പഞ്ചമി-പറയിപെറ്റ പന്തിരുകുലത്തിന്‍റെ മാതൃപുരാണം
പഞ്ചമി
ഡോ.യു. ജയപ്രകാശ്
പറയിപെറ്റ പന്തിരുകുലത്തിന്‍റെ മാതൃപുരാണം
മണ്ണ് പെറ്റിട്ട പെണ്ണിവള്‍
പതിത, ദുരിത - പഞ്ചമി.
കൂടേത്? കുലമേത്? ബന്ധുവും ?
നൊന്തുപെറ്റോര്‍ക്കു ഭാര, മെങ്കിലും
മഹിതമൊരു നിയോഗമേറ്റോള്‍
ഹതനരക തലക്കുറി പറ്റിയോള്‍.
മണ്ണുതൊടും മുന്‍പേ പെരുതാമൊരു
ജന്മപരംബരക്കാദികന്ദമാകേണ്ടവള്‍
പന്തിരുകുലത്തെ പെറ്റിടേണ്ടോള്‍
വരരുചിപ്പെരുമക്കു ശയ്യവിരിച്ചവള്‍..
വായ കീറിക്കൊണ്ടുണര്‍ന്നതൊരാറ്റൊഴുക്കില്‍
അലിഞ്ഞുതീര്‍ന്നിരിക്കണ,മാജന്മപതിത്തമങ്ങനെ.
കണ്‍മിഴിക്കും മുന്‍പേ വിധിയുറപ്പിച്ചിരിക്കുന്നു
വരരുചിയ്ക്കൊക്കും വിദുഷി,യിക്കന്യക.
ക്ഷുത്തടക്കിയ നാരിയെ ദാനമായേല്ക്കവേ
രതിയല്ല, റിഞ്ഞു തല്ലുംമിഴിത്തിളക്കത്തില്‍
ഗാര്‍ഹസ്ഥ്യയോഗങ്ങളെ നിബന്ധിച്ചീടവേ
ചിരിച്ചുവോ, പഴയ കാലനേമിപ്പക്ഷികള്‍.
ഏതൊരാള്‍ ഇല്ലംവിട്ടു ദേശാടനത്തിനായ്
പുതുവിദ്യകള്‍ക്കൊപ്പം ഗുരുകുലങ്ങളില്‍
വിധിയെ ധ്വംസിക്കുവാനുടവാള്‍ തേടിയോന്‍
കുരുക്കില്‍പെട്ടുപോയ്- ഹാ! അലംഘ്യമാം ശാസന.
എറിഞ്ഞുടയ്ക്കുവാന്‍ പാവം മര്‍ത്ത്യര്‍ക്കെന്തുള്ളൂ
തന്‍ ഐഹികമാം സുഖഭോഗങ്ങളെന്നിയേ
നെടുനിരത്തിലേക്കിറങ്ങുന്നവര്‍, നവദമ്പതിമാര്‍
തിരുത്തുവാന്‍, വിധിയുടെ കര്‍മ്മപീഡനം.
അടിവയറ്റിലനക്കങ്ങളമ്മയ്ക്കതു സുഖനിര്‍വൃതി
തന്‍ ചോരയും ജീവനുമുരുകി, യൂറുന്നു പുതുജന്മം
അഭിമാനം പോലേറുന്നു ദുരിതങ്ങളു,മനുദിനം
മാതൃത്വമെത്രമേ,ലവനിയില്‍ സുഖസങ്കടം !!
ചോരിവായും ചെഞ്ചോര തുളുമ്പുമിളം കവിളും
പൂവിതള്‍പോല്‍പ്പരിമൃദുലമാം വിരല്‍കളും
ലോല ലോലമാം ഇളംമുടിയഴകു, മാപൂവല്‍മെയ്യും
കണ്‍കുളിര്‍ക്കെ നോക്കുന്നീല, വള്‍ കഠോരയായല്ല
നീണ്ട പദങ്ങളാലിറങ്ങിത്തിരിക്കവേ, നിഴലായ്
ഇഹപര ബന്ധനങ്ങള്‍ക്കൊന്നിനും തെല്ലും
വഴങ്ങി നിന്നിടാതങ്ങളെന്നല്ലോ ചൊല്ലിയുറപ്പിച്ചു
തമ്മില്‍, നെടുദാമ്പത്യത്തിന്‍ സത്യവാചകം
പ്രാര്‍ത്ഥിച്ചിരിക്കണ, മെങ്കിലുമൊരു വേള
ശപ്ത ശപ്തമീ ജന്മത്തിന്‍ ദു:ഖസന്ധിയില്‍
ചലനമറ്റുപോയീടാന്‍ തന്‍ പ്രാണനറ്റു
പ്രജ്ഞയറ്റു ശിലയായ് മാറിടാന്‍.
വിജനമൊരാല്‍ത്തറയിലീറ്റു തുണിയില്‍ ...
താനായതെറ്റുതന്നെ,യവളും ഗതിയറ്റ് ചെയ്യുന്നു
പിന്നെപ്പലകാലങ്ങളില്‍ പെരുവഴിതാണ്ടെ
പത്തുവട്ടം, പത്തുവട്ടമരങ്ങേറുന്നു ദൈന്യമീനാടകം
കണ്ണീരെന്നപരനാമ, മിവള്‍ക്കയ്യോ
മിഴിനീരുറച്ചപോലാം പേലവതനുവുമായ്
തളര്‍ന്നു നടന്നുതീര്‍ത്തൊരാ വഴികളില്‍
തോറ്റുപോയതേതു, സഹനമോ സ്ഥൈര്യമോ
വിദ്യകൊണ്ടക്കരപറ്റിപോല്‍ വരരുചി
പതിത, യതിലുമൂറ്റത്തോടെ പഞ്ചമി !!
ആ പറയി പെറ്റ പന്തിരുകുലമല്ലോ
മാമക മലനാടിനെപ്പുതു മലയാളമായ് വളര്‍ത്തി
പിറവിയില്‍ അന്നേ പറ്റിയ വൈരുധ്യമല്ലീ
പലമട്ടില്‍ ഇന്നാളിലും നീളില വിടര്‍ത്തിനില്പ്പൂ.
ചിതറിത്തെറിച്ചുപോയ് ത്തായ്കുലമെങ്കിലും
കണ്ണീര്‍ച്ചിരിപടര്‍ത്തുന്നു പ്രവാസവിധി ചുറ്റിലും