Archives / October 2018

ഋതുപർണ്ണ
ഈയാംപാറ്റ


മുന്നിലെ ചിത കത്തി തീർന്നിരിക്കുന്നു. ചുറ്റും കൂടിയവർ ഉച്ചയ്ക്കു മുന്നേ മടങ്ങിപ്പോയി. ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് ഒരു പകൽ തീർന്നിരിക്കുന്നു. എരിഞ്ഞടങ്ങിയ തീക്കനൽ പോലെ സൂര്യനും മറഞ്ഞു. ഇരുട്ടിന്റെ വരവായി. കറുത്ത കമ്പളം പുതച്ച ഇരുട്ടിനെ ഇന്നലെ വരെ എനിക്കും ഭയമായിരുന്നു.

ചുറ്റിലുള്ള ഇരുട്ടിൽ ചില പൊട്ടുവെളിച്ചം കണ്ടു. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ. ഒരിളം കാറ്റടിച്ചു. കാറ്റിൽ ചാരമിളകി അമ്മയുടെ തെളിവാർന്ന സ്നേഹം പോലെ ചിതയിലെ കനലുകൾ തിളങ്ങി. കുറച്ചു നിമിഷത്തേക്കെങ്കിലും മറ്റു പാടും കാണാൻ കഴിഞ്ഞു. ഒരു പൂച്ച, അതൊരു കറുത്ത പൂച്ചയാവണം എന്നെ തന്നെ നോക്കി എതിർവശത്തിരിക്കുന്നു.

എങ്ങോട്ട് പോകും. ഒരു നിശ്ചയവുമില്ല. ഇന്നലെ വരെ അമ്മയുണ്ടായിരുന്നു. ആ അമ്മയിതാ മുന്നിൽ ചാരമായി .... കീറിയ നിക്കറിന്റെ പോക്കറ്റിൽ എന്തോ തടഞ്ഞു. ഇന്നലെ വൈകീട്ടമ്മ വാങ്ങിത്തന്ന പമ്പരം. ഒരു പാട് നാള് കൊതിച്ചിട്ട് കിട്ടിയ സമ്മാനം... അതിനി സൂക്ഷിച്ചു വെക്കണോ? ചിതയിലേക്കവ ഞാനെറിഞ്ഞു. ചാരം ഉയർന്നുപൊങ്ങി. കനലുകൾ വായുവിൽ ഉയർന്നു വീണു.

ഒന്നു കരയാൻ കഴിഞ്ഞിരുന്നെങ്കിൽ ..... ഹേയ് ! ആൺപിള്ളാർ കരയാൻ പാടില്ല. ഒരിക്കൽ കാലിൽ ചില്ല് കൊണ്ടപ്പോൾ അമ്മ പറഞ്ഞതാണ്. ശരിയാണ് എനിക്ക് പതിനൊന്ന് വയസായി.ഞാൻ കരയാൻ പാടില്ല
.
എന്നാലും അമ്മയെന്തിനാ രാത്രിയിൽ പൊട്ടക്കിണറ്റിനടുത്ത് പോയത്. പകൽ പോലും ആരും ആ വഴി പോവാറില്ലാത്തതാണെന്ന് അറിയാർന്നല്ലോ. അല്ലെങ്കിലേ അമ്മയിന്നലെ ആകെ വിഷമത്തിലായിരുന്നല്ലോ. തടിമില്ലിലെ ജോയ് ചേട്ടനുമായി വഴക്കായിരുന്നല്ലോ.

ജോയ് ചേട്ടനെ എനിക്കും ഇഷ്ടമില്ലായിരുന്നു. മില്ലിന്റെ തൊട്ടടുത്തുള്ള ഒറ്റമുറി വീട്ടിൽ ഞാനും അമ്മയും കഴിയുന്നത് അയാളുടെ ഔദാര്യത്തിലായിരുന്നു. അതു കൊണ്ടാണ് അയാൾക്ക് മുറുക്കാനും ബീഡിയും വാങ്ങിക്കൊണ്ടുക്കൊടുക്കാൻ പറയുമ്പോൾ അമ്മ സമ്മതിച്ചത്

അയാൾ പലപ്പോഴും എന്നെക്കൊണ്ട് എന്തൊക്കെയോ ചെയ്യിപ്പിക്കാറുണ്ടായിരുന്നു. അറപ്പും ഓക്കാനവും വന്നിട്ടും അമ്മ പറയാറുള്ള അയാളുടെ ഔദാര്യമോർത്ത് ഞാൻ സഹിച്ചു. അമ്മയോടുമോ മറ്റാരോടെങ്കിലോ പറഞ്ഞാൽ വീട്ടിൽ നിന്നും ഇറക്കി വിടുമെന്നും കൊല്ലുമെന്നും പറഞ്ഞപ്പോൾ ഞാൻ പിന്നീട് അയാൾ പറയുന്നത് അനുസരിക്കലായി
.
പല തരം ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെങ്കിലും ഞാനതെല്ലാം അമ്മയിൽ നിന്നും സമർത്ഥമായി ഒളിച്ചുവെക്കാൻ തുടങ്ങി
.
ഒടുവിൽ അമ്മ കണ്ടു പിടിച്ചു . ജോയ് ചേട്ടന്റെ ഒറ്റ മുറിയിൽ വെച്ച് എന്റെ കുടുക്കു പൊട്ടിയ നിക്കർ വലിച്ചു കേറ്റുമ്പോൾ അമ്മയിലെ കാളീ ഭാവം അയാളെ തറയിലിട്ട് ചവിട്ടിയരക്കുകയായിരുന്നു. എന്റെ കൈയ്യും പിടിച്ചവിടെ നിന്നിറങ്ങുമ്പോൾ അമ്മ പൊട്ടികരയുകയായിരുന്നു.....

അത്താഴപട്ടിണിയായിരുന്നു ഇന്നലെ. തളളക്കോഴിയുടെ ചിറകിനു കീഴിൽ എന്നപോലെ അമ്മയുടെ കരവലയത്തിനുള്ളിൽ ഞാൻ. വിശക്കുന്നുണ്ടെങ്കിലും അമ്മയുടെ ആ അവസ്ഥയിൽ ഞാനൊന്നും മിണ്ടിയില്ല. എപ്പഴോ ഒറങ്ങേം ചെയ്തു

പിന്നിൽ ഒരു കാൽപെരുമാറ്റം, ഇരുളിൽ ഒരു രൂപം എനിക്കു പിന്നിൽ. ഭയം തോന്നിയില്ല., ചുമലിൽ ഒരു കൈ പതിഞ്ഞു.അത് ജോയ് ചേട്ടനായിരുന്നു.

"വാ പോകാം"

ചിതയിലേക്കൊരു നോട്ടം വേണ്ടാ എന്നമ്മ പറയുന്നുണ്ടോ?

"ഞാൻ പോകട്ടെ അമ്മേ."

മൗനമായി ഒരു യാത്രാമൊഴി. കുറ്റിക്കാട്ടിന്റെ ഇരുട്ടിലേക്ക് ജോയ് വലിച്ചെറിഞ്ഞ ഇരുമ്പുദണ്ഡിൽ അമ്മയുടെ ഉണങ്ങിയ ചോര എനിക്ക് കാണാനായില്ല.
ഋതുപർണ്ണ

Share :