Archives / October 2017

സുഗതകുമാരി
സരസ്വതിപൂജ

1958-ല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച സുഗതകുമാരി ടീച്ചറുടെആദ്യകവിത - സരസ്വതിപൂജ 51 വര്‍ഷങ്ങള്‍ക്കുശേഷം 2009-ല്‍ വഴിയില്‍ കളഞ്ഞവ എന്ന കവിതസമാഹാരത്തില്‍ ടീച്ചര്‍ കുറിച്ചിട്ട വാക്കുകള്‍ - സരസ്വതിപൂജ എന്ന ഈ കവിതയോട് എനിക്ക് മനസ്സുകൊണ്ട് പ്രത്യേകിച്ചൊരുഅടുപ്പമുണ്ട്. മാതൃഭൂമിയില്‍ എന്‍റെ പേര് വെച്ച് പ്രസിദ്ധീകരിച്ച ആദ്യകവിതയാണതെന്നാണ് ഓര്‍മ്മ. നേരത്തെയുള്ളവയെല്ലാം ഒരുവ്യാജ നാമത്തില്‍ ഒളിഞ്ഞു നിന്നെഴുതിയവയായിരുന്നു. തെളിഞ്ഞെഴുന്നള്ളുന്ന അക്ഷരരൂപിണിയുടെ മുന്നില്‍ കൈകൂപ്പിനിന്നു;

ദേവീ, ജീവിതംസൗരഭംചിന്നുന്ന പൂവായ് നിന്‍ കാല്‍ക്കല്‍വീണിടട്ടേ തൃക്കണ്ണില്‍മുനയേറ്റുമുറിഞ്ഞു ഹൃദ്രക്തം ഗാനമായൂറിടട്ടേ................

എന്നൊക്കെ പ്രാര്‍ത്ഥിക്കുന്ന എന്‍റെ ഉഷസ്സിന്‍റെ കൈനീട്ടലാണത്. നീണ്ട വെയില്‍വഴിയില്‍എവിടെയോഒക്കെ കളഞ്ഞുപോയവാക്കുകളാണിവ. പ്രതീക്ഷയോടെയും ആശങ്കയോടെയുംദുഃഖത്തോടെയുമൊക്കെ എഴുതിയയൗവ്വനത്തിന്‍റെ ചപലബുദ്ബുദങ്ങള്‍

അവയെ ശേഖരിച്ച് ഒരു ചെറുപുസ്തകമാക്കിയതിന് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിനോടും നന്ദി പറയുന്നുണ്ട്ടീ ച്ചര്‍.

സരസ്വതിപൂജ എന്ന ഈ കവിത കണ്ണാടി ഓണ്‍ലൈന്‍ മാഗസിനില്‍ ആദ്യകവിതയായി ആദ്യ പോസ്റ്റിംഗ് ആയിതന്നെ വീണ്ടും പ്രസിദ്ധീകരിക്കുന്നു.

എന്‍റെ ആഗ്രഹങ്ങള്‍ ടീച്ചറോട് പറയുകയായിരുന്നു - കവിത പ്രസിദ്ധീകരിക്കുന്ന കാര്യം. ടീച്ചറിന്‍റെചിത്രംഇടുന്ന കാര്യം, ടീച്ചറുടെ അതേവചനങ്ങള്‍ ആവര്‍ത്തിക്കുന്ന കാര്യം. ഒക്കെയും ടീച്ചര്‍ സന്തോഷത്തോടെ അംഗീകരിച്ച്എന്നെ അനുഗ്രഹിക്കുകയുംചെയ്തു. ആ അനുഗ്രഹംവാങ്ങിയിട്ടാണ് ഞാന്‍ കാര്യങ്ങള്‍ ഓരോന്നായിചെയ്തുതുടങ്ങിയതും -

-മുല്ലശ്ശേരി

കവിത : സരസ്വതിപൂജ

-സുഗതകുമാരി

മുക്കുറ്റിപ്പൂവുമുക്കുത്തിയിട്ടോരു
പച്ചക്കുന്നില്‍ചരിവിലൂടെ
തുള്ളും വെള്ളാമ്പല്‍പൂമാലപൂണ്ടല
തല്ലും പൊയ്കക്കരയിലൂടെ
മിന്നുംവെള്ളിനുറുങ്ങുകള്‍ ചിന്നുന്ന
മഞ്ഞിന്‍മൂടല്‍മറയിലൂടെ
ആരാണാരാണുതാനേ വരുന്നതെന്‍
നേരേ! തിങ്കള്‍ക്കതിരുപോലെ!
ചുറ്റും നിന്ന കവുങ്ങുകള്‍ പൂവരി
മുറ്റുംവാരിച്ചൊരിഞ്ഞിടുന്നു
തെങ്ങിന്‍തോപ്പു കുരുത്തോലതൂക്കുന്നു
വിണ്ണും പൂക്കളുതിര്‍ത്തിടുന്നു
കന്നിപ്പാടം നിറപറവയ്ക്കുന്നു
മന്നും പൊന്നൊളി പൂശിടുന്നു
നീലത്താമരക്കണ്ണെഴുതി, ത്തെളി-
വേലുംകുങ്കുമപ്പൊട്ടുകുത്തി
പിച്ചിപ്പൂമാലചൂടി, ക്കഴുത്തിലോ
പച്ചക്കല്ലണിത്താലികെട്ടി
കത്തുംദീപവും മംഗല്യതാലവും
കട്ടിക്കാപ്പിട്ട കയ്യിലേന്തി
നിന്നെക്കാത്തിതാ നില്‍ക്കുന്നു കൂപ്പുവാന്‍
വന്നീക്കൈരളിപ്പെണ്‍കൊടിയാള്‍!...
വാരിക്കോരിയണിഞ്ഞ രോമാഞ്ചമോ-
ടോരോ പുല്ലുംതരിച്ചുനില്പൂ
പോരൂ നീ കവിമാതേ, ഹര്‍ഷത്തി-
ലാറാടട്ടേ ഹൃദന്തമെല്ലാം
പോരു ഭാവനാദായിനി, ജീവിത-
മാകെപ്പൂര്‍ണ്ണതയാര്‍ന്നീടട്ടേ!
നെറ്റിത്തിങ്കളിന്‍മേലിലിരുട്ടിലൊ-
രൊറ്റത്താരമിറുത്തുചൂടി
കസ്തൂരിക്കുറിചാര്‍ത്തി, ക്കടമിഴി-
വെട്ടത്താലേ നിലാവുവീശി
ചേലില്‍ പൊന്‍കസവഗ്നിനാളംപോലെ-
യാളുംതൂവെള്ളയാടചാര്‍ത്തി
മഞ്ഞിന്‍വെണ്മയണിഞ്ഞുകുണുങ്ങുമൊ-
രന്നപ്പേടയെപ്പിന്‍നടത്തി
ഓരോകാലടിവയ്പിലുംസംഗീത-
ധാരാവീചികളൂര്‍ന്നുചിന്നി
ഓരോ മന്ദസ്മിതത്തിലുംവിശ്വത്തി-
നോരോ സങ്കല്പമേകിയേകി
തീനാളംപോല്‍തുടുക്കുംവിരലിനാല്‍
വീണാതന്ത്രികള്‍ മീട്ടിമീട്ടി
മാറുംവേണ്മേഘപാളികള്‍ തന്നഗ്ര-
മാകെത്തൂവെള്ളി പൂശിയപ്പോള്‍
തൃക്കയ്യാലവ നീക്കിച്ചിരിച്ചു നീ
പൃഥ്വീമണ്ഡലംതേടിവന്നു
അപ്പോളീരാവുപോലുമുഷസ്സിന്‍റെ
മുഗ്ദ്ധസ്മേരമണിഞ്ഞുനിന്നു
കണ്ണില്‍കണ്ണീരുറന്നു, കരള്‍ നിറ-
ഞ്ഞൊന്നായ് നിന്നുംതൊഴുന്നു ഞങ്ങള്‍
ദേവീ, ജീവിതംസൗരഭംചിന്നുന്ന
പൂവായ് നിന്‍ കാല്‍ക്കല്‍വീണിടട്ടേ
ഓരോ മാത്രയുമദ്ഭുതദര്‍ശന-
മേകും ദര്‍പ്പണമായിടട്ടേ
ചൂടേറീടുന്ന ഫാലത്തിലാര്‍ദ്രത
തേടും ചന്ദനച്ചാറുപോലെ
പാഴില്‍ പോകാതെ ഞങ്ങള്‍തന്‍ സ്നേഹവു-
മൂഴിക്കാനന്ദമേകിടട്ടേ
തൃക്കണ്ണിന്‍ മുനയേറ്റുമുറിഞ്ഞുഹൃ-
ദ്രക്തം ഗാനമായൂറിടട്ടേ
വാടും ഭാവനാജാലമോവിണ്ണൊളി
തേടിപ്പാടിയുയര്‍ന്നിടട്ടേ

Share :