Archives / October 2018

മുല്ലശ്ശേരി
എഡിറ്റോറിയൽ


എഡിറ്റോറിയൽ ഒക്ടോബർ 2018.
പ്രകൃതി സൗഹൃദ കേരളമാണ് ഇനി ആവശ്യം

പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് മാത്രമായി ഒരു പുതിയ കേരളം സൃഷ്ടിക്കപ്പെടണം. ''മാത്രമായി '' - ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഇതെഴുതിയത്.

നാം സ്ഥിരമായി എഴുതുന്ന ഒരു പൊള്ളയായ വാചകമുണ്ട് - ദൈവത്തിന്റെ സ്വന്തം നാട് .(ഓ ക്ഷമിക്കണം - ഇത് വൊറുമൊരു പരസ്യവാചകം മാത്രമാണല്ലോ) പക്ഷേ ഇപ്പോൾ പ്രളയം നമുക്ക് പുതിയ കുറെ പാoങ്ങൾ നൽകി കഴിഞ്ഞു.

പ്രകൃതിയെ സ്നേഹി ച്ചാൽ മാത്രമെ ഇനി രക്ഷയുള്ളുവെന്ന ഘട്ടത്തിൽ നാം എത്തിയെന്നത് ഏറെ കുറെ എല്ലാപേരും സമ്മതിക്കുന്നുണ്ട്. മുമ്പ് ഇതൊക്കെ ചൂണ്ടിക്കാട്ടിയവരെ നാം തരാതരം പോലെ കല്ലെറിഞ്ഞിട്ടുണ്ട് - എന്നതും സത്യം .

പഠിച്ച പാഠങ്ങൾ മറന്ന് കളയാതെ നാളത്തെ തലമുറക്ക് വേണ്ടി പുതിയൊരു തീരുമാനമെടുക്കാം - നമുക്ക് പ്രകൃതിയെ സ്നേഹിച്ച് തന്നെ മുന്നോട്ട് പോകാമെന്ന്.

മാധവ് ഗാഡ്ഗിൽ നിർദ്ദേശിച്ചത് പോലെ പരിസ്ഥിതി ലോല മേഖലയായ സഹ്യാദ്രി സാനുകളിൽ ഇനിയും പാറമടകൾ വിള്ളലുകൾ വീഴ്ത്താതെ ,തണ്ണീർത്തടങ്ങൾ നികത്തപ്പെടാത്ത ,നാൽപ്പത് നദികളുടെയും അവയുടെ പോഷകനദികളുടെയും ഒഴുക്കിനെ തടസ്സപ്പെടുത്താത്ത ഒരു പുതിയ കേരളം ശാസ്ത്രീയ മാനദണ്ഡങ്ങളുപയോഗിച്ച് കെട്ടിപ്പടുക്കണം. ഇതിന് നാം ഒരു പാട് ഒരുക്കങ്ങൾ കരുതലോടെ നടത്താനുണ്ട്. ജലം മനുഷ്യന് അത്യന്താപേക്ഷിതമാണ്. അത് പോലെ തന്നെ മനുഷ്യന്റെ ജീവനെടുക്കാനും ജലത്തിനാകും. അതും വേദനയോടെ നാം ''ലൈവ്'' ആയി കണ്ടതാണ്. കൃത്യവും സുസ്ഥിരവുമായ ഒരു ജല മാനേജമെന്റിലൂടെ ഭാവിയിൽ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന പ്രളയ ദുരന്തങ്ങളുടെ തീവ്രത ലഘൂകരിക്കാനും നമുക്ക് കഴിഞ്ഞേതീരു. ജലവിഭവ മാനേജ്മെന്റിൽ കേരളം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിലാണെന്ന് 2016-17 ലെ നീതി ആയോഗിന്റെ സമഗ്ര ജലമാനേജ്മെന്റ് ഇൻസക്സ് സൂചിപ്പിക്കുന്നത്. ജലസമൃദ്ധിയുള്ള കേരളം വെള്ളം മുഴുവൻ അണകെട്ടി നിർത്തുകയും സുഗമമായി ഒഴുകിപ്പോകാനാകാത്ത വിധം നദികളെ ഇടുങ്ങിയതാക്കിയും പരന്നൊഴുകേണ്ട വഴികളിലൊക്കെ വികസനത്തിന്റെ പേരിൽ വൻ നിർമ്മിതികൾ നടത്തി തടസ്സങ്ങൾ കൊണ്ട് വരികയും ചെയ്തതോടെ ഒരു മനേജ്മെന്റും ഇല്ലാതെ ജലം അതിന്റെ സ്വന്തം വഴിയേ ഒഴുകുകമെന്നത് സ്വാഭാവിക പ്രതിഭാസമാണെന്നു് ഈ ജലദുരന്തത്തിലൂടെയെങ്കിലും നാം പഠിക്കണം. 2008-ലെ കേരള ജല നയവും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും ചേർത്ത് വെച്ച് നമ്മുടെ അറിവും പ്രളയം തന്ന പാഠവും ഒപ്പം ശാസ്ത്രീയ സംവിധാനങ്ങളും ഉൾപ്പെടുത്തി പുത്തനൊരു ജലമാനേജ്മെന്റ് രൂപപ്പെടുത്തണം. ആരോഗ്യമുള്ള വനങ്ങൾ സൃഷ്ടിക്കുക എന്നതും ജലമാനേജ്മെന്റിൽ ഉൾപ്പെടുത്തണം കുടിവെള്ളം വനത്താൽ ശുദ്ധീകരിക്കാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ നമുക്ക് കഴിയണം.

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ,അടിയന്തിരമായി വരുത്തേണ്ടതിരുത്തല്ലകളിലൂടെ വേണം നവകേരളം കെട്ടിപ്പടുക്കാൻ. നമ്മുടെ ഭുപ്രകൃതിയ്ക്ക് അനുസരിച്ച് പശ്ചിമഘട്ടത്തിനും തീരദേശ മേഖലയും മറ്റു് പ്രദേശങ്ങൾക്കും അനുയോജ്യമായ രീതിയിൽ പ്രത്യേകം പ്രത്യേകം നയങ്ങൾ രൂപീകരിക്കേണ്ടിയിരിക്കുന്നു.

കേരളത്തിൽ തന്നെയുള്ള വയനാടും കുട്ടനാടും സമുദ്രനിരപ്പിൽ നിന്നുമുള്ള ഉയരം താരതമ്യപ്പെടുത്തുമ്പോൾ തന്നെ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളിൽ അശേഷം വെള്ളം ചേർക്കാതെ തന്നെ നവകേരള സൃഷ്ടിക്ക് നാം കളമൊരുകേണ്ടതാണ്.

പുതിയ കേരളത്തിന്റെ സൃഷ്ടിക്കു് മറ്റ് പല രാജ്യങ്ങളുടേയും മാതൃക നമുക്ക് സ്വീകരിക്കാവുന്നതാണ്. നെതർലാൻഡ്സിനെ നമുക്ക് മാതൃകയായി എടുക്കാം. ദൈവം ലോകത്തെ സൃഷ്ടിച്ചു. ഞങ്ങൾ നെതർലാൻഡ്സിനെ സൃഷ്ടിച്ചു. എന്നാണ് ഡച്ചുകാർ അഭിമാനത്തൊടെ പറയാറുള്ളത്. കാരണം ചിറകളും അണകളും കനാലുകളും ഓടകളും ഉൾപ്പെടെ അതി വിപുലമായ സംവിധാന മൊരുക്കിയാണ് അവർ ജന്മനാടിനെ കടലിൽ നിന്നും നദികളിൽ നിന്നും സംരക്ഷിച്ചു പോരുന്നത്. പല പ്രധാന നദികളുടെയും അഴി പ്രദേശമാണ് യൂറോപ്പിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാജ്യങ്ങളിലൊന്നായ നെതർലാൻഡ്സ് . രണ്ടു കോടിയോളം ജനസംഖ്യയുള്ള ഈ കൊച്ചു രാജ്യത്തിന്റെ പകു തിയും സമുദ്രനിരപ്പിന് താഴെയാണ്. പക്ഷേ അവരാണ് കാർഷികോൽപ്പന്ന കയറ്റു മതിയിൽ യു.എസിന് തൊട്ടുപിന്നിലുള്ളത്. അപകടങ്ങൾ അവസരങ്ങളാകുന്നതാണ് അവരുടെ ശൈലി. യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതിസന്ധി ഘട്ടങ്ങളിൽ ഉറ്റുനോക്കുന്നത് നെതർലൻഡ്സിനെയാണ് ഡച്ചുകാരുടെ ഈ അതിജീവന പാoങ്ങൾ തീർച്ചയായും നമുക്കു സ്വീകരിക്കാവുന്നതാണ്.

Share :