Archives / October 2018

സുനിത ഗണേഷ്
ഓർമനൂലുകൾ കെട്ടു പിണയുമ്പോൾ










മറവിയാൽ
ഞാനെന്റെ വേദനകളെ
മറന്നെങ്കിലെന്നു
പലവുരു തേങ്ങിക്കരഞ്ഞിരുന്നു....

എങ്കിലുമിന്നെന്റെ
ഓർമ കോശങ്ങളിൽ
മറവിയാം
പാട വന്നു പുതയുമ്പോൾ......

ഏതോയിരുളിടനാഴിയിൽ
വെളിച്ചത്തിൻ നൂലുകളോടിടഞ്ഞും
അതിദ്രുതമായി
നിഴലുകളെ പുണർന്നൊളിച്ചും
ഞാനിടക്കിടെ
നൊമ്പരങ്ങളകന്നൊരു
കൊച്ചു കുഞ്ഞായി
നിഷ്കളങ്കമാം പുഞ്ചിരി പൊഴിച്ചും
പിന്നെയതിതീക്ഷണമാം
ദുരിതമലകളിലൂടെയേറിയുമുരുണ്ടും,
ഓർമനൂലുകൾ കട്ടപിടിച്ചും
കെട്ടുപിണഞ്ഞും
ഞാനെന്നെതന്നെയും മെല്ലെ
മറന്നും
എന്നക്ഷരച്ചെപ്പു തറയിൽ
വീണു ചിതറിയും,

ഞാൻ തീർത്ത വിണ്ണിൽ നിന്നും
ഞാനെന്ന ചിത്രം
മാഞ്ഞുതുടങ്ങുമ്പോൾ...
ഏതൊരു മഴക്കൂണും
രണ്ടിറ്റു കണ്ണീർ പൊഴിച്ചേക്കാം,

നീയും ഞാനുമിന്നൊരുപോലെയെന്നു
മെല്ലെ ചിരിച്ചു,
മണ്ണിൽ ചീഞ്ഞളിഞ്ഞു
മറ്റൊരോർമയായി മാറിയേക്കാം...

Share :