Archives / October 2018

വിനയൻ. വി. (അധ്യാപകൻ, ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേൾസ്, പട്ടം, തിരുവ
കിനാവുകൾ


മണ്ണു, വേരിന്റെയസ്ഥിയിൽ തൊട്ടിതാ
കണ്ണുനീരല്പനേരമടക്കവേ,
എണ്ണിയോർക്കണം നാടിന്റെ പച്ചകൾ,
വീണ്ടെടുക്കുവാനാകാക്കിനാവുകൾ.

നെൽവയലുകൾ, ചെമ്മണ്ണടുക്കുകൾ,
കുന്നുകൾ, നീരുവറ്റാത്ത ചാലുകൾ,
സസ്യശ്യാമളക്കോട്ടകൾ, കാവുകൾ,
നീർത്തടങ്ങൾ ,നീലാമ്പൽക്കുളങ്ങളും.

കെട്ടിവയ്ക്കുന്നതൊക്കെയുടഞ്ഞുപോം ,
കെട്ടകാലക്കെടുതികൾ വന്നിടാം
. നട്ടുതന്നെ നിരത്തണം നാടിനെ,
നൻമ താനേ മുളയ്ക്കണം നമ്മിലും
മണ്ണെഴുത്തിന്റെയാകാശമാകവേ
കുഞ്ഞുകൈവിരൽപ്പാടാൽ വരയ്ക്കണം
പാട്ടു പാടുന്ന പക്ഷികൾക്കൊപ്പമീ
നാട്ടിലീറൻകിനാവുകൾ പൂക്കണം.

ചോറ്റുപാത്രം നിറയ്ക്കുന്ന കൈകളെ
ചേറ്റുപാടത്തുനിന്നേ തുണയ്ക്കണം.
ഊട്ടുകാലത്തു തമ്മിലൊന്നൂട്ടണം
നമ്മളൊ,ന്നൊരേചോരക്കിനാവുകൾ.
നന്മ കണ്ടാലറയ്ക്കാതളക്കണം.
ഓണമെന്നെന്നുമുളളിലുണ്ടാമൊരേ
നന്മനാടാണിതാണെന്റെ കേരളം.

Share :