Archives / November 2018

മായ ബാലകൃഷ്ണൻ 
സ്ത്രീ   

   
ശക്തിയിലാദിശക്തിയിവൾ 'സ്ത്രീ'യെ -
ന്നൊറ്റക്ഷരത്തിൻ കരുത്താണവൾ .

അതിലോലമാം നെഞ്ചിലൂറിക്കൂടും നേരും നെറിയും 
കനവിലെയഗ്നിയിൽ സ്ഫുടം ചെയ്തെടുക്കുമവൾ .

എരിയുന്നതീയിലും കണ്ണീരുപ്പുകുറുക്കിയൊറ്റയ്ക്കു 
നിന്നുജ്ജ്വലയായ് ഉയിർത്തെഴുന്നേൽക്കുമവൾ !

കാളിമയാർന്ന ജീവിതത്തിൽ നറുസ്നേഹത്തിൻ  
കണിമലരായാരിലും പുതുജീവനേകുവോൾ  .

സഹനം മിഴിവിളക്കാക്കുവോൾ സൃഷ്ടിയിൽ 
ജനനിയായ് അഴകാർന്നൊരുടൽ രൂപം പൂണ്ടിതു   
രാജ്യം ഭരിക്കാൻ ,റാണിയാവാൻ വെട്ടിപ്പിടിക്കാൻ 
ചക്രം പിടിക്കാൻ അനീതിയോടു പടനയിക്കാൻ 
നെഞ്ചൂക്കുകാണിക്കുവോൾ ,ആദിയിലിവൾ 
ശക്തിയും വിശ്വപ്രകൃതിയുമായിടുന്നു !

ഒരുമഞ്ഞുതുള്ളിപോലൊരു കുഞ്ഞിളം കാറ്റായ് 
  തൊട്ടുപോം ഹൃദയസംഗീതമാണിവൾ സ്ത്രീ !

 

Share :