Archives / October 2018

അശോക്. പി. എസ്
..ഉറുമ്പുകള്‍ പറയാറുള്ളത്..

 വരച്ച വരപോലെ പോകുമ്പോഴെല്ലാം  

പരസ്പരം പറയുന്നതെന്താവാം ....?

ചവിട്ടിയരയ്ക്കപ്പെട്ട 

കൂടപ്പിറപ്പുകളെക്കുറിച്ചോ...?

തള്ളിയുരുട്ടി മുകളിലെത്തിയപ്പോള്‍

താഴേക്കുരുണ്ടുപോയ

അപ്പക്കഷണത്തെക്കുറിച്ചോ...?

ഉയരേക്ക് പറന്നപ്പോള്‍ 

അടര്‍ന്നുപോയ ചിറകുകളെക്കുറിച്ചോ...?

മോഹിച്ചുകടന്ന ചില്ലുകൂട്ടിലെ 

ശ്വാസംമുട്ടിച്ച ഇന്നലെകളെക്കുറിച്ചോ...?

 

   ആയിരിക്കില്ല .......

ഇവയെക്കുറിച്ചൊന്നുമല്ല 

കാതുകൂര്‍പ്പിച്ച് കേട്ടാലറിയാം 

 

വരണ്ട മണ്ണിന്റെ ഗന്ധത്തെക്കുറിച്ച് 

മണ്ണിലെ പവിഴം തിന്ന മണ്ണിരയെക്കുറിച്ച് 

ഇരതേടുന്നവന്‍റെ വന്യതയെക്കുറിച്ച്

വിവസ്ത്രയാക്കപ്പെട്ട കന്യകയെക്കുറിച്ച്

ചാവേറിന്‍റെ തലച്ചോറിനുള്ളില്‍ 

രൂപപ്പെട്ട ടൈംബോംമ്പിനെക്കുറിച്ച് 

നീന്തിത്തുടിച്ച കരയ്ക്കടിഞ്ഞ 

അഭയാര്‍ത്ഥിയുടെ  അന്ത്യശ്വാസത്തെക്കുറിച്ച്  

മരച്ചില്ലയില്‍ മനുഷ്യക്കോലങ്ങളെ 

കൊരുത്തിട്ട ജാതിഭ്രാഷ്ടിന്‍റെ 

തുണ്ടുചരടുകളെക്കുറിച്ച് ..

അവസാനം 

ഒറ്റപ്പെട്ടവന്‍റെ കാല്‍പാദങ്ങളെക്കുറിച്ച്......

 

          .......അശോക്‌...........

 

 

അശോക്. പി. എസ്

Share :