Archives / October 2018

പന്ന്യൻ രവീന്ദ്രൻ.
വയലാർ -കേരളത്തിന്റെ മനസറിഞ്ഞ കവി

   നവോത്ഥാന പ്രസ്ഥാനത്തോടെ ,കേരളത്തിന്റെ മുഖച്ഛായക്ക് തന്നെ മാറ്റം വന്നിരിക്കുകയാണ്. നവോത്ഥാന പ്രസ്ഥാനം രൂപം കൊള്ളുന്നതിന് മുമ്പ് ,പൂന്താനം , മേല്പൂത്തുർ നാരായണ ഭട്ടതിരി, എഴുത്തച്ഛൻ തുടങ്ങിയ മഹാകവികളുടെ കാലമായിരുന്നു. ഭക്തകവിത്രയം എന്ന പേരിൽ അവർ അറിയപ്പെട്ടിരുന്നു. തുടർന്ന് വന്നവരാണ് നവോത്ഥാനം കവിത്രയം. ആശാൻ ,വള്ളത്തോൾ,  ഉള്ളൂർ, ജാതി മതരഹിത സമൂഹത്തിനും ദേശീയതക്കും വേണ്ടി അവയുടെ മഹത്തായ രചനകൾ ഉപകരിച്ചു. അതിനെ തുടർന്ന് വന്നവരാണ് പുരോഗമന കവിത്രയം .പി .ഭാസ്ക്കരനും ,വയലാറും ,ഒ.എൻ.വിയും  . നവോത്ഥാന - സോഷ്യലിസ്റ്റ് സമൂഹം കേരളത്തിൽ കെട്ടിപ്പടുക്കുവാൻ വേണ്ടി തൂലിക ചലിപ്പിച്ചവരാണ്.

        വയലാർ എന്ന  കവിയുടെ സംഭാവന കേരളത്തിനൊരിക്കലും വിസ്മരിക്കപ്പെടാനാവാതത്തതാണ്. കവിതകൾ മാത്രമല്ല എത്ര നല്ല സിനിമ ഗാനങ്ങളാണ് വയലാർ നമുക്ക് തന്നിട്ടുള്ളത്. സിനിമ ഗാനങ്ങളിൽ ഭക്തിഗാനങ്ങൾ ഒഴിവാക്കി സാമൂഹ്യ പ്രശ്നങ്ങൾ വിഷയമാക്കിയ കവിയും ഗാനരചയിതാവുമാണ് പി.ഭസ്ക്കരൻ മാഷ് , മാപ്പിളപ്പാട്ടു ശീലുകളിലൂടെ ,നാടൻ പാട്ടിലൂടെ മലയാള തനിമ നിലനിറുത്തിയ ഭാസ്ക്കരൻ മാഷ് നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം നടത്തിയ ഗാനരചിയിതാവാണ്. ഒപ്പം കായലരികത്ത് വല എറിഞ്ഞ പ്പോൾ വള കിലുക്കിയ സുന്ദരിയെയും കണ്ടു.

        ഭാസ്ക്കരൻ മാഷിനെ തുടർന്നാണ് വയലാർ രാമവർമ്മ സിനിമ ഗാന രചന രംഗത്ത് എത്തിചേർന്നത്. വയലാർ  എഴുതി ദേവരാജൻ മാഷ് സംഗീതം നൽകി യേശുദാസിന്റെ ശബ്ദത്തിൽ പുറത്തിറങ്ങിയ എത്ര നല്ല പാട്ടുകളാണ് നമുക്ക് കിട്ടിയിട്ടുള്ളത്. എന്റെ കുട്ടിക്കാലത്ത് ചുണ്ടിൽ മൂളി നടന്നിരുന്ന ഗാനങ്ങൾ അവയൊക്കെ ആയിരുന്നു.

        രണ്ടു കാലിലും മന്തുള്ള കുഞ്ഞുണ്ണി മേനോനെ കവിതയിൽ അവതരിപ്പിച്ചിട്ടുള്ളത് നോക്കുക.  എത്ര മനോഹരമായാണ് അയിഷയിലെ അദ്രുമാൻ നമ്മുടെയിടയിൽ ജീവിച്ചിരിക്കുന്നതുപോല അനുഭവപ്പെടുത്തിയില്ലേ ,
''കത്തി കൊണ്ടരിഞ്ഞു ഞാൻ കടയിൽ കെട്ടി തൂക്കും'' എന്ന വരികളിലെ ഭാവം നോക്കു.  ആയിഷുമ്മായുടെ പൊന്നുമോനാണ് ഞാൻ. ഈ കവിതകളെല്ലാം കേരളീയ മനസിൽ വേരുറച്ചു പോയതാണ്. മലയാളിക്കു ഒരിക്കലും മറക്കാൻ കഴിയാത്ത കാവ്യസരണി തീർത്ത കവിയാണ് വയലാർ.

        വലയാർ - ദേവരാജൻ മാഷുമൊത്ത് ഒരു പാട്ടെഴുതാൻ പോയ സംഭവം ഓർമ്മ വരികയാണ്. പാട്ടിന്റെ സന്ദർഭം പറഞ്ഞു കൊടുത്തെങ്കിലും എങ്ങനെ തുടങ്ങണമെന്ന കാര്യത്തിൽ വയലാർ വിഷമിച്ചു. എല്ലാ എഴുത്തുകാരും നേരിടുന്ന പ്രശ്നമാണ് താനും .രാത്രി വരെ ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല. വയലാർ ഉറങ്ങാൻ കിടന്നു. രാവിലെ ഉറക്കമുണർത്ത് കണ്ടത് വീട്ടുമുറ്റത്തെത്തിയ പാൽക്കാരിപ്പെണ്ണിനെയാണ്. അപ്പോൾ ഒരാശയം വന്നു. വയലാർ എഴുതി.
''ചക്രവർത്തിനി നിനക്ക് ഞാനൊരു ചിത്രഗോപുരം തുറന്നു .പുഷ്പ പാദുകം പുറത്ത് വച്ച് നീ ,
നഗ്നപാദയായ് അകത്ത് വരു'' .ചക്രവർത്തിനിയാണ് ,ഏത് ചക്രവർത്തിനിയായാലും പുഷ്പ പാദുകം പുറത്ത് വച്ചിട്ടേ അകത്തു വരാവൂ എന്നാണ് കവി എഴുതുന്നത്. 

കേരളത്തിൽ ഇന്നത്തെ സാഹചര്യത്തിൽ വയലാറിന്റെ ഏറേ പ്രസക്തമായ ഗാനമാണ്
'' മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു .മതങ്ങൾ  ദൈവങ്ങളെ സൃഷ്ടിച്ചു. മനുഷ്യനും മതങ്ങളും ദൈവങ്ങളും കുടി മണ്ണ് പങ്ക് വച്ചു. മനസ് പങ്ക് വച്ചു.  മതനിരപേക്ഷമായ ഒരു ചിന്തയാണ്.-- വയലാർ നമുക്കു് തന്ന വലിയ സമ്പത്ത്. 

       അടുത്ത കാലത്തിറങ്ങിയ ഒരു പാട്ടു കേട്ടു ഞെട്ടിപ്പോയി. 
''എന്റെമ്മേടെ ജിമിക്കി കമ്മൽ ,എന്റപ്പൻ കട്ടോണ്ടു പോയ ' .....   എത്ര നിരർത്ഥമായ പാട്ടാണ്.

   വിവേകാനന്ദൻ കേരളത്തിൽ വന്നപ്പോൾ തൊട്ടുകൂടായ്മയും തീണ്ടലും ഉണ്ടായിരുന്നു .അതുകൊണ്ടാണു് കേരളത്തെ അദ്ദേഹത്തെ ഭ്രാന്താലയമെന്ന് അദ്ദേഹം പറഞ്ഞത്. ഇന്ന് ദൈവത്തിന്റെ സ്വന്തം നാടല്ലേ അതിനു വഴിയൊരുക്കിയവരല്ലേ  പൂന്താനവും ചെറുശ്ശേരിയും പിന്നീട് വന്ന ചങ്ങമ്പുഴ വരെ. കേരളത്തിലെ സാമൂഹ്യ ബന്ധവും സ്ത്രീ പുരുഷ ബന്ധവും കവിതയിലെഴുതിയില്ലേ.

''ഒന്നാ വനത്തിലെ കാഴ്ച കാണാൻ ,  നിന്നെ ഒരിക്കൽ  ഞാൻ കൊണ്ടു പോകാം. ഇന്നു വേണ്ടിന്ന് വേണ്ടോമലാളെ ''  എന്നു പറയുന്ന യുവാവിനെയാണ് ചങ്ങമ്പുഴ കാണിച്ചു തന്നത്. അവരെപ്പോലും മാറ്റൊലിക്കവികളാണെന്നാണ് സമൂഹം ആക്ഷേപിച്ചത്. ''ഒരു മാറ്റൊലികവി വന്ന് നിൽക്കുന്നു '' എന്നു മറുപടിയെഴുതിയ കവിയാണ് വയലാർ. എല്ലാ വിഭാഗം ജനങ്ങളുടെ യും സ്വാധീനിച്ച കവിയാണ് വയലാർ. ആ വയലാറിന്റെ ഓർമ്മകൾ മരിക്കാത്ത ഓർമ്മകളാണ്. അത് എന്നും നിലനിൽക്കുക തന്നെ ചെയ്യും

Share :

Photo Galleries