Archives / October 2018

പ്രമോദ് കുറുവാന്തൊടി
വേനൽ ....










വേനലവധിക്കാലമായെ
ന്നാർത്തെറിഞ്ഞൂ പുസ്തകം..
ചോദ്യമില്ലാതമ്പലക്കുള
മാർപ്പിൽ മുങ്ങീ സന്ധ്യയിൽ

വൈകിയാൽ വഴിപാടുപോലൊരു
സ്നേഹ ശാസനമേകിയും ,
"വെശ്ക്ക്ണൂ"ന്നൊരു നിലവിളി
പലഹാരമേകിയടക്കിയും

തലയിലല്ലേ വെള്ളമെന്നൊരു
തോർത്തെടുത്തു തുവർത്തിയും
കഥകൾ പെയ്ത ത്രിസന്ധ്യകൾക്കെ-
ന്നമ്മ നൽകിയ ചാരുത

കൊന്നപൂത്ത പറമ്പിലെ മാ-
മ്പഴമറുത്തു നടക്കവേ
വിത്തും കൈക്കോട്ടും വിളിച്ചൊരു
പക്ഷിയെ തിരയുന്നു നാം ..

വിഷുവൊരുങ്ങുന്നീയടുക്കള
മണമതല്ല 'പ്രിയങ്കരം...
വെടിമരുന്നു കരിഞ്ഞു പൂക്കും
പൂത്തിരിച്ചൂരല്ലയോ ..

രാത്രി തൊഴിലാളിച്ചെരുപ്പിൻ
പതന ശബ്ദമിരുട്ടിലൂ
ടെത്തുമെന്നിട്ടേറെ വർണ്ണം
നിറയുമൊരു പൊതി നൽകിടും ..

ഇടി മുരണ്ടൊരു സന്ധ്യയിൽ മഴ -
യൊഴിയുവാൻ പ്രാർത്ഥിച്ചു നാം
നിറയെ തീപ്പൂക്കൾ ചിരിക്കും
രാവിനാഘോഷങ്ങളിൽ ....

ഗൗരവം വെടിയാതെയച്ഛൻ
ഉമ്മറത്തുണ്ടമ്മയും
ഇരുളിൽ പൊട്ടി വിരിഞ്ഞ പൂക്കൾ മ-
നം നിറച്ചതറിഞ്ഞുവോ ...

അയലിടങ്ങളിൽ കൂട്ടരൊത്തു പ-
ടക്കവും പൂത്തിരികളും
ചക്രവും റോക്കറ്റുമായി
വൈകിയും നിറവാർന്നതും ...

പുലരിയെത്തും മുമ്പുണർത്തും
കണിയൊരുക്കീട്ടമ്മയും
ഉടലിലെണ്ണ കുളിർക്കെ തേച്ചു
കുളിക്കുവാനോടിക്കവേ...

പാ ഴി ലാ യ പടക്കവും ക-
മ്പിത്തിരി ചെറു കമ്പിയും
ശേഖരിച്ചു, കുളിച്ചു ,വൻ മുത-
ലാളിയായി വരുന്നതും ...

വീട്ടിലെച്ചെറുതെങ്കിലും, കൈ -
നീട്ടമാദ്യം നൽകിയും
ഏറെ വലുതാക്കുന്നൊരച്ഛനെ
വൈകിയല്ലെയറിഞ്ഞതും ...

വേനൽ കത്തിയണഞ്ഞു ,പെരുമഴ
പെയ്തൊഴിഞ്ഞ തടങ്ങളിൽ
മഞ്ഞു പെയ്തു ,നിലാവഴിഞ്ഞു
കാലമൊഴുകും വഴികളിൽ ..

പക്ഷിപാടിയുണർത്തിയേറെ
വിഷുപ്പുലർച്ചകൾ വന്നു പോയ്
അച്ഛനില്ലിന്നമ്മയും ,വിഷു
വീണ്ടുമെത്തീ കൊന്നയിൽ ..

ആരവങ്ങളൊഴിഞ്ഞ ഹൃത്തിൻ
പൂത്തിരിക്കാലങ്ങളിൽ..
പൂത്തു നിന്ന സുവർണ്ണ ഭംഗികൾ
വേനലിന്റെ പ്രതീക്ഷകൾ ...

കണിയൊരുക്കാൻ പൂത്തുലഞ്ഞ വ -
സന്തകാല സ്മൃതികളും,... വരു-
മെന്നു കാത്ത സമൃദ്ധി തൻ
ഋതുവിൻ നിലാച്ചന്തങ്ങളും .

Share :