Archives / October 2018

അജിത്രി
നരനായിങ്ങനെ നരയ്ക്കാതെങ്ങനെ..?


നരനായിങ്ങനെ
നരയ്ക്കാതെങ്ങനെ..?
.
കാത്തിരുന്ന് നരച്ചത്
നിന്റെ ഉടലിനൊത്തുമുറിച്ച
വിലാസ വേഷങ്ങൾക്ക്
ഊടും പാവും തുന്നിയ
വിരലുകളുടെ വേഗ താളമയ
ഭാഷയെ നീ മറന്നതുകൊണ്ടാണ്.
ഭൂമിയിൽ ആകാശത്ത് പുഴ
ഗർഭങ്ങളിൽ.
പറക്കലിൽ നീന്തലിൽ ജല കേളിയിൽ
ഇനിയും മരിച്ചിട്ടില്ലാത്ത പ്രണയ കോടികളിൽ
എന്തോ തിരയുന്ന പുഴവിരലുകളിൽ
ഇനിയും വയസ റിയിക്കാത്തകടലിന്റെ
നരച്ച ഒഴുക്കുകളിൽ.
ഓരോ മരിപ്പിന്റെയും തണുപ്പിൽ
വീണ്ടുമുയിർപ്പുകളുടെ അന്ധാളിപ്പുകളിൽ.
കരിയാത്തമുറിവുകളിൽ.
വിളറി വെളുത്തും
രക്തപ്രസാദമില്ലാതെയും
കണ്ടത് നര നര നര
കൂട്ടക്ഷരങ്ങളില്ലാത്ത.
നരച്ച ഭാഷയുടെ വ്യഞ്ജനങ്ങളിൽ
എങ്ങനെയും തറക്കാവുന്ന.
ചില്ലുകൾ
ഏതു വടിവിലും നിറയുന്ന.
എവിടെയും ഒഴുകുന്ന വെൺമ
ആരെയും നോക്കിയിരുത്തുന്ന
ആ മൈലാഞ്ചിഭാഷയിൽ
നിനക്കെഴുതിയ വിചാരങ്ങളിൽ
നരച്ച മുടിയിഴകൾ
അടക്കപ്പെടുന്ന ശ്മശാനങ്ങളെക്കുറിച്ച്
അടക്കം പറയുമ്പോൾ
ഊരിയ വാൾ ഉറയിലിടും
കാലം പൊന്നിൻ കത്തി
പണയം തരാമെന്ന കടംകഥയിൽ
ഗോമാതാവിനെ
കറന്ന് പാലെടുക്കുകയായിരുന്ന ഞാൻ
അഭിനയിക്കുമായിരുന്ന
നിലയിൽ തിരശീലയിൽ
എന്നെ തന്നെ കണ്ടു നരച്ചു.

Share :