Archives / October 2018

രൺജിത്ത്
മായ്ച്ച് വരയ്ക്കുന്ന ചിത്രങ്ങൾ

മായ്ച്ച് വരയ്ക്കുന്ന ചിത്രങ്ങൾ …………………………………
നനഞ്ഞ ഗോതമ്പ് മാവ് ആവിയിൽ വേവുന്ന മണം അടുക്കളേന്ന് പൊങ്ങി വീട് മുഴുവൻ പടർന്നു . നനവ് മാറാത്ത മടലുകൾ അടുപ്പിലോട്ട് ഉന്തി വെച്ച് പെണ്ണമ്മ ആരെയെക്കെയോ മനസിൽ പ്രാകിക്കൊണ്ട് ഊതി വീണ്ടും തീപിടിപ്പിച്ചു . വാതുക്കൽ തല നീട്ടിവെച്ച് മയങ്ങിക്കിടന്ന ടൈഗർപട്ടി തലയൊന്ന് ഉയർത്തി മണം പിടിച്ചിട്ട് മടുപ്പോടെ വീണ്ടും ഉറക്കം തുടർന്നു . ആ നേരത്താ ജോസ് പറമ്പിലെ കക്കുസീന്ന് കാര്യം സാധിച്ച് പുറത്തേക്കിറങ്ങിയത് . എരിഞ്ഞ് തീർന്ന ബീഡി വലിച്ചെറിഞ്ഞ് , പായൽ പിടിച്ച് മഞ്ഞനിറമായ അലൂമിനിയം കുടം താഴെ വെച്ച് , നരച്ച കൈലിയിൽ കൈ തുടച്ചപ്പോഴാ ഒരു വിളി കേട്ടത് .

"ജോസച്ചായോ.......''

ജോസും ടൈഗരും ഒരുമിച്ച് വാതുക്കലോട്ട് തലപൊക്കി നോക്കി . തെക്കേതിലെ രാമനായിരുന്നു . കൈയ്യിൽ തേഞ്ഞ് തീരാറായ ഒരു ജോഡി റബർ ചെരുപ്പുമായി കടമ്പ കടന്ന് അയാൾ അകത്തേക്ക് വന്നു . ജോസ് അറിയാതെ കുനിഞ്ഞ് ശൂന്യമായ തന്റെ കാലിലേയ്ക്ക് നോക്കി .

"ജോസച്ചായന്റെ ചെരുപ്പല്ലെ ഇത് ?“

ജോസിന്റെ അടുത്തു വന്ന് ഒച്ച താഴ്ത്തി രാമൻ ചോദിച്ചു.

'ഇന്നലെ വെപ്രാളത്തിൽ ചെരുപ്പിടാൻ മറന്നതാ “

ഒന്നും മിണ്ടാതെ നിന്ന ജോസിന്റെ കാലിന്റെ അടുത്ത് ചെരുപ്പിട്ടിട്ട് രാമൻ ചെറുചിരിയോടെ തിരിഞ്ഞ് നടന്നു. ജോസ് നിലാവത്ത് പെട്ട കോഴിയെപ്പോലെ ഉഴറി നിന്നിട്ട് തിരിച്ച് കക്കൂസിലോട്ട് തന്നെ നടന്നു .

രാവിലെ പാറ്റക്കാട്ടം മണക്കുന്ന ഒരു കട്ടൻ കാപ്പിയിൽ തുടങ്ങി, രാത്രി ഗോതമ്പു പുട്ടിലോ , ഒറോട്ടിയിലോ തീരുന്ന ജോസിന്റെ ദിവസങ്ങൾ. രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ മുട്ടം പള്ളിക്കാരുടെ പലചരക്ക് കടയിൽ എടുത്ത് കൊടുപ്പ്. ചാക്കുമണം നിറഞ്ഞ് ചാക്കുപോലെ നരച്ചുപോയി ജോസ് . പെണ്ണമ്മേടെ ഭാഷേ പറഞ്ഞാ

“ മുക്കാൽ ചക്രത്തിന് ചെരയ്ക്കാൻ നടക്കുന്നവൻ , എങ്ങനാടാ ഒരുത്തി നിന്റെ കൂടെ പൊറുക്കുന്നത്? ഒരുത്തിയെ മിന്ന് കെട്ടി കൊണ്ട് വന്നതല്ലെ , അവൾ എങ്ങനെ പൊറുക്കും നിന്റെ കൂടെ? അവള് മിടുക്കിയാ നല്ല ചൊണയുള്ളവന്റെ കൂടെ പോയി. നീയിങ്ങനെ ചാക്കുമണം പിടിച്ച് നടക്കത്തേ ഒള്ളു . എന്റെ കർത്താവേ ഇവന് വെച്ചൊണ്ടാക്കി കൊടുത്ത് തീരും എന്റെ ജീവിതം “

ഇത് കേട്ടുകേട്ട് ജോസിന്റെ ചെവി തഴമ്പിച്ചു .

മേഴ്സിയെ മിന്നുകെട്ടി കൊണ്ട് വരുമ്പോ ജോസിന് 35 വയസ്, മേഴ്സിക്ക് 26 ഉം. അവടെ അപ്പനും അമ്മയും ചത്തേപ്പിന്നെ അവളുടെ എളേപ്പന്റെ വീട്ടിലാരുന്നു മേഴ്സി . എങ്ങനേങ്കിലും അവളെ തലേന്ന് ഒഴിപ്പിക്കാൻ വേണ്ടി കെട്ടിച്ച് വിട്ടതാ ജോസിന്റെ കൂടെ . അവളാണങ്കിലോ 'ആരുണ്ടടാ പോരിന് വാടാ' എന്ന മട്ടിലാ നോക്കും നടപ്പും. പെണ്ണുകാണാൻ ചെന്നപ്പോഴേ അവളുടെ നോട്ടത്തിനു മുന്നിൽ ചൂളിപ്പോയതാ ജോസ് . ബസ്റ്റാന്റിലെ ലാസറിന്റെ കടേന്ന് ഒളിച്ച് വാങ്ങുന്ന "സ്റ്റണ്ടും , തേൻ തുള്ളിയും, മണിമുത്തും'' നിരത്തിയിട്ടതിന്റെ മേളിൽ കിടക്ക വിരിച്ചാ ജോസ് കിടക്കുന്നത് . സരസുവും , മൃദുലച്ചേച്ചിയും , തങ്കവുമെക്കെ എന്നും രാത്രികളിൽ കിടക്കയ്ക്കടിയിൽ നിന്നും ഇറങ്ങി ജോസിന്റെ കൂടെ തിമിർത്തിട്ടാ ഉറങ്ങാറ് . അങ്ങനെ ജോസിന്റെ വിയർപ്പും വികാരങ്ങളും വിണ്, വിഴുപ്പുമണം നിറഞ്ഞ് പിഞ്ചിയ കിടക്കയിലേയ്ക്കാ മേഴ്സി വന്നത് . ആ മടുപ്പിക്കുന്ന വിഴുപ്പുമണവും , ജോസിന്റെ ചാക്കുമണവും മേഴ്സിയെ ആദ്യം തന്നെ മടുപ്പിച്ചു . പിന്നെ മേഴ്സിയുടെ കുതിപ്പിൽ ഒപ്പമെത്താനാവാതെ തോറ്റുപോയ ജോസും അവളെ മടുപ്പിച്ചു . പിന്നെ ഒരിക്കലും അവളുടെ കണ്ണിൽ നോക്കാൻ പറ്റിയിട്ടില്ല ജോസിന് . ഒടുക്കം നൈറ്റി വിൽക്കാൻ വന്ന ഒരുത്തന്റെ കൂടെ ചാടിപ്പോയി, അവൾ . ജോസിന്റെ കിടക്കയ്ക്കടിയിൽ നിന്നും സരസുവും , മുദലച്ചേച്ചിയുമെക്കെ വീണ്ടും രാത്രി പുറത്തിറങ്ങിത്തുടങ്ങി .

പേരപ്പന്റെ മോള് ആൻസമ്മേടെ കൊച്ചിന്റെ മാമ്മോദീസേടെന്നാ അത് നടന്നത് - മാമ്മോദീസാ കഴിഞ്ഞ് ആൻസമ്മേടെ വീട്ടിൽ ചെന്നപ്പോ അവടെ കെട്ടിയോൻ ആന്റപ്പൻ നല്ല മിലിട്ടറി റമ്മെടുത്ത് വെച്ചത്, പോത്തെറച്ചി ഒലത്തിയതും.

ജോസ് മടമടാന്ന് എടുത്തങ്ങടിച്ചു . പിന്നെ അൻസമ്മേടെ എളേയാങ്ങള ടോമിച്ചന്റെ വണ്ടീടെ പുറകിലിരുന്ന് വീട്ടിൽ വന്നതേ ജോസിന് ഓർമ്മയുള്ളു . പിന്നെ ഇരുട്ട് മാറി വെളിച്ചം തെളിഞ്ഞപ്പം മേഴ്സി കട്ടിലിൽ കിടക്കുന്നതാ കണ്ടത് . അഴിച്ചിട്ട, നീളം കുറഞ്ഞ, ചുരുണ്ട മുടി; മേൽചുണ്ടിനു മുകളിൽ വിയർപ്പ് പൊടിഞ്ഞിരിക്കുന്നു , മെഴുമെഴാന്നുള്ള ഇളം കറുപ്പുനിറത്തിൽ അവളങ്ങനെ നിറഞ്ഞു കിടന്നു. എന്നിട്ട് കൈ രണ്ടും നീട്ടി അവൾ ജോസിനെ വിളിച്ചു "വാ അച്ചായാ.....“

ജോസ് പുറകോട്ട് നടന്നു, മേഴ്സി എഴുന്നേറ്റ് ജോസിന്റെ അടുത്തേക്കും. ജോസ് പിന്നെ പുറകോട്ട് കാലെടുത്ത് വെച്ചതും കട്ടളപ്പടിയിൽ തട്ടി മലർന്നടിച്ചു വീണു. മേഴ്സി ചിരിച്ചോണ്ട് ജോസിന്റെ മേലേയ്ക്ക് വീണു .......

"അയ്യോ “

ജോസ് ഞെട്ടിയുണർന്നു . ഒരു കറുത്ത പൂച്ച ജോസിന്റെ നെഞ്ചത്ത് ചാടി ജനലിലൂടെ ഇറങ്ങിപ്പോയി .

"ഹോ സ്വപ്നമായിരുന്നോ!''

ജോസ് കട്ടിലിൽ എഴുന്നേറ്റിരുന്നു . തട്ടിൻപുറത്ത് പിന്നെയും ബഹളം .

"ഈ പണ്ടാരം പിടിച്ച പൂച്ചകൾ ഒറങ്ങാനും സമ്മതിക്കില്ല”

പിറുപിറുത്തോണ്ട് ജോസ് സ്റ്റൂൾ എടുത്തിട്ട് തട്ടിന്‍പുറത്തേക്ക് കയറി . ഒരു ചക്കിപ്പൂച്ചേടെ പുറത്ത് ഒരു കണ്ടൻ; ചീറ്റലും കടിയും ബഹളവും . ജോസിനെക്കണ്ടതും രണ്ടും ഇറങ്ങിയോടി . രണ്ടുമൂന്ന് ഓടുകൾ പൊട്ടിയിരിപ്പുണ്ട്. ജോസ് പൊട്ടിയ രണ്ട് ഓടുകൾ ഇളക്കി മാറ്റി, തല അത് വഴി പുറത്തേക്കിട്ടു. കണ്ണ് നേരെ ചെന്നുവീണത് തെക്കേത്തിലെ രാമന്റ മറപ്പുരേലാ . ഒറ്റ തോർത്ത് അരയിലുടുത്ത് തലയിൽ വെള്ളം കോരിയൊഴിച്ച് നിവരുന്ന ചന്ദ്ര . ജോസിന്റെ ശ്വാസം നിലച്ച് പോയി . എളേപ്പന്റെ വീട്ടിലെ കടഞ്ഞെടുത്ത ഈട്ടിക്കട്ടിലിന്റെ മുഴപ്പുകൾ പോലെ, വെള്ളം നനഞ്ഞ ചന്ദ്രയുടെ ദേഹം തിളങ്ങി . നനഞ്ഞ മുടി കൊടെഞ്ഞ് നിവർന്ന ചന്ദ്ര നേരേ നോക്കിയത് ജോസിന്റെ അന്തം വിട്ട കണ്ണിലേയ്ക്കാ .

"കർത്താവേ അവള് കണ്ടന്നാ തോന്നുന്നേ”

സ്വയം പറഞ്ഞോണ്ട് തല ഒരു വിധം അകത്താക്കി തട്ടിൻ പുറത്തുന്ന് ചാടിയിറങ്ങി, അയാൾ . അന്നുരാത്രി സരസുവും മൃദുലച്ചേച്ചിയും ഒന്നും കിടക്കയ്ക്കടിയിൽ നിന്നും പുറത്തിറങ്ങീല്ല, പകരം കടഞ്ഞെടുത്ത ഈട്ടിത്തടിയുടെ മിനുമിനുപ്പോടെ ചന്ദ്ര വന്നു...... .

പിറ്റേന്ന് രാവിലെ പല്ലും തേച്ചോണ്ട് വെള്ളമെടുക്കാൻ പൈപ്പിൻ ചോട്ടിൽ ചെന്നപ്പോ, ചന്ദ്രയെക്കണ്ട് ജോസ് നടപ്പ് പതുക്കെയാക്കി . അയാൾ വരുന്നത് കണ്ട് കുടം നെറഞ്ഞിട്ടും ചന്ദ്ര പോവാതെ നിന്നു .

"എപ്പം തൊടങ്ങിയതാ ഈ പരിപാടി , കൊറെ നാളായോ”

കുടം എടുത്ത് എളിയിൽ വെച്ചോണ്ട് ചന്ദ്ര ചോദിച്ചു

" എന്തുവാ ചന്ദ്രേ?“

ജോസ് മനസിലാവാത്ത പോലെ ചോദിച്ചു

"ഓ പാവം , ഒന്നും അറിയത്തില്ലെ.... ഞാൻ കണ്ടു, ഇന്നലെ ഞാൻ കുളിച്ചപ്പം പെരപ്പുറത്തുന്ന് നോക്കുന്നത്, കള്ളൻ..... "

"അയ്യോ അത് ഞാൻ പൂച്ചയേ ഓടിക്കാൻ തട്ടിൻപുറത്തു കയറിയതാ''

" ശരി ശരി , എന്നാലും ഇത്ര കൊതിയാണോ “

ചന്ദ്ര അർത്ഥം വെച്ച് മൂളിക്കൊണ്ട് വീട്ടിലോട്ട് നടന്നു . ജോസിന്റെ ശ്വാസം അപ്പഴാ നേരെ വീണത് . ആ രാമനോടെങ്ങാനം അവൾ പറഞ്ഞിരുന്നേൽ തീർന്നേനെ. എന്നാപ്പിന്നെ തെറി പറഞ്ഞ് നാറ്റിച്ചേനെ. ഒഴിഞ്ഞ കുടവുമായി ചന്ദ്ര വീണ്ടും വന്നു . കുനിഞ്ഞ് കുടം താഴെ വെച്ചപ്പം നൈറ്റിയുടെ മുന്നിലൂടെ അച്ചിൽ വാർത്ത പോലുള്ള കറുപ്പിന്റെ ഇളകിയാട്ടം .

'' കർത്താവേ..... “ ജോസ് മനസിൽ വിളിച്ചു

അയാളുടെ കണ്ണുകൾ ചന്ദ്ര കണ്ടു പിടിച്ചു

" കണ്ടോ കണ്ടോ , കുറക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെയാ....“

ജോസിന് മിണ്ടാട്ടം മുട്ടിപ്പോയി.

അയാൾ വെള്ളം എടുത്തോണ്ട് വേഗം നടന്നു. കടമ്പയ്ക്കടുത്തെത്തി ഒന്ന് തിരിഞ്ഞ് നോക്കിയപ്പം ചന്ദ്ര കണ്ണടച്ചു കാണിച്ചു ചിരിച്ചു. പിന്നെ വന്ന രാത്രികളിലെല്ലാം സരസുവും മൃദുലച്ചേച്ചിയുമെക്കെ വിശ്രമിച്ചു. പകരം ചന്ദ്ര നിറഞ്ഞാടി .

കുര്‍ബാന കഴിഞ്ഞ് മുക്കിന് പോയി പോത്തിറച്ചിയും വാങ്ങി വന്ന ഒരു ഞായറാഴ്ച്ച ആയിരുന്നു അന്ന്. മിഥുനത്തിലെ മഴ ചാറിച്ചാറി നിന്നു . നേരം ഒമ്പത് കഴിഞ്ഞെങ്കിലും ഇരുണ്ടു മൂടിക്കിടന്നു, പകൽ. ജോസ് ഇറച്ചിപ്പൊതിയുമായി വരുന്നത് കണ്ടപ്പോഴേ ടൈഗർ ഓടിച്ചെന്ന് അയാളുടെ ചുറ്റും വാലാട്ടി നടക്കാൻ തുടങ്ങി . പെണ്ണമ്മ തിണ്ണേലിരുന്ന് ഒരു ചക്ക പറിക്കുന്നുണ്ടായിരുന്നു, തൂണും ചാരി ചന്ദ്രയും .....

"നല്ല വരിയ്ക്കയാണല്ലോ , എവിടുന്നാ?”

ചുളയൊരെണ്ണം എടുത്ത് നോക്കീട്ട് മുറത്തിലോട്ട് തന്നെയിട്ടു, ജോസ്.

"ദേ ഇവള് തന്നതാടാ ജോസേ “

''രാമൻ ചേട്ടൻ ഇന്നലെ ആ നായരുടെ വീട്ടിൽ വേലി കെട്ടാൻ പോയപ്പം കൊണ്ടുവന്നതാ “

ജോസ് ഇറച്ചിപ്പൊതി പെണ്ണമ്മയ്ക്ക് വെച്ചുനീട്ടി.

"ഇതകത്തോട്ട് വെച്ചേക്ക് “

"എടീ നീ പോവല്ലെ , ഞാനിപ്പം വരാം “

പെണ്ണമ്മ അകത്തോട്ട് കയറി.

ടൈഗർ അടുക്കളപ്പുറത്തോട്ട് ഓടി .

"ചക്ക തിന്നുന്നില്ലെ”

ചന്ദ്ര ഒരു ചൊളയെടുത്ത് ജോസിന് നീട്ടി.

"വേണ്ട വായു കയറും “

'’ പിന്നെ ഇങ്ങനെ കണ്ട് കൊതി തീർത്താ മതിയോ , തിന്നണ്ടെ”

തന്റെ നെഞ്ചത്ത് ഒടക്കി നിൽക്കുന്ന ജോസിന്റെ കണ്ണിലോട്ട് നോക്കി ചന്ദ്ര ചോദിച്ചു

"വേണം'’ജോസ് പറഞ്ഞു.

അപ്പോഴേയ്ക്കും പെണ്ണമ്മ ഇറങ്ങി വന്നു .

''എടാ അടുക്കളേ പുട്ട് പുഴുങ്ങി വെച്ചിട്ടുണ്ട്, കട്ടൻ അനത്തിയത് കലത്തിൽ മൂടി വെച്ചിട്ടുണ്ട്. എടുത്ത് തിന്നോ “

ടൈഗർ പട്ടി നിരാശയോടെ വന്ന് ചെള്ള് ചൊറിഞ്ഞ് കിടന്നു .

പോത്തിറച്ചീം കൂട്ടി ചോറുണ്ട് ഒന്ന് മയങ്ങാൻ കിടന്നതാ ജോസ് . അലുമിനിയം കുടം കൂട്ടിമുട്ടുന്ന ഒച്ച കേട്ടാ അയാള് ചാടി എഴുന്നേറ്റത് . ചന്ദ്ര പൈപ്പിന്‍ചോട്ടിൽ വരുമ്പോ കൊടുക്കുന്ന സിഗ്നലാ അത് . ജോസ് ഒരു ബക്കറ്റും എടുത്തോണ്ട് പൈപ്പിന്‍ചോട്ടിലോട്ട് ചെന്നു . ചന്ദ്ര കൊടം പൈപ്പിന്‍ചോട്ടിൽ വെച്ച് കുനിഞ്ഞ് നിൽക്കുന്നു . വാടാ മുല്ല നിറത്തിലെ നൈറ്റിയുടെ മുന്നിലുടെ പാതി തെളിഞ്ഞ കറുപ്പിന്റെ കൊതിപ്പിക്കുന്ന നിറവിൽ കണ്ണുടക്കി ജോസ് നിന്നു. .

"ങാ ഇങ്ങനെ നോക്കി വെള്ളമിറക്കത്തെ ഒള്ളന്നാ തോന്നുന്നത് “

"അതെന്താടി ചന്ദ്രേ നീയങ്ങനെ പറഞ്ഞത് ?“

"പിന്നെ എത്ര നേരമായിട്ട് ഞാനീ കൊടോം എടുത്തോണ്ട് തേരാ പാരാ നടക്കുന്നു , ഒരു കാര്യം പറയാൻ! “

" എന്തുവാടീ കാര്യം?”

"ഓ പറഞ്ഞിട്ട് വല്യം കാര്യമുണ്ടന്ന് തോന്നുന്നില്ല, ചുമ്മാതല്ല ആ മേഴ്സി ആ നൈറ്റിക്കാരന്റെ കൂടെ പോയത് “

"പിന്നേ....നീ അത് വിട് , കാര്യം പറയടി”

"രാമൻ ചേട്ടൻ രാത്രി വീശാൻ പോവുന്നുണ്ട് ഇന്ന്. പോയാപ്പിന്നെ വെളുപ്പിനെങ്ങാനേ വരത്തൊള്ളു. വരാവോ രാത്രീ?“

ജോസിന്റെ അടിവയറ്റീന്ന് ഒരു തീ മേലോട്ട് കയറി, എന്നിട്ടും അയാൾ തലയാട്ടിപ്പറഞ്ഞു.

" വരാം.”

" ഞാൻ ലൈറ്റ് കെടുത്തുമ്പം വന്നാ മതി , പേടിയുണ്ടേ വരണ്ട .....“

അവൾ ചുണ്ട് കോട്ടിപ്പറഞ്ഞിട്ട് കൊടവും എടുത്തോണ്ട് നടന്നു

" ഇല്ലടി ഞാൻ വരാം “

പണ്ട് കക്കാനീറ്റുന്ന ചൂളേ കുറച്ച് നാള് പണിക്ക് പോയിട്ടുണ്ട് ജോസ്. ചൂട് സഹിക്കാഞ്ഞ് നിർത്തിയതാ . അന്നത്തെ ആ ചൂട് പെരുവിരലീന്ന് കത്തിപ്പിടിക്കും പോലെ . എങ്ങും ഇരിപ്പുറയ്ക്കാതെ നടന്നു ജോസ് . മിഥുനത്തിലെ മഴ മുറുകിയും അയഞ്ഞും പെയ്തെങ്കിലും ജോസിന്റെ പൊകച്ചിൽ ഒട്ടും കുറഞ്ഞില്ല . ടൈഗർ പട്ടി എന്തോ പന്തികേട് മണത്ത് അയാളുടെ പുറകേ നടന്നു .

സന്ധ്യ കഴിഞ്ഞപ്പോത്തന്നെ ജോസ് മുറിയ്ക്കകത്ത് കയറിക്കിടന്നു . ജനല് തുറന്നിട്ടാൽ രാമന്റെ ഓലഷീറ്റിട്ട വീട് കാണാം. പനമ്പ് കൊണ്ട് മറച്ച ചുമരുകൾ . മുന്നിലെ ഒരു ചെറിയ ജനല് ഒരു അടയ്ക്കാ വാരിക്കഷ്ണം കൊണ്ട് പൊക്കി വെച്ചിട്ടുണ്ട് . വാതുക്കലെ തെങ്ങേൽ രാമന്റെ വല തൂങ്ങിക്കിടപ്പുണ്ട്‌ . ഇടയ്ക്ക് ചന്ദ്ര ഒന്നുരണ്ട് വട്ടം പുറത്തിറങ്ങി ഇങ്ങോട്ട് നോക്കിയപോലെ ജോസിന് തോന്നി . നേരമിരുട്ടി. ഒമ്പത് കഴിഞ്ഞപ്പോ പെണ്ണമ്മ ജോസിനെ ചോറുണ്ണാൻ വിളിച്ചു .

" വേണ്ടമ്മച്ചീ.... വായു കേറീന്നാ തോന്നുന്നത് “

പെണ്ണമ്മ ചോറുണ്ടിട്ട് കൊറച്ച് ചോറും എറച്ചീടെ എല്ലും കൂടെ ടൈഗറിന് വെച്ച് കൊടുത്തിട്ട് കയറിക്കിടന്നു . ഒമ്പതര കഴിഞ്ഞപ്പോ രാമൻ ഒരു കുടവും വലയും എടുത്ത് മൂന്ന് ബാറ്ററീടെ ടോർച്ചും തെളിച്ച് ഇടവഴീലൂടെ പടിഞ്ഞാറോട്ട് നടന്നു. ഒരു കരിങ്കല്ല് നെഞ്ചത്ത് ഇരിക്കുംപോലെ....ജോസ് ജനലിലൂടെ നോക്കിക്കിടന്നു . പതിനൊന്ന് ആയപ്പോ രാമന്റെ വീട്ടിലെ ലൈറ്റ് അണഞ്ഞു . ജോസിന്റെ കൈയ്യും കാലും വെറച്ച് തുടങ്ങി . അയാൾ പുറത്തിറങ്ങി ഇരുട്ടത്ത് രാമന്റെ വീടിന്റെ മുന്നിലെത്തി . അയാളുടെ പുറകിൽ ടൈഗറിന്റെ അണപ്പിന്റെ ഒച്ച മാത്രം . വാതിലിനടുത്തെത്തി ജോസ് ആദ്യം ചന്ദ്രേ എന്ന് വിളിച്ചിട്ട് ഒച്ച പുറത്ത് വന്നില്ല. പിന്നെ പലകക്കതകിൽത്തട്ടി. പതിഞ്ഞ സ്വരത്തിൽ മറുപടി വന്നു.

“കയറിപ്പോര് .....“

കതക് തള്ളിത്തുറന്ന് ജോസ് അകത്തോട്ട് കയറി. ഒരു മണ്ണണ്ണ വിളക്കിന്റെ പുകവെട്ടത്തിൽ ചന്ദ്ര പായവിരിച്ച് താഴെ ഇരിക്കുന്നു .

…………….

ചെറിയ മഴച്ചാറ്റൽ ഉണ്ടായിരുന്നു . മോട്ടറ് തറയുടെ മുന്നിൽ നിന്ന് രാമൻ രണ്ട് കൈ വലവീശി. കാര്യമായിട്ട് ഒന്നുമില്ല. അഞ്ചാറ് കുഞ്ഞ് ഊത്തപ്പരലുകൾ. കുടവും പിടിച്ചുനിന്ന കുഞ്ഞാപ്പി ഒരു ബീഡി കത്തിച്ചു .

" രാമൻ ചേട്ടോ.... ഇവിടെ നിന്നിട്ട് കാര്യമില്ലന്ന് തോന്നുന്നു. നമ്മുക്കാ കലുങ്കിന്റെ അപ്പുറത്ത് പോയി നോക്കിയാലോ.... “

രാമൻ വലമടക്കി കൈത്തണ്ടിലിട്ടു.

" ഡാ.... ഒരു ബീഡി യിങ്ങു തന്നേ..... “

ബീഡി കത്തിച്ച് ഇരുട്ടിലേയ്ക്ക് പുകയൂതി രാമൻ നടന്നു.

" എന്നാ വാടാ...... കലുങ്കിന്റെ അപ്പറത്ത് നോക്കാം. “

മോട്ടറ് തറയിൽ നിന്നും കലക്കവെള്ളം തോട്ടിലുടെ കുതിച്ചൊഴുകി . അതിലും കറുത്ത് കലങ്ങിയ ഇരുട്ട് അവരെ മൂടിനിന്നു . അതിലേയ്ക്ക് ടോർച്ചുതെളിച്ച് കുഞ്ഞാപ്പി മുമ്പേ നടന്നു . ചുണ്ടിലിരുന്ന് എരിയുന്ന ബീഡി പോലെ വീട്ടിലെ കാര്യം രാമന്റെ ഉള്ളിൽ എരിഞ്ഞ്കൊണ്ടിരുന്നു .

" ജോസ് വന്ന് കാണുമോ...''

രാമൻ ചന്ദ്രയെ കെട്ടുന്നത് അയാളുടെ തിളയ്ക്കുന്ന പ്രായത്തിലാ . തെങ്ങേൽ ഓടിക്കയറിയിരുന്ന കാലം . രാമൻ അന്നെക്കെ പത്തമ്പത് തെങ്ങേൽ പുഷ്പം പോലെ കേറിയെറങ്ങീരുന്നു . വിരിഞ്ഞ നെഞ്ചും, ഉറച്ച കൈകാലുകളും , തഴമ്പ് വീണ് ഇരുമ്പുപോലെയായ കൈപ്പത്തികളും..... അയാളുടെ വിരലുകൾ മേത്ത് തൊടുമ്പോ കരിങ്കല്ലുകൊണ്ട് തൊടും പോലെയാ ചന്ദ്രക്ക് തോന്നിയിരുന്നത് . പിന്നെപ്പിന്നെ അവളാ കരുത്ത് ആസ്വദിച്ചുതുടങ്ങി . രാമന്റെ ഭാഷേപ്പറഞ്ഞാ പുതുമഴക്ക് ചെടച്ച് ചാടിക്കേറി വരുന്ന ചെമ്പല്ലിപോലെയാ ചന്ദ്ര . ചെടച്ചോണ്ടിരിക്കും, പിടി തരാതെ . തെങ്ങിന്റെ മണ്ടേ വരെ കയറും . തെങ്ങിനെ മെരുക്കുന്ന പോലെ ചന്ദ്രയും മെരുങ്ങി ഒരു പരലു പോലെ രാമന്റെ നെഞ്ചിൽ കിടന്നു, പക്ഷേ അവൾ പെറ്റില്ല.

മഴ പെയ്തൊഴിയാഞ്ഞ ഒരു കർക്കിടകത്തിലാ രാമന്റെ മരം പോലുള്ള കൈകൾ തെങ്ങേന്ന് വഴുതിയത് . പിടിവിട്ട് താഴെ വീണ് നാലഞ്ചുമാസം ആശുപത്രീലും വീട്ടിലുമായി കിടപ്പായിരുന്നു. അവിടുന്ന് എഴുന്നേറ്റങ്കിലും പിന്നെ തെങ്ങിനെ മെരുക്കാൻ രാമനായില്ല . തെങ്ങിനൊപ്പം ചന്ദ്രക്ക് മുന്നിലും രാമൻ തോറ്റുതുടങ്ങി . തോൽവി രാമൻ കള്ളുഷാപ്പിൽ തീർത്തു . അന്തിക്ക് ഒരു കുപ്പി എന്നത് മാറി രാവിലെ പുഷ്ക്കരന്റെ ഷാപ്പ് തുറക്കമ്പം തന്നെ തുടങ്ങി. പിന്നെ ദിവസം മുഴുവൻ കുടി, ഇടയ്ക്ക് ചില്ലറപ്പണി. അങ്ങനെയായി പതിവ് . കാർമേഘം മൂടിയ മാനംപോലെ ചന്ദ്ര മൂടിക്കെട്ടി നടന്നു. അടിമാനം തെളിയും പോലെ ഒരു തെളിച്ചം ചന്ദ്രയുടെ മുഖത്ത് രാമൻ ഈയിടയ്ക്കാണ് കണ്ടത് . പിന്നെപ്പിന്നെ പഴയ പോലെ ചാടിത്തുള്ളി നടക്കുന്ന ചന്ദ്രയെ രാമൻ കണ്ടു . പൈപ്പിൻചോട്ടിലോട്ടുള്ള പോക്ക് കൂടിക്കൂടി വരുന്നത് രാമൻ അറിയുന്നുണ്ടായിരുന്നു. ജോസുമായി ഇടയ്ക്ക് നിന്ന് കുശുകുശുക്കുന്നതും രാമന്റെ കണ്ണിൽപ്പെടാതിരുന്നില്ല . തെങ്ങേന്ന് കൈ തെന്നി നെഞ്ചൊരഞ്ഞ് ഇറങ്ങുമ്പോളുള്ള നീറ്റൽ . മൂന്ന് കുപ്പിക്കള്ളിൽ നീറ്റൽ മാറാഞ്ഞപ്പോ ഷാപ്പിലിരുന്ന് രാമൻ പാടി....

"സീതാദേവി സ്വയംവരം ചെയ്തൊരാ ത്രേതായുഗത്തിലെ ശ്രീരാമൻ “

ഒന്ന് നിർത്തി കേട്ടോണ്ട് ഇരുന്നവരോട് രാമൻ ചോദ്യമെറിഞ്ഞു "ആരാ.....?“

ആരോ വിളിച്ച് പറഞ്ഞു "രാമൻ.....“

''അത് തന്നെ.......

ശ്രീരാമൻ...... “

"രാമനിന്ന് പാടിത്തകർക്കുവാണല്ലോ”

ഷാപ്പിലോട്ട് കേറി വന്ന ആശാരി മുരളി പറഞ്ഞു

"എടാ നീ പാട്ടും കൊണ്ട് ആയല്ലെ “

ചൊറിച്ച് മല്ലി രാമൻ ഇറങ്ങി നടന്നു . രാമന്റെ ഉള്ളിൽ ചന്ദ്രേടെ തെളിഞ്ഞ മുഖം നിലാവ് പോലെ തിളങ്ങി. " അവടെ മുഖം അങ്ങനെ തന്നെയിരിക്കട്ടെ. ഇനി കാർമേഘം മൂടണ്ട .....“ രാമൻ മനസിലുറപ്പിച്ചു . അതിനാണയാൾ ഞായറാഴ്ച്ച രാത്രി വീശാൻ പോവുവാന്ന് നേരത്തേ ചന്ദ്രയോട് പറഞ്ഞത് .

വല വൃത്തത്തിൽ വിരിഞ്ഞ് വെള്ളിത്തിലേയ്ക്ക് താഴ്ന്നു പോയി . രാമൻ പതിയെ വല ചുരുക്കി വലിച്ച് കയറ്റി . കുഞ്ഞാപ്പി ടോർച്ച് തെളിച്ച് കുടവുമായി നിന്നു. മുഴുത്ത അഞ്ചാറ് ചെമ്പല്ലികൾ . രാമന്റെ നെഞ്ചിലൊരു ചെമ്പല്ലി ചെടച്ചു.

" രാമാ നീയിവിടെ വീശാണോ? അയലോക്കത്ത് ഒരു മരിപ്പുണ്ടായിട്ട് അറിഞ്ഞില്ലേ...... “

അപ്പുറത്തേ പാലത്തേന്ന് ഒരു ബീഡി വെളിച്ചം വിളിച്ചു ചോദിച്ചു.

"ആരാടാ അത് ?“

കുഞ്ഞാപ്പി ടോർച്ച് വെട്ടം പാലത്തിലോട്ട് നീട്ടി.

"ഞാനാ.... ചന്ദ്രനാ...... നിങ്ങടെ പടിഞ്ഞാറേതിലെ രുദ്രാണിച്ചേച്ചി മരിച്ചൂന്ന് ഇപ്പം കട്ടച്ചിറക്കാരുടെ വീട്ടിൽ ഫോൺ വന്നു, ആശുപത്രീന്ന്.ഞാനത് പറയാൻ പോവുവാ..... “

"എന്റെ തമ്പുരാനേ..... ഇപ്പം അവിടെ ആളു വന്ന് കൂടുമല്ലോ.... “

രാമൻ നെഞ്ചത്ത് കൈവെച്ച് മനസിലോർത്തു . ചെമ്പല്ലി പെറുക്കിയിടുന്ന കുഞ്ഞാപ്പിടെ കൈയ്യീന്ന് ടോർച്ചും വാങ്ങി വലയും തോളത്തിട്ട് രാമൻ വേഗം വീട്ടിലോട്ട് നടന്നു .

രാമൻ വേലീടെ പുറത്ത് ചെന്നപ്പോഴേ ടൈഗർ പട്ടി വാതുക്കൽ കിടക്കുന്നത് കണ്ടു. ജോസ് അകത്തുണ്ട്, രാമൻ ഉറപ്പിച്ചു . സാധാരണ കയറുന്ന പിൻവാതിൽ വേണ്ടന്ന് വെച്ച്, മുന്നിലെ തെങ്ങിൻചോട്ടിൽ നിന്ന് വല കുടഞ്ഞ് തൂക്കിക്കൊണ്ട് ഇത്തിരി ഒച്ചയുയർത്തി രാമൻ വിളിച്ചു.

"ചന്ദ്രേ.... “

……………

ഒമ്പത് മണി കഴിഞ്ഞപ്പോ രാമൻ വീശാൻ പോയെങ്കിലും, ചന്ദ്രയ്ക്ക് ആകെയെരു വെപ്രാളം ...... അതുവരെ വേണം വേണം എന്ന് തുടിച്ചോണ്ടിരുന്ന മനസിലൊരു പിടച്ചിൽ . രാമൻ ചേട്ടന്റെ മുഖം ഓർമ്മ വരുന്നു .” ഒത്തിരി ഇഷ്ടമാ രാമൻ ചേട്ടനെ എന്നിട്ടും . ജോസച്ചായനോട് ചുമ്മാ തോന്നിയ ഒരു രസമാ , ശ്ശോ! ഇനി എന്ത് ചെയ്യും....."

ഒടുവിൽ രണ്ടും കൽപിച്ച് പതിനൊന്നായപ്പോ ചന്ദ്ര ലൈറ്റ് കെടുത്തി. ചാറ്റമഴ ഷീറ്റിന്റെ പുറത്ത് വീഴുന്ന ഒച്ച മാത്രം കേൾക്കാം . പുറത്ത് ടൈഗറിന്റെ മുറുമുറുപ്പ്. ജോസ് വന്നത് അവളറിഞ്ഞു. അയാൾ അകത്ത് കയറിയതും അവൾ കൈപിടിച്ച് അവളുടെ അടുത്തിരുത്തി. ജോസിന്റെ കൈകൾ വിയർത്ത് തണുത്തിരുന്നു . പുറത്തെ ചാറ്റമഴയിലും അയാൾ വിയർത്തോണ്ടിരുന്നു .

"എന്താ, പേടിയുണ്ടോ അച്ചായന് ....?“

അയാൾ ഉമിനീർ ഇറക്കി മിണ്ടാതിരുന്നു . ചന്ദ്ര അയാളോട് ചേർന്നിരുന്നു. അയാളുടെ കൈയ്യെടുത്ത് അവളുടെ തോളിൽ വെച്ചു. വാഴക്കൂമ്പിന്റെ കറ മണം അവൾ നെഞ്ചിലേക്ക് ചാഞ്ഞപ്പോ അയാളറിഞ്ഞു . പെട്ടെന്നാ മുറ്റത്ത് വലമണികൾ കിലുങ്ങിയത്, ചന്ദ്രേന്നുള്ള വിളിയും! കെണിയിൽ വീണ എലിയെപ്പോലെ ജോസ് പരക്കം പാഞ്ഞു . ചന്ദ്ര അയാളെ പിടിച്ചുവലിച്ച് മുന്നിലെ വാതിൽ തുറന്ന് പുറത്തേക്ക് തള്ളി. നേരെ തെങ്ങിന്‍ചോട്ടിൽ നിന്ന രാമന്റെ മുന്നിലോട്ടാ അയാൾ ചെന്നുനിന്നത് . പക്ഷേ രാമൻ കാണാത്തപോലെ വല കുടഞ്ഞ് നിന്നു. പാതി തുറന്ന വാതിലിലൂടെ വന്ന മണ്ണണ്ണവിളക്കിന്റെ വെട്ടത്തിൽ ചന്ദ്ര അകത്ത് നിന്നും കണ്ടു , രാമൻ ജോസിനെ കണ്ടത് . ജോസ് വേലിചാടിയോടി, പുറകേ ടൈഗർ പട്ടിയും . രാമൻ വല കുടഞ്ഞ് പുറത്തുതന്നെ നിന്നു . അപ്പോഴേക്കും മരിപ്പുവീട്ടിൽ ആള് കൂടിത്തുടങ്ങി . രാമനും അങ്ങോട്ടു നടന്നു .

വല കിലുക്കം നിന്നതും രാമൻ ഉള്ളിലോട്ട് വരുന്നത് കാത്ത് വിയർത്തുനിന്നു, ചന്ദ്ര. അയാളെ കാണാഞ്ഞപ്പോ എങ്ങനെയെങ്കിലും അയാള് വന്നാ മതി എന്ന് തോന്നിയവൾക്ക് . ചന്ദ്ര പതുക്കെ പുറത്തിറങ്ങി നോക്കി , പടിഞ്ഞാറേത്തിൽ പതിവില്ലാത്ത ആളനക്കം......

അവൾ ലൈറ്റിട്ടു...... അപ്പറത്തേ മണിച്ചേച്ചി വാതുക്കൽ നിന്ന് വിളിച്ചുചോദിച്ചു .

"എടിയേ..... നീയറിഞ്ഞില്ലേ....

രുദ്രാണിച്ചേച്ചി മരിച്ചു.

ദേ... ഇപ്പം ശവം കൊണ്ട് വരും ആശുപത്രീന്ന്.....“

രാവിലെ ഛർദിയും തൂറലുമായി കൊണ്ടുപോയതാ .

" രാമൻ ചേട്ടനൊണ്ടാ..... മരിപ്പ് വീട്ടിൽ? “

"ങാ, ദേ... അവൻ നിന്ന് പന്തലിടുന്നുണ്ട് .“

ചന്ദ്ര അകത്തുകയറി ചങ്കിടിപ്പോടെ കിടന്നു . ഇടയ്ക്ക് ഒരു കാറ്റടിച്ചു, കറണ്ടും പോയി . അപ്പോഴാ രാമൻ കേറി വന്നത് .

"എടി ചന്ദ്രേ......എടീ..... അപ്പറത്ത് മരിപ്പൊണ്ടടീ ....“

അയാള് ചന്ദ്രയെ കുലുക്കിവിളിച്ചു. അവള് തിരിഞ്ഞുകിടന്ന് രാമന്റെ മുഖത്തോട്ട് നോക്കി. അയാള്‍ തീപ്പെട്ടയുരച്ച് മൂലയ്ക്കിരുന്ന മണ്ണണ വിളക്ക് കത്തിച്ചു . മങ്ങിയ വെട്ടത്തിൽ ചന്ദ്രേടെ കലങ്ങിയ കണ്ണുകൾ .......

"നീ കരയുവാണാടീ , പോട്ടെടി ....സാരമില്ല “

അയാൾ അവളുടെ തലയിൽ തടവി . പുറത്ത് മഴ ആർത്തലച്ച് പെയ്ത് തുടങ്ങി . ചന്ദ്ര ഒരു വലിയ കരച്ചിലോടെ അയാളുടെ നെഞ്ചിലേയ്ക്ക് വീണ് മട വീണ പോലെ കരഞ്ഞുകൊണ്ടിരുന്നു . അയാളുടെ നെഞ്ചിലെ മായാത്ത തഴമ്പുകൾ ചിറകെട്ടി നിന്നു . കണ്ണീര് വീണ് കുതിർന്ന ആ നെഞ്ചിൽ കിടന്നവൾ ഉറങ്ങി .

രാമൻ രാവിലെ ഉണർന്നപ്പോ പുറത്ത് മുറ്റമടിക്കുന്ന ഒച്ച കേട്ടു . അയാൾ കണ്ണുതിരുമ്മി പുറത്തേക്കിറങ്ങി. മരിപ്പുവീട്ടിലോട്ട് ആളുകൾ പോവുന്നുണ്ട് , വാതുക്കൽ കൂടെ . രാമനെക്കണ്ടതും വാതുക്കൽ കിടന്ന ഒരു ജോഡി റബർ ചെരുപ്പെടുത്ത് ചന്ദ്ര രാമന് നേരെ നീട്ടി .

"ഇതങ്ങേരുടതാ .....

കൊണ്ടക്കൊടുത്തേക്ക്.....''

രാമൻ ചെരുപ്പും വാങ്ങി കടമ്പ കടന്ന് നടന്നുപോവുന്നതുംനോക്കി

ഇത്തിരി നേരം നിന്നിട്ട് ചന്ദ്ര ബാക്കി മുറ്റം അടിച്ചുതുടങ്ങി .

Share :