Archives / November 2018

- ദിവ്യ .സി.ആർ.
നിശബ്ദതയുടെ താളം!

ഇടനാഴിയുടെ വിദൂരതയിൽ നിശബ്ദതയുടെ താളമുണ്ടെന്നു പറഞ്ഞത് അവളായിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ആത്മസംഘർഷങ്ങളുടെ നേർത്ത സ്വരങ്ങൾ അവിടെ തങ്ങിനിൽക്കുന്നത് കേൾക്കാമെന്നു പറഞ്ഞതും അവളാണ്. മരണത്തിൻറെ മുഖമില്ലാത്ത കറുത്ത രൂപങ്ങൾ ആ വഴികളിലെവിടെയോ തന്നേയും കാത്തു നിൽപ്പുണ്ടെന്ന് അവൾ പറഞ്ഞത്  അർദ്ധബോധമണ്ഡലങ്ങളിലെവിടെയോ മുഴങ്ങി കേൾക്കുന്നു.

 'ഇല്ല...നിന്നെ മരണത്തിൻറെ കൈപ്പിടിയിലേക്കു ഞാൻ വിട്ടുകൊടുക്കില്ല.. 

എന്നെ പ്രണയിച്ച നിൻറെ തിളക്കമേറിയ കണ്ണുകൾ കൂന്പിയടഞ്ഞു നിൽക്കുന്നത് കാണാൻ വയ്യാ !' - തണുത്തുറഞ്ഞ പ്രഭാതത്തിൽ, ആശുപത്രി വരാന്തയിലെ മരച്ചുവട്ടിലെ ഇരുന്പു ബെഞ്ചിൽ കിടന്ന് വിറയ്ക്കുകയായിരുന്നു അവൻ. 

ആരോ വിളിച്ചിട്ടെന്ന പോലെ അവൻ ഞെട്ടിയുണർന്നു.

ദിവസങ്ങളോളം നീണ്ടുനിന്ന അലച്ചിലുകൾ..

ജീവിതം അവ്യക്തമായ രേഖ പോലെ മാഞ്ഞുപോയ്ക്കോണ്ടിരുന്ന നിമിഷങ്ങൾ ...

അവൾ !!

ഉപബോധ മനസ്സിലുണ്ടായ ഉണർവ്വെന്ന പോലെ ആ വരാന്തയിലേക്കവൻ ചാടിക്കയറി, ഇടനാഴിയിലൂടെ നടന്നു. ഇരുവശങ്ങളിലേയും മുറികളിൽ നിന്നുമുയരുന്ന രോദനങ്ങളും മർമ്മരങ്ങളും അവനെയുണർത്തിയില്ല. 

ഒരേയൊരു മുഖമേ മനസ്സിൽ ആഴത്തിൽ പതിഞ്ഞുണ്ടായിരുന്നുള്ളൂ..

അവൾ !!

 ഓപ്പറേഷൻ തീയറ്ററിനടുത്തുള്ള ഐ.സി.യു വിന് മുന്നിൽ അവൻറെ പാദങ്ങൾ നിന്നു. ചില്ലു കണ്ണാടിക്കു മുൻപിലൂടെ അവനവളെ നോക്കി. എങ്ങും നിശബ്ദത മാത്രം !

********************

ക്യാന്പസ് ജീവിതത്തിൻറെ ഭ്രമിപ്പിക്കുന്ന ധൈര്യം ! അതാണവളെ അവനിലേക്കടുപ്പിച്ചത്. ചിന്താഗതികളും ആശയങ്ങളും അവരെ ഒന്നിപ്പിച്ചു. കൂട്ടിനായി സുഹൃത്തുക്കളും ചേർന്നപ്പോൾ പ്രണയവസന്തം പൂവിട്ടു. ആശയസ്വാതന്ത്യത്തിൻറെയും അഭിപ്രായസ്വാതന്ത്യത്തിൻറെയും പുതുലോകം തുറന്ന യുവതലമുറയുടെ പ്രതീകങ്ങളാണവർ.

അപ്രതീക്ഷിതമായിരുന്നു ക്യാന്പസിലെ അന്നത്തെ പ്രതിഷേധം. സ്വസ്ഥമായൊരു സ്വപ്നത്തിൻറെ തുടക്കത്തിലായിരുന്നു രണ്ടുപേരും. പെട്ടെന്നായിരുന്നു കുറെപേർ അവിടെയെത്തിയത്. പ്രതിരോധിക്കാനൊരവസരം കിട്ടുന്നതിനു മുൻപുതന്നെ അവരുടെ ചോര ക്ളാസ്സിലേക്കൊഴുകിയിരുന്നു !

 

അവൻ ചിന്തകളിൽ നിന്നുണരുന്നതിന് മുൻപ് ആംബുലൻസ് സെറൺ മുഴക്കി അവിടെയെത്തി. വെട്ടികൂട്ടിയ ശരീരഭാഗങ്ങളടങ്ങിയ തുണിക്കെട്ട് ഓപ്പറേഷൻ തീയറ്ററിനെ ലക്ഷ്യമാക്കി നീങ്ങി. 'ൻറെ മോനേ ! ' നെഞ്ചുനുറുങ്ങുന്ന വേദനയോടെ ഓടി വന്ന അച്ഛൻറെ മുന്നിലേക്ക് ക്യാമറക്കണ്ണുകൾ തുറിച്ചു നോക്കി, ചോദ്യങ്ങളുടെ ശരാവലിയുയർന്നു.  പതിയെ ആ ശബ്ദകോലാഹലങ്ങൾ കുറഞ്ഞു. പതിവുപോലെ ആശുപത്രി പരിസരം വിരസതയുടെ കുപ്പായമണിഞ്ഞു. 

അവൻ വീണ്ടും ആശുപത്രി വരാന്തയിലേക്കു വന്നു. പൂമരത്തിൻറെ ചെറിയയിലകളും പൂക്കളും വീണ ഇരുന്പുബഞ്ചിൽ നിർവ്വികാരകതയോടെ ദൂരേക്കു നോക്കിയിരുന്നു. ജീവിതത്തിൻറെ വസന്തവും ശിശിരവും ഋതുക്കളിലാവാഹിച്ച് വീണ്ടുമൊരു പൂക്കാലം തളിരിടുമെന്ന പ്രതീക്ഷയിൽ.

അവളുടെ നിശബ്ദത ആ പൂമരത്തിൻറെ താളത്തിലലിഞ്ഞു ചേരുന്നതറിയാതെ !!

Share :