Archives / October 2018

.എരമല്ലൂർ സനിൽ കുമാർ
കശുമാവിൻ തോപ്പിലെ കുഞ്ഞു സൂര്യൻമാർ

കശുമാവിൻ തോപ്പിലെ കുഞ്ഞു സൂര്യൻമാർ ************************** എരമല്ലർ സനിൽകുമാർ --------------------------------------------
ഞായറാഴ്ച്ചകളിലെ ഉച്ചകൾ.

അതൊന്ന് കഴിച്ചെടുക്കാൻ അന്നൊക്കെ എന്തൊരു പെടാപ്പാടായിരുന്നു . മിക്കവാറും എല്ലാവരും തന്നെ ഉച്ചയുറക്കത്തിലായിരിക്കും. അല്ലെങ്കിൽ മാറ്റിനിക്ക് സിനിമാ ടാക്കീസിൽ !

ഉച്ചയുറക്കവും സിനിമയുമൊക്കെ 'തനിക്ക് എന്നും അന്യമായിരുന്നു.
വെറുതെ കണ്ണിൽ കണ്ട വഴികളിലൂടെയൊക്കെ അലഞ്ഞു നടക്കുകയായിരുന്നു പതിവ്. അലച്ചിൽ മിക്കവാറും ഒറ്റയ്ക്കായിരിക്കും.
നരച്ചവെയിലിൽ നോക്കിയാൽ മിഴികൾ വല്ലാതെ മഞ്ഞളിക്കും !
ഇടവഴിയിലെ കല്ലുകളൊക്കെ തട്ടിത്തെറിപ്പിക്കും. കശുമാവിൻ തോപ്പിൽ വീണുകിടക്കുന്ന കുഞ്ഞു സൂര്യൻമാരെ ചവിട്ടി കശക്കും! കയ്യെത്തുന്ന പറങ്കിമാങ്ങകൾ പറിച്ചെടുത്ത് നീരൂറ്റിക്കുടിക്കും. പറങ്കിയണ്ടി വിഷുവിന് പടക്കം വാങ്ങുവാനുള്ള നിക്ഷേപമായി പോക്കറ്റിൽ തള്ളും.ഉച്ചയുറക്കമില്ലാത്ത ചില തളളമാർ മുറ്റത്ത് പേൻ കൊല്ലുന്നതിനിടയിൽ കെറുവിക്കും,നട്ട പ്രാന്ത് വെയിലത്ത് അണ്ടി പെറുക്കുവാനിറങ്ങിയിരിക്കുന്നു! മാവിൻ തോപ്പിലൂടെ കരിയില ഇളക്കി നടക്കുമ്പോൾ ഇഴഞ്ഞു മാറുന്ന ചേരുകളും ആരെയോ കാത്തു നിൽക്കാറുള്ള സതി ചേച്ചിയും അന്നൊക്കെ സ്ഥിരം കാഴ്ച്ചകളായിരുന്നു. പിന്നീടെപ്പോഴോ ആ മാവിൻ തോപ്പിൽ തന്നെയാണ് സതിചേച്ചി ഒരു നിലസാരിയിൽ തൂങ്ങിക്കിടന്നതും.
സതി ചേച്ചി സുന്ദരിയായിരുന്നു. കേട്ട കഥകളിലെ യക്ഷികളും സുന്ദരിമാരായിരുന്നു.അതുകൊണ്ടു തന്നെ ചെറുപ്പത്തിൽ പിന്നീടാവഴി പോകാറില്ലായിരുന്നു
.
വർഷങ്ങളെത്ര കഴിഞ്ഞു.

ഇന്നാ മാവിൻ തോപ്പുകളില്ല. ആ ഇടവഴികളും.

ഉച്ചയുറക്കമില്ലാത്ത തള്ളമാർ ഇന്ന് മുറ്റത്ത് പേൻ കൊല്ലാറുമില്ല!
************

Share :