Archives / October 2018

സുധ തെക്കെമഠം
ഇരുട്ടോർമ


കൂട്ടിക്കാലത്തെ ഇരുട്ടിനോളം കട്ടപിടിച്ച ഇരുട്ട് പീന്നീടെങ്ങും കണ്ടിട്ടില്ല. മിത്തുകളും ഭാവനകളും പ്രതീക്ഷകളും കൂടി ഇഴപിരിച്ചെടുത്ത് ഇരുട്ടിന് കട്ടി കൂട്ടി വെച്ചു.ആകാശം മുട്ടുന്ന മരങ്ങൾ കാവൽ നിന്ന വീട്ടു തൊടികൾ സന്ധ്യയാകുമ്പോഴേ ഇരുട്ടിന് വഴിയൊരുക്കി.മഴക്കാലമാണെങ്കിൽ നനഞ്ഞ തണുത്ത ഇരുട്ട് സമയമാകും മുമ്പേ വീട്ടിലേക്ക് കയറി വരും.വേനൽക്കാലത്ത് മടിച്ചു മടിച്ചെത്തുന്ന പുകയുന്ന വരണ്ട ഇരുട്ടാണ്. ഇരുട്ടിനെ തോൽപിക്കാനുള്ള നിരവധി മുൻകരുതലുകൾ സന്ധ്യ മുതലേ തുടങ്ങുകയായി.നിലവിളക്ക് കൊളുത്തി വെച്ച് അർജ്ജുനപത്തിന്റെ ബലത്തിൽ പേടിയകറ്റുന്നു. വിളക്കുകളിലെല്ലാം തിരിയിട്ട് എണ്ണ നിറയ്ക്കുന്നു. കുഞ്ഞൻ മുട്ട വിളക്കുമുതൽ രാജാവായ റാന്തൽ വിളക്കു വരെ റെഡി. കറന്റുണ്ടെങ്കിലും ഫിലമെന്റിൽ മാത്രമേ വെളിച്ചം കാണുകയുള്ളൂ. അതും എപ്പോ വേണെങ്കിലും യാത്ര പറയുന്ന അവസ്ഥയും.പല വലിപ്പമുള്ള അലുമിനിയ വിളക്കുകളും കുപ്പിയിൽ എണ്ണയൊഴിച്ച് തിരിയിട്ട വിളക്കുകളും കയ്യെത്തും ദൂരത്തിരുന്ന് ഞങ്ങളെ ആശ്വസിപ്പിച്ചു. വീട്ടിലിരുന്ന് പുറത്തേയ്ക്കു നോക്കിയാൽ ഇരുട്ടിനെ തോൽപിക്കാനെത്തുന്ന പലതരം കുഞ്ഞു വെളിച്ചങ്ങൾ കാണാം. ബസ്സിറങ്ങി നടന്നു വരുന്ന പലതരം ടോർച്ച് ലൈറ്റുകൾ .നടത്തത്തിന്റെ താളം കണക്കു കൂട്ടി ഇരുട്ടിലും ആളെ തിരിച്ചറിഞ്ഞിരുന്നു. പ്രതീക്ഷകളിലേയ്ക്കും കാത്തിരിപ്പുകളിലേയ്ക്കുമുള്ള പടികൾ കയറി ഓരോ വെളിച്ചത്തുണ്ടും മാഞ്ഞു പോകുന്നത് കാണാം.വേനൽക്കാല രാത്രികൾക്ക് ഭീതിയേകി അനങ്ങൻമലയിൽ പടരുന്ന കാട്ടുതീ ഇപ്പോഴുമുണ്ട്. നോക്കെത്താ ദൂരത്തെ മാനത്തു നിന്നും പൊട്ടിവീഴുന്ന ഉൽക്കകളും ആകാശ മേലാപ്പിലെ നക്ഷത്രക്കണ്ണൂകളും സന്തോഷം തരുന്നവയായിരുന്നു, ഇരുട്ടിന് കനം വെക്കുന്തോറും പകൽ കഥകളിലെ പല കഥാപാത്രങ്ങളും കൂടുതൽ നിറങ്ങളോടെ മനസ്സിൽ തിരനോട്ടം നടത്താനെത്തും. ഒടിയൻ കഥകൾ മുതൽ ആൽക്കൊമ്പിലെ തീ തുപ്പുന്ന രൂപങ്ങളുടെ യാത്രക്കഥകൾ വരെ ക്ഷണിക്കപ്പെടാതെ ഒപ്പമെത്തും. വാതിലടച്ച് മുനിഞ്ഞ് കത്തുന്ന വിളക്കുകൾ കണ്ണുപൂട്ടുമ്പോൾ നാമജപത്തിന്റെ ധൈര്യത്തിൽ അല്ലെങ്കിൽ ഒരു,മുത്തശ്ശിക്കഥയുടെ താരാട്ടിൽ ഞങ്ങളും കണ്ണൂചിമ്മുന്നു. ഉറക്കം വരാത്ത രാത്രിയാണെങ്കിൽ മേലെ തൊടിയിൽ നിന്ന് കൂമന്റെ മൂളലും കാലൻ കോഴിയുടെ കരച്ചിലും കൂട്ടിനെത്തും.മരയഴികളിലൂടെ ദൂരേയ്ക്കു നോക്കിയാൽ ഇരുട്ടിന്റെ പേടിപ്പിക്കുന്ന സൗന്ദര്യം കാണാം. മിന്നാമിനുങ്ങുകളുടെ കുഞ്ഞു വെളിച്ചങ്ങൾ പാറിക്കളിക്കുന്ന ഇരുട്ടിൽ മയങ്ങിക്കിടക്കുന്ന പ്രകൃതി .എല്ലാ വീടുകളും തൊടികളും വയലും മയങ്ങുന്ന നേരം. രാത്രിയുടെ കൂട്ടൂകാർ മാത്രം ശബ്ദമായും വെളിച്ചമായും സാന്നിധ്യമറിയിക്കുന്നു. ചാനലുകൾ എത്തി നോക്കാത്ത കാലമായതിനാൽ സർവ്വം നിശ്ശബ്ദം. ഇന്ന് രാത്രിക്ക് ഇരുട്ടില്ലാതായി. തൊട്ട് തൊട്ട് വീടുകൾ. രാത്രിയിലും കത്തുന്ന വിളക്കുകൾ .. കറന്റു പോക്കിനെ തോൽപിക്കാനെത്തിയ ഇൻവർട്ടുകൾ.. രാത്രികളെ പുൽകാനാകാതെ ഇരുട്ടും മുത്തശ്ശിക്കഥകളും ദൂരെ ദൂരെ മായുന്നു.വീടുകളുടെ ചില്ലുജാലകങ്ങൾ നിലാവിനേയും രാവെളിച്ചത്തെയും വീട്ടിനുള്ളിലേയ്ക്കും എത്തിയ്ക്കുന്നു. കയ്യിലെ മൊബൈൽ ചതുരത്തിന്റെ വെള്ളിവെളിച്ചത്തിലേയ്ക്ക് ചിന്തയും മനസ്സും ലയിച്ചു ചേരുമ്പോൾ ഇരുട്ട് അതിന്റെ മായക്കാഴ്ചകൾ മടിയിൽ വെയ്ക്കുന്നു. പോത്തായും നായായും മാറുന്ന ഒടിവിദ്യകളുടെ മായാജാലങ്ങളും രാപക്ഷികളുടെ പേടിപ്പിക്കലുകളുമെല്ലാം ഇനി സ്ക്രീൻ കാഴ്ചകളിലേക്ക് ഒതുങ്ങട്ടെ

Share :