Archives / October 2018

പി. മുരളീധരന്‍നായര്‍
അയ്യപ്പന്‍റെ കവിത, അവധൂതന്‍റെ കവിത


    കവി അയ്യപ്പന്‍ ഒരു ജീവിതം മുഴുവന്‍ അലഞ്ഞുതീര്‍ത്തു. എന്തിനുവേണ്ടിയായിരുന്നു ആ അലച്ചില്‍? അയ്യപ്പന് തന്നെ അതറിഞ്ഞുകൂടായിരുന്നു. ആ ജന്മം അതായിരുന്നു. പ്രത്യേക ഉദ്ദേശമില്ലാത്ത അലച്ചില്‍. അത് ജീവിത നിരാസമായിരുന്നോ? ആസക്തികളില്‍ നിന്നുള്ള മോചനമായിരുന്നുവോ? കടുത്ത ശാരീരിക പീഢനമായിരുന്നുവോ? പിറന്നുവീണ ലോകക്രമത്തില്‍ കണ്ടെത്തിയ കൊടും ക്രൂരതകളെ അതിജീവിക്കാനുള്ള ഒരു രക്ഷാകവചമണിയലായിരുന്നോ? സ്നേഹദ്വേഷങ്ങള്‍ക്കതീതമായ മാനസികനിലയിലേയ്ക്കുയര്‍ന്നപ്പോഴും അയ്യപ്പനെ പുറംലോകം സ്നേഹിക്കുകയും വെറുക്കുകയും ചെയ്തു. അയ്യപ്പന് നിയമങ്ങളില്ലായിരുന്നു. ഒരു വേലിക്കെട്ടും അയ്യപ്പനെ ബാധിച്ചില്ല. ചെല്ലുന്നിടം കിടപ്പിടം. കിട്ടുന്നത് എന്തോ അതാഹാരം. അന്യന്‍റെ പോക്കറ്റിലെ പണം അയ്യപ്പന് സ്വന്തം. അതിന് നിശ്ചിതത്വമില്ല. രണ്ട് രൂപയും രണ്ടായിരം രൂപയും തുല്യം. അയ്യപ്പന്‍ മദ്യത്തില്‍ മുങ്ങിക്കുളിച്ചവനായിരുന്നു. മദ്യലഹരിയില്‍ അയ്യപ്പന്‍റെ കവിതകള്‍ പിറന്നു. അതില്‍ വരികള്‍ക്കിടയില്‍ ജീവിതം തകര്‍ന്നവന്‍റെ തീവ്രവേദനയിലുള്ള നിലവിളി കേള്‍ക്കാം. വീടില്ലാത്തവന്‍റെ, കാമുകി നഷ്ടപ്പെട്ടവന്‍റെ, ബന്ധങ്ങങ്ങളറ്റവന്‍റെ, ആരോഗ്യം നഷ്ടപ്പെട്ടവന്‍റെ, നാടില്ലാത്തവന്‍റെ, സമൂഹപദവി നഷ്ടപ്പെട്ടവന്‍റെ, നിര്‍ദ്ധനന്‍റെ ഒക്കെ നിലവിളി അയ്യപ്പന്‍റെ കവിതയിലുണ്ട്. മറ്റ് കവികളുടെ കവിതകളില്‍ നിന്നും അയ്യപ്പന്‍റെ കവിത വ്യത്യസ്ഥമാകുന്നതും ആത്മാവിന്‍റെ അഗാധതയില്‍ നിന്നും നമ്മെ നിരന്തരം അസ്വസ്ഥമാക്കുന്ന ഈ നിലവിളിയാണ്. മറ്റ് കവികള്‍ സ്വന്തം മുറികളില്‍ ആവശ്യത്തിന് ഭക്ഷ്യപേയാദികള്‍ ആഹരിച്ച് സുഹൃദ്-ബന്ധു-സ്നേഹ-സുരക്ഷിതത്വത്തില്‍ ആമഗ്നരായി സമൂഹത്തിന്‍റെ സ്നേഹബഹുമാനങ്ങള്‍ നേടി സുഭദ്രമായ സാമ്പത്തികാടിത്തറയില്‍ ഇരുന്നുകൊണ്ട് പ്രകൃതിയെപ്പറ്റി തൊഴിലാളിവര്‍ഗ്ഗ ക്ഷേമത്തെപ്പറ്റി, പ്രേമത്തെപ്പറ്റി, അവകാശങ്ങളെപ്പറ്റി, ദളിതരെപ്പറ്റി, എഴുതിയപ്പോള്‍ അയ്യപ്പന്‍ ആ നാട്യങ്ങള്‍ വലിച്ചെറിഞ്ഞവനാണ്. എന്നാല്‍ എനിയ്ക്ക് കിടപ്പാടമില്ല. കിടപ്പാടം തരൂ എന്നോ, എന്നെ കാമുകി പരിത്യജിച്ചു. പുതിയ പ്രേമബന്ധങ്ങള്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നോ, ഞാന്‍ പരമദരിദ്രനാണ് എനിയ്ക്കു ധനം തരൂ എന്നോ, ഞാന്‍ സമൂഹഭ്രഷ്ടനാണ് എന്നെ സമൂഹം സ്നേഹിച്ച് ഉള്‍ക്കൊള്ളൂ എന്നോ അയ്യപ്പന്‍ വിളിച്ചുകൂകിയില്ല. ഒരു പരിത്യാഗിയുടെ മനസ്സോടെ അയ്യപ്പന്‍ എല്ലാം നേരിട്ടു. ആ മനസ്സ് ആഗ്രഹിങ്ങള്‍ക്കതീതമായി വളര്‍ന്നു. രാഗവിദ്വേഷങ്ങള്‍ക്കതീതമായി. ഉച്ചവെയിലിന്‍റെ കൊടുംചൂടേറ്റ് കടത്തിണ്ണയില്‍ കിടക്കുമ്പോള്‍ അയപ്പന്‍ അതറിഞ്ഞില്ല.
        ആ ജീവിതം സുഖസമ്പൂര്‍ണ്ണതയില്‍ നിന്നും ദുഃഖദാരിദ്ര്യങ്ങളിലേയ്ക്കും ഇല്ലായമയിലേക്കും കൂപ്പുകുത്തി. സുഹൃത്തുക്കള്‍ അകന്നു. സമൂഹം കവിയെ വെറുത്തു. ആരോഗ്യം തകര്‍ന്നു. വീടിനെ, ബന്ധുക്കളെ, അതിരറ്റു സ്നേഹിച്ച കവി വീടും നാടും വിട്ട് നഗരത്തിലെ തെരുവുകളില്‍ അലഞ്ഞു നടന്നു. തെരുവുകളില്‍ അന്തിയുറങ്ങി അഴുക്കും മെഴുക്കും പിടിച്ച വസ്ത്രങ്ങളണിഞ്ഞ് നടന്നു. ഒരര്‍ത്ഥത്തില്‍ അവധൂതനായി മാറി. ആരേയും സ്നേഹിച്ചില്ല. ആരേയും വെറുത്തുമില്ല. ഈശ്വരന്‍ പോലും കവിയ്ക്ക് 'കണക്കുപുസ്തകത്തില്‍ പിശകുവരുത്തി മറവിക്കാരന്‍' ആയിരുന്നു.
    മഹാകവി പി.കുഞ്ഞുരാമന്‍ നായരുടെ ജീവിതവുമായി അയ്യപ്പന്‍റെ ജീവിതത്തിന് ഏറെ സാദൃശ്യങ്ങളുണ്ട്. പി.യ്ക്ക് എത്തുന്നിടം തന്നെ തറവാട്. മഹാകവി പ്രകൃതിയുടെ നിത്യകാമുകനായിരുന്നെങ്കില്‍ അയ്യപ്പന്‍ പ്രകൃതിയെ നിരസിച്ചവനായിരുന്നു. പി. ഭക്തകവിയായിരുന്നെങ്കില്‍ അയ്യപ്പന്‍ ഈശ്വരനെ പരിഹസിച്ചവനായിരുന്നു. രണ്ടുപേരും ജീവിതം മുഴുവന്‍ അലഞ്ഞുതിരിഞ്ഞവരാണ്. രണ്ടുപേരുടെയും പോക്കറ്റും എപ്പോഴും കാലിയായിരുന്നു. പി. ശാശ്വതബന്ധങ്ങളില്‍ വിശ്വസിച്ചിരുന്നില്ല. കവി അയ്യപ്പനും ശാശ്വത ബന്ധങ്ങളില്‍ വിശ്വസിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവനാണ്. ള്‍ക്ക് സമൂഹം മാപ്പ് കൊടുത്തു. അയ്യപ്പന് സമൂഹം മാപ്പുകൊടുത്തില്ല. അയ്യപ്പന്‍ അവസാനശ്വാസംവരെയും സമൂഹബഹിഷ്കൃതനായി നടന്നു.    
    അയ്യപ്പനെ സംബന്ധിച്ചിടത്തോളം സമൂഹം 'നാറുന്ന ചെളിക്കുണ്ടാണ്' ഈ നാറുന്ന ചെളിക്കുണ്ടിലെ വളത്തില്‍ നിന്നും 'ജീവരക്തം വലിച്ചെടുത്ത്' സ്വന്തം ചേതനയെ വളര്‍ത്തിയ കവിയ്ക്ക് പിന്നീട് നാറുന്ന ചെളിക്കുണ്ടിലെ സൗന്ദര്യസാരം വീണ് ചീഞ്ഞളിഞ്ഞതാണ് താനെന്ന വിവേകോദയം താമസിയാതെ ഉണ്ടാകുന്നു. (അഗ്നിശലാകകള്‍) എങ്കിലും തന്‍റെ ഭാവന "ജീവിത പാതാളത്തുരുത്തിനഴികള്‍ തകര്‍ത്തുകൊണ്ട് ചക്രവാളത്തെ പുല്‍കാന്‍ ചിറകിട്ടടിയ്ക്കുകതന്നെ ചെയ്യുമെന്നു" കണ്ടെത്തുകയും ചെയ്യുന്നു. (പഞ്ജരം) തന്‍റെ ചിറകുകള്‍ കൊഴിഞ്ഞാലും താനീ ഭൂമിയില്‍ ഒരു പുഴുവിനെപ്പോലെ ഇഴഞ്ഞിഴഞ്ഞെങ്കിലും നീങ്ങുമെന്നും മതില്‍ക്കെട്ടിനോ, കാരാഗ്രഹത്തിനോ ചങ്ങലയ്ക്കോ തന്നെ തളയ്ക്കാനാകില്ലെന്നും ഈ അനന്ത വിശാലതയില്‍ നിറഞ്ഞ തേന്‍തുള്ളികള്‍ നുകര്‍ന്നു തന്നെ തീര്‍ക്കുമെന്നും കവി വ്യാമോഹിക്കുന്നുണ്ട് (മുക്തി) "നാക്കില്‍ ത്രിശൂലംകൊണ്ട് വരച്ച (കാളിദാസന് ദേവിയുടെ അനുഗ്രഹം പോലെ) വാക്കില്‍ നിന്നാണ് തന്‍റെ പാട്ടുണരുന്ന"തെന്ന് കവി കരുതുന്നു. ചൂളയില്‍ വെന്ത എഴുത്താണി തന്‍റെ ജാതകമെഴുതി കോമാളിയാക്കുന്നുവെന്നും, വിശക്കുന്ന തന്‍റെ ചോറു ബലിക്കാക്ക കൊത്തുന്നെന്നും കവി കരുതുന്നു. (ബലിക്കുറിപ്പുകള്‍)
    "ശരീരം നിറയെമണ്ണും, മണ്ണുനിറയെ രക്തവും രക്തം നിറയെ കവിതയും കവിതനിറയെ കാല്പാടുമുള്ളവനാണ് താനെന്നും" കവിവിശ്വസിക്കുന്നു (ജ്ഞാനസ്നാനം). 'മരക്കുതിര' എന്ന കവിതയില്‍ തന്‍റെ നിത്യദൗര്‍ബല്യമായ 
    "നടക്കാന്‍ പഠിച്ചപോഴെ സ്വന്തം പൊട്ടുമാഞ്ഞു, 
    ഒരിറ്റുപോലും നരയ്ക്കാത്ത മുടിയിലെ പൂകൊഴിഞ്ഞു" 
    കഴുത്തിലെ മിന്നിന്‍റെ ചരടറുത്ത സ്വന്തം അമ്മയാണു നിറഞ്ഞുനില്ക്കുന്നത്. ആ അമ്മയെ, അച്ഛന്‍റെ ചുടലയുടെ, തീ നാമ്പുകള്‍ കാലത്തിലൂടെ പിന്നിട്ടു വന്നു രുചിച്ചപ്പോള്‍ അനാഥനായ കവി കാമുകീ നിരസത്തിലൂടെ രണ്ടാമതും, സമൂഹ നിരസത്തിലൂടെ മൂന്നാമതും അനാഥനാകുകയാണ്. ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലെ അനാഥത്വം അയ്യപ്പനില്‍ ഒരു അവധൂതനെ സൃഷ്ടിച്ചു എന്നു പറഞ്ഞാല്‍ അതു സത്യത്തോടു ഏറെ അടുപ്പമുള്ള പ്രസ്താവനയായിരുക്കും. അവധൂതനായി മാറിയിട്ടും താന്‍ ജനിച്ച വളര്‍ന്ന മണ്ണിനെ സ്നേഹിക്കാതിരിക്കാനോ വെറുക്കാനോ ഈ കവിയ്ക്കുകഴിയുന്നില്ല. 
    "അച്ഛന്‍റെ ബലിഷ്ഠതയാണ് മണ്ണ് 
    അമ്മയുടെ ആശിസ്സുകളാണ് ഈ മണ്ണ്
    എന്നും കരയുന്ന എന്‍റെ പെങ്ങളാണീ മണ്ണ്
    തെറ്റുകളെ പൊറുത്തു തിരിച്ചുവിളിയ്ക്കുന്ന -
    വീടും ആജ്ഞയുമാണീ മണ്ണ്
    എഴുത്തറിവിന്‍റെ വ്യഥതന്ന / എഴുത്തച്ഛനാണീ മണ്ണ്." 
                    (പ്രവാസിയുടെ ഗീതം) 
    ഈ മണ്ണില്‍ നിന്നാണ് താന്‍ കരുത്തും അനുഭവവും ആര്‍ജ്ജിച്ചത്. ഈ മണ്ണാണ് കവിയെ ഒന്നാം കിട കവിയാക്കി വളര്‍ത്തിയത്. ഈ മണ്ണ് കവിയ്ക്ക് അമ്മയാണ് സഹോദരി യാണ് അച്ഛനാണ് സര്‍വ്വോപരി ഈശ്വരനാണ് കവിയുടെ അന്ത്യത്തിലെ ആറടിമണ്ണും ഇതായിരിക്കണം എന്ന കവി ആഗ്രഹിക്കുന്നു. 
    പിറന്ന മണ്ണും അമ്മയും സഹോദരിയും മുത്തശ്ശിയും അനന്തരവര്‍കുട്ടികളും ഈ അവധൂതനെ ഒരു ഒഴിയാ ബാധപോലെ പിന്തുടരുന്നു. എത്രത്തോളം ഈ അവധൂതന്‍ അവരില്‍ നിന്നു ഓടിമാറാന്‍ ശ്രമിക്കുന്നുവോ അത്രത്തോളം ശക്തിയോടെ അവര്‍ കവിയെ ആഗ്രഹിക്കുന്നു. അവരോട് ചെയ്ത നിറവേറ്റപ്പെടാത്ത വാഗ്ദാനങ്ങള്‍ കവിയെ ഹാണ്ട് (ഒമൗിേ) ചെയ്യുന്നു. അവധൂതനായ ഈ കവിയ്ക്ക് ബന്ധങ്ങള്‍ വെരും തൊലിപ്പുറമുള്ള ഓര്‍മ്മകള്‍ മാത്രമല്ല സ്വന്തം മാംസത്തിലും രക്തത്തിലും അസ്ഥിയിലും മജ്ജയിലും അവസാനം ആത്മാവിന്‍റെ അഗാധതകളിലുംവരെ ആഴ്ന്നിറങ്ങുന്ന വിങ്ങുന്ന അനുഭവങ്ങളാണ്. ദൂരെയെങ്ങോ നഗരങ്ങളിലെ തെരുവിലെ കഠിനമായ വെയിലില്‍ വിശന്നു കിടക്കുമ്പോഴും ഈ അവധൂതന്‍ തന്‍റെ മുത്തശ്ശിയോട്, അമ്മയോട്, സഹോദരിയോട്, അനന്തരവരോട് താന്‍ ചെയ്ത വാഗ്ദാന ലംഘനങ്ങള്‍ ഓര്‍ത്ത് വേദനിക്കുന്നവനാണ്. 
    പ്രകൃതിയുടെ വിവിധ നിറം മാറ്റങ്ങളില്‍ അത്ഭുതപരതന്ത്രനും വികാരഭരിതനുമായിരുന്നു ഈ അവധൂതകവി പ്രകൃതിയെപ്പറ്റിപാടുമ്പോള്‍ മനോഹരമായ ഗാനാത്മകത ഈ കവിയുടെ സൃഷ്ടികള്‍ക്കു ഈണം പകരുന്നു. 
    "ഗ്രീഷ്മമേ സഖീ, നമുക്കൊരൂഷ്മള ദീപ്തിയാര്‍ന്നൊരീ

ദ്ധ്യാഹ്ന വേളയില്‍ എത്രമേല്‍ സുഖം എത്രമേല്‍ 
    ഹര്‍ഷം എത്രമാത്രം ദു:ഖ മുക്തി പ്രഭാതം"
    ഏതു സംശയാത്മാവിനും ശാന്തി മന്ത്രങ്ങളായി ഭവിക്കുന്ന ഈ വരികള്‍ അഗാധമായ ശാന്തി അനുഭവിക്കുന്ന ഒരു മനസ്സിനുടമയ്ക്കു മാത്രമേ രചിയ്ക്കാനാവൂ. (കവിത-ഗ്രീഷ്മം തന്ന കിരീടം) മരണം ഈ അവധൂത കവിയെ ഭയപ്പെടുത്തിയിരുന്നുവോ? 
    "എല്ലാം തന്നവളോട് ഞാനും വിടപറഞ്ഞു
               ***               ***      ***
    ഭയവും ദു:ഖവും തരുന്ന ശാന്തിയില്ലാത്ത യാത്ര 
    ലഭിച്ച സ്നേഹം തിരസ്കരിച്ചതിന് / അച്ഛനെന്ന വിളിയോ
    ഒരുമ്മയോ കിട്ടാതെ / എനിയ്ക്കുപോകേണ്ടി വരും" 
                    (ആസക്തിയുടെ വീട്) 
    ജനിച്ച മണ്ണിനെ, നാടുതെണ്ടിയും, മദ്യപനും, ദരിദ്രനും, സമൂഹഭ്രഷ്ടനുമായിട്ടും തന്നെ അഗാധമായി സ്നേഹിച്ച പെങ്ങളേയും തന്‍റെ വികാരമായിരുന്ന അമ്മയേയും മുത്തശ്ശിയേയും ബലിഷ്ഠനായിരുന്ന തന്‍റെ അച്ഛനേയും അടക്കിയ മണ്ണിനെ വിട്ടുപോകാന്‍ കവിയുടെ അന്തരാത്മാവ് മടിച്ചു നിന്നു. ഈ അവധൂതന്‍ സ്നേഹത്തിന്‍റെ അടിമയായിരുന്നു. മരിച്ചാലും ഈ അവധൂതന്‍റെ ആത്മാവ് വിട്ടു മാറാതെ ഈ മണ്ണിനെ ചുറ്റിപ്പറ്റി നില്‍ക്കും. അനന്തകാലം 

 

Share :

Photo Galleries