Archives / October 2018

*റൂബി നിലമ്പൂർ*
*ഓർമകളിലേക്കുള്ള യാത്രകൾ*

*ഓർമകളിലേക്കുള്ള യാത്രകൾ*

 

തിരക്കുള്ളൊരു  

നീലബോഗിയിൽ 

തൊടാവുന്ന  അകലത്തിൽ 

മുഖത്തോടുമുഖം 

നോക്കാതെ അവരിരിക്കും.

 

നോട്ടങ്ങൾ തമ്മിൽ 

തൊട്ടുപോവുമെന്ന് പേടിച്ച് 

അകലേക്കെന്നപോലെ 

കൺപായിക്കും.

 

ഒരേ കാഴ്ചകളെ 

രണ്ടു  ഹൃദയങ്ങളാൽ  

ഒരേനിറം തൊട്ട് 

പകുത്തെടുക്കും.

 

ആദ്യമെത്തിയ 

സ്റ്റേഷനിലെ 

ആദ്യംകണ്ട ബോർഡ് 

നാലു കണ്ണുകൾ 

ഒരുമിച്ച് വായിക്കും.

 

ചായക്കാരന്റെ ഒച്ച 

തീവണ്ടിത്താളങ്ങളെ 

മുറിക്കും... 

രണ്ട്  നാരങ്ങാ മിട്ടായികൾ 

നനഞലിയും.

 

ഒരെ വഴിയേ രണ്ടായി മുറിച്ച് മുറിവ് തുന്നിയവർ 

രണ്ടു ജീവിതങ്ങളുടെ 

താക്കോലുകൾ.

 

കാപ്പിയല്ലേ നീകുടിക്കൂ 

എന്നവനും... 

ബജി വാങ്ങുന്നില്ലേ 

എന്നവളും

ചോദ്യങ്ങളെ ഒച്ചയില്ലാതെ 

ഒളിപ്പിക്കും. 

 

കാറ്റ് കൊണ്ടുവന്നിട്ട 

ഇലകളിൽ

രണ്ടുപേരുകൾ 

ചേർത്തെഴുതും.

 

പണ്ട്, പേരിനുതാഴെ 

അക്ഷരങ്ങൾക്കൊപ്പം 

അവൾവരച്ചിടാറുള്ള പൂവിനെ 

അയാളോർമ്മിച്ചെടുക്കും.

 

പ്ലാറ്റ്‌ഫോമിൽ ആരോ 

ചവിട്ടിയരച്ച പൂക്കളുടെ 

ചോരപ്പാട് പതിയും.

 

അവർക്കിടയിലെ 

ചെറിയ അകലത്തിൽ 

മിടിപ്പുകൾ 

പരസ്പരം ചുംബിക്കും.

 

എന്നോ  പറയാൻ 

ബാക്കിവെച്ച ചിലത് 

ബലിക്കല്ലിലെന്നപോലെ 

നിസ്സഹായത ചുമക്കും.

 

നീ ഇറങ്ങുമോ എന്ന 

വേവലാതി നിറച്ച 

സ്റ്റേഷനുകൾ പിന്നെയും 

വന്നുകൊണ്ടിരിക്കും.

 

ഇനി കാണില്ലേയെന്ന 

ബോർഡ് 

ഓരോ സ്റ്റേഷനിലും 

തിരയും.

 

നീ ഇറങ്ങിപ്പോവുമ്പോൾ 

ഞാൻ തനിച്ചാവില്ലേ 

എന്നവനും.

അതേ ചോദ്യം 

അവളും ചുണ്ടറ്റത്ത് 

ചുമക്കും.

 

മഴ  നിറച്ച കണ്ണുകൾ 

അവരറിയാതെ പുണരും.

 

പിരിയും മുമ്പേ...

ചോദിച്ചാൽ പറയാൻ 

ചോരയിറ്റുന്നൊരുവാക്ക് 

രണ്ടുപേരും 

കയ്യിൽ  കരുതും.

 

*റൂബി നിലമ്പൂർ*

Share :