Archives / October 2018

ഫൈസൽ ബാവ
സുഭാഷ് ചന്ദ്രന്റെ കഥകളുടെ പറുദീസ

സുഭാഷ്‌ ചന്ദ്രന്റെ കഥകളിലൂടെ പോകുമ്പോൾ ഓർമ്മയിൽ മായാതെ കിടക്കുന്ന കഥ ഘടിക്കാരങ്ങള്‍ നിലയ്ക്കുന്ന സമയം തന്നെയാണ്  എനിക്കേറെ ഇഷ്ടപെട്ട സുഭാഷിന്റെ കഥകളില്‍ ഒന്നാണിത്. കുലുങ്ങികുലുങ്ങി ഭീതിയില്‍ നില്‍ക്കുന്ന ബുക്കാറാം ഈ കഥ വായിച്ച അന്നും ഇന്നും ഭീതിയോടെ തന്നെ മനസ്സില്‍ ഉണ്ട്, അതുപോലെ സുഭാഷ്‌ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കഥയാണ്  "ഉരുളക്കിഴങ്ങ് തിന്നുന്നവര്‍" വിഖ്യാത ചിത്രകാരന്‍ വിന്സന്റ് വാന്‍ഗോഗ് വരച്ച  പ്രശസ്തമായ ആ ചിത്രം തന്നെ കഥയോളം അല്ലെങ്കില്‍ അതിനേക്കാള്‍ ഏറെ കഥ പറയുനുണ്ട്. പറുദീസാ നഷ്ടം ഇതുപോലെ എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കഥയാണ് അതിലെ തുടക്കം തന്നെ കഥയുടെ ആകാംഷയും ഒപ്പം കഥയിലേക്കുള്ള നടത്തവും വേഗത്തിലാക്കുന്നു"മൂന്നുവട്ടം മാറ്റിയെടുത്തതിനു ശേഷം, ഒടുവില്‍ അമ്മയുടെ ഗര്‍ഭപാത്രം ഉള്‍കൊള്ളാന്‍ തക്കം വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് ഭരണി നരേന്ദ്രന്‍ കണ്ടെത്തി" തീക്കനല്‍ പോലുള്ള നാക്കുകൊണ്ട് നക്കുന്ന അനുഭവം ഈ കഥയും തരുന്നു.  റിപ്പബ്ലിക്ക് എന്ന കഥ മറ്റൊരു തലം സൃഷ്ടിക്കുന്നു."ലോകത്തെ ഏറ്റവും വലിയ മരുഭൂമി ഒട്ടകത്തിന്റെ മനസിലാണ്, പിന്നെ ചില മനുഷ്യരുടെ ഹൃദയത്തിലും" റിപ്പബ്ലിക്ക് എന്ന കഥ തികച്ചും വ്യത്യസ്തമാണ്.  "ഞാൻ ദൈവത്തെ തല്ലിക്കൊന്ന്  കയറിൽക്കെട്ടിൽതൂക്കുന്നു, ഇനിമേൽ ലോകജനത സ്വതന്ത്രരായി നടക്കട്ടെ" എന്നു പറഞ്ഞു പതിനെട്ടു കൊല്ലം മുമ്പ് തൂങ്ങിമരിച്ച  കൂട്ടുകാരനെ ഓർക്കാൻ നമ്പൂതിരി ശ്രമിക്കുമ്പോൾ വിശാലമായ  തലത്തിലേക്ക് കഥ നീങ്ങുന്നു. വെറുതെ വട്ടംകൂടി വെള്ളമടിക്കുന്ന സഭയിൽ നിന്നും ഒഴിവാക്കാനാവാത്ത ചില കാര്യങ്ങൾ പിറക്കും.  

"പുഴയിൽ പൊങ്ങിക്കിടക്കുന്ന ജഡം വേരുകളറ്റ ഒരു ദ്വീപാണു. ആറടി നീളത്തിൽ മൽസ്യങ്ങളുടെ ആകാശം മറച്ചൊഴുകുന്ന മധുരപദാർത്ഥം. പുഴുക്കൾക്കും പുഴമീനുകൾക്കും നിനച്ചിരിക്കാതെ കിട്ടുന്ന മൃഷ്ടാനം" സുഭാഷ്‌ ചന്ദ്രന്റെ 'ജഡം എന്ന സങ്കൽപം' എന്ന കഥ തുടങ്ങുന്നത്‌ ഇങ്ങനെയാണു. നമ്മുടെചിന്താമണ്ടലത്തിൽ കായൽ പരപ്പിൽ ഒഴുകി പൊങ്ങിക്കിടക്കുന്ന ഒരു ജഡം അലോസരമുണ്ടാക്കി കടന്നുപോകുന്നു. വെറും ഒരു നിമിഷത്തെ കാഴ്ചയിലപ്പുറം മറ്റുപലതും "ജഡം" നമ്മോട്‌ പറയുന്നുണ്ട്‌ സുഭാഷ്‌ ചന്ദ്രന്റെ ഈ കഥയിലൂടെ. "മഴ ചുംബിച്ച ഓർമ്മ പച്ചനിറത്തിൽ കിടക്കും മണ്ണിൽ;  അതിനു പൂപ്പലെന്നാണു കളിപ്പേര് " 'സ്വപ്നം എന്ന കഥയിൽ'

മരിച്ചവരുടെ ചെറിയ ഒപ്പീസ്, സതിസാമ്രാജ്യം, തല്പം, ഇങ്ങനെ സുഭാഷിന്റെ മികച്ച കഥകള്‍ ഈ പുസ്തകത്തില്‍ ഉണ്ട്, ഇങ്ങനെ എന്നും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന വളരെ കുറച്ചു മാത്രം എഴുതുന്ന സുഭാഷ്‌ ചന്ദ്രനന്റെ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ വ്യത്യസ്തങ്ങളായ അനുഭവ തലങ്ങളിലൂടെ കടന്നുപോകാനാകും. 

(സമാഹാരം: കഥകൾ. സുഭാഷ് ചന്ദ്രൻ

ഡിസി ബുക്സ്, വില 295)

Share :

Photo Galleries