Archives / November 2017

അനൂപ് കൃഷ്ണൻ
കണക്കിന്റെ കളിത്തോഴനുമായി ഒരു മുഖാമുഖം

അനന്തവും അജ്ഞാതവുമായ ഗണിത ലോകത്തിലേയ്ക്ക് വിദ്യാര്‍ത്ഥികളെ കൈപിടിച്ചു കയറ്റിയ ഗുരുഭൂതനാണ് ശ്രീ പളളിയറ ശ്രീധരന്‍മാഷ്. അദ്ദേഹത്തെ പരിചയപ്പെടാനും പരിചയപ്പെടുത്താനും ലഭിച്ച അവസരം അമൂല്യമായി ഞാന്‍ കരുതുന്നു. അദ്ദേഹത്തെ കാണാനായി കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിലേയ്ക്ക് മുല്ലശ്ശേരി സാറുമൊത്ത് ഞാന്‍ കടന്നു ചെല്ലുമ്പോള്‍ മനസ്സ് ശൂന്യമായിരുന്നു. ശ്രീധരന്‍മാഷ് സൗമ്യ ഭാവത്തില്‍ ഞങ്ങളെ സ്വീകരിച്ചിരുത്തി. അദ്ദേഹത്തിന്‍റെ മനസ്സിന്‍റെ വാതായനങ്ങള്‍ തുറക്കാന്‍ ഞാന്‍ ചോദ്യങ്ങള്‍ ചിട്ടപ്പെടുത്തി. എന്‍റെ ആദ്യ ചോദ്യം പളളിയറമാഷിനെ തന്‍റെ ബാല്യകാല സ്മരണകളില്‍ കൂട്ടികൊണ്ടു പോയി.

കുട്ടിക്കാലത്ത് ഗണിതശാ സ്ത്രത്തില്‍ ആക്യഷ്ടനാകാനുളള കാരണം അദ്ദേഹം വ്യക്തമാക്കി. 1950 ജനുവരി 17ന് കണ്ണൂര്‍ ആയിരുന്നു മാഷ് ജനിച്ചത്. മാഷിന്‍റെ അച്ഛന് കണ്ണൂരില്‍ ചായക്കട ആയിരുന്നുവെന്നും ആ കട തന്നെയാണ് അദ്ദേഹത്തെ കണക്കിന്‍റെ ലോകത്തേയ്ക്ക് കൈപിടിച്ചു കയറ്റിയതെന്നും ഇതു തന്നെയാണ് അദ്ദേഹത്തിന്‍റെ പ്രഥമ വിദ്യാലയമെന്നും അഭിമാനത്തോടെ അദ്ദേഹം സ്മരിച്ചു. മറ്റു കുട്ടികള്‍ ഹരിശ്രീ എഴുതി പഠനം തുടങ്ങിയപ്പോള്‍ അദ്ദേഹം പത്രങ്ങള്‍ വായിച്ചും ചായക്കടയിലെ വരവുചെലവു കണക്കുകള്‍ കൈകാര്യംചെയ്തും അതിവേഗത്തില്‍ ഗണിത ശാസ്ത്രവുമായും ഒപ്പം സാഹിത്യവുമായി പ്രണയത്തിലായി.

ഗണിതത്തെ ഭൂരിപക്ഷപേരും ഭയത്തോടെയാണ് സമീപിക്കുന്നത്. എന്നാല്‍ മാഷിന്‍റെ അഭിപ്രായത്തില്‍ ഗണിതം പോലെ രസകരമായ മറ്റൊരു വിഷയമില്ല. എല്ലാ വിഷയങ്ങളിലും വച്ച് ഗണിതമാണ് മനുഷ്യനുമായി തോളോടു തോള്‍ ചേര്‍ന്ന് നില്ക്കുന്നു എന്നതാണ് അദ്ദേഹത്തിന്‍റെ മതം. ഗണിതശാസ്ത്രത്തോടുളള നമ്മുടെ സമൂഹത്തിന്‍റെ സമീപനം വളരെ പരിതാപകരമാണ്. ഗണിതം ഒരു സാഹിത്യരൂപമായിട്ടാണ് അദ്ദേഹം വിലയിരുത്തുന്നത്. മറ്റു സാഹിത്യരൂപങ്ങള്‍ ആസ്വദിക്കുന്നതുപോലെ ഗണിതമെന്ന സാഹിത്യവും ആസ്വദിക്കാം, ഇതാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.

വേദിക്ക് മാത്തമാറ്റിക്സ് പോലുളള ഭാരതീയ പാരമ്പര്യ ഗണിത രീതികള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയാല്‍ അതുവളരെയധികം ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ജര്‍മ്മനി പോലുളള വിദേശ രാഷ്ട്രങ്ങളില്‍ പ്രാചീന ഭാരതീയ ഗണിതരീതികള്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു. പൂജ്യമെന്ന സംഖ്യയുടെ മൂല്യത്തെപറ്റി നമ്മളില്‍ പലരും അജ്ഞരാണ്.

പൂജ്യമെന്ന ഒരൊറ്റ അക്കം ലോകത്തെ തന്നെ മാറ്റി മറിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രത്തിന്‍റെ വികാസ പരിണാമങ്ങളില്‍ പൂജ്യത്തിന്‍റെ സ്ഥാനം അനിഷേധ്യമാണ്. പൂജ്യത്തെ സംപ്യൂജ്യമാക്കിയത് ഭാരതഭൂമിയാണ്. എഴുതിയ പുസ്തകങ്ങളില്‍ ഏറ്റവും പ്രീയപ്പെട്ടത് ഏതെന്ന ചോദ്യത്തിന് ഉത്തരം നല്കാന്‍ തുടക്കത്തില്‍ വിമുഖത കാട്ടിയെങ്കിലും അല്പ സമയത്തെ മൗനത്തിനുശേഷം പൂജ്യത്തിന്‍റെ കഥ എന്ന പുസ്തകത്തിന്‍റെ രചന മാഷിന് ഏറെ മാനസിക സംത്യപ്തി നല്കിയാതായിരുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ പുസ്തകം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിരിന്നു എന്നതും ശ്രദ്ധേയമാണ്.

അദ്ധ്യാപകര്‍ ഗണിത ശാസ്ത്രത്തിന്‍റെ മൂല്യം മനസ്സിലാക്കണമെന്നും വരും തലമുറയിലേയ്ക്ക് അതു പകരണം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ദീര്‍ഘ കാലത്തെ അദ്ധ്യാപന ജീവിതവും കണക്കിനോടുളള അഭിനിവേശവും കാത്തു സൂക്ഷിക്കുന്ന കണക്കിന്‍റെ ഈ കളിത്തോഴന്‍ തന്‍റെ ജീവിതത്തിന്‍റെ കണക്കു കൂട്ടലുകള്‍ അപ്പാടെ തെറ്റി എന്നു പറയുമ്പോള്‍ ആ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഗണിതത്തോടുളള അതിരറ്റ സ്നേഹം കാരണം കുടുംബത്തെ ശ്രദ്ധിക്കാന്‍ കഴിയാത്തതില്‍ തന്‍റെ ആത്മസംഘര്‍ഷം മാഷ് പങ്കു വയ്ക്കുകയുണ്ടായി. കോതി ഒതുക്കിയ തലമുടിയും കാര്‍ക്കശ്യമുളള കണ്ണുകളും സ്നേഹം തുളുമ്പുന്ന പുഞ്ചിരിയും പളളിയറ മാഷിന്‍റെ മുഖമുദ്രയാണ് എന്ന് എനിയ്ക്കു തോന്നി. വാക്കുകള്‍ ഇടമുറയില്ലാതെ ധാരധാരയായി വരുന്ന അനുഭവമായിരുന്നു അദ്ദേഹവുമായുളള അഭിമുഖം ഏകിയത്. മാഷിന്‍റെ ഗണിതവിജ്ഞാന കോശം എന്ന ഗ്രന്ഥം അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ഗ്ഗദര്‍ശകമാണ്. 100 ല്‍ പരം ഗണിത ശാസ്ത്രഗ്രന്ഥങ്ങളുടെ കര്‍ത്താവും ഇന്ത്യന്‍ ഗണിത ശാസ്ത്ര സൊസൈറ്റിയുടെ ആജീവനാന്ത അംഗവും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഓഫ് മാത്തമാറ്റിക്സ് ഇന്‍ ഇന്ത്യ എന്ന സംഘടനയുടെ അംഗവുമാണ് അദ്ദേഹം. ഈ അപൂര്‍വ്വ വ്യക്തിത്വവുമായുളള അഭിമുഖ സംഭാഷണം സാര്‍ത്ഥകമായ ഒരു അനുഭവമായി എന്നെന്നും എന്‍റെ മനസ്സില്‍ ഞാന്‍ കാത്തു സൂക്ഷിക്കും.

Share :

Photo Galleries