Archives / October 2018

സി.ഗണേഷ് ,മലയാളം സർവകലാശാല ,തിരുർ മലപ്പുറം.
വർഗസമരത്തിന്റെ വിജയോപനിഷത്


പാലക്കട്ടെ മാത്തുന്നെ ഗ്രാമത്തിന് വംശീയമായി അഭിമാനിക്കാവുന്ന ഒന്ന് ലോക പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ പി.ആർ.ജി മാത്തുരിന്റെ ജന്മസ്ഥലമെന്ന പദവിയാണ് .നരവംശശാസ്ത്രം അക്കാദമി വിഷയമെന്ന നിലയിൽ മലയാളത്തിൽ പിച്ചവെക്കുമ്പോൾ ഒ.വി.വിജയന്റെ രചനകളിലെ നരവംശീയത അന്വേഷിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു.'
മാത്തുരിൽ നിന്ന് കോട്ടായിയിലെ പഞ്ചായത്ത് വായനശാലയിലേക്ക് തൊണ്ണൂറുകളുടെ തുടക്കത്തിൽ നടക്കുമ്പോൾ വിജയന്റെ രാഷ്ട്രീയാവബോധം തെളിച്ചത്തോടെ വരച്ചിടുന്ന ഒരു പുസ്തകം വായനക്കെടുക്കുകയായിരുന്നു ലക്ഷ്യം. പുസ്തകത്തിന്റെ പേരറിയില്ല. എന്നാൽ കവർചിത്രത്തിൽ അരിവാളും ചുറ്റികയുമുണ്ടെന്ന് പറഞ്ഞാൽ തിരഞ്ഞുപിടിക്കാനൊരു ചിഹ്നം കിട്ടിയ സന്തോഷത്തിൽ ലൈബ്രേറിയൻ ഒടുവിലത്തെ ഷെൽഫിൽ തിരയാൻ പോയി. തിരിച്ച് വന്ന് സ്വൽപം നിരാശയോടെയും അതിനെക്കാൾ ഉപദേശ പൂർവവും പുസ്തകം തന്നു കൊണ്ട് അയാൾ പറഞ്ഞ മറുപടി ഓർമ്മയിൽ തങ്ങിനിൽക്കുന്നു. ''കാര്യം ശരി ,പക്ഷേങ്കില്.... അരിവാൾ ചുറ്റികയോടൊപ്പം നക്ഷത്രമില്ല. സൂക്ഷിക്കണം'' . പാർട്ടി ലൈനിൽനിന്ന് പയ്യൻ വിട്ട് പോകേണ്ട എന്നയാൾ കരുതിക്കാണണം .അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായിരുന്നു അയാൾ. ആ ജോലി അയാൾക്ക് പാർട്ടി അനുവദിച്ച ഔദാര്യമായിരുന്നു. ഉണ്ണുന്ന ചോറിന് കുറുള്ളവനായിരുന്നു -- തലയിൽ കഷണ്ടി കയറിയ സുമുഖനായ ലൈബ്രേറിയൻ.
വർഗസമരം ,സ്വത്വം എന്നായിരുന്നു പുസ്തകത്തിന്റെ പേര് .വില പന്ത്രണ്ട് രൂപ . ഗ്രന്ഥകർത്താവ് ഒ.വി.വിജയൻ. കവറിൽ വെള്ള പശ്ചാത്തലത്തിൽ ആകെയുണ്ടായിരുന്നത് കറുപ്പിലെ അക്ഷരങ്ങൾ മാത്രം .പിന്നെ ചെമപ്പിൽ അരിവാൾ ചുറ്റികയും.
മാർക്സിന്റെ അനിവാര്യതാദർശനം വിപ്ലവം സാദ്ധ്യമെന്നു കരുതിയത് മുതലാളിത്തം പഴുക്കിലയായി നിന്ന ബ്രിട്ടനിലായിരുന്നല്ലോ. എന്നാൽ വിപ്ലവം വന്നതാകട്ടെ ഗണ്യമായ ഒരു വ്യാവസായിക പ്രോളിറ്റേറിയറ്റിന്റെ സാന്നിദ്ധ്യമില്ലായിരുന്ന സാറിസ്റ്റ് റഷ്യയിലും. വിപ്ലവം ചരിത്രപരമായി അനിവാര്യമെങ്കിൽ ധാർമികമായി അതിനെ അതിവാര്യമാക്കാൻ നമുക്ക് കഴിയണം - ആമുഖമൊഴി വായിച്ചപ്പോൾ ഉള്ളിലേക്കു കടക്കാൻ പ്രേരണയായി.
1988-ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന് ഏറ്റവും അനുയോജ്യമായ കവർ തയ്യാറാക്കിയത് സുരേഷ് ചമ്പക്കരയാണ്. ചുവപ്പൻ വരകൾക്കിടയിൽ ടൈറ്റിലും അരികിൽ അരിവാൾ ചുറ്റികയും. കറന്റ് ബുക്സിന്റെ ലോഗോ പോലും സ്ഥാനം മാറ്റി പ്രതിഷ്ഠിച്ചിരിക്കുന്ന കവർ. പുരോഗമനോൻമുഖമായ മൂഡ്.
ഒ .വി. വിജയന്റെ ആമുഖം ഇങ്ങനെ: അങ്ങനെ നാം ഒരറിവിലെത്തുന്നു . ശക്തിയുടെ മണ്ഡലത്തിലും ചിന്തയുടെ മണ്ഡലത്തിലും സമൂലമായ പരിവർത്തനം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഈ അറിവുകളെ ഉൾക്കൊള്ളാത്ത ഒരു വിപ്ലവസമരശാസ്ത്രം വെറും പാഠപുസ്തകമായി കെട്ടിയിരിക്കുകയേയുള്ളു കൗമാരക്കാരനെ സംബന്ധിച്ച് ആവേശം തരുന്ന വരികൾ.
അസഹിഷ്ണുതയുടെ നിഴൽ യുദ്ധങ്ങൾ എന്ന ലേഖനം വർഗസമരങ്ങളുടെ ആശയാവലി ചർച്ച ചെയ്യുന്നു. വിജയനെഴുതുമ്പോൾ വർഗസമരം ഒരച്ഛൻ പറഞ്ഞു തരുന്നതു മാതിരി . ഒരു സമ്പ്രദായം വളരുമെന്നു പറയുന്നതിൽ തെറ്റില്ല. ആ സമ്പ്രദായം മറ്റതകളെ നിഷേധിക്കുന്ന രീതിയിൽ വളരുമെന്നും അത്തരം വളർച്ചയിലൂടെ സദാ നവീകരിക്കുമെന്നും കരുതുന്ന അതി നിർഭരതയെ ലേഖകൻ എതിർക്കുന്നു. അന്തസ്സോടെ ,സ്നേഹ ഭാവത്തോടെ . മാർക്സിസത്തെ ശാന്ത ഗംഭീരമായി എതിർക്കുന്ന സാത്വികത എന്നിൽ വെളിച്ചം പോലെ നിറഞ്ഞു.
ലോകമാർക്സിസത്തിന്റെ ചരിത്രപരതയെ വിശദമിക്കുകയാണ് വിജയൻ.ശ്വാസം പിടിച്ചു മാത്രം വായിക്കാവുന്ന ഖണ്ഡികൾ. അസാമാന്യമായ കുറ്റാന്വേഷണ നോവലിന്റെതുപോലെ ആഖ്യാന ചാതുരി . സ്റ്റാലിനിസം .പെരിസ്ടോയിക്ക. ഗ്ലാസ്നോസ്റ്റ്. ഒടുവിൽ അന്ന് ടെലിവിഷന്റെ ദൂരദർശൻ വാർത്തകളിൽ നിത്യസാന്നിദ്ധ്യമായിരുന്ന ഗോർബച്ചേവ് . (വിജയൻ ഗോർബച്ചേവിന്റെ വലിയ ആരാധകനായിരുന്നു. മൂഢസ്വർഗ്ഗത്തിന്റെ വന്ധ്യതയിൽ നിന്ന് വിപ്ലവത്തെ രക്ഷിക്കുകയാണ് വാസ്തവത്തിൽ ഗോർബച്ചേവ് ചെയ്യുന്നതെന്ന് വിജയൻ അന്ന് എഴുതി. എന്നാൽ ഗോർബച്ചേവായിരുന്നു മൂഢസ്വർഗത്തിലെന്ന് കാലം പിന്നീട് തിരുത്തി.)
വർഗസമരത്തിലൂടെ വർഗരഹിത ഒരു ലോകം ഉരുത്തിരിയുമെന്നും ആ ഉതത്തിരിയലിന് നിദാനം തൊഴിലാളി വർഗത്തിന്റെ രാഷ്ടാന്തരീയ ഐക്യ ദാർഢ്യമായിരിക്കുമെന്നും ബാലപാഠം പഠിപ്പിക്കുമ്പോൾ പുസ്തകത്തിനോട് വലിയ ആഭിമുഖ്യം തോന്നി. വലിയ ആശയത്തെ ലളിതമായി പറഞ്ഞു തരുന്ന ഉപനിഷത് സാരള്യം.
ലോക കമ്യൂണിസത്തിന്റെ ഗതി വിഗതികളെക്കുറിച്ചു പറയുമ്പോഴും വിജയന്റെ ചില മൗലികപ്രയോഗങ്ങൾ മനസ്സിൽ തങ്ങി നിന്നു. കെൽപ്പില്ലാത്തവൻ ,കുശുമ്പു നോട്ടം ,തലനാരു ചീന്തുക ,ഭയപ്പാട് ,തെറ്റിൽ കാലിടറുക ,പ്രപഞ്ചമനസ്സ് എന്നിവ ഉദാഹരണം.
ഒടുവിൽ നാമറിഞ്ഞതിൽ ഏറ്റവും ഉദാത്തരായ മനുഷ്യ സ്നേഹികളുടെ കുടുംബമായിരുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന് വായിച്ചപ്പോൾ എന്തെന്നില്ലാത്ത അഭിനിവേഷം. യഥാർത്ഥ ഇടതുപക്ഷമനസ്സ് രൂപപ്പെടാനുള്ള സ്വർഗാത്മകമായ വഴിത്താര . ''എനിക്കും തെറ്റ് പറ്റാം കുട്ടീ..... നീ കരുതിയിരുന്നോളൂ'' എന്ന് ഒ.വി.വിജയന്റെ കഥാപാത്രം പറയുന്നു. മാർക്സിസം പതുക്കെ എന്റെ ചെവിയിൽ പറഞ്ഞത് അതാണ്.
കോളോണിയലിസത്തെ കണക്കറ്റ് പ്രഹരിക്കുന്നത് കണ്ടപ്പോൾ ആഹ്ലാദ ചിത്തനായി . കോളോണിയലിസത്തിനു കഴലുത്തു നടത്തുന്ന വാർത്താ പാഠങ്ങൾ മാത്രം പരിചയിച്ചു ശീലിച്ച എനിക്കത് അദ്ഭുതമായിരുന്നു. ജാലിയൻ വാലാബാഗിനേക്കാൾ വലിയ ദുരന്തമായിരുന്നു കൊളോണിയലിസത്തോടുള്ള വിധേയത്വമെന്ന വിജയന്റെ അഭിപ്രായത്തോട് സിന്ദാബാദ് വിളിക്കാൻ തോന്നി. തിരുത്തപ്പെടേണ്ട മാർക്സിസത്തെക്കുറിച്ച് 1890 ഏപ്രിൽ 5 ന് ഫ്രെഡറിക് എംഗൽസ് സി എസ് ഷിമിറ്റിന് അയച്ച കത്ത് വലിയൊരു അറിവായി. ''വിവിധ സാമൂഹിക രൂപങ്ങൾക്ക് അനുസൃതമായ രാഷ്ട്രീയവും നൈതികവും കലാപരവും മതപരവും മറ്റുമായ അഭിപ്രായങ്ങൾ വാർത്തെടുക്കേണ്ടത് പ്രസ്തുത സാമൂഹിക രുപങ്ങളെ വേറെ വേറെ പഠിച്ചിട്ടു വേണം''
കാലഘട്ടത്തിന്റെ ലോകതലസ്ഥാനം പടിഞ്ഞാറിലാണ്. അതിന്റെ ഇച്ഛാശക്തിക്കെതിരെ കിഴക്കിന്റെ ഇച്ഛാശക്തിയെ പ്രതിഷ്ഠിക്കുക എന്നത് കോളനി വിരുദ്ധ വിപ്ലവത്തിന്റെ കടമകളിലൊന്നാണു താനും. അദ്ദേഹം അർത്ഥശങ്കയ്ക്കിടയില്ലാതെ എഴുതുന്നു. ''കിഴക്ക് ..... കിഴക്ക് ..... നമ്മുടെ കിഴക്ക് '' ഞാൻ ഉരുവിട്ടു. ഞാനാദ്യം കേൾക്കുന്ന കിഴക്കിന്റെ പ്രബോധനമായിരുന്നു അത്. കേരള രാഷ്ട്രീയത്തെ ശരിക്കും തൊട്ടുഴിഞ്ഞു കൊണ്ട് വിജയൻ പറയുന്നത് നിരാനന്ദമായ നൈതിക മൗഢ്യത്തിന്റെ മുടുപടമിടുന്നതിന് പകരം ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് ഒന്ന് പൊട്ടിച്ചിരിച്ചു കാണാൻ ഞാനാഗ്രിക്കുന്നുവെന്നാണ്. എ കെ.ജി.ചിരിക്കുന്നത് കണ്ടവനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഞാനാദ്യം കേൾക്കുന്ന ആരോഗ്യമുള്ള ഇടതുപക്ഷ വിമർശനമായി ഉള്ളിൽ അത് അടയാളപ്പെട്ടു.
ഒടുവിൽ ഒരിടത്തെത്തിയപ്പോൾ എന്റെ മുഴുവൻ ചിന്തകളും ആശയങ്ങളും വാക്കുകളൂം ഭാഷയും ഒരു പക്ഷേ ബോധം തന്നെയും ഇരുളിലാഴുകയും ഞാനെന്ന അവ്യക്ത സത്വം മറയുകയും പ്രപഞ്ചാനുഭവത്തിനു കീഴിൽ നമ്രനാവുകയും ചെയ്തു. അപ്പോൾ , പുതിയതെന്തൊക്കെയോ തെളിഞ്ഞു് വരുന്നതായി ഞാനനുഭവിച്ചു. ഇതായിരുന്നു ആ ഖണ്ഡിക. ''നമ്മുടെ സമൂഹമനസ്സിൽ നിന്ന് ഉരുത്തിരിക്കുന്നത് പലായനത്തിന്റെ ക്ഷീണവും പ്രാർത്ഥനയുടെ വികാസവുമാണ് .കേരളത്തിനു പറയത്തക്ക ഒരു ഭക്തിപ്രസ്ഥാനം ഇല്ലെന്ന അറിവോടെ തന്നെയാണ് ഞാനിത് പറയുന്നത്. അത്തരമൊരു പ്രസ്ഥാനം ഇല്ലാതിരുന്നിട്ടും നമ്മുടെ സമൂഹത്തിന്റെ വ്യാവഹാരിതകളിൽ പ്രാർത്ഥന അന്തർലീനമായിരുന്നു. നമ്മുടെ വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങൾക്കിടയിലും ചെകിടോർത്ത് നോക്കിയാൽ അതിന്റെ ധ്വനികൾ കേൾക്കാം. ചെകി ടോർക്കാൻ സിദ്ധി വേണമെന്നും സിദ്ധി സമ്പാദിക്കുന്നത് ശ്രമകരമാണെന്ന് മാത്രം'' പുതിയ വെളിച്ചം എന്ന വെളിച്ചം എന്നെ വായനയിൽ മുന്നോട്ടു നടത്തി.

Share :