കെ വി മോഹൻകുമാർ -വയലാർ അവാർഡ് ജേതാവ്
കഴിഞ്ഞ രണ്ടു മൂന്നു കൊല്ലങ്ങൾക്കിടയിൽ മലയാളത്തിലിറങ്ങിയ ശ്രദ്ധേയമായ നോവലാണ് കെ.വി.മോഹൻകുമാർ രചിച്ച 'ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം. രണ്ടു വർഷത്തിലേറെ നീണ്ടു നിന്ന അന്വേഷണത്തിന്റെയും വായനയുടെയും ആകെത്തുകയാണ് ഉഷ്ണരാശിയെന്ന് നിസ്സംശയം പറയാം. ഉഷ്ണരാശിക്കാണ് ഇക്കൊല്ലത്തെ വയലാർ അവാർഡ് ലഭിച്ചിരിക്കുന്നത്. മലയാള കഥാ- നോവൽ സാഹിത്യ രംഗങ്ങളിൽ ശ്രദ്ധേയമായ സ്ഥാനമലങ്കരിക്കുന്ന ശ്രീ കെ.വി.മോഹൻകുമാർ ഡെപ്യൂട്ടി കളക്ടറായിരിക്കെ 2004-ൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഷിപ്പിംഗ് ആന്റ് ഇൻ ലാൻഡ് നാവിഗേഷന്റെ ഡെപ്യൂട്ടി സെക്രട്ടറി, നോർക്ക റൂട്ട്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ആഫീസർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ കളക്ടർ, ഗ്രാമവികസന വകുപ്പ് കമ്മീഷണർ തുടങ്ങി ഒട്ടനവധി പദവികൾ വഹിച്ചിട്ടുണ്ട്.പ്രവർത്തിച്ച മേഖലകളിലൊക്കെ തനതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഒരു ബ്യൂറോക്രാറ്റായി ഒരിക്കലും മോഹൻ കുമാറിനെ കാണാൻ കഴിയില്ല. സമൂഹത്തിൽ ഏറ്റവും താഴെ നില്ക്കുന്ന സാധാരണക്കാരന്റെ ഹൃദയത്തുടുപ്പുകൾ മനസ്സിലാക്കുവാനും പ്രതീക്ഷയ്‌ക്കൊത്തുയരാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഭരണസാരഥ്യം വഹിക്കുമ്പോഴാണ് മോഹൻകുമാർ എന്ന വ്യക്തിയിലെ ജനകീയ മുഖം നാട്ടുകാർ അനുഭവിച്ചത്. ആർക്കും അദ്ദേഹം അപ്രാപ്യമായിരുന്നില്ല. ജനപങ്കാളിത്തത്തോടു കൂടി നിരവധി പദ്ധതികളും പരിപാടികളും അദ്ദേഹം നടപ്പിലാക്കുകയുണ്ടായി. പിന്നിട് ഹയർ സെക്കണ്ടറി ഡയറക്ടറായും പൊതു വിദ്യാഭ്യാസ ഡയറക്ടറായും പ്രവർത്തിച്ചപ്പോഴും വിവാദങ്ങളിൽ പ്പെടാതെ തന്റെ ചുമതല ഭംഗിയായി നിർവ്വഹിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.1959-ൽ കെ.വേലായുധൻ പിള്ളയുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും ദ്വിതീയ പുത്രനായി ആലപ്പുഴയി ലാണ് കെ.വി.മോഹൻകുമാർ ജനിച്ചത്. ആലപ്പുഴ നഗരത്തിലെ എൽ.പി സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് എട്ടാം വയസ്സിൽ അച്ഛന്റെ നിര്യാണത്തെ തുടർന്ന് തുടർന്നുള്ള വിദ്യാഭ്യാസം അമ്മയുടെ തറവാടായ ചേർത്തലയിലേക്ക് മാറ്റി.ചേർത്തല തെക്ക് സർക്കാർ യു.പി.സ്ക്കൂൾ , അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി സ്ക്കൂൾ എന്നിവിടങ്ങളിലായാണ് സ്ക്കൂൾ വിദ്യാഭ്യാസം. ചേർത്തല സെന്റ് മൈക്കിൾസിലും എൻ.എസ്.എസ് കോളേജ് പഠനത്തിനു ശേഷം കൊച്ചി ഭാരതീയ വിദ്യാഭവനിൽ നിന്നും ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലമോ കരസ്ഥമാക്കി. അച്ഛന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടാണ് മോഹൻകുമാർ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത് .1981 ൽ 22 ആം വയസ്സിൽ കേരള കൗമുദിയിൽ കൊച്ചി ബ്യൂറോയിൽ റിപ്പോർട്ടർ ട്രെയിനിയായി ചേർന്ന മോഹൻകുമാർ മൂന്നു കൊല്ലക്കാലം തൃശൂർ ജില്ലാ ലേഖകനായി സേവനമനുഷ്ടിക്കവെ, പോളിറ്റിക്സിൽ എം.എ, എം.ബി.എ ബിരുദങ്ങൾ നേടുകയും ചെയ്തു.1986 ൽ മലയാള മനോരമയിൽ ചേർന്ന മോഹൻകുമാർ കോഴിക്കോട്, കോട്ടയം, വയനാട്, പാലക്കാട് ജില്ലകളിലെ പ്രധാന ലേഖകനായിരുന്നു. അട്ടപ്പാടിയിലെ ആദിവാസികൾക്കുനേരെയുള്ള ചൂഷണങ്ങളെക്കുറിച്ച് അദ്ദേഹമെഴുതിയ അഴൽ മൂടിയ കന്യാവനങ്ങൾ, തമിഴ്നാട് വേദാരണ്യത്തിലെ തമിഴ്പുലി താവളങ്ങൾ സന്ദർശിച്ച് തയ്യാറാക്കിയ പുലിത്തോലിട്ട വേദാരണ്യം എന്നിവ ഏറെ ചർച്ച ചെയ്യപ്പെട്ടു.ഐ.എ.എസ് ലഭിക്കുന്നതിനു മുമ്പ് ആർ.ഡി.ഒ , ഖാദി ബോർഡ് സെക്രട്ടറി, ബേക്കൽ റിസോർട്ട് സ് എം.ഡി തുടങ്ങി നിരവധി പദവികൾ വഹിച്ചു.
കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി തുടങ്ങി നിരവധി പദവികൾ വഹിച്ചു.സ്ക്കൂൾ പഠനകാലത്തു തന്നെ സാഹിത്യ തല്പരനായ മോഹൻകുമാറിന്റെ കഥ ബാലയുഗത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കുമ്പോൾ ഓശാന മാസികയിൽ പ്രസിദ്ധീകരിച്ച കഥയ്ക്ക് പ്രതിഫലവും ലഭിച്ചു.
പ്രണയത്തിന്റെ മൂന്നാം കണ്ണ് (നോവൽ)
.ആസന്ന മരണൻ- (കഥാ സമാഹാരം-)
.മസ്സൂറി സ്കെച്ചുകൾ-യാത്ര-
ജീവൻറെ അവസാനത്തെ ഇല (ഓർമ )
അകം കാഴ്ചകൾ - (കഥാസമാഹാരം)
ഹേ രാമ -നോവൽ
ജാര വൃക്ഷത്തിന്റെ തണൽ (രണ്ട് നോവലുകൾ -ശ്രാദ്ധശേഷം & ജാരനും പൂച്ചയും )-
അലിഗയിലെ കലാപം -നോവലറ്റ് -
ഏഴാമിന്ദ്രിയം -നോവൽ
അളിവേണി എന്ത് ചെയ്‌വൂ -കഥകൾ -.റോമീല ഒരോർമ കുറിപ്പ് -ഓർമ
ബാലസാഹിത്യം :
അപ്പുപ്പൻ മരവും ആകാശപ്പൂക്കളും -
കുഞ്ഞനുറുംപും മാടപ്രാവും-,
അമ്മുവും മാന്ത്രിക പേടകവും
എടലാക്കുടി പ്രണയരേഖകൾ-നോവൽ-,
പുഴയുടെ നിറം ഇരുൾ നീലിമ- കഥകൾ,
മനസ്സ് നീ,ആകാശവും നീ...അഗ്നി നീ,ജലവും നീ...,.ദേവരതി-താന്ത്രികയാത്രകളിലെ മായക്കാഴ്ചകൾ( യാത്ര)
മീനുക്കുട്ടി കണ്ട ലോകം(ബാലസാഹിത്യം)
ഗ്രാമകഥകൾ തുടങ്ങി മുപ്പതോളം കൃതികൾ മോഹൻകുമാറിന്റെതായുണ്ട്.
കാരൂർ കഥാ പുരസ്കാരം,
ഒ വി വിജയൻ ഫൗണ്ടേഷന്റെ പ്രഥമ ഖസാക്ക് നോവൽ പുരസ്കാരം ,
തോപ്പിൽ രവി പുരസ്കാരം,
ഡോ.കെ.എം .തരകൻ സുവർണരേഖ നോവൽ അവാർഡ്,
പ്ലാവില സാഹിത്യ പുരസ്കാരം,
തിക്കുറിശി ഫൗണ്ടേഷൻ നോവൽ അവാർഡ്,
ഫൊക്കാന സാഹിത്യ പുരസ്കാരം,
അയ്മ അക്ഷരമുദ്ര പുരസ്കാരം ,
തൃശൂർ സഹൃദയവേദി സൂര്യകാന്തി നോവൽ അവാർഡ്,
.ഇ കെ നായനാർ സാംസ്കാരിക സമിതി ഭാവയിത്രി പുരസ്കാരം,
കോഴിക്കോട് സഹൃദയവേദി സാഹിത്യ പുരസ്കാരം,
.കെ.സുരേന്ദ്രൻ നോവൽ അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ മോഹൻകുമാറിന് ലഭിച്ചിട്ടുണ്ട്- രാജലക്ഷമിയാണ് ഭാര്യ.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ റിസർച്ച് സ്കോളറായ ലക്ഷ്മിയും ആർക്കിടെക്ച്ചറായ ആര്യയുമാണ് മക്കൾ.
വിക്രം രവീന്ദ്രനാഥാണ് ലക്ഷ്മിയുടെ ഭർത്താവ്. ആരവ്, അഭിമന്യു എന്നിവർ കൊച്ചുമക്കളും