Archives / October 2018

നൗഷാദ് റഹിം മന്നയിൽ
ഊന്നുവടി


ഊന്നുവടി
----






എന്നെ
കാണാനില്ലാത്ത
നേരം മാത്രം
ചോദിക്കാറുണ്ട്
നീയെന്നെ

"എന്റെ
ഊന്നുവടിയെവിടേ " -
യെന്ന്

കയ്യിൽ
കിട്ടിയാൽ പിന്നെ
മുഖത്തൊന്നു
നോക്കാറുപോലുമില്ല

എന്നെ
കുത്തിപ്പിടിച്ചു
നടക്കുന്നേരം
ഞാൻ നിന്നെ
തോളിലേറ്റി
നടക്കുകയാണെന്ന്
ആത്മഹർഷം
കൊള്ളാറുണ്ട്

ചിലപ്പോഴെങ്കിലും
ഈ നടപ്പ്
രണ്ട് യുവമിധുനങ്ങൾ പോലെ
കൈ പിടിച്ചുള്ള
കനമില്ലാത്ത
യാത്രയാവണമെന്ന്
കൊതിച്ചു പോവാറുണ്ടെന്ന്
നീ
അറിയാത്തതെന്തേ?

എന്റെ
കണ്ണുകളിലേക്ക്
നോക്കി
ചില കുറുകിയ
വാക്കുകൾ
നിന്റെ ചുണ്ടുകളിൽ
വിടർന്നാൽ
മതി
ആ പ്രണയമഴ
പെയ്തിറങ്ങുവാൻ

ഒരു വാക്കു പോലും
മിണ്ടാതെയുള്ള
നിന്റെയീ
യാത്രയിലെപ്പഴോ
എന്റെ
തോൾ വിട്ടു് പോയാൽ
എനിക്കെത്ര
സങ്കടമുണ്ടാവുമെന്നോ?

പിന്നെ
ഒരു
വെറും കൊള്ളിയായ്
ഏതെങ്കിലുമൊരു
അടുപ്പിൽ
എരിഞ്ഞടങ്ങണേ
എന്നാവുമെന്റെ
പ്രാർത്ഥന

Share :