Archives / October 2018

  പ്രദീപ് പനങ്ങാട്.
ഒരു ജീവിതത്തിന്റെ ബലി ക്കുറിപ്പുകൾ


       
         

      അയ്യപ്പൻ മലയാളിയെ ആവേശിച്ചു  തുടങ്ങിയത് എഴുപതുകളിലാണ്. ധിഷണാശാലിയായ പത്രാധിപർ എന്ന നിലയിലാണ് അന്ന് മലയാള വായനക്കാർ അയ്യപ്പനെ കണ്ടിരുന്നത്. കവിത എഴുതി തുടങ്ങിയിരുന്നെങ്കിലും കാവ്യജീവിതം അന്ന് ആരംഭിച്ചിരുന്നില്ല. ''അക്ഷരം ''എന്ന സമാന്തര മാസികയാണ് അയ്യപ്പൻ നടത്തിയിരുന്നത്. മലയാള സമാന്തര മാസിക ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് ''അക്ഷര''ത്തിന്റേത്. അക്ഷരത്തിന്റെ പത്രാധിപർ എന്ന നിലയിൽ മലയാള പത്രപ്രവർത്തന രംഗത്ത് അയ്യപ്പന് വലിയ സ്ഥാനമാണുള്ളത്. ''അക്ഷരം അയ്യപ്പൻ '' എന്നും ഓർമ്മിക്കപ്പെടും.

       എഴുപതുകളുടെ മധ്യത്തോടെയാണ് അയ്യപ്പൻ അക്ഷരം തുടങ്ങുന്നത് . കേരളത്തിൽ സമാന്തര മാസികകൾ സജീവമായ കാലത്താണ് അക്ഷരം തുടങ്ങുന്നത്. എം.ഗോവിന്ദൻ തുടങ്ങിയ സമാന്തര മാസിക ചരിത്രം വ്യത്യസ്ത ദിശകളിലൂടെ സഞ്ചരികയായിരുന്നു അപ്പോൾ .സമീക്ഷ ,കേരള കവിത തുടങ്ങിയവയുടെ മറ്റൊരു തുടർച്ചയായിരുന്നു അക്ഷരം . അക്ഷരം ആധുനികതയുടെ പ്രകാശവീഥിയായിരുന്നു. എഴുതുകളിൽ എഴുതി തുടങ്ങിയവർ അക്ഷരത്തിലൂടെയാണ് മുന്നേറിയത്. മലയാള കവിത ആധുനിക ഭാവുകത്വത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെ യാത്ര ചെയ്യുന്ന സന്ദർഭമായിരുന്നു അത്.
അക്ഷരം ആധുനിക മലയാള കവിതയുടെ സംഗമ ക്ഷേത്രമായിരുന്നു. എന്നാൽ അത് നിലവിലുണ്ടായിരുന്ന എല്ലാ കാവ്യ ഭാവുകത്വത്തേയും അക്ഷരം പരിഗണിച്ചിരുന്നു. ഒഎൻ.വി  കുറുപ്പിന്റെ ''അക്ഷരം''   എന്ന കവിതയോടെയാണ് അക്ഷരം ആരംഭിച്ചത്. അയ്യപ്പപ്പണിക്കർ ,കടമ്മനിട്ടരാമകൃഷ്ണൻ സച്ചിദാനന്ദൻ ,വിനയചന്ദ്രൻ തുടങ്ങി നിരവധി കവികൾ അക്ഷരത്തിലെ നിത്യസാന്നിധ്യമായിരുന്നു. ബി. രാജീവിന്റെ രാഷ്ട്രീയ- സാഹിത്യ സൈദ്ധാന്തിക ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങിയത് അക്ഷരത്തിലൂടെയാണ്. നരേന്ദ്രപ്രസാദ്  എന്ന നിരൂപകന്റെ തിരനോട്ടവും അക്ഷരത്തിലൂടെയായിരുന്നു.  ഏതാനും ലക്കങ്ങൾക്കു ശേഷം ഭാരതീയ കവിത പതിപ്പോടെ അക്ഷരം അവസാനിച്ചു. ആദ്യമായാണ് മലയാളത്തിൽ അത്തരമൊരു കവിത പതിപ്പ് പുറത്ത് വരുന്നത്. പിന്നീട് അത്തരം പതിപ്പുകൾ  വിവിധ പ്രസിദ്ധീകരണങ്ങൾ അവതരിപ്പിച്ചു.

        കവി അയ്യപ്പനെ വാഴ്ത്തുമ്പോൾ നാം അയ്യപ്പന്റെ ഈ സവിശേഷ മുഖം മറന്നു പോകുന്നു. അയ്യപ്പൻ കാലത്തെ എങ്ങനെ ഉൾകൊണ്ടുവെന്നും സംവദിച്ചുവെന്നും ,അറിയാനുള്ള അടയാളമാണ് അക്ഷരം.  അക്ഷരത്തിന്റെ താളുകൾ ഇപ്പോൾ മറിക്കുമ്പോഴും , കാലത്തിന്റെ തീക്ഷ്ണത തുടിച്ചു നിൽക്കുന്നത് അനുഭവിക്കാം.

          എൺപതുകളിൽ കവിത വായിച്ചു തുടങ്ങുന്നവർക്കു അയ്യപ്പൻ പ്രചോദന ഊർജമായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് ആലാപനത്തിന്റെ തീക്ഷ്ണ സാന്നിദ്ധ്യം കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ചപ്പോൾ അയ്യപ്പൻ  മന്ത്രവരികൾ  കൊണ്ട് വായനക്കാരെ ആകർഷിച്ചു. വ്യഥിത യുവത്വത്തിന്റെ ജീവിത സംത്രാസങ്ങളാണ് അയ്യപ്പൻ അക്കാലത്ത് ആവിഷ്കരിച്ചത്. ''ബലി ക്കുറിപ്പുകൾ'' എന്ന് സമാഹാരത്തിന് പേരിടുമ്പോൾ തന്നെ അതിൽ ആത്മബലിയുടെ നിശ്വാസങ്ങൾ ഉണ്ടായിരുന്നു. സ്വയം ബലിയാടാവാൻ തീരുമാനിച്ച ഒരാളുടെ നിസ്സംഗതയും ഒപ്പം നിശബ്ദതയും അതിൽ അടങ്ങിയിരുന്നു. ആത്മബലിയുടെ അനന്തമായ സന്ദർഭങ്ങളാണ് അയ്യപ്പൻ പിന്നീട് സൃഷ്ടിച്ചതെല്ലാം.

          വാക്കുകളെ ഇത്ര സൂക്ഷ്മമായി വിനിയോഗിച്ച അപൂർവ്വം കവികളെ മലയാളത്തിൽ ഉള്ളൂ. ലളിതമായ വാക്കുകളിൽ ആത്മ സന്ദേഹങ്ങളുടെ വലിയ കടൽ ഒളിപ്പിച്ചുവെച്ചു. വാക്കുകൾ ചേർത്തുവെക്കുമ്പോൾ സമുദ്രസംഗമങ്ങളുടെ വലിയ ഇരമ്പലുകളാണ് ഉയർന്നു വരുന്നത്. അയ്യപ്പന് മാത്രം ജീവിക്കാവുന്ന കാവ്യലോകങ്ങളുണ് അയ്യപ്പൻ സൃഷ്ടിച്ചത്. അയ്യപ്പനെ അനുകരിക്കാൻ ധാരാളം അനുവാചകർ ഉണ്ടായി. പക്ഷേ ഒരാൾക്കും അയ്യപ്പന്റെ കാവ്യരസതന്ത്രം ഉൾക്കൊള്ളാനായില്ല.

      ഞാൻ അയ്യപ്പനെ എൺപതുകളുടെ ആദ്യം തന്നെയാണ്. എന്റെ നാട്ടിൻ പുറത്ത് നടന്ന ''വർത്തമാനം ': എന്ന സാഹിത്യ ക്യാമ്പിന് വന്നതായിരുന്നു അയ്യപ്പൻ. കവിതയുമായി അലഞ്ഞു തിരിഞ്ഞ കാലമായിരുന്നു അത്. ഏറേ നിശബ്ദനായി സുഹൃത്തുകൾക്കൊപ്പം അച്ചൻകോവിലാറിന്റെ തീരത്തുകൂടി അയ്യപ്പൻ നടന്നു പോകുന്ന ദൃശ്യം ഇപ്പോഴും ഓർമ്മയിലുണ്ട്. അന്ന് ബലിക്കുറിപ്പുകൾ കവിത സമാഹാരം മാത്രമേ ഇറങ്ങിയിരുന്നുള്ളു. കവിതയുടെ സ്വാതന്ത്ര്യ ലോകത്തേക്ക് പ്രവേശിക്കുന്നത് പിന്നീടാണ്. അയ്യപ്പൻ ഒരു നദിയായി ഒഴുകി. ആർക്കും സ്നാനക്ഷണമുള്ള നദി. എത്രയോ പേർ അതിൽ മുങ്ങി നിവർന്നു

          തൊണ്ണൂറുകളുടെ ആദ്യം എന്റെ സുഹൃത്ത്  അജിത് പ്രതാപ് കാലത്തോട് സ്വയം വിട പറഞ്ഞു. അദ്ദേഹത്തിന്റെ സ്മരണക്കായി ഒരു പുരസ്ക്കാരം ഞങ്ങൾ ഏർപ്പെടുത്തി. അത് ആർക്കു് നൽകണമെന്ന ആലോചനയിൽ ആദ്യം വന്ന പേരു് അയ്യപ്പന്റെ തന്നെയാണ്. ജീവിതം സ്വയം ബലിയർപ്പിച്ച ഒരാളുടെ സ്മരണ അയ്യപ്പനി ലൂടെ പടരണമെന്ന് ഞങ്ങൾ ആ ഗ്രഹിച്ചു.( ആദ്യവും അവസാനവുമായി ആ പുരസ്കാരം നൽകിയത് അയ്യപ്പനാണ്) .  കടമ്മനിട്ട രാമകൃഷ്ണൻ ഉൾപ്പെട്ട ജൂറി അയ്യപ്പന് അവാർഡ് പ്രഖ്യാപിച്ചു. അയ്യപ്പനും ആദ്യം ലഭിക്കുന്ന പുരസ്കാരമായിരുന്നു അത്.

         പുരസ്കാരം നൽകു ന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ അയ്യപ്പനെ തേടി ഞങ്ങളുടെ സുഹൃത്തുക്കൾ തിരുവനന്തപുരത്തേക്ക് തിരിച്ചു. കൃത്യ സമയത്ത് തന്നെ അയ്യപ്പനെ എത്തി ക്കാൻ വേണ്ടിയായി തുന്നു അത്. അവർ നഗരത്തിലൂടെ അലഞ്ഞു നടന്നു.

             പുരസ്കാരദാനത്തിന്റെ തലേ ദിവസം ഞാൻ പന്തളം ജംഗ്ഷനിൽ നില്ക്കുന്നു. എന്റെ മുമ്പിൽ കോട്ടയം ഭാഗത്ത് നിന്ന് വരുന്ന ഒരു സൂപ്പർഫാസ്റ്റ് വന്ന് നിൽക്കുന്നു. അതാ ,അയ്യപ്പൻ അതിൽ നിന്ന് ഇറങ്ങി വരുന്നു. ഞാൻ ഓടിച്ചെന്ന് കയ്യിൽ പിടിച്ചു. എങ്ങോട്ട് പോകുന്നു? ചോദിച്ചു.
''എനിക്ക് നാളെ ഒരു അവാർഡുണ്ട്. അത് വാങ്ങാൻ വന്നതാണ്.'' അയ്യപ്പൻ പറഞ്ഞു. അടുത്തു കിടന്ന മാവേലിക്കര ബസ്സിൽ കയറാൻ ഒരുങ്ങി. ''ഞാൻ മാവേലിക്കരക്ക് പോകുന്നു    നരേന്ദ്രപ്രസാദിനെ കാണണം  എന്ന് പറഞ്ഞു.''
പക്ഷേ ഞാൻ വിട്ടില്ല. അടുത്ത് കണ്ട ഹോട്ടലിൽ കയറ്റി ദാഹജലം വാങ്ങിക്കൊടുത്ത് ,നാട്ടിലേക്ക് കൂട്ടികൊണ്ട് പോയി. ഒരു സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. പിറ്റേ ദിവസം രാവിലെ തന്നെ സമ്മേളന സ്ഥലത്തെത്തി.  അയ്യപ്പനെ തിരക്കി തിരുവനന്തപുരത്ത് പോയ സുഹൃത്തുക്കൾ നിരാശരായി മടങ്ങി വന്നു. അപ്പോൾ അതാ അയ്യപ്പൻ മുന്നിൽ നില്ക്കുന്നു. കടമ്മനിട്ടയാണ് അന്ന് അവാർഡ് നൽകിയത്. രാത്രി തന്നെ മടങ്ങിപോവുകയും ചെയ്തു

     തിരുവനന്തപുരം നഗരത്തിൽ വച്ച് അയ്യപ്പനെ നിരന്തരം കണ്ടിരുന്നു. നഗരത്തിന്റെ ഭാഗമായി മാറിയിരുന്നു. ജീവിതത്തിലെ അച്ചടക്കമില്ലായ്മ കവിതകളിൽ കണ്ടില്ല. കവിതകൾ സൂക്ഷ്മമായി കൊത്തിയെടുത്ത ശില്ലങ്ങളായിരുന്നു. ഓരോന്നും വ്യത്യസ്തവും വിഭിന്നവുമായിരുന്നു. രണ്ട് ജീവിതം കൊണ്ടാണ് അയ്യപ്പൻ സമൂഹത്തെ നേരിട്ടത്.

-----

Share :