Archives / October 2018

ദിവ്യ.സി.ആർ.
മഞ്ഞപ്പൂക്കളുടെ അവകാശി

!

 

 

 

മഴ ചാറിത്തുടങ്ങി. ചുവന്ന തറയോടിൽ മഴത്തുള്ളികൾ ചിന്നിച്ചിതറി. കാർമേഘങ്ങൾ തുടികൊട്ടിയ ആ നഗരവീഥി അപൂർണ്ണവും അനന്തവുമായി തോന്നി. തിരക്കുള്ള നഗരവീഥികളിൽ നിശബ്ദയായ ആ തണൽമരത്തെ തിരയുകയായിരുന്നു അവൾ. ആ മരത്തിന് അവളെ ആശ്വസിപ്പിക്കാൻ കഴിയുന്നതെന്തോ ഉണ്ടെന്നവൾ വിശ്വസിച്ചു. 

ജംഗ്ഷനിൽ നിന്നും തിരിയുന്ന ആദ്യ വളവിൽ രണ്ടാമതായി നിൽക്കുന്ന, ആകാശത്തേക്കു തലയുയർത്തി നിൽക്കുന്ന മഞ്ഞപ്പൂക്കൾ നിറഞ്ഞ ആ തണൽമരം !

       ദീർഘ നാളത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ആ മരം അവൾക്ക് അനുവദിച്ചു കിട്ടിയത്. ഓരോ ദിവസവും ഓരോ ഓഫീസിനു മുന്നിലും തൻറെ ആവശ്യവുമായെത്തിയപ്പോൾ കേട്ട അധിക്ഷേപങ്ങൾ അവൾ ഓർത്തെടുത്തു. 

'ഈ സ്ത്രിയ്ക്കെന്താ ഭ്രാന്താണോ ?'

തണൽ മരത്തിൻറെ അവകാശം വേണമത്രേ !'

കേട്ടവർ കേട്ടവർ പരിഹസിച്ചു. പക്ഷെ അപ്പോഴും മാലതിയ്ക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. ആ മരം തനിക്കു നൽകുന്ന ആശ്വാസം സ്വാർത്ഥതയ്ക്കായി മത്സരിച്ചോടുന്ന ഇവർക്കൊന്നും മനസ്സിലാവില്ല. അവൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.

  വർഷങ്ങൾക്കു മുൻപുള്ളൊരു പ്രഭാതം !

അതായിരുന്നു ആ നഗരത്തിലേക്കുള്ള തൻറെ ആദ്യയാത്ര ! മഞ്ഞിൽ കുളിരുന്ന തണുപ്പുള്ള ആ പ്രഭാതം സമ്മാനിച്ചത് ദുരന്തമായിരുന്നു. സുഖമായ ആ യാത്രയുടെ അവസാനത്തിനായി നിമിഷങ്ങൾ ബാക്കി നിൽക്കേ, ആ കവലയിലെ ആദ്യ വളവ് തിരിഞ്ഞു. പാതിമയക്കത്തിൽ ഡ്രൈവിംഗ് സീറ്റിൽ നിന്നുയർന്ന നിലവിളിയും വലിയൊരു ശബ്ദത്തിൽ അവർ സഞ്ചരിച്ച കാർ , തണൽമരത്തിൻറെ ഈടുറപ്പുള്ള തടിയിലേക്കു തുളച്ചുകയറിയതും ഒരുമിച്ചായിരുന്നു.

      ആഴ്ച്ചകളോളം ശീതീകരിച്ച ആശുപത്രി ജാലകത്തിലൂടെ മേഘങ്ങളെ പുണർന്നു കിടക്കുന്പോൾ അത്യുഗ്രശക്തിയിലെ സ്ഫോടന ശബ്ദം കാതുകളിലും തലച്ചോറിലും പ്രകന്പനം സൃഷ്ടിച്ചു. പിന്നെയാണവളറിഞ്ഞത് ആ ശബ്ദത്തിൽ തനിക്ക് പ്രീയപ്പെട്ടവരെല്ലാം നേർത്തുനേർത്തലിഞ്ഞു പോയെന്ന് !

 ഒറ്റപ്പെട്ടുപോയ വീട് അവളെ ഭ്രാന്തമാക്കി. ഏകാന്തതയുടെ നേർത്ത തലങ്ങളിലൂടെ അവൾ സഞ്ചരിക്കുന്പോൾ ശൂന്യതയുടെ കറുപ്പുനിറം അവളെ അലോസരപ്പെടുത്തി. വിരസതയുടെ നിമിഷങ്ങളിലെപ്പോഴോ ആ മരം തന്നെ ക്ഷണിക്കുന്നതായി അവൾക്കു തോന്നി. മരത്തിനടുത്തെത്താനവൾ തിടുക്കം കൂട്ടി.

സായന്തനത്തിൻറെ കുളിർക്കാറ്റിൽ റോഡിലേക്കു വീണ മഞ്ഞപ്പൂക്കളിൽ ചവിട്ടിയാണ് മാലതി ആ തണൽമരത്തിനടുത്തേക്കു നടന്നെത്തിയത്. ആ മരച്ചുവട്ടിലിരിക്കുന്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.തണൽമരത്തിൻറെ അവകാശം സ്ഥാപിച്ചു കിട്ടുന്പോൾ വലിയൊരു യുദ്ധത്തിലൂടെ തനിക്കു നഷ്ടപ്പെട്ടവരെ സ്വന്തമാക്കിയ സന്തോഷമായിരുന്നു അവൾക്ക്.

അവൾ വാത്സല്യത്തോടെ ആ വൻവൃക്ഷത്തെ തലോടി. അപകടത്തിൽ മുറിവേറ്റ ശരീരം ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. ആ മുറിപ്പാടുകളിൽ അവൾ കൈ ചേർത്തു. ഇലകൾ മെല്ലെയാടി സ്വസ്ഥമായ അവളുടെ മനസ്സിനെ പുൽകി നിന്നു. പൂക്കളായി പുനർജ്ജനിച്ച പ്രീയപ്പെട്ടവരെ നോക്കി അവൾ നിഗൂഢമായി പുഞ്ചിരിച്ചു. രാവ് കറുപ്പു നിറച്ച് ആകാശത്തെ മറച്ചപ്പോൾ അവളുടെ കണ്ണുകൾ നക്ഷത്രങ്ങളെ പോലെ തിളങ്ങി, അവ ആകാശത്തേക്ക് ഉറ്റുനോക്കി...

'പ്രീയപ്പെട്ടതെല്ലാം സ്വന്തമാക്കിയെന്ന ധാർഷ്ട്യത്തോടെ !

Share :