മേഘങ്ങളുടെ മടിയിൽ
പുറംലോകത്തെ അലോസരങ്ങളില്ലാതെ മേഘങ്ങളോട് മടിയില്‍ ഒരു ദിവസം : മേഘമല. മിനിറ്റുകള്‍ തോറും വന്നുകൊണ്ടിരിക്കുന്ന ഫോണ്‍ കോളുകള്‍, ജോലിത്തിരക്കുകള്‍, പട്ടണ ജീവിതം എന്നിവയില്‍ നിന്നെല്ലാം ഒരു ചെറിയ ആശ്വാസം തേടിയാണ് എന്‍റെ സുഹൃത്ത് ഒരു യാത്ര എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ട് ഫോണ്‍ വിളിച്ചത്. യാത്രയ്ക്കുള്ള ഒരവസരവും പാഴാക്കാതിരിക്കാറുള്ള ഞാന്‍ രണ്ടാമതൊന്നാലോചിക്കാന്‍ നില്‍ക്കാതെ സമ്മതിച്ചു. എവിടെ പോകണമെന്നതായി അടുത്ത പ്രശ്നം. തമിഴ്നാട്ടിലെ കമ്പം - തേനി ഭാഗത്ത് മൂന്നാര്‍ പോലെ ഒരു ഹില്‍സ്റ്റേഷനുണ്ടെന്ന് കേട്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ സുഹൃത്തിനും സമ്മതം. അങ്ങനെ മേഘങ്ങളെ തൊട്ടുരുമ്മി നില്‍ക്കുന്ന സുന്ദരിയായ മേഘമലയിലേക്കുള്ള യാത്രയ്ക്ക് വഴിതെളിഞ്ഞു.
ഹില്‍സ്റ്റേഷനായതിനാല്‍ ജീപ്പില്‍ മതി യാത്ര എന്നു വച്ചു. പാലാ, മുണ്ടക്കയം, പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി വഴി തമിഴ്നാട് അതിര്‍ത്തിയും കടന്ന് മേഘമലയ്ക്ക് യാത്ര ചെയ്യുമ്പോള്‍, തേക്കടിയിലെ വെള്ളം വലിയ പൈപ്പുകള്‍ വഴി തമിഴ്നാട്ടിലെ വൈഗ നദിയിലെത്തിക്കുന്നത് കാണുവാന്‍ സാധിക്കും. കുമളിയില്‍ നിന്നും കമ്പം കഴിഞ്ഞ് തേനിക്ക് പോകുന്ന വഴിയില്‍ ചിന്നമണ്ണൂരില്‍ നിന്നും വഴി മാറി വേണം മേഘമലയ്ക്ക് പോകുവാന്‍. ഗൂഗിളിനെയും ജി.പി.എസിനെയും ആശ്രയിച്ച ഞങ്ങള്‍ക്ക് ഒരു മലയുടെ അപ്പുറത്തുള്ള മേഘമലയിലെത്തുവാന്‍ റോഡുമാര്‍ഗ്ഗം ഏതാണ്ട് 80 കിലോമീറ്ററുകള്‍ കുമളിയില്‍ നിന്നും യാത്ര ചെയ്യണമെന്ന അറിവ് കിട്ടി. ജി.പി.എസില്‍ നല്‍കുന്ന മേഘമല എന്ന സ്ഥലം യഥാര്‍ത്ഥത്തില്‍ എത്തിച്ചേരേണ്ട സ്ഥലമല്ലാത്തതിനാല്‍ വഴിയില്‍ കണ്ട തമിഴനോട് വഴി ചോദിച്ചു. താന്‍ ആ വഴിക്കാണെന്നു പറഞ്ഞ അയാള്‍ ഞങ്ങളോടൊപ്പം കൂടി. ചന്തയില്‍ പോയി വീട്ടിലേക്കു മടങ്ങുന്ന സ്ത്രീകള്‍ വഴിയില്‍ ജീപ്പിന് കൈകാണിക്കുന്നതില്‍ നിന്നും മേഘമലയിലേക്ക് ഗതാഗതസൗകര്യം കുറവാണെന്ന് മനസിലായി. പാതിവഴിയില്‍ അയാള്‍ ഇറങ്ങി ബാക്കിയുള്ള വഴിപറഞ്ഞു തന്നു. കാറ്റാടിയന്ത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ചുവന്ന മണ്ണിലൂടെ മുന്നോട്ട് പോയി ഞങ്ങള്‍ മലയടിവാരത്തെ ചെക്ക്പോസ്റ്റിലെത്തി. മേഘമല വന്യജീവിസംരക്ഷണ മേഖലയായതിനാല്‍ ചെക്ക്പോസ്റ്റിലെ ഫോറസ്റ്റുദ്യോഗസ്ഥന്‍ വാഹനം പരിശോധിച്ചശേഷം വാഹനനമ്പര്‍ കുറിച്ചെടുത്ത് ഞങ്ങളെ കടത്തിവിട്ടു. വൈകുന്നേരം 5 മണി വരെയേ ഈ ചെക്ക്പോസ്റ്റിലൂടെ വാഹനം കടത്തിവിടുകയുള്ളൂ. അവിടെ നിന്നും 25 കിലോമീറ്ററുകള്‍ ഹെയര്‍പിന്‍ വളവുകളോടെയുള്ള വഴിയാണ്. വിനോദസഞ്ചാരികളെ ഉദ്യേശിച്ച് വഴി ടാറിടുവാനായി വലിയ കല്ലുകള്‍ നിരത്തിയ വഴിയിലൂടെ ജീപ്പ് ഇരമ്പിക്കൊണ്ട് മുമ്പോട്ട് നീങ്ങി. മുമ്പോട്ട് നീങ്ങുന്തോറും പിന്നെയും പ്രത്യക്ഷപ്പെടുന്ന വളവുകളും, ഇനിയും തീരാത്ത വഴിയും, ഇരുണ്ടുവരുന്ന സന്ധ്യയും ഉള്ളില്‍ വിജനതയുടെ ഭീതി കൂട്ടുമ്പോള്‍ ലോഡുമായി പോകുന്ന ടിപ്പര്‍ലോറികള്‍ 25 കിലോമീറ്ററുകള്‍ വളവും, തിരിവുമായി എത്ര തവണ ഇതിലൂടെ പോയി വന്നാലാണ് ഈ വഴിയുടെ നിര്‍മ്മാണം പൂര്‍ത്തിയാവുക എന്ന് ഞങ്ങള്‍ ആലോചിച്ചു. ഇനിയും ഒരു വര്‍ഷമെങ്കിലും ഈ നിര്‍മ്മാണം തുടരുമെന്ന് ഞങ്ങള്‍ക്കു തോന്നി. ഒരു വശത്ത് അഗാധമായ താഴ്ചയിലെ ചെമ്മണ്ണില്‍ ഉയര്‍ന്നു നില്‍ക്കുന്ന കാറ്റാടി യന്ത്രങ്ങള്‍, മറുവശത്ത് ഇനിയും തീരാത്ത മലയുടെ മുകള്‍വശം, ഇതിനു നടുവില്‍ ചെമ്മണ്ണില്‍ കല്ലുകള്‍ പാകി നിര്‍മ്മാണത്തിന് തയ്യാറായിക്കിടക്കുന്ന വഴി, മണ്ണുമാന്തിയന്ത്രങ്ങള്‍ വീതി കൂട്ടിയ പ്രദേശത്തെ ചെമ്മണ്ണിനോട് ചേരാതെ പിണങ്ങി നില്‍ക്കുന്നതു പോലെ തോന്നി. മലയുടെ മുകളിലെത്താറായപ്പോള്‍ പാറ പൊട്ടിച്ച് വഴി നിര്‍മ്മാണം നടക്കുന്നയിടത്ത് നിര്‍ത്തിയിട്ടിരിക്കുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് കണ്ടു. അതിനു പിന്നിലായി രണ്ടു മൂന്നു ജീപ്പുകളില്‍ ഗ്രാമവാസികള്‍. ബസിന്‍റെ കണ്ടക്ടര്‍ മേഘമലയില്‍ പഞ്ചായത്തു വക ഒരു ചെറിയ താമസ സൗകര്യമേയുള്ളൂ വെറും അല്ലാതെ ഒന്നോ, രണ്ടോ സ്വകാര്യ റിസോര്‍ട്ടുകള്‍ അവിടെ അടുത്തെവിടെയോ ഉണ്ടെന്നും പറഞ്ഞു. ഞങ്ങള്‍ ഇന്‍റര്‍നെറ്റില്‍ കണ്ട ഫോണ്‍ നമ്പരില്‍ വിളിച്ച് അവര്‍ പറഞ്ഞ അക്കൗണ്ടില്‍ പണമയച്ചതാണ്. തങ്ങാനുള്ള കെട്ടിടത്തിന്‍റെയോ, ഹോട്ടലിന്‍റെയോ പേരറിയില്ല. അങ്ങനെ വൈകിട്ട് ആറുമണിയോടെ തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ മലയുടെ മുകളില്‍ ഞങ്ങളെത്തിച്ചേര്‍ന്നു. മലമുകളില്‍ തേയിലത്തോട്ടങ്ങളുടെ പച്ചപ്പുകള്‍ക്കിടയില്‍ വെള്ളപ്പൊട്ടുകള്‍ പോലെ തോന്നിക്കുന്ന ചെറിയ ചെറിയ വീടുകളില്‍ തേയില നുള്ളുന്ന മനുഷ്യര്‍ വസിക്കുന്നു. പച്ചവിരിച്ച തേയിലത്തോട്ടത്തിനു നടുവില്‍ നില്‍ക്കുന്ന കരിവീരന്മാരെപ്പോലെ ചില കരിമ്പാറകളും തേയിലത്തോട്ടത്തിന്‍റെ കാഴ്ചയില്‍ വന്നുകൊണ്ടിരുന്നു. ചിന്നമണ്ണൂരില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ വാങ്ങിയ കടയ്ക്കുശേഷം മറ്റൊന്ന് കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ മലമ്പ്രദേശങ്ങളിലൂടെ വളഞ്ഞു പോകുന്ന ചെമ്മണ്‍പാതയില്‍ ജീപ്പ് പിന്നെയും മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നപ്പോള്‍ ക്യാമറയുടെ കണ്ണുകള്‍ പ്രകൃതി സൗന്ദര്യം ഒപ്പിയെടുക്കുന്ന തിരക്കിലായിരുന്നു. അവസാനം പഞ്ചായത്ത് റസ്റ്റ് ഹൗസ് എത്തി. അതിന്‍റെ കവാടത്തിനു വെളിയില്‍ ഒരു ചായക്കടകണ്ടു. 30 കിലോമീറ്ററുകള്‍ നീണ്ട മലമ്പാതയിലെങ്ങും മറ്റൊരു കട കണ്ടെത്തുവാന്‍ സാധിച്ചിരുന്നില്ല. അവിടെ നിന്നും ഒരു കാപ്പി കുടിച്ചശേഷം Highways Town Panchayath എന്ന എഴുത്തുള്ള കമാനത്തിനുള്ളിലൂടെ ഞങ്ങളുടെ വാസസ്ഥലത്തെത്തി. Highways ലെത്താന്‍ അപ്പോഴേക്കും ഞങ്ങള്‍ക്കു ടിക്കറ്റ് കിട്ടിയിരുന്നു).
ഉയര്‍ന്ന പ്രദേശത്തെ തിരമാലകള്‍ പോലെ തോന്നിപ്പിക്കുന്ന മലനിരകള്‍ക്ക് ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണ് Highways . കമാനത്തിന് എതിര്‍വശത്ത് ഒരു ക്രിസ്ത്യന്‍ ചാപ്പല്‍ പൂട്ടിക്കിടക്കുന്നു. കമാനത്തിനകത്ത് ആല്‍ച്ചുവട്ടില്‍ വിഗ്രഹപ്രതിഷ്ഠയും, അതില്‍ അര്‍പ്പിച്ച പൂക്കളും. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ വ്യത്യസ്തമതസ്ഥരുടെ ആരാധനാസ്ഥലങ്ങള്‍ ഇത്ര അടുത്ത് കാണുവാന്‍ സാധിക്കുമോ എന്ന സംശയത്തില്‍ ഞങ്ങള്‍ അകത്തേക്കു കടന്നു. പഞ്ചായത്ത് റസ്റ്റുഹൗസില്‍ മുറിയെടുക്കുവാന്‍ ചെന്നപ്പോള്‍ വീണ്ടും പണം ചോദിച്ചതു കേട്ട് ഞങ്ങള്‍ ആശ്ചര്യപ്പെട്ടു. ഞങ്ങള്‍ പണമടച്ചതാണെന്നും, പണമയച്ച അക്കൗണ്ട് നമ്പരുമെക്കെയടങ്ങുന്ന ടിക്കറ്റ് കാണിച്ചപ്പോഴാണ് മനസ്സിലായത് ഞങ്ങള്‍ പണമടച്ചത് ചെന്നൈയിലെ ഏതോ ബ്രോക്കര്‍ക്കാണ്. അയാളെ ഫോണ്‍ വിളിക്കാന്‍ മൊബൈലിനു റേഞ്ചുമില്ല. പുറംലോകവുമായി ബന്ധപ്പെടാന്‍ കമാനത്തിനു വെളിയിലുള്ള ചായക്കടയിലെ ഫോണ്‍ മാത്രമാണ് ഒരേയൊരു മാര്‍ഗ്ഗം. അവിടെയെത്തി അനുവാദം ചോദിച്ചശേഷം ഫോണ്‍ ചെയ്തു മുറിയുടെ മാനേജര്‍ അയാളുമായി സംസാരിച്ചു. തിരിച്ചു വരുമ്പോള്‍ ഇന്‍റര്‍നെറ്റിലെ ആദ്യ 6-7 നമ്പരുകളും ബ്രോക്കറുടേതാണെന്നും, വെറുതേ 400 രൂപാ അവര്‍ക്കു ഇങ്ങനെ ലഭിക്കുന്നുവെന്നും മുറിയുടെ മാനേജര്‍ പറഞ്ഞു ഭക്ഷണത്തിന് തൊട്ടടുത്തുള്ള മറ്റൊരു ചായക്കട മാത്രമാണ് ശരണം. തിരിച്ചെത്തി കമാനത്തിനു അകത്തുള്ള ചായക്കടയില്‍ വൈകുന്നേരത്തെക്കുള്ള ഭക്ഷണം കരുതണമെന്നു പറഞ്ഞശേഷം ഞങ്ങള്‍ പുറത്തിറങ്ങി. വളരെ അകലെ മാനേജരുടെ വസതി പൂര്‍ണ്ണമായും കല്ലുകൊണ്ടുണ്ടാക്കിയത്, തണുപ്പിനെ പ്രതിരോധിക്കാനാവണം. തിരിച്ചുവന്ന് ദോശയും, ചൂടു ചായയും, ഓംലെറ്റും കഴിച്ചു. ചായക്കടയുടെ മറ്റൊരു ഭാഗത്ത് ചായക്കടക്കാരനും ഭാര്യയും ജീവിക്കുന്നു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, നഗരത്തിന്‍റെ ബഹളമില്ലാതെ, ആധുനിക ജീവിതത്തിന്‍റെ അലച്ചിലുകളില്ലാതെ ഒരു രാത്രി അവിടെ ഞങ്ങള്‍ കഴിച്ചുകൂട്ടി. പിറ്റേന്ന് രാവിലെ പുറത്തിറങ്ങിയ ഞങ്ങളെ കാത്തിരുന്നത് മറ്റൊരു വിസ്മയിപ്പിക്കുന്ന അനുഭവമായിരുന്നു. മരം കോച്ചുന്ന തണുപ്പില്‍ മലമുകളില്‍ നിന്നും താഴേക്കിറങ്ങുന്ന മഞ്ഞിന്‍ പുതപ്പുകള്‍ തടാകക്കരയില്‍ ജലത്തുള്ളികളെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നില്‍ക്കുന്ന കാഴ്ച അവിസ്മരണീയമായ അനുഭൂതി പകര്‍ന്നു നല്‍കി. മാലിന്യമേല്‍ക്കാത്ത ഏറ്റവും ശുദ്ധമായ ജലം അവിടെ തണുപ്പിന്‍റെ നവ്യാനുഭൂതി പകര്‍ന്നുകൊണ്ട് മഞ്ഞുമായി കിന്നാരം പറയുന്ന കാഴ്ച ഒരിക്കലും അവിടെ നിന്നു തിരിച്ച് പോകേണ്ട എന്ന് മനസ്സില്‍ തോന്നലുളവാക്കും. ഇന്നലെ ഭക്ഷണം കഴിച്ച ചായക്കടയിലേക്ക് ഒരു അതിഥി ഇടിച്ചു കയറുവാന്‍ ശ്രമിക്കുന്നതു കണ്ടു. ചായക്കടക്കാരന്‍റെ പശുവാണ്. രാവിലെ ആ പശുവിനെ കറന്നു പാല്‍പ്പാത്രത്തിലാക്കുന്നത് കണ്ടിരുന്നു. ചായക്കടയില്‍ നിന്നും പഴവും, കാടിവെള്ളവും ലഭിച്ചപ്പോള്‍ ഗോമാതാവ് പിന്‍വാങ്ങി. ശുദ്ധമായ പാലുകൊണ്ടുണ്ടാക്കിയ ചായയും, പ്രഭാത ഭക്ഷണവും കഴിച്ച ശേഷം ഞങ്ങള്‍ പുറത്തിറങ്ങി. അവിടെ നിന്നും തൊട്ടടടുത്തുള്ള ഡാമിലേക്ക് ഞങ്ങള്‍ യാത്ര തിരിച്ചു. പോകുന്ന വഴിയില്‍ മഴയില്‍ നനഞ്ഞ ചെളിമണ്ണ് ജീപ്പിനെ വെല്ലുവിളിച്ചുകൊണ്ടിരുന്നു. മലമുകളില്‍ നിന്നും ഇറങ്ങി വരുന്ന വെള്ളം മുഴുവന്‍ തടഞ്ഞു നിര്‍ത്തുന്ന ഡാമിന്‍റെ മുന്‍വശത്തെ പുല്‍ത്തകിടികള്‍ മനോഹരമായ കാഴ്ചയാണ് പകര്‍ന്നു നല്‍കുന്നത്. മുമ്പോട്ടു പോകുമ്പോള്‍ ഡാമിലെ വെള്ളത്തിനപ്പുറം വന്യജീവി സംരക്ഷണ കേന്ദ്രത്തിന്‍റെ ഭാഗമായ വനം കാണുവാന്‍ സാധിക്കും. ആന പോലെയുള്ള ജീവികള്‍ മറുകരയില്‍ വെള്ളം കുടിക്കാന്‍ എത്താറുണ്ടെന്ന് സ്ഥലവാസികള്‍ പറഞ്ഞു. എനിയും 25 കിലോമീറ്ററുകള്‍ കഴിഞ്ഞാല്‍ ഇതുപോലെ മറ്റൊരു വ്യൂ പോയിന്‍റ് ഉണ്ടെന്നു പറഞ്ഞെങ്കിലും വണ്ടിയിലെ ഇന്ധനലഭ്യതക്കുറവ് കൊണ്ട് മനസ്സില്ലാമനസ്സോടെ അത് വേണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചു. 30 കിലോമീറ്ററുകള്‍ ചെങ്കുത്തായ പാതയിലൂടെ വന്നതിനാല്‍ ഉള്ള ഇന്ധനം മുഴുവന്‍ ജീപ്പ് കുടിച്ചു തീര്‍ത്തിരുന്നു. തിരിച്ച് മലയിറങ്ങുമ്പോള്‍ മലമുകളില്‍ നിന്നും താഴെയുള്ള കാറ്റാടിപ്പാടത്തിന്‍റെ വിദൂര ദൃശ്യം പകര്‍ത്തി. അതിനുശേഷം ആധുനിക ജീവിതത്തിന്‍റെ സ്വൈരക്കേടുകള്‍ ഇല്ലാതെ ഒരു രാത്രി കഴിച്ചുകൂട്ടിയതിന്‍റെ ആശ്വാസത്തിലും, പ്രകൃതിയുടെ മടിത്തട്ടില്‍ മേഘങ്ങളോട് തൊട്ടുരുമ്മി കഴിഞ്ഞതിന്‍റെയും സന്തോഷത്തില്‍ ഞങ്ങള്‍ യാത്ര തിരിച്ചു.
മേഘമല പഞ്ചായത്ത് റസ്റ്റ് ഹൗസ് : 04554232225, 9488227944, 7598250335