Archives / 

ശാന്തൻ
ബുദ്ധന്‍റെ കല്ലേറുകൊണ്ടവൻ

മദ്യവും കവിതയുമായ് അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാലം. ഒരു ദിവസം തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ കയറി ആനുകാലികങ്ങള്‍ വായിച്ചതിനു ശേഷം പുറത്തിറങ്ങി. മറ്റൊന്നും ചെയ്യാനില്ലാതെ ലൈബ്രറിയുടെ ക്യാന്‍റീനടുത്തുള്ള ഒരു കല്ലില്‍ ഇരിക്കുമ്പോഴാണ് അടുത്തുള്ള ഒരു പാറക്കല്ലില്‍ ഒരാള്‍ മദ്യപിച്ച് അലസമായി കിടക്കുന്നത്കണ്ടത്. എന്തൊക്കെയോ അയാള്‍ പുലമ്പുന്നുായിരുന്നു. കിടന്നു. അവിടെ നിന്ന് ആരോ പറഞ്ഞു "അത് കവി അയ്യപ്പനാണെന്ന്”   "    ആലില" എഴുതിയ കവി! ഞാന്‍ കോട്ടയത്തായിരുന്നപ്പോള്‍എന്‍റെ മുറിയില്‍ വന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ കൂട്ടുകാരി വൃന്ദാ കൃഷ്ണനാണ് ആദ്യമായി          "ആലില" എന്നെ ചൊല്ലിക്കേള്‍പ്പിച്ചത്. കവിതയും വിപ്ലവത്തിന്‍റെ തീയുമായ് ക്യാമ്പസ് രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന വൃന്ദയ്ക്ക് അയ്യപ്പന്‍ കവിത ഹരമായിരുന്നു.

അക്കാലത്തെ പ്രണയവും വിരഹവുമൊക്കെ ശമിപ്പിക്കാന്‍ പ്രണയിനി വിഷം കൊടുത്ത അയ്യപ്പന്‍റെ ആലില ഞങ്ങള്‍ക്ക് ഔഷധമായി.ഞാന്‍ അയ്യപ്പന്‍റെ അടുത്തേക്ക് ചെന്നു.  

"ആരെടാ നീ ?”

"ഒരു കവിയാണ്"

അയ്യപ്പന്‍ പരിഹാസത്തോടെ എന്നെ നോക്കി.

“കവിയാണോ എത്ര രൂപ പോക്കറ്റിലുണ്ട്”

"ഇരുന്നൂറ് രൂപ”

" എങ്കിൽ വാ”

അഴിഞ്ഞുപോയ മുണ്ട് അലക്ഷ്യമായി ഉടുത്തുകൊണ്ട് അയ്യപ്പന്‍ പാളയത്തേക്കു നടന്നു. പാളയം മാര്‍ക്കറ്റിലെ കടകള്‍ തിങ്ങി നിറഞ്ഞ് മീന്‍ വെള്ളമൊഴുകുന്ന വഴിയിലൂടെ എന്നെയും കൊണ്ടുപോയി. ഇതിനിടയ്ക്ക് എന്‍റെ പേഴ്സില്‍ നിന്നും ഇരുന്നൂറ് രൂപ കൈക്കലാക്കിയിരുന്നു. ചാക്കുകൊണ്ട് മറച്ച ഒരു കടയുടെ മറനീക്കി അയ്യപ്പന്‍ പറഞ്ഞു:

"ഒരു ഇരുനൂറ് ഒഴിക്കു”.

അപ്പോഴാണ് അത് പട്ടഷാപ്പാണെന്ന് അറിഞ്ഞത്.

"ഒരു നൂറുമില്ലി ഇവനും കൊടുക്ക്".

അയ്യപ്പന്‍ മോന്തിയ പോലെ ഞാനും ഒറ്റ മോന്തലിന് ഇറക്കി. തൊണ്ടമുതല്‍ വയര്‍ വരെ പൊള്ളി ചാരായം ഇറങ്ങി. ഞാനാകെ വിയര്‍ത്തു. എന്‍റെ ശരീരത്തിലെ ഓരോ കോശത്തെയും ഞാനറിഞ്ഞു. ദേഹം ആകെയൊന്നിളകി. ഞങ്ങള്‍ പബ്ലിക് ലൈബ്രറിയിലെ അയ്യപ്പന്‍ കല്ലിലേക്കു പോയി. ഞാന്‍ 'ആലില' ചൊല്ലി.

 'എടാ അത് ഗദ്യകവിതയാണ്'; അയ്യപ്പന്‍ പറഞ്ഞു. തനി ഗദ്യ കവിതയായിരുന്നിട്ടും ആദ്യത്തെ രണ്ടു ഖണ്ഡങ്ങള്‍ എനിക്കു പദ്യത്തില്‍ മാത്രമേ ചൊല്ലാന്‍ കഴിഞ്ഞിരുന്നുള്ളൂ.

"പാകമായ മനസ്സില്‍ നിന്നടര്‍ന്നു വീണതല്ലേ എങ്ങനെ വേണമെങ്കിലും ചൊല്ലാം"; ഞാന്‍ പറഞ്ഞു.

"അതിന് നീ പൈസാ തരണം"; എന്നു പറഞ്ഞിട്ട് ഘനഗംഭീരസ്വരത്തില്‍ അയ്യപ്പന്‍ 'ആലില' പറഞ്ഞു. ബോധിത്തണലില്‍ ബുദ്ധന്‍റെ അടുത്തെന്നപോലെ ഞാന്‍ ഇരുന്നു. പിരിയാന്‍ നേരം ഞാനും നിന്‍റെ വീട്ടില്‍ വരുന്നു എന്നു പറഞ്ഞ് എന്‍റെ കൂടെക്കൂടി. ഞാന്‍ വീട്ടില്‍ കൊണ്ടുപോയി. അമ്മ ഭക്ഷണമെല്ലാം ഉണ്ടാക്കിവെച്ചിട്ടുായിരുന്നിട്ടും അയ്യപ്പന്‍ അടുക്കളയിലിരുന്ന മുട്ട പൊട്ടിച്ചൊഴിച്ച് സഞ്ചിയില്‍ കരുതിയിരുന്ന ചാരായവും ചേര്‍ത്ത് ഓംലെറ്റ് ഉണ്ടാക്കി. ബാക്കി ചാരായം വെള്ളം ഒഴിക്കാതെ അകത്താക്കി. ഒരു പിടി ചോറും ഉണ്ടു. മദ്യാസക്തിയില്‍ അയ്യപ്പന്‍ സിറ്റൗട്ടില്‍ കിടന്നു പിറുപിറുത്തു. വസ്ത്രം മാറിക്കിടന്നു. അടുത്തു കിടന്ന എന്‍റെ ശരീരത്തിലേക്ക് അയ്യപ്പന്‍റെ കയ്യും കാലും വന്നു വീണു. മദ്യത്തിന്‍റെയും ശരീരത്തിന്‍റെയും ഭയങ്കര വാട! ക്ലാസ്സിക് ബാറിലെ നാറ്റം പോലെ. എഴുന്നേറ്റോടാന്‍ തോന്നി. ഈ സമയത്ത് ജോലി കഴിഞ്ഞ് അമ്മ വന്നു. അയ്യപ്പനെ കണ്ടു അമ്മ ഈ ഭ്രാന്തനെ വീട്ടില്‍ കയറ്റിയതെന്തിനാണെന്ന് ചോദിച്ചു.

"അമ്മേ ഇത് കവി അയ്യപ്പനാ”

"ഇവനൊക്കെയാണോ കവി?” ”ഇന്നു തന്നെ നിന്‍റെ കവിതയെഴുത്ത് നിറുത്തിക്കൊള്ളണം”

 മയങ്ങിക്കിടന്ന അയ്യപ്പന്‍ ഉണര്‍ന്നു ചോദിച്ചു. "കുഴപ്പമായോ?”

"എടാ, എനിക്കൊരു മുണ്ട് വേണംچ. എന്‍റെ ചെവിയില്‍ അയ്യപ്പന്‍ പറഞ്ഞു. അമ്മയുടെ അരിശം മൂര്‍ച്ഛിച്ചതിനാല്‍ മുണ്ട് കൊടുക്കാന്‍ പറ്റിയില്ല. ഞാന്‍ അയ്യപ്പനെയും പിടിച്ച് പുറത്തിറങ്ങി. ഒരു പരിഭവവുമില്ലാതെ അയ്യപ്പന്‍ എന്‍റെ പിറകേ വന്നു. പുലയനാര്‍കോട്ട ജംഗ്ഷനില്‍ നിന്നും ഒരു ഓട്ടോ പിടിച്ച് ഞങ്ങള്‍ ഉള്ളൂരെത്തി. അയ്യപ്പന്‍ ഓട്ടോ ഇറങ്ങി  ഒരു പട്ടഷാപ്പിലേക്കു കയറിപ്പോയി.

യൂണിവേഴ്സിറ്റി ഹോസ്റ്റലിലും, സ്റ്റാച്യൂവിലെയും, പാളയത്തെയും, തമ്പാനൂരിലെയും കൂട്ടുകാരുടെ മുറിയില്‍ വെച്ചും അയ്യപ്പനെ കാണുമായിരുന്നു. എന്‍റെ കയ്യില്‍ നിന്നും പൈസാവാങ്ങിക്കുമായിരുന്നു. കവിത ചൊല്ലിക്കേള്‍പ്പിക്കുമായിരുന്നു. ഒരുമിച്ച് പട്ടയടിക്കുമായിരുന്നു.കൂട്ടുകാരുടെ മുറിയില്‍ക്കിടന്നുറങ്ങുമായിരുന്നു. ഒരിക്കല്‍ അയ്യപ്പന്‍റെ ശരീരത്തില്‍ നിന്നും കൂറ പേന്‍ കയറിയ ആളാണ് ഞാന്‍.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സ വേണ്ടി വന്നു കൂറപ്പേനെ പിഴുതെറിയാന്‍. രോമകൂപങ്ങളില്‍ പേന്‍ ആഴ്ന്നിറങ്ങിയ വേദനയും, വെറുപ്പും അയ്യപ്പന്‍റെ കവിതകള്‍ മായിച്ചു കളഞ്ഞു.

 

പിന്നീട് പത്തുവര്‍ഷക്കാലം അയ്യപ്പന്‍റെ അയല്‍വാസിയായി നേമത്ത് ജീവിക്കേണ്ടി വന്നു. ഞാന്‍ ജോലികഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോള്‍ അടിച്ചു ഫിറ്റായി നില്‍ക്കുന്ന അയ്യപ്പന്‍ എന്‍റെ ബൈക്കിന്‍റെ പിറകില്‍ കയറും. കഴുത്തില്‍ കൈവട്ടം ചുറ്റി വശത്തേക്ക് തല ചരിച്ചിട്ടാണ് അമിതമായി മദ്യപിച്ചിട്ടുള്ള ദിവസങ്ങളില്‍ ഇരിക്കുന്നത്. ആ സമയത്ത് സ്ത്രീകള്‍ വഴിയിലൂടെ പോയാല്‍ തമാശകള്‍ പറയും. <

അമിതമായി മദ്യപിക്കാത്ത ദിവസങ്ങളില്‍ കിള്ളിപ്പാലത്തെ ക്ലാസ്സിക് ബാറില്‍ കയറും. കൗണ്ടറിൽ നില്‍ക്കുന്നവര്‍ ബില്ലെടുക്കാതെ തന്നെ രണ്ടു ഒ.പി.ആര്‍ അയ്യപ്പനെ കാണുമ്പോള്‍ ഒഴിച്ചു കൊടുക്കും. ആദ്യമായാണ് ഒരു ബാറില്‍ പറ്റുകൊടുക്കുന്നത് കാണുന്നത്. അന്നു വീട്ടില്‍ കൊണ്ടുചെന്നു വിട്ടപ്പോള്‍ എന്നെ ഒരു പുസ്തകം കാണിച്ചു. A Dictionary of Drink; മദ്യത്തിന്‍റെ ഒരു എന്‍സൈക്ലോപീഡിയ. സമകാലികവും അപൂര്‍വ്വവുമായ ഒരുപാട് പുസ്തകങ്ങള്‍ ഞാന്‍ അയ്യപ്പന്‍റെ കൈയ്യില്‍ കണ്ടിട്ടുണ്ട്. മദ്രാസ്സിലും, ഡല്‍ഹിയിലും പോകുന്നത് സുഹൃത്തുക്കളുടെ കൈയ്യില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങാനായിരുന്നു.

ഒരു ദിവസം രാത്രിയില്‍ ഞാന്‍ തമ്പാനൂരില്‍ക്കൂടി ബൈക്കില്‍ പോകുമ്പോള്‍ അയ്യപ്പനെപ്പോലെ ഒരാള്‍ കൈരളി - ശ്രീ തിയേറ്ററിനു മുന്നിലെ റോഡില്‍ കിടക്കുന്നതു കണ്ടു. ഞാന്‍ ബൈക്കു നിര്‍ത്തി. ജീവനുണ്ടോയെന്നുപോലും അറിയാന്‍ കഴിയാത്തവിധം ലക്കുകെട്ടിരിക്കുന്നു.ഞാന്‍ തട്ടി വിളിച്ചു. അനക്കമില്ല. ഈ രൂപത്തില്‍ ബൈക്കില്‍ കൊുപോകാന്‍ കഴിയില്ല. ഓട്ടോക്കാരെ സമീപിച്ചു. 'കീടങ്ങളെ' കയറ്റാന്‍ അവര്‍ തയ്യാറല്ലായിരുന്നു. ഗത്യന്തരമില്ലാതെ ഞാന്‍ ഫ്ളൈയിംഗ് സ്ക്വാഡിനെ വിളിച്ചു. ഫ്ളൈയിംഗ് സ്ക്വാഡ് വന്ന് അയ്യപ്പനെ എടുത്ത് കൊണ്ടുപോയ്യി. എനിക്ക് കൂടെപോകാനായില്ല. അന്നു രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. പിറ്റേന്ന് പത്രത്തില്‍ കവി അയ്യപ്പന്‍ ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിലുന്നെ വാര്‍ത്ത കണ്ടു കാണാന്‍ പോയി. "മന്ത്രി പൈസയുമായി വരും. ഇനിയും വഴിയില്‍ കിടക്കാം"; അയ്യപ്പന്‍ തമാശ പറഞ്ഞു.

നമ്മുടെ ഒരു വലിയ പ്രസാധകര്‍ അയ്യപ്പന്‍റെ മൊത്തം കവിതകളും പ്രസിദ്ധീകരിക്കുന്നതിനായി ഒരു ലക്ഷം രൂപ കൊടുത്തു. ആ ഒരു ലക്ഷം രൂപ നമ്മുടെ മറ്റു കവികള്‍ ചെയ്യുന്നതുപോലെ അയ്യപ്പന് ബാങ്കിലിട്ടില്ല. ഈടുറ്റ ഒന്നും വാങ്ങിയില്ല. പാവപ്പെട്ട സഹോദരിക്ക് കൊടുത്തില്ല. മദ്യപിച്ചും ക്ലാസിക് ബാറിലെ പറ്റു തീര്‍ത്തും കൂട്ടുകാര്‍ക്ക് മദ്യം വാങ്ങിക്കൊടുത്തും ആ ഒരു ലക്ഷം രൂപ തീര്‍ത്തതിന് ദൃക്സാക്ഷിയാണ് ഞാന്‍. ആത്മാവില്‍ സമ്പന്നനായ ഒരാള്‍ക്കു മാത്രമേ ഒരു ലക്ഷം രൂപയ്ക്ക് വിലയില്ലെന്ന് കാണിച്ച് യാഥാസ്ഥിതികരെ പേടിപ്പിക്കാന്‍ കഴിയൂ.

ഫിലിം ഫെസ്റ്റിവല്‍ എറണാകുളത്തു വച്ചു നടത്തിയപ്പോള്‍ സരിത തിയേറ്ററില്‍ നിന്ന് സെക്കന്‍റ ്ഷോ കഴിഞ്ഞിറങ്ങിയ അയ്യപ്പന്‍ തിയേറ്ററിനുമുമ്പിലെ റോഡില്‍ കിടന്നുറങ്ങിയ നാലു ഭിക്ഷക്കാരുടെ അടുത്തു ചെന്നു കിടന്നു. മൂടിപ്പുതച്ച് അടുത്തു കിടന്ന തമിഴ് വൃദ്ധ അയ്യപ്പനെ ഒരു ചവിട്ടു കൊടുത്തു. അയ്യപ്പന്‍ മറുവശത്തേക്കു മറിഞ്ഞു കിടന്നു. മറുവശത്തുകിടന്ന പട്ടി ചാടി കടിച്ചിട്ടും എഴുന്നേറ്റു പോകാതെ അവിടെ കിടന്നുറങ്ങിയത് ഞാന്‍ നേരിൽകണ്ട വേദനിച്ച കാഴ്ചയാണ്.

സ്വസ്ഥമല്ലാത്ത മനസ്സുമായി പടിയിറങ്ങി പോയവരാണ് എല്ലാ കവികളും. ആ ഇറങ്ങിപ്പോക്ക് സാമൂഹിക അവസ്ഥയോടുള്ള പ്രതിഷേധമാകാം, സ്വകാര്യ ദു:ഖമാകാം. ജീവിതത്തിന്‍റെ അര്‍ത്ഥശൂന്യതയാകാം, അസ്ഥിത്വദു:ഖമാകാം, ഏതുമാകട്ടെ, അര്‍ത്ഥം തേടിയുള്ള ഈ അലച്ചില്‍ എല്ലാ ബന്ധങ്ങളെയും ഉപേക്ഷിച്ച് ആകാശത്തിന്‍റെ മേല്‍കൂരയിലേക്കിറങ്ങിയവന് കിട്ടുന്ന സ്വസ്ഥത ഒരു ബുദ്ധജന്മത്തിനല്ലാതെ മറ്റാര്‍ക്കാണുള്ളത് ? വെയിലും മഞ്ഞും മഴയും തിന്ന്, ഇടിയും കൊള്ളിയാനുമേറ്റ് തെരുവില്‍ കഴിയുന്നവന്‍ പ്രകൃതിയായ് തന്നെ മാറുകയില്ലെ ? മനസ്സും പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയില്‍ പ്രകൃതിയുടെ ഈണങ്ങള്‍ കേട്ടു തുടങ്ങും. അപൂര്‍വ്വമായ കാഴ്ചകള്‍ കണ്ടു തുടങ്ങും. ഇതിനെ മനശാസ്ത്രജ്ഞന്‍ 'സ്കിസോഫീനിയ' എന്നു വിധി എഴുതും. അപൂര്‍വ്വമായ കാഴ്ചകളും കേള്‍വികളും ഉണ്ടാക്കുന്നവരെ ശാസ്ത്രം അവരുടെ അറിവില്ലായ്മയിലേക്ക് തരം താഴ്ത്തുക പതിവാണല്ലോ.

കിട്ടുന്നത് ഭക്ഷിച്ച്, നില്‍ക്കുന്നിടത്ത് കിടന്ന്, ഉണ്ടെങ്കിൽ ഉടുത്തു ,പൂവിരിയും

പോലെയോ, സൂര്യനുദിക്കുംപോലെയോ, കാറ്റുവീശും പോലെയോ, കവിത വിരിയിച്ച് തനിക്കുള്ള ഇടങ്ങള്‍ നേരത്തേ കരുതിവെക്കാതെ കുറ്റപ്പെടുത്തലുകളോ പഴിചാരലുകളോ നടത്താതെ സത്യസന്ധമായി ജീവിക്കുക ഒരു ബുദ്ധനല്ലാതെ മറ്റാര്‍ക്കു കഴിയും?. കവിത എഴുതുന്നതിനു മുമ്പ് പത്രമാസികകളില്‍ കവര്‍ കുറിപ്പോടെ ഒന്നാം പേജില്‍ തന്നെ കവിത വരാന്‍ കിണയുന്ന, അവാര്‍ഡുകള്‍ കിട്ടാന്‍ ആരുടെയും കാലുപിടിക്കുന്ന, അധികാരം കിട്ടാന്‍ സ്വന്തം പ്രത്യയശാസ്ത്രങ്ങള്‍പോലും പണയം വെക്കുന്ന, നോബേല്‍ സമ്മാനം പോലും അത്യാര്‍ത്തിയോടെ ഉന്നം വെച്ച് കുതന്ത്രം മെനയുന്നവരുടെ ഇടയില്‍ അയ്യപ്പന്‍റെ ജന്മം ബുദ്ധജന്മമല്ലാതെ മറ്റെന്താണ്?

അയ്യപ്പന്‍ അസഹിഷ്ണുവായിരുന്നില്ല. ആരോടും പകയും വിദ്വേഷവും ഇല്ലായിരുന്നു. അത്യാഗ്രഹമില്ലായിരുന്നു. ആരെയും ഒരുതരത്തിലും ഹിംസചെയ്തിട്ടില്ല. ജീവിതത്തിലുടനീളം സത്യസന്ധനായിരുന്നു. എഴുത്തിന്‍റെ ഈടുനോക്കി വിലപേശിയിരുന്നില്ല. മറ്റുള്ളവരുടെ മുമ്പില്‍ ഭിക്ഷതെണ്ടുക മാത്രം ചെയ്തിരുന്നു. അത് സമ്പാദിക്കാനായിരുന്നില്ല.ഒരു നേരത്തെ അന്നത്തിനോ മദ്യത്തിനോ മാത്രം.കവിത എഴുതുകമാത്രമായിരുന്നു അയ്യപ്പന്‍ ചെയ്തിരുന്നത്. ബാക്കിയെല്ലാം നേരംപോക്കായിരുന്നു.

ബുദ്ധന്‍ അലഞ്ഞു തിരിഞ്ഞ് ഭിക്ഷയെടുത്ത് പാഠങ്ങള്‍ പറഞ്ഞുകൊടുത്ത പോലെ ........

"വിമലേ വെളിച്ചമേ! തമസ്സില്‍ ഹ്രദങ്ങളില്‍

വിതയക്കൂ തേജോമയ ബീജങ്ങള്‍ വാരിവാരി

വേവേിനി ഞങ്ങള്‍ക്കന്ധ തമസ്സുവേവേണമീ

തൃഷാധരപുടങ്ങള്‍തോറും ദ്യുതി"

ഇങ്ങനെ എഴുതിക്കൊാണ് അയ്യപ്പന്‍ യാത്രതിരിച്ചത്. വെളിച്ചം തേടിയുള്ള യാത്ര.പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഇല്ലാതാവുന്ന അവസ്ഥ. ആഗ്രഹങ്ങളില്ലാത്ത അവസ്ഥ. ആഗ്രഹം സാധിക്കാന്‍ ആരെയും ബുദ്ധിപരമായി കീഴടക്കാനുള്ള ആര്‍ജ്ജവം അയ്യപ്പനുായിരുന്നിട്ടും ഒന്നും വേണ്ട എന്ന നിലപാടെടുക്കുക, ദുഷ്ക്കര്‍മ്മങ്ങള്‍ക്ക് കൂട്ടുനില്‍ക്കാതിരിക്കുക, സ്വജനപക്ഷപാതി അല്ലാതിരിക്കുക. ഒന്നിലും ഇടപെടാതിരിക്കുക, ബുദ്ധഗുണങ്ങളില്‍ ഏതാണ് അയ്യപ്പനില്ലാതിരുന്നത്?

 

"ബുദ്ധനും ആട്ടിന്‍ കുട്ടിയും" എന്ന കവിത ഓര്‍ത്തുപോകുകയാണ്.

ബുദ്ധാ

ഞാനാട്ടിന്‍ കുട്ടി

കൊണ്ടിട്ടന്റെ കണ്ണുപോയ്

............................................................

...........................................................

കല്ലെറിഞ്ഞവനൊരു - സിദ്ധാര്‍ത്ഥനെന്ന കുട്ടി

(ബുദ്ധനും ആട്ടിന്‍ കുട്ടിയും)

മലയാളത്തില്‍ ബുദ്ധനെ ഇത്രയധികം പരാമര്‍ശിച്ച കവി അയ്യപ്പനല്ലാതെ മറ്റാരാണ്? ആ ബുദ്ധകവിതകളിലൂടെ നമുക്കൊന്നു സഞ്ചരിക്കാം. "സെന്‍ ഹൈക്കു"കള്‍ പോലെ മധുരമാണവ. മനസ്സില്‍ മടങ്ങിയെത്തി മറന്നുപോയ കവിത

ദയാര്‍ദ്ര ബോധിയിലൂടെ

തിരിച്ചുവന്ന കവിത

(മറന്നുപോയ കവിത)

 

ആവനാഴിയില്‍ അഹിംസയുടെ ജലം നിറയ്ക്കുക

(കാമകല)

 

യുഗത്തിന്‍ കപോലത്തിന്‍

കണ്ണുനീര്‍ തുടയ്ക്കുവാ-

നുയര്‍ത്തിയോടക്കുഴ-

ലേന്തിയ കരങ്ങള്‍ ഞാന്‍

(സ്മൃതി)

 

നിനക്കിനി വേണ്ടത് യുദ്ധമല്ല

ഹൃദയത്തിന്‍റെ പ്രാവ്

ആകാശത്തേക്ക് പറത്തുക

(കാമകല)

 

ബുദ്ധനൊരിക്കലും അസ്ത്രമെടുത്തില്ല

അവിടുത്തെ ആവനാഴിയില്‍ അഹിംസയാണസ്ത്രം

(ആല)

 

ശക്തിയും ജ്ഞാനവും നേടാത്ത പ്രേമമേ

വിത്തും

വൃക്ഷവു -

മില്ലാതെപൂവില്ല

(വൃക്ഷഗീതം)

 

ദു:ഖിതന്‍ കപ്പിത്താന്‍റെ തുറമുഖത്തിലെ കപ്പല്‍

(ഇടവപ്പാതി)

 

വേനലും

കാറ്റും

ഊറ്റിക്കുടിച്ച സൗന്ദര്യത്തിന്‍

വേപഥുവിനെ വാങ്ങാ -

നെല്ലാരും മടിക്കവെ

പതുക്കെ കൈകള്‍ നീട്ടിയാ

പൂവു വാങ്ങി ഞാന്‍ .........................

(ഗ്രീഷ്മവും കണ്ണീരും)

 

വിശുദ്ധ നെഞ്ചിന് അമ്പ്

(ആല)

 

ദുരത: വരൂ വരൂ ഗന്ധലോലുപങ്ങളെ

കാര്‍മ്മുകങ്ങളെടുത്തു

തൊടുക്കൂ തമസ്സിന്‍റെ

മാറിലേക്കാ ശരങ്ങളയയ്ക്കൂ

ജീര്‍ണ്ണമാംതമസ്സിന്‍റെ

നിണം വാര്‍ന്നൊഴുകട്ടെ .......!

(രണം)

 

സിദ്ധാര്‍ത്ഥന്‍ കഠിനതപസ്സ് അനുഷ്ഠിച്ചപ്പോള്‍ കാമനികാഞ്ചനങ്ങള്‍ അകലങ്ങളില്‍ അഭയം തേടി. ഋതുചക്രം ജ്ഞാനത്തിലേക്ക് നയിക്കുകുയും ചെയ്തു. പ്രകൃതിയോടൊപ്പം കവിയും ജ്ഞാനത്തിലേക്കാണ് നീങ്ങുന്നത്. പരിത്യാഗിയില്‍ ജ്ഞാനസൂര്യനുണരും. അന്ധതമസ്സിനെ അകറ്റുന്ന ജ്ഞാനപൂര്‍ണ്ണിമപോലെ അയ്യപ്പന്‍ കവിത പ്രസരിക്കുകയാണ്. അത് അവസാനിക്കുന്നതേയില്ല; അയ്യപ്പനും ..................

Share :