Archives / October 2018

സുഹ്റ പടിപ്പുര.
പറഞ്ഞുകൊണ്ടിരുന്നത് ...










ആരോ വെട്ടിക്കൊന്ന
ഒരു പ്രണയം
കുറച്ചുദിവസങ്ങളായി,
ചങ്കുപൊട്ടിക്കരയുന്നൊരു
പെണ്ണിന്റെ കൈയും പിടിച്ച്‌,
ഉള്ളിൽ കയറിയിരുന്ന്
ഉച്ചത്തിൽ എന്തൊക്കെയോ
പറയാൻ ശ്രമിക്കുന്നു..

പറഞ്ഞതെല്ലാമൊന്നും
കേൽക്കാൻ കഴിഞ്ഞില്ലെങ്കിലും
ചില കാര്യങ്ങൾ മുള്ളുകളായി
തറച്ചു നിൽപ്പുണ്ട് ഓർമയിൽ..
'പ്രണയമെന്നും, പെണ്ണെന്നും'
പറഞ്ഞപ്പോൾ
സങ്കടത്താൽ വാക്കുകളതിന്റെ
തൊണ്ടയിൽ കുരുങ്ങിപ്പോയിരുന്നു..

'കാടെന്നും, കാട്ടുചോലയെന്നും
വാളെന്നും,' അത് പറഞ്ഞപ്പോൾ
ചൊവ്വാ പര്യവേഷണത്തെകുറിച്ച്
ടി. വി. ന്യൂസിലെ ചർച്ച
കാണുകയായിരുന്നു ഞാൻ..

പത്രം വായിക്കുമ്പോഴാണ്
'പോലീസെന്നും പ്രതികളെന്നും '
അത് വിളിച്ചു പറഞ്ഞതെന്ന്
തോന്നുന്നു..
'പീഡനം' എന്നവാക്കില്ലാത്തൊരു
വാർത്ത തിരയുന്നതിനിടയിൽ
പിന്നീട് അതെന്താണ്
പറഞ്ഞതെന്ന് ഞാൻ കേട്ടില്ല..

'ജാതിയും മതവുമെന്ന് ' അത്
പുച്ഛിച്ച് ചിരിച്ചപ്പോൾ -ഞാൻ;
ക്ലാസിലെ കുട്ടികളുടെ
ജാതി തിരിച്ചുള്ള ലിസ്റ്റ്
(അന്ന് ഓഫിസിൽ കൊടുക്കാനുള്ളത്)
തയ്യാറാക്കുന്ന തിരക്കിലായിരുന്നു..

'മതേതര ഇന്ത്യയെന്നും
സ്വതന്ത്ര പൗരനെന്നും '
അത് രോഷം കൊണ്ടപ്പോൾ,
തലേന്ന് ജാതിക്കണക്കെടുത്ത
അതേ ക്ലാസിൽ,
'ഒരു ജാതി, ഒരു മതം,
ഒരു ദൈവം മനുഷ്യന്'' എന്ന
ഗുരുവാക്യം ഞാൻ ബോർഡിൽ
എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.. !

Share :