Archives / October 2018

പ്രൊഫ. വി. കാർത്തികേയൻ നായർ.
ലജ്ജിക്കണം


അഭിമാനാർഹമായ നേട്ടങ്ങൾ ഒരുപാടുണ്ടാക്കിയെന്നഹങ്കരിക്കുന്നവരാണ് കേരളീയർ. ഇതര സംസ്ഥാനങ്ങളിലെ ജനജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ പല കാര്യങ്ങളിലും അതു ശരിയാണുതാനും. കേരള വികസന മാതൃകയെന്ന് സാമൂഹിക ശാസ്ത്രജ്ഞർ വിശേഷിപ്പിച്ച ജനജീവിതത്തിലെ സൂചകങ്ങൾ നേടാനായതിനു പിന്നിൽ സാമ്പത്തിക രംഗന്നണ്ടായ മാറ്റങ്ങൾ മാത്രമായിരുന്നില്ല. എകദേശം ഒരു നൂറ്റാണ്ടിനു മുമ്പു മുതൽ ഭുവുടമാബന്ധങ്ങളിലുണ്ടായ മാറ്റങ്ങളും പുതിയ സാമ്പത്തിക ശക്തികളുടെ വളർച്ചയും മലയാളം സംസാരിക്കുന്ന ജനങ്ങളധിവസിക്കുന്ന ഭൂവിഭാഗത്തെ ഇന്ത്യയുടെ ഇതര പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാക്കിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടു കൂടി തന്നെ അടിമത്തവും അടിമക്കച്ചവടവും ഇവിടെ നിറുത്തലാക്കിയിരുന്നു. പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ സഭകൾ സ്ഥാപിച്ച വിദ്യാലയങ്ങളിലും സർക്കാർ വിദ്യാലയങ്ങളിലും ഏറ്റവും താണ ജാതിയിൽപ്പെട്ടവർക്കും പ്രവേശനം നൽകിയിരുന്നു. ക്ഷേത്രങ്ങൾക്കു സമീപമുള്ള വിദ്യാലയങ്ങളിൽ .മാത്രമാണ് താഴ്ന്ന ജാതിക്കാർക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. ഇതിന്റെയൊക്കെ ഫലമായിട്ടാണ് ശക്തമായ ഒരു മധ്യവർഗ്ഗവും അതിനുള്ളിൽ ഒരു ബുദ്ധിജീവി വർഗവും വളർന്നുവന്നത്. ഈ വർഗ മാണ് കേരളത്തെ ആധുനികതയിലേക്കു നയിച്ചത്.

ഈ മധ്യ വർഗബുദ്ധി ജീവിവർഗത്തിന്റെ പിൻബലത്തോടുകൂടിയാണ് സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ചത്. വൈകുണ്ഠസ്വാമി മുതൽ അയ്യങ്കാളി വരെയുള്ളവർ ആചാരവിരുദ്ധവും ജാതിവിരുദ്ധവുമായ പ്രക്ഷോഭങ്ങളുടെ വിഹായസ്സിലേക്ക് പറന്നുയർന്നത് മധ്യവർഗ ബുദ്ധിജീവികൾ നൽകിയ പിന്തുണയുടെ കരുത്തിന്മേലായിരുന്നു. ഈ ബുദ്ധിജീവികളാണ് പത്രപ്രവർത്തനത്തിലും സർഗ്ഗ സാഹിത്യരചനകളിലും വൈജ്ഞാന സാഹിത്യോൽപ്പാദത്തിലും നായകത്വം വഹിച്ചത്. പത്രപ്രവർത്തനത്തിന്റെ പേരിൽ സ്വന്തം വിദ്യാലയത്തിൽ നിന്നും ബഹിഷ്കൃതനാകുന്ന ആദ്യത്തെ വ്യക്തിയായിരുന്നു പിൽക്കാലത്ത് ബാരിസ്റ്റർ ജി.പി. പിള്ള യെന്ന പേരിൽ പ്രസിദ്ധനായ ജി.പരമേശ്വരൻ പിള്ള. കോളേജിൽ നിന്ന് ഭരണ കൂടഭീഷണിയാലും അചിരേണ ജന്മനാട്ടിൽ ,നിന്നും സേച്ഛയാലും ബഹിഷ്കൃതനായ ജി.പി.മദിരാശി കേന്ദ്രമാക്കി നടത്തിയ പത്രപ്രവർത്തനവും പൊതു പ്രവർത്തനവും കൊണ്ട് അനേകം മലയാളികളെ പ്രബുദ്ധതയിലേക്കു നയിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അഖിലേന്ത്യാ സെക്രട്ടറിമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേരളത്തിൽ നിന്നുമുള്ള ആദ്യത്തെ ദേശീയവാദിയായിരുന്നു. ചട്ടമ്പിസ്വാമിയും ശ്രീനാരായണനും അയ്യങ്കാളിയും നയിച്ച സാമൂഹിക പരിഷ്കരണ സംരംഭങ്ങളിൽ പ്രചോ ദിതനായിട്ടാണ് തിരുവിതാംകൂർ സർക്കാരിനു സമർപ്പിക്കാനുഉള മലയാളി മെമ്മോറിയവും ഈഴവ മെമ്മോറിയവും അദ്ദേഹം എഴുതി തയാറാക്കിയത്.

ബാരിസ്റ്റർ ജി.പി.യിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് ''സ്വദേശാഭിമാനി'' രാമ കൃഷ്ണപിള്ള പത്രപ്രവർത്തനം തുടങ്ങിയത്. അസിധാര പോലെ നിപതിച്ച തന്റെ വാക് പ്രയോഗത്താൽ പുളഞ്ഞു പോയ സർക്കാർ അദ്ദേഹത്തെ നാടുകടത്തിയാണു് പ്രശ്ന പരിഹാരം കണ്ടെത്തിയത്. ഗാന്ധിജിയെപ്പറ്റിയും കാൾ മാർക്സിണപ്പറ്റിയും 1905 ലെ റഷ്യൻ വിപ്ലവത്തെപ്പറ്റിയും ലഘു പുസ്തകങ്ങളും ലേഖനങ്ങളുമെഴുതി മലയാള മധ്യവർഗ തൃഷ്ണയെ ശമിപ്പിക്കുവാൻ സ്വദേശാഭിമാനിക്കായി. കേരളത്തിൽ തൊഴിലാളി വർഗം ജനിക്കുന്നതിനു മുപേ തന്നെ തൊഴിലാളിവർഗം ചെയ്യേണ്ടതായ സാമൂഹികവും സാംസാരികവുമായ ധർമം അനഷ്ഠിച്ചത് മധ്യ വർഗമായിരുന്നു. നാടു വഴി - ജന്മി സാമ്പത്തികാടിത്തറയിൽ നിന്നും ഉയിർ കൊണ്ട മൂല്യങ്ങളെ നിരാകരിച്ചു കൊണ്ട് നവകേരള നിർമാണത്തിന് കുതികൊണ്ടത് മധ്യവർഗമായിരുന്നു. പാരമ്പര്യ വിദ്യാഭ്യാസത്തിനു ബദലായി പാശ്ചാത്യ വിദ്യാഭ്യാസത്തെയും ,സംസ്കൃതത്തിനു ബദലായി മലയാളത്തെയും ,മരുമക്കത്തായത്തിനു ബദലായി മക്കത്തായത്തെയും ,സംബന്ധത്തിനു ബദലായി ഏകപത്നീ വ്രതവും ,ആയുർവേദത്തിനു ബദലായി അലോപതിയേയും ഒറ്റമുണ്ടിനു ബദലായി രണ്ടാം മണ്ടിനെയും ജാതി ക്കോടതികൾക്കു ബദലായി മുൻസിഫ് കോടതികളെയും സർവോപരി ഇംഗ്ലീഷ് ഭാഷയെയും നെഞ്ചേറ്റിയത് മധ്യവർഗമായിരുന്നു

ജന്മിത്തത്തെ കടപുഴക്കിയെറിയാൻ അരയും തലയും മുറുക്കി രംഗത്തെത്തിയത് ആവർഗത്തിനകത്തു നിന്നും വളർന്നുവന്ന മധ്യ വർഗമായിരുന്നു.മാറ്റുവിൻ ചട്ടങ്ങളെയെന്ന് ആക്രോശിച്ചതും, ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന് പറഞ്ഞതും ,അമ്പലങ്ങൾക്ക് തീ കൊടുക്കണം എന്ന് ഗർജിച്ചരും , ആ മധ്യ വർഗ്ഗ ബുദ്ധിജീവികളായിരുന്നു. അവരുടെ നിലപാടുകൾ ഉറച്ചതായിരുന്നു. വാക്കുകൾക്ക് തീയുണ്ടയുടെ സംഹാര ശേഷിയുണ്ടായിരുന്നു. തൂലികക്ക് കത്തിയുടെ മൂർച്ചയുണ്ടായിരുന്നു. പഴമയുടെ പാഴ്മുറങ്ങളെ അഗ്നിക്കിരയാക്കിയതു് അവരായിരുന്നു. അവരൊടൊപ്പമല്ലെങ്കിലും തൊട്ടുപിന്നാലെ വന്ന കർഷകരും തൊഴിലാളികളും അവരുടെ പിന്നിലണിനിരന്നു .അങ്ങിനെ കേരളത്തിൽ ആധുനികത വന്നു. പ്രബുദ്ധത കൈവന്നു. യുക്തിചിന്ത പിറന്നു. ശാസ്ത്രീയ വീക്ഷണമുണ്ടായി. സോഷ്യലിസവും കമ്യൂണിസവും ചിരപരിചിത പദങ്ങളായി. അവർ വാഗ്ദത്ത ഭൂമിക്കു വേണ്ടി വെമ്പൽ കൊണ്ടു.

സ്വാതന്ത്ര്യ ലുബ്ധിക്കു ശേഷം നടപ്പാക്കിയ ഭുപരിഷ്ക്കാരം ഭുരഹിതനെ ഭൂവുടമയാക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു. മധ്യവർഗ മലയാളി കെട്ടിപ്പടുത്ത സർവതും പുതിയ വർഗങ്ങൾക്കും ലഭ്യമാക്കണമെന്ന ആഗ്രഹമുണ്ടായി. ഭുരഹിതന് ഭൂമിയിൽ ഉടമസ്ഥാവകാശം കിട്ടിയാൽ ജനിക്കുന്നത് മധ്യവർഗമായിരിക്കുമെന്നു് തിരിച്ചറിയാൻ സോഷ്യലിസ്റ്റുകൾക്കും കമ്യൂണിസ്റ്റുകൾക്കും കഴിഞ്ഞില്ല. എന്നാൽ ജന്മിത്തമവസാനിപ്പിക്കാൻ കുതികൊണ്ട മധ്യവർഗത്തിന്റെ ധൈഷണികസ്ഥിരത ഭുപരിഷ്ക്കാരത്തിന്റെ ഫലമായി ജന്മം കൊണ്ട പുതിയ മധ്യവർഗത്തിനില്ലാതെ പോയി. ചാഞ്ചാട്ട സ്വഭാവമായിരുന്നു ജന്മഗുണം. ഒരിടത്തും ഉറച്ചു നിന്നില്ല. അതിനാൽ തന്നെ നവ മൂല്യങ്ങളെ നെഞ്ചേറ്റാനും പിന്തുണക്കാനും ഈ മധ്യ വർഗ്ഗത്തിന് കഴിഞ്ഞില്ല. പള്ളിവാൾ കൊണ്ട് നെറു കയിൽ ആഞ്ഞു വെട്ടി നാസികത്തുമ്പിലൂടൊലിച്ചു വന്ന ചൂടു നിണം വായിൽക്കടന്നപ്പോൾ വിഗ്രഹത്തിന്റെ മുഖത്തേക്ക് നീട്ടി തുപ്പു വാൻ പുതിയ വെളിച്ചപ്പാട്ടുകൾക്ക് ധൈര്യമില്ലാതെ പോയി. മരക്കുരിശിൽ കിടന്നു പിടഞ്ഞു മരിച്ച യേശുവിനെന്തിന് പൊൻകുരിശ്ശെന്ന് ചോദിച്ചു കൊണ്ട് അത് കവർന്നെടുത്ത തോമക്ക് പുതിയ മധ്യവർഗം പിന്തുണയേകിയില്ല . ബുദ്ധിജീവികളും എഴുത്തു കാരും ആക്രമിക്കപ്പെട്ടപ്പോൾ മധ്യവർഗ്ഗം മൗനത്തിന്റെ വാൽമീകത്തികത്തിരുന്ന് സായൂജ്യമടയുകയായിരുന്നു. മനുഷ്യൻ അവന്റെ രൂപത്തിലാണ് ദൈവത്തെ സൃഷ്ടിച്ചതെന്നും മധ്യ വർഗത്തിനും മധ്യവഗവൽക്കരിക്കപ്പെട്ട തൊഴിലാളി വർഗത്തിനും കഴിയുന്നില്ല. കഴിഞ്ഞാൽ തന്നെ ഉറക്കെപ്പറയാൻ ചങ്കൂറ്റമില്ല. ആർത്തവദിനങ്ങളിൽ സ്ത്രീയെ വീട്ടിനകത്തു കയറ്റാതെ ,കിണറിൽ നിന്നും വെള്ളം കോരാനനുവദിക്കാതെ ,പൂമുഖത്തു വരാനനുവദിക്കാതെ ചാമ്പൽപ്പുരയുടെ മറവിലേക്ക് ആട്ടിയോടിച്ച ആഢ്യന്റെ ശുചിത്വ ബോധം ശബരിമല ശാസ്താവിന്റെ തലയിൽ കെട്ടിവച്ച് തടി തപ്പുന്നു മധ്യവർഗകേരളം .രജ സ്വലയായ സ്ത്രീ ഗർഭം ധരിച്ച് ചുമന്നു പെറ്റുണ്ടായതാണ് എല്ലാ സ്ത്രീ പുരുഷ കേസരിക ളെന്നും മധ്യവർഗം മറന്നു പോകുന്നു. രജസ്വലയായ സ്ത്രീ ആ ദിവസങ്ങളിൽ കേരളത്തിലെ ഒരു ക്ഷേത്രത്തിലും പ്രവേശിക്കാറില്ലെന്ന സത്യം പരോഹിത്യം എന്തേ മറച്ചുവയ്ക്കുന്നു?

മറ്റൊരാളിന്റെ മുമ്പിൽ ചെയ്ത പ്രവൃത്തി ഏറ്റുപറയുന്നതാണ് കുമ്പസാരം. കുമ്പസരിച്ച് പശ്ചാത്തപിക്കുന്നവന്റെ മനസ്സിലാണ് സ്വർഗ്ഗരാജ്യമെന്ന് യേശു പറഞ്ഞിട്ടുണ്ട്. മനുഷ്യമനസ്സിന്റെ സങ്കൽപ്പമായ സ്വർഗമെന്ന യൂട്ടോപ്യ ലൈംഗികാസക്തി തീർക്കാനുള്ള വെറും ഉപകരണമായിത്തീർന്നു പോയതിൽ പരസ്യമായി കുമ്പസരിക്കേണ്ടത് പുരോഹിത്യമാണ്. സ്ത്രീ ശരീരം ഒരു ഭോഗവസ്തു വാണെന്ന് കരുതുന്നില്ലെങ്കിൽ ഇനി മുതൽ ഒരു സ്ത്രീയും ,കാമുകിയായാലും കർത്താവിന്റെ മണവാട്ടിയായാലും ,ആരുടെ മുമ്പിലും കമ്പസരിക്കരുത്. കുമ്പസരിക്കുന്ന പുരുഷൻ ഒരിടത്തും പീഡിപ്പിക്കപ്പെടുന്നില്ല എന്ന സത്യം വിശ്വാസികൾ മറച്ചു വെയ്ക്കുന്നു. മരിക്കാൽ ഞങ്ങൾക്ക് മനസ്സില്ലെന്ന് പാട്ടു പാടിയാൽ മാത്രം പോര. കുമ്പസരിക്കാൻ ഞങ്ങൾക്കു മനസ്സില്ലെന്ന് സ്ത്രീ സമൂഹം ഒറ്റക്കെട്ടായി അലറി വിളിക്കണം. ശബരിമല ശാസ്താവിനെ തൊഴാനാഗ്രഹിക്കുന്ന ഭക്തകൾ പതിനെട്ടാം പടിയിലേക്ക് ഇരച്ചുകയറണം. ഇടയാൻ വരുന്ന പുരുഷ കേസരികളോട് ചോദിക്കണം അവരെയൊക്കെ അമ്മ പെറ്റതല്ലേയെന്ന്
.
ബൈബിളിലും ഖുറാനിലും ഗീതയിലും രാമായണത്തിലും പറഞ്ഞിട്ടില്ലാത്ത വിലക്കുകൾ ഏർപ്പെടുത്താൻ ഏതു് പുരോഹിതനാണ് അധികാരമുള്ളത് ? യേശുവും നബിയും കൃഷ്ണനും രാമനും പറയാത്ത കാര്യങ്ങൾ നടപ്പാക്കാൻ ആർക്കാണ് അധികാരമുള്ളത്.? ചാഞ്ചാട്ട സ്വഭാവമുള്ള മധ്യവർഗത്തിന്റെ വിഹ്വലതകളെ പൗരോഹിത്യം ചൂഷണം ചെയ്യുകയാണ് .ഭയപ്പെടുത്തുകയാണ്. മധ്യവർഗ വൽക്കരിക്കപ്പെട്ട ബുദ്ധിജീവിയും തൊഴിലാളി വർഗവും ലജ്ജിക്കണം.വൈകുണ്ഠസ്വാമി മുതൽ അയ്യങ്കാളി വരെയുള്ളവരുടെ പ്രവർത്തനം കൊണ്ട് നവോത്ഥാനമുണ്ടയതെന്നു് അർത്ഥമറിയാതെ ജൽപ്പിക്കുന്നവർ അവരെ മനസ്സിലാക്കാൻ കഴിയാത്തതിൽ ലജ്ജിക്കണം
. .
''നിങ്ങൾ തൻ മൂക്കിന്റെ താഴത്തെ മീശക്കു ഭംഗിയില്ലിമീശ മീശയല്ലെന്ന് ''

പാടിയ ചങ്ങമ്പുഴയെ മനസ്സിലാക്കാൻ കഴിയാത്തതിൽ കവികുലമൊന്നാകെ ലജ്ജിക്കണം. അരചൻ വെടിഞ്ഞ പത്നിക്കഭയം കൊടുത്ത ആദി കവിയുടെ പിൻമുറക്കാരാരാനുമുണ്ടെങ്കിൽ പാടണം ''മാനിഷാദയെന്ന് ''

ജന്മിത്തവും നാടുവാഴിത്തവും തകർന്നു. അതിന്റെ കുടെ പിറപ്പായ പൗരോഹിത്യം മാത്രം തകർന്നില്ല. ക്രൈസ്തവമായാലും ഇസ്ലാമികമായാലും ഹൈന്ദവമായാലും പൗരോഹിത്യം മാറ്റമില്ലാതെ തുടരുന്നു. അടിത്തറ തകർന്നിട്ടും മേൽപ്പര തകരാതെ നിൽക്കുന്നു.

ദൈവത്തിനെ ശ്രീകോവിലിലിട്ട് അടച്ചു പൂട്ടിയതിന്റെ താക്കോൽ ച്ചരടിന് പൂണുനൂലെന്ന് പേരിട്ട് ആ പൂണുനൂലിന്റെയും നാലമ്പലത്തിന്റെയും മറവിൽ പമ്പാതീർഥവും പതിനെട്ടാംപടിയും മൊത്തമായും ചില്ലറയായും വിറ്റ് കാശാക്കുന്ന പുരോഹിത്യത്തിന് പുണു നൂലും പുറംചട്ടയും വെട്ടിപ്പൊളിക്കുന്ന സാമൂഹികവും സാംസ്കാരികവുമായ നവോത്ഥാനമുണ്ടാകുന്നതുവരെ കേരളം ആധുനികമാവുകയില്ല.

അയൽ സംസ്ഥാനങ്ങളിൽ നടക്കുന്ന അഭിമതങ്ങളായ പലതും കേരളത്തിൽ നടക്കില്ലായെന്ന മിഥ്യാഭിമാനബോധത്തിന്റെ സോപ്പു കുമിളയുടെ മുകളിൽ കയറിയിരുന്നവർ ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ ലജ്ജിക്കണം. ലജ്ജിക്കുന്നതും ഒരു സാംസ്കാരിക പ്രവർത്തനമാണ്

Share :