Archives / October 2018

കവിത മനോഹർ
സെക്കന്റ് ഇയർ
എം.എ സോഷ്യോളജി
കാര്യവട്ടം ക്യാമ്പസ് <
ആളോഹരി ആനന്ദം


ജീവിതത്തിന്റെ അലങ്കാരമൊക്കെയും ദൂരേക്ക് പൊട്ടിച്ചെറിഞ്ഞവര്‍, സ്വന്തം മനസ്സിലെന്താണ് ഉള്ളതെന്നു പോലും ഇനിയും തുറന്നുനോക്കാത്തവര്‍, ഇടവേള കൂടാതതഭിനയിക്കുന്നവര്‍, കാത്തിരിപ്പിനെ സ്നേഹിച്ചിടുന്നവര്‍ , മറ്റുള്ളവരുടെ ജീവിതം നിലതെറ്റാതെ താങ്ങിനിര്‍ത്തുന്നവര്‍; ഒരു സമൂഹത്തെ കാണാം മണ്ണില്‍ തറവാടിന്റെ ചരിത്രത്തില്‍. എന്തുമാത്രം വ്യത്യസ്തരായ മനുഷ്യരെക്കൊണ്ടാണ് ലോകമിങ്ങനെ നിന്നു പോകുന്നതെന്ന് ബോധ്യപ്പെടുത്തുന്ന നോവല്‍
.
ലക്ഷങ്ങളുടെ വരുമാനം തട്ടിക്കളയാനുള്ള മണ്ടത്തരം കാണിക്കുന്നവനെന്നു കുറ്റപ്പെടുത്തി കുറച്ചുകഴിയുമ്പോഴാണ് യഥാര്‍ഥ പോളിനെ നാമറിയുന്നത്. കഴിവിന്റെയും ഭാവനയുടെയും കാടുകയറിയതുമല്ലാത്തതുമായ തെളിവുകള്‍ തന്റെയിടങ്ങളിലെല്ലാം പ്രകടമാക്കുന്ന ഇഷാന എന്ന പെണ്‍കുട്ടി മറ്റൊരത്ഭുതമാണ്. മണ്ണില്‍ തറവാട്ടിലെ ചരിത്രരചനക്ക് നിയോഗിക്കപ്പെടുകയും എഴുതിയതിനെ ഒക്കെ അവിടുത്തെ ആണ്‍സമൂഹം എതിര്‍ക്കുകയും ചെയ്തപ്പോള്‍ സത്യം മാത്രമേ എഴുതിയിട്ടുള്ളുവെന്നുറക്കെപ്പറയുന്ന എമ്മ പുസ്തകത്തിലുടനീളം ധൈര്യമുള്ള സ്ത്രീയായി തുടരുന്നു. സുതാര്യമായ വിരലുകള്‍ക്കുള്ളില്‍ മനുഷ്യര്‍ക്കജ്ഞാതമായ ഒരു രഹസ്യ ലോകത്തിന്റെ ആനന്ദം ഒതുക്കിപ്പിടിച്ച കുഞ്ഞുങ്ങള്‍ മുതല്‍ പരമ്പരകളുടെ പിതാമഹന്മാര്‍വരെ കഥാപാത്രങ്ങളാണിതില്‍.

ആളുകളുടെ ബഹളങ്ങള്‍ക്കും ചിരികള്‍ക്കും സഞ്ചാരങ്ങള്‍ക്കുമിടയില്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന ഒളിച്ചുകളിക്കാരെപ്പോലെയാണ് രണ്ടുപേരുടെ നോട്ടങ്ങളെന്ന് പറയുന്ന ഭാഗമുണ്ടീ പുസ്തകത്തില്‍. ആ വര്‍ണന ഒന്നാം വായനയില്‍ മുഷിപ്പിക്കില്ലയെങ്കിലും രണ്ടാമതങ്ങനെയാവണമെന്നില്ല.

ഇന്നത്തെ ശരീരമല്ല നാളത്തെ ശരീരം. ഈ നിമിഷത്തെ ശരീരമല്ല അടുത്ത നിമിഷത്തിലെ ശരീരം. എത്ര സുഗന്ധം പൂശിയാലും എത്ര ആര്‍ത്തിയോടെ സ്നേഹിച്ചാലും.

ആളുകള്‍ക്ക് എന്തും വിചാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അവരവര്‍ക്കാവശ്യമുള്ള വിധത്തില്‍ അവര്‍ വിചാരിക്കട്ടെ. ദയകൊണ്ടും വാത്സല്യം കൊണ്ടും വേദനിക്കാമെന്നുള്‍പ്പെടെ മനോഹരമായ ചില രേഖപ്പെടുത്തലുകള്‍ തിരിച്ചറിവുകള്‍ ഓരോ ഭാഗത്തിലും മൂന്നോ നാലോ വെച്ചെങ്കിലും കാണാം..
.
വിവാഹം കുടുംബം എന്നീ സ്ഥാപനങ്ങളെപ്പറ്റിയുള്ള വ്യത്യസ്തങ്ങളായ വീക്ഷണങ്ങള്‍കൊണ്ട് സമ്പന്നമാണീ പുസ്തകം. എങ്കിലും ഭയപ്പെടുത്തുന്നവരുടെയും കീഴടങ്ങുന്നവരുടെയും മീതെ കെട്ടിപ്പൊക്കുന്ന കുടുംബഭദ്രത അസത്യമാണ് എന്ന തിരിച്ചറിവാണ് നോവല്‍ ആത്യന്തികമായി പങ്കുവെക്കുന്നത്.

എങ്ങോട്ട് കൈ നീട്ടിയാലും തൊടുന്നത് അരൂപിയും അനാദിയുമായ ഇരുട്ട് മാത്രമാകുന്ന ജീവിതത്തിലെ സാഹചര്യങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള സന്ദര്‍ഭങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു ഈ നോവല്‍.

അപക്വമായ സമൂഹത്തിനംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ഹോമോസെക്ഷ്വല്‍ ബന്ധം, വിവാഹേതര കൂട്ടുകള്‍, അങ്ങനെ പ്രതികാരവും പ്രതിഷേധവും അതിജീവിനവും നിറഞ്ഞ സന്ദര്‍ഭങ്ങള്‍ ഇതിലുണ്ട്. ചില വിജനതകളില്‍ ഒരു പെണ്ണിനെക്കാള്‍ കഷ്ടമായി കരഞ്ഞു എന്നൊരു വരി സാറാ ജോസഫ് പറയുന്നു. ഏകാന്തതയുടെ കയത്തിലെത്തുമ്പോള്‍ കരച്ചിലിന് ലിംഗഭേഗമില്ലെന്നതല്ലേ സത്യം!

ക്രിസ്ത്യന്‍ ജീവിതത്തെ ഒന്നുകൂടിയടുത്തറിയാനിടമൊരുക്കുമ്പോഴും ജീവിത്തിന്റെ ഗതിയും നിറവും മണവുമൊന്നു തന്നെയെന്ന ബോധമാണ് നമുക്ക് അവസാനമുണ്ടാകുക.

ഒന്ന് സംഗ്രഹിച്ചാല്‍ ;

കാൊതിച്ചുപോയവ,

നിനച്ചിടാത്തവ<
.
മഞ്ഞിനേക്കാള്‍ തണുത്തുറഞ്ഞവ

അഗ്നിപോലെ പടര്‍ന്നുകേറുന്നവ,

ഒടുക്കമേറെ പ്രണയാര്‍ദ്രമെങ്കിലും

ഇത്രകയ്പ്പുനീര്‍ വേണമെന്നെന്തിനീ

വാശി ജീവിത യാത്ര തുടരുവാന്‍...

Share :