദേഹം മകനോടൊപ്പമായിരുന്നു താമസം. അത്യാവശ്യം ഭൂസ്വത്തൊക്കെയുണ്ടു താനും. അതുകൊണ്ടായിരുന്നു ഈ സൗജന്യം.
സര്‍. നമുക്കീ കരാറൊന്നു പുതുക്കിയെഴുതണ്ടേ? എല്ലാറ്റിനും വിലയൊക്കെ കൂടി.
ഒരു തവണ ഞാനങ്ങോട്ടു കയറി സംസാരിച്ചു.
അദ്ദേഹം അങ്ങനെയൊരു സംഭവം ആലോചിച്ചിട്ടില്ല. പ്രതികരണത്തില്‍ നിന്നും ഞാനതു മനസ്സിലാക്കി.
അതൊന്നും സാരമില്ലെടോ. എനിക്ക് നല്ല പെന്‍ഷനുണ്ട്. ഇതൊക്കെ ഒരു വാശിയാണെടോ. ഞാനീ വീടുകെട്ടുന്ന കാലത്ത് ആരുമെന്ന സഹായിച്ചില്ല. എന്‍റെ വീട്ടുകാരിക്ക് നല്ല സ്വത്തുംശേഷിയുമൊക്കെയുണ്ടായിരുന്നു. എന്നിട്ടും ചില്ലിപൈസപോലുംٹ ഞാനിതൊക്കെ തനിയെ ഉന്തിക്കയറ്റിയതാണ്. ഇതില്‍ നിന്നിനിയൊന്നും..
അദ്ദേഹം തിരിച്ചുപോയപ്പോള്‍ ഞാന്‍ മുറിക്കകത്ത് കയറി. ആ ചുവരില്‍ തന്നെ നോക്കി. ആ ചോരച്ചുവപ്പ് അവിടെ തെളിഞ്ഞു കണ്ടു.
ഇത്രയും കാലമില്ലാത്ത ഒരു പാട്. എനിക്കതിശയമായി. 
കഴിഞ്ഞദിവസം ഞാന്‍ ഭാര്യയുടെ കഴുത്തിനാണ് കുത്തിപ്പിടിച്ചത്. അവളുടെ കവിളത്തടിക്കുകയോ, പല്ലിളകുകയോ, വായ മുറിയുകയോ ചെയ്തിരുന്നില്ല. ഉറപ്പ്..
ഞാനതിനെ കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ തുടങ്ങി.

 

Share :