വയോഗ്രാനിക്ക്...!!
ആനിയമ്മയുടെ
ചുണ്ടിൽ നിന്ന് ചാടിയിറങ്ങി വരാൻ മടിക്കുന്ന കൂസലിലാത്ത ചിരിയാണ് ശരിക്കും മരണം.
ആ ചിരിയിറങ്ങി വരുന്നതും കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറൊന്നാകുന്നു..
"നീ ഏത് കോലോത്തെ തമ്പുരാട്ടീന്ന് പറഞ്ഞാലും ആനിക്കൊരു കുന്തോല്ല.
ചത്ത് കത്തിക്കാനെടുക്കും മുന്നേ നിന്നെ ഞാൻ ലെഗിൻസേലേ സ്വർഗത്തിലോട്ട് വിടത്തൊള്ളൂ... ഇനീപ്പോൾ ഞാനാണാദ്യം പോവണതെങ്കിൽ നിനക്കിഷ്ടമുള്ളത് ചെയ്തോ ഭദ്രേ, വേണോങ്കിൽ ഈ സെറ്റ് സാരീലെന്നെ ഒരുക്കിക്കോ.
എന്നാ കാണിച്ചാലും വേണ്ടീലാ ഒടുവിൽ മെഡിക്കൽ കോളേജിലോട്ട് കൊടുത്തേക്കണം, ആ പിള്ളാരെന്നതാന്ന് വച്ചാ കാണിക്കെട്ടേന്ന്..." മരിച്ചാലെന്തെന്നതുപോലും ആനിയമ്മ തമാശയായിട്ടേ പറയൂ.. കളിയേതാ, കാര്യമേതാന്ന് നമ്മളങ്ങ് കണ്ടെത്തിക്കോണം...
"ഡാ ജോണീ നിന്റെ കാറ് ഈ വളപ്പിലോട്ട് കടന്നാ ഈ കെട്ടിടത്തിന്റെ മുകളീന്ന് ഞാൻ ചാടും.." അന്ന് തിരിച്ചുപോയ ജോണിയുടെ കാറിലിരുന്ന അയാളുടെ ഭാര്യയും മക്കളും...അതിന്റെ പിന്നാലെ വന്ന കാറിലെ മകൾ സൂസനും മരുമകൻ സ്റ്റീഫനും അയാളുടെ അമ്മ ഏലിക്കുട്ടിയും പിന്നെ ഈ സ്വർഗത്തിലേക്ക് എത്തിനോക്കിയിട്ടു പോലുമില്ല..
"ഹെവൻ ഇൻ" എന്നായിരുന്നു ആനിയുടെ വരവിന് മുന്നേ ഈ നരകത്തിന്റെ പേര്...ഏ, ബി, സി ക്ലാസുകളിലായി തിരിക്കുന്ന ശീതീകരിച്ച മുറികളിൽ മരണത്തിന്റെ വരവിലേക്ക് നോക്കിയിരുപ്പാണെല്ലാവരും.. എട്ടു മുതൽ പത്തു ലക്ഷം വരെ ഏ ക്ലാസ്. അവർക്ക് മരണം വരെ അലക്ക്, ചെക്കപ്പ് നേഴ്സ്...ആറു മുതൽ എട്ടുവരെ യുള്ളവർക്ക് അഞ്ചുകൊല്ലത്തിനുള്ളിൽ മരിച്ചൊഴിയേണ്ടി വരും ഇല്ലെങ്കിൽ തുകയടയ്ക്കാൻ വരുന്ന മക്കളെയോ..
ചെക്കുമായെത്തുന്ന ബന്ധുവിനെയോ കാണേണ്ടി വരും..
അതുമല്ലെങ്കിൽ സർക്കാർ വക അഗതി മന്ദിരത്തിലേക്ക് ഒരു കുടിയിറക്കം..
മുകളിൽ പറഞ്ഞതിൽ ഏതെങ്കിലും സൗകര്യങ്ങളൊക്കെ കുറയാനും അവസരമുണ്ട്..
സീ ക്ലാസ് കാലാവധി രണ്ടരക്കൊല്ലം. സൗകര്യങ്ങളിൽ വല്ലാത്ത കുറവുണ്ടാകും..
മിക്കവാറും അവിടെത്തുന്നവരൊന്നും കാലാവധി പൂർത്തിയാക്കി കണ്ടിട്ടില്ല..നാലു ലക്ഷം വീണ്ടും മുടക്കാൻ മക്കളോ ബന്ധുക്കളോ എത്താറുമില്ല..
ഇരുപത്തൊന്നിൽ പതിനേഴും സ്ത്രീകളാണ്..
ഈ സ്വർഗത്തിലേക്ക് സ്വന്തം താല്പര്യത്തോടെ കാറോടിച്ച് വന്ന ഒരാൾ പ്ലാന്റർ കെ.ടി മാണിയെന്ന പരേതന്റെ ഭാര്യ ആനി മാണിയെന്ന ഈ നീണ്ട് കിടക്കുന്ന ആറടിക്കാരി അച്ചായത്തി ആനിയമ്മയാണ്...
ആത്മഹത്യ ഭീഷണിയ്ക്കായി ഫോണും കുത്തിപ്പിടിച്ച് കെട്ടിടത്തിന്റെ മുകളിലെ ആ നിൽപ്പ് കണ്ട് എനിക്കും അന്ന് തല ചുറ്റലൊക്കെ ഉണ്ടായി.. ഇരുപതാളും സഖാവ് സി ആർ ടി യും അന്ന് നെഞ്ചത്ത് കൈവച്ച് ദൈവത്തോടും ആനിയമ്മയോടും കരഞ്ഞ് നിലവിളിച്ചു.. ജോണിക്കുട്ടിയുടെ കാറ് തിരിഞ്ഞ് പോകാൻ തുടങ്ങിയപ്പോൾ കൂസലില്ലാത്ത ആ ചിരിയോടെ ഈ മരങ്കേറി അച്ചായത്തി ഇറങ്ങിവന്ന് എന്റെ മുഖത്ത് വെള്ളം കുടഞ്ഞു...
ഏതൊക്കെയോ രാജ്യത്ത് വല്യതിരക്കിലൊക്കെ ആയിരുന്നു...
സൂസനും സ്റ്റീഫനും വിമാനം പിടിച്ച് കോട്ടയത്ത് എത്തിയതിന് ശേഷമാണ് ജോണിക്കുട്ടി പോലും സംഗതി അറിയുന്നത്... അതു പറയുന്നതിന് മുന്നേ വേറെ ചിലത് പറയാനുണ്ട്...
"ഹെവൻ ഇൻ" സത്യത്തിൽ ജോണിക്കുട്ടിയുടെ ഷെയറുള്ള പഞ്ചനക്ഷത്ര വൃദ്ധസദനമാണ്.. ഒരു ദിവസം ജോണിക്കുട്ടിയുടെ ബെൻസ് ഗേറ്റ് കടന്നു വരുന്നത് കണ്ട് മാനേജർ കരുതിയത് മൊതലാളീടെ മാസത്തിലുള്ള സന്ദർശനമാണെന്നാണ്..
കാറിൽ നിന്നിറങ്ങിയ ആനിയമ്മയെ കണ്ട് മാനേജർക്ക് ഒന്നും മനസിലായില്ല.
"ഏറ്റവും ടോപ്പ് ക്ലാസ് മുറീടെ താക്കോലിങ്ങെടുക്ക് ദേവസീ, എന്നിട്ട് ആ കാറ് ഗേറ്റിന് പുറത്തേക്ക് ഇട്ടേക്ക്..." ഇതായിരുന്നു ആനിയമ്മയുടെ ഇൻട്രോ സീൻ.. അന്നു മുതലാണ് ഇത് സ്വർഗാകാൻ തുടങ്ങിയത്.. 5:30 ഉണരുക, 7:30 ഭക്ഷണം 9 മണി ചെക്കപ്പ് 1:30 ഭക്ഷണം ഉറക്കം.
വായന ക്ലീനിംഗ്..
ഈ നിയമങ്ങളെഴുതിയ ബോർഡ് ആനിയമ്മ എടുത്ത് മാറ്റിച്ചു.. അതുമല്ല ഈ കോലാഹലത്തിൽ പെട്ട് ഹെവൻ ഇൻ ഷെയറു മുഴുവൻ ജോണിക്കുട്ടിക്ക് വാങ്ങേണ്ടതായും വന്നു..
" ഞാൻ ചത്തിട്ട് മതി ജോണി മൊതലാളിക്ക് ഈ സ്വർഗത്തിലെ സന്തോഷം" ജോണിക്കുട്ടിക്ക് മറ്റു മാർഗമുണ്ടായിരുന്നില്ല.. ആനിയമ്മേടെ കെട്ടിയോന്റെ മാനേജരായിരുന്ന ദേവസി ഇവർക്കിടയിൽ പെട്ട് ഒരു അവസ്ഥയായീന്ന് പറഞ്ഞാൽ മതിയല്ലോ.
ഇരുപത്തൊന്നാൾക്കും പുതിയൊരു ടൈപ്പ് ഫോൺ വാങ്ങിക്കൊടുത്തു..അതിൽ വാട്സ് ആപ്പും ഫേസ് ബുക്കും തുടങ്ങി അത് ഉപയോഗിക്കാൻ പഠിപ്പിച്ചു..."വയോഗ്രാ" എന്ന പേരിൽ ഗ്രൂപ്പ് തുടങ്ങി അതിന്റെ അഡ്മിൻ അവരും.. ഭൂരിപക്ഷം പേർക്കും അതിലൊട്ടും താല്പര്യമില്ലാതിരുന്നിട്ടും അവർ നിർബന്ധിച്ച് ചേർത്തു. സിമ്മും ബാക്കിയെല്ലാ വിലാസവും ഹെവനിന്റെ പേരിൽ.. ഐഡിയയിലെ ഒരു ചെക്കൻ വന്ന് ഫോട്ടോയും ഫോം പൂരിപ്പിക്കുന്നതും കണ്ടപ്പോൾ എല്ലാർക്കും അമ്പരപ്പായിരുന്നു...
സഖാവ് സി ആർ ടി മാറി നിന്നു. രണ്ട് ദിവസം കഴിഞ്ഞ് സി ആർ ടിയും സമ്മതിക്കുകയായിരുന്നു..
ആ സമ്മതിപ്പിക്കൽ പ്രക്രിയ പിന്നെ പറയാം...
അല്ലെങ്കിൽ വേണ്ട എനിക്ക് മറവി വല്ലാതെ പ്രശ്നമാകുന്നുണ്ട്.. ഐ ഡിയക്കാരൻ അപേക്ഷയൊക്കെ പൂരിപ്പിച്ച് പോയതിന്റെ അന്ന് രാത്രി ആനിയമ്മ എണീറ്റ് പോകുന്നത് കണ്ട് ഞാൻ ലൈറ്റ് ഇട്ടു..
ചുണ്ടിന് മുകളിൽ വിരൽ വച്ച് മിണ്ടരുതെന്ന് അവർ ആംഗ്യം കാണിച്ചു..
ഒരു കാര്യം മറന്നുപോയി ഇപ്പോൾ ഇവിടെ ക്ലാസ് തിരിവൊന്നും ഇല്ല ആർക്കും എവിടേം കിടക്കാം. പുറത്തുപോകാം വരാം, എത്രനേരം വേണമെങ്കിലും ടീവി കാണാം വർത്തമാനം പറഞ്ഞിരിക്കാം.. ദേവസിക്ക് പോലും എതിർപ്പില്ല...
അവന്റെ മൊതലാളിക്കില്ല എതിർപ്പ്.പിന്നല്ലേ ?
നമ്മളിപ്പൊ എവിടാ പറഞ്ഞു വന്നത്...
ആ സി ആർ പി...
ഞങ്ങള് പതിയെ സി ആർ പി ടെ മുറീലെത്തി. അതിയാൻ അന്നത്തെ പത്രത്തിന്റെ ചരമക്കോളത്തിലായിരുന്നു...
ഞങ്ങളെക്കണ്ടതും എണീറ്റു.
"അറിയുന്ന ഏതെങ്കിലും പാർട്ടിക്കാരുണ്ടോന്ന് നോക്കിയതാ...
ആനിയമ്മ എന്തര് ഈ നേരത്ത്..?"
പത്രത്തിന്റെ മുൻ പേജിൽ സി ആർ ടീയുടെ സഹോദരിയുടെ മോൻ പത്രസമ്മേളനം നടത്തുന്ന ചിത്രത്തിൽ ചൂണ്ടി ആനിയമ്മ ചിരിച്ചു...
" അതെന്നതാ സഖാവേ മുൻ പേജിലുള്ള ആളെ അറിയാന്മേലാഞ്ഞിട്ടാണോ ചരമക്കോളത്തേൽ തിരയണത്..."
സി ആർ ടിയുടെ കണ്ണ് നിറയണത് കണ്ട് ആനിയമ്മ കട്ടിലിൽ ഇരുന്നു. എന്നോടും ഇരിക്കാൻ പറഞ്ഞു..
പാർട്ടിക്ക് തന്നെ വല്യ തലവേദനയായി തീർന്ന മുതിർന്ന നേതാവിനെ കോട്ടയത്തെ സ്വർഗത്തിൽ ഒതുക്കിയതിന് കിട്ടിയ സീറ്റാണ്...
നിലവിലെ പാർട്ടിയുടെ യുവ എം എൽ ഏ, ഭാവി മന്ത്രി എന്നൊക്കെ അറിയപ്പെടുന്ന..
ജെ ആർ പി എന്ന പാർട്ടിയ്ക്ക് വിധേയനായ യുവ പോരാളി...
ഇനി വന്ന കാര്യം പറയാം ഞാനിങ്ങനാ പറഞ്ഞ് പറഞ്ഞ് കാടുകയറും. പറയാൻ വന്നത് മറക്കുകയും ചെയ്യും...
എന്തൊക്കെയോ വിഷയങ്ങൾ പറഞ്ഞ്..സി ആർ ടിയോട് മനപൂർവ്വം തർക്കിക്കാൻ തുടങ്ങിയതാണെന്ന് എനിക്കുറപ്പ്. ആനിയമ്മ എന്തൊക്കെയോ പ്ലാൻ ചെയ്തുള്ള വരവായിരുന്നു... പാലയിലെ നേതാവിനെപ്പറ്റി സഖാവെന്തോ ആരോപണം ഉന്നയിച്ചതും ആനിയമ്മ ചാടിയെണീറ്റ് സഖാവിനെ കട്ടിലിലേക്ക് തള്ളിയിടുകയായിരുന്നു..
'ടി തമ്പുരാട്ടി, കെട്ടെടി ഈ മൂരാച്ചീടെ കാലും കൈയും.." ചിരിയും ഭയോം കലർന്ന് ഞാൻ കെട്ടുമ്പോൾ അതിയാൻ വലിയ ബഹളോന്നും കാണിച്ചില്ല നാവിനുള്ള കരുത്ത് ഈ പ്രായത്തിൽ ശരീരത്തിനുണ്ടാകുമോ..? അതുമല്ല ഈ അച്ചായത്തിടെ അടപടലം പിടുത്തവും..
കോളേജിലായിരുന്ന കാലത്ത് ലാബിൽ കുട്ടികൾ തവളയെ കീറാൻ മയക്കിക്കിടത്തി നാലു വശത്തേക്കും മൊട്ടു സൂചി കുത്തി നിർത്തുന്ന രീതിയുണ്ട്...
സി ആർ ടിയുടെ കിടപ്പ് കണ്ടപ്പോൾ എനിക്ക് അങ്ങനാ തോന്നിയത്..
കത്രികയും പിടിച്ചുള്ള ആനിയമ്മയുടെ നിൽപ്പ് കണ്ടാൽ തോന്നും ഏതോ വലിയ സർജ്ജറിയ്ക്കുള്ള പുറപ്പാടാണെന്ന്..
മുരളിയേട്ടന്റെ അതേ ഉയരമാണ് ആനിയമ്മയ്ക്കും. അതേ നിറം..കേരളം കണ്ടതിൽ അല്ലാ ഇന്ത്യയിലെ ഏറ്റവും വിശ്വസ്ഥനായ സർജൻ ഡോ. മുരളീ കൃഷ്ണൻ. അന്ന് ഓപ്രേഷൻ ടേബിളിൽ അസിസ്റ്റ് ചെയ്യാൻ നിന്ന ഞാൻ തലചുറ്റി വീഴുകയായിരുന്നു.
കേരളത്തിലെ സ്വതന്ത്ര ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ..ഡോ ശങ്കറുടെ നേതൃത്വത്തിൽ എർണാകുളത്ത് നടക്കുകയായിരുന്നു. ഞാൻ അവിടെ ഹൗസ് സർജൻസിയും.
എല്ലാം ശുഭകരമായി പൂർത്തിയാക്കി പത്രസമ്മേളനവും കഴിഞ്ഞ് ആ സുന്ദരൻ ഡോക്ടർ
വന്നത് ഞാൻ കിടക്കുന്ന മുറിയിലേക്ക്...
ഡോക്ടറായ പ്രൊഫസറെ കണ്ടതും കൂട്ടുകാരികളെല്ലാം പുറത്തിറങ്ങി.. ശങ്കരേട്ടൻ ആദ്യമായി നെറ്റിയിൽ കൈവച്ചപ്പോൾ ശരീരത്തിലേക്ക് കടന്നു വന്ന ചൂട് ഇപ്പൊഴും നിൽക്കുന്നുണ്ട്...
ശങ്കരേട്ടൻ പോയിട്ട് കൊല്ലം നാലാകുന്നു. മൃദുലയ്ക്കോ.. മുരളിയ്ക്കോ നാട്ടിൽ നിൽക്കാൻ തീരെ സമയമില്ല ലോകത്തിന്റെ ഏതൊക്കെയോ കോണിലിരുന്ന് സംസാരിക്കും..
ആനിയമ്മ വന്ന് ആദ്യം മുറിച്ചിട്ടത് ഈ നിഴലുകളായിരുന്നു.. ആനിയമ്മയുടെ സൈബർ നിയമത്തിൽ അത് ഒന്നാമതായിരുന്നു..
മക്കൾക്കോ ബന്ധുക്കൾക്കോ ഫോൺ വിളിക്കരുത്..
ഫേസ് ബുക്കിലോ വാട്സ് ആപ്പിലോ അവരെ ചേർക്കരുത്...
അല്ലാതെ ലോകത്തിലെ ആരുമായും സംസാരിക്കാം പ്രണയിക്കാം കലഹിക്കാം കൂടെപ്പോവുകയും ചെയ്യാം..
കഴിഞ്ഞ മാസം അതും സംഭവിച്ചു.
അനാഥരായ തമിഴ് ദമ്പതികൾ വന്ന് മണിയമ്മയെ സ്വന്തം അമ്മയെപ്പോലെ നോക്കാം എന്ന എഗ്രിമെന്റിൽ കൂട്ടിക്കൊണ്ടുപോയി..
മണിയമ്മയും ആ ചെക്കനും തമ്മിൽ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടതാത്രേ...
"ഹെവൻ ഇൻ" ലെ നഷ്ടപരിഹാരമായി എട്ടു ലക്ഷം കെട്ടിവയ്ക്കാനും ആ പിള്ളേർ തയാറായിരുന്നു...
പിന്നെ ഇതിനിടയിൽ ചിലരൊക്കെ മക്കളേം ബന്ധുക്കളേം വിളിക്കാനൊക്കെ ശ്രമിച്ചു...
എന്നെയുൾപ്പെടെ
അവരെയെല്ലാം ആനിയമ്മ കൈയോടെ പൊക്കി..
അതിനു പിന്നിലെ ഗുട്ടൻസ് പിന്നെപ്പറയാം. ഇല്ലെങ്കിൽ നമ്മള് പറയാൻ തുടങ്ങിയ സി ആർ ടീ ടെ കാര്യം ഞാനങ്ങ് മറക്കും....
ഇതിനിടയിൽ ശങ്കരേട്ടന്റേം എന്റേം വേളി കഴിഞ്ഞത് ഞാൻ പറഞ്ഞോ.?
ഇല്ലല്ലേ..
എന്റെ തലചുറ്റി വീഴലും ശങ്കരേട്ടന്റെ തൊട്ടുനോട്ടോം കോളേജ് മുഴുവൻ പാട്ടായി.
അങ്ങ് മാവേലിക്കരയിലെ വലിയൊരു ഇല്ലത്തെ വല്യ തറവാടായിരുന്നു എന്റേത്.
അല്പം പ്രശ്നോക്കെ ഉണ്ടായെങ്കിലും എന്നേം കെട്ടി...
മാസങ്ങൾക്കുള്ളിൽ ശങ്കരേട്ടൻ രാജ്യം വിട്ടില്ലേ..
മുരളി ജനിച്ചപ്പോഴാണ് നാട്ടിലേക്ക് പോരണോന്ന് ഞങ്ങൾക്ക് തോന്നിയത് മൃദുലയ്ക്ക് അപ്പോൾ അഞ്ച് വയസ്സ്..
എന്റെ വീട്ടിലേക്ക് പിന്നെ പോയിട്ടേയില്ലാ. അവർക്കും എന്നെ ഇന്നും അംഗീകരിക്കാനായിട്ടില്ല.. മുരളി പഠിത്തം കഴിഞ്ഞ് ലണ്ടനിൽ സെറ്റിലായി വിവാഹം പോലും അറിഞ്ഞത് ഒരു ഫോട്ടോ ആയിട്ടാണ്.. മൃദുലയെ വേളി കഴിച്ചത് ഗൾഫിൽ സ്ഥിരതാമസായ ഒരു മലയാളി കുടുംബമായിരുന്നു..
ശങ്കരേട്ടൻ പോയതിൽ പിന്നെ അവർ രണ്ടാളും ചേർന്ന് സമ്മാനിച്ചതാണ് ഈ സ്വർഗം. ഗൂഗിളിൽ തിരഞ്ഞ് ഭൂമിയിലെ ഈ സ്വർഗം കണ്ടെത്തുകയായിരുന്നു.
തറവാടിന്റെ പടിയിൽ ഇവരുടെ വണ്ടി വന്നപ്പോഴാണ് ഞാൻ തന്നെ അറിയുന്നത്.. തറവാടൊക്കെ വിറ്റു. അമ്മയ്ക്ക് സ്വർഗവും കൊടുത്തു. മക്കൾക്കിനി എന്താണ് ചെയ്യാനുള്ളത്.. മറവി എത്ര കൂടുതലാണെന്ന് പറഞ്ഞാലും എത്ര മറക്കാൻ ശ്രമിച്ചിട്ടും പഞ്ചസാര രോഗിയുടെ കാലിലെ മുറിവ് പോലെ ഈ ഓർമ്മകൾ മാത്രം പച്ചയായിട്ടങ്ങനെ...
ഇതാണെന്റെ പ്രശ്നം. പറയേണ്ടത് മറക്കും. നമ്മുടെ സി ആർ പിയുടെ കിടപ്പ് കണ്ട് എനിക്ക് ചിരി സഹിക്കാൻ പറ്റിയില്ല..
സഖാവിന്റെ മുണ്ട് വലിച്ചഴിച്ച് ആനിയമ്മ ഒറ്റച്ചോദ്യം...
"ഡാ
മൂരാച്ചി നിനക്ക് ഐഡിയേടെ സിം വേണോ
നിന്റെ ചത്ത പാർട്ടീടെ അംഗത്വം വേണോ..
മര്യാദയ്ക്ക് ഫോൺ ഉപയോഗിക്കാമെന്ന് സമ്മതിച്ചോ ഇല്ലേൽ നിന്റെ ചുമ്മാമണി ഞാൻ ചെത്തും.."
" അഴിച്ച് വിട് ആനിയമ്മേ ഞാൻ എല്ലാം സമ്മതിച്ച്. " പിറ്റേന്നു മുതൽ വയോഗ്രാ ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ നേരം സംസാരിച്ചത് സഖാവായിരുന്നു...
വയോഗ്രയ്ക്ക് ഗ്രൂപ്പ് മര്യാദകളൊന്നുമില്ല...
നാളത്തെ പരിപാടികൾ, ദിവസത്തെ പ്രത്യേകതകൾ, ഒക്കെ ആഘോഷിക്കും..
സി ആർ പി യുടെ പിറന്നാളിന്റെ അന്ന് ഗ്രൂപ്പിന്റെ മുഖചിത്രം ആനിയമ്മ കാൾ മാക്സിന്റേതാക്കിയത് എല്ലാരെയും ഞെട്ടിച്ചു..അതിലും ഞെട്ടിച്ചത് എന്താണെന്നോ.? ഹെവനിന്റെ മുറ്റത്തെ കൊടിമരത്തിൽ അന്ന് സഖാവിനെക്കൊണ്ട് പാർട്ടിപ്പതാക ഉയർത്തിച്ചു...
അന്ന് മുഴുവൻ ലൈബ്രറിയിലിരുന്ന് വായിക്കുന്ന സഖാവിന്റെ കണ്ണ് നിറഞ്ഞൊഴുകണത് ഞാൻ കണ്ടിരുന്നു. ഇന്ന് രാവിലെ സഖാവ് ഹെവന്റെ മുറ്റത്ത് നിന്ന് പാർട്ടി സെക്രട്ടറിയെ നേരിട്ട് വിളിക്കണത് കേട്ട്.
ജോണിക്കുട്ടി പോലും ഞെട്ടി..
" ലാൽസലാം ഇത് ഞാനാണ് സി ആർ ടി, സഖാവ് ആനിയമ്മ ഇന്നലെ അന്തരിച്ച വിവരം അറിയിക്കാനാണ് വിളിച്ചത്, എത്ര തിരക്കാണെങ്കിലും
സഖാവും രണ്ടാളും എന്തായാലും പാർട്ടിക്കുവേണ്ടി എത്തിയിരിക്കണം.." സ്റ്റേറ്റ് കാറിൽ നിന്നും
യുവ എം എൽ ഏ യും പാർട്ടി സെക്രട്ടറിയും ഇറങ്ങിവന്ന് അഭിവാദ്യം ചെയ്യണത് കണ്ടപ്പോഴല്ലേ..
പല്ലു കൊഴിഞ്ഞെന്ന് നമ്മളൊക്കെ കരുതിയ ആ സഖാവിന്റെ റേഞ്ച് മനസിലായത്...
പെട്ടീടെ അടുത്തിരുന്ന് കരയുന്ന കണ്ണനെ സെക്രട്ടറി മകനാണെന്ന് കരുതി ചേർത്തു നിർത്തി ആശ്വസിപ്പിച്ചത് കണ്ട്.. ജോണിക്കുട്ടിക്ക് എന്ത് ചെയ്യണോന്നായി.. തന്റെ കണ്ണിലില്ലാത്ത കണ്ണീരെങ്ങനെ..?
സത്യത്തിൽ ഞാൻ പറയാൻ തുടങ്ങിയത് കണ്ണന്റെ കാര്യായിരുന്നു. എനിക്ക് ഒരു നെഞ്ചുവേദന വന്ന് ഡോക്ടർ പരിശോധിക്കുമ്പോൾ ആനിയമ്മ ഈ കണ്ണനോട് ഫോണിൽ വിളിക്കുന്നത് കേട്ടു..
"എടാ ഞാൻ പറഞ്ഞ ഐറ്റം ഉടൻ എത്തിക്കണം ആവശ്യം ഇന്ന് വരൂന്നാ തോന്നണത്..."
തിരികെ റൂമിലെത്തി ഞാൻ എത്ര ചോദിച്ചിട്ടും ലെഗിൻസിനാണ് കണ്ണനോട് പറഞ്ഞതെന്ന് ആനിയമ്മ പറഞ്ഞില്ല..
രണ്ട് ദിവസം മുന്നേ കട്ടിലിൽ കിടന്ന പൊതികണ്ട് തുറന്നു നോക്കിയപ്പോൾ ആനിയമ്മ ചിരിച്ച് കുഴഞ്ഞ് ആ മഹാ രഹസ്യം വെളിപ്പെടുത്തി...
അതു പോട്ടേ ഈ കണ്ണൻ ആരാന്നല്ലേ...? ഇപ്പൊത്തന്നെ പറയാം ഇല്ലെങ്കിൽ ഓർത്തെടുക്കാൻ പ്രയാസായിരിക്കും.. ആനിയമ്മയുടെ ഭർത്താവ് കെ ടി മാണി ഉണ്ടാക്കിയ ഗ്രേസ് റിസോട്ടിൽ..
മാസത്തിലൊരിക്കൽ പോകുന്ന പതിവുണ്ടായിരുന്നു. അന്നെന്തോ ചടങ്ങിൽ ഈ ചെക്കൻ മധുരിക്കും ഓർമ്മകളേ ഈ പാട്ട് പാടണത് കേട്ടിട്ട്.. ആനിയമ്മേടെ ഭാഷയിൽ പറഞ്ഞാൽ...
..ടീ മാണിച്ചായൻ ചെവിയേൽ പാടണതുപോലെ തോന്നി, ഞാൻ ആ ചെക്കനെ വിളിപ്പിച്ചു..
മൂന്നാലു തവണ പാടിച്ചു. ഇവിടെ അടുത്ത കേളേജിൽ ബി ഏയ്ക്ക് പഠിക്കണതാ വല്യ ബന്ധുക്കളൊന്നുല്ല.. അമ്മയ്ക്ക് ഏതോ കലാകാരൻ കൊടുത്ത സമ്മാനാന്നാ ആ പയ്യൻ പറഞ്ഞത്...
അതൊക്കെ വല്യ പങ്കപ്പാടിന്റെ കഥകളാ. ഒരു പരിപാടിക്ക് ആ പയ്യന് ജോണിക്കുട്ടി മുന്നൂറ്റമ്പത് കൊടുക്കും. അന്ന് ഞാൻ ഒരയ്യായിരം കൊടുത്തിട്ട് എന്നാ ആവശ്യം വന്നാലും ചോദിച്ചേക്കണേന്ന്.. ഞാൻ എടയ്ക്ക് വിളിച്ച് പാടാൻ പറയും രാത്രിം പകലും ഒരു മടുപ്പൂല്ലാതെ പാടു.. പ്രശ്നം അതോന്നുമല്ല എനിക്ക് ആ പയ്യനോട് പ്രേമം തോന്നണെടീ...
ഞാനത് പറഞ്ഞപ്പോൾ ആ ചെക്കന്റെ ചിരികാണണോർന്ന്.."
ലെഗിൻസ് കൊണ്ടുവന്നതിന് മുന്നേയുള്ള മൂന്ന് ദിവസം ആനിയമ്മ ഇവിടുണ്ടായിരുന്നില്ല...
അന്നായിരുന്നു കണ്ണനെ ഞാൻ ആദ്യായി കാണണത് പൂച്ചക്കണ്ണും വെളുത്ത് മെലിഞ്ഞ രൂപോം നല്ല ഭംഗിയുണ്ട് അതിനെ കാണാൻ.. കെട്ടിയോൻ ഉപയോഗിച്ചിരുന്ന ജീപ്പും ഓടിച്ചാണ് ചെക്കൻ വന്നത്.. കൂളിം ഗ്ലാസും ജീൻസുമിട്ട് കൊച്ചു പെണ്ണിനെപ്പോലെ ജീപ്പിലിരുന്ന് ആനിയമ്മ പോണതു കണ്ട് എനിക്ക് വല്ലാത്ത അസൂയ തോന്നി...ആനിയമ്മ ഫോണൊന്നും എടുത്തിരുന്നില്ല..
വാട്സ് ആപ്പിലെ ചാറ്റ് നോക്കിയപ്പോളാ അവരുടെ ഊട്ടിപ്ലാനും മറ്റും അറിഞ്ഞത്..
പിന്നെ ആ പയ്യന്റെ പാട്ടുകളുടെ ആഡിയോയും..
ആനിയമ്മയുടെ അന്ത്യാഭിലാഷം അതിൽ ആ ചെക്കനോട് പറയുന്നുണ്ടായിരുന്നു...
" എനിക്ക് ഊട്ടീടെ തണുപ്പിൽ ഏതേലും മുറിയിൽ നൂൽ ബന്ധമില്ലാതെ കിടക്കണം അപ്പൊ നീ എന്റെ ചെവിയിൽ മധുരിക്കും ഓർമ്മകളേ പാടിത്തരണം.." രണ്ടിന്റേം മധുവിധു കഴിഞ്ഞ് വന്നതിന്റന്ന് ഞാൻ ആനിയമ്മേ ചോദ്യം ചെയ്തു...
" അതേ ഞാനിറങ്ങിയതിന്റെ പിന്നാലെ തമ്പുരാട്ടി എന്റെ ഫോണ് മുഴുവൻ പരതീട്ടുണ്ടാകൂന്ന് ഈ ആനിക്കറിയാം.. ഏതാണ്ടൊക്കെ പ്ലാനും ചെയ്താ പോയത്..ഊട്ടിയിലെക്കെ കറങ്ങി..പക്ഷേ പാട്ട് സീനായപ്പോൾ എന്റെ പിടിവിട്ടു പോയെടീ. ഞാൻ കരഞ്ഞ് നീ കണ്ടിട്ടുണ്ടാ. എന്നെ കെട്ടിപ്പിടിച്ച് കിടന്ന് പാടണ ചെക്കനെ കണ്ടപ്പോൾ എനിക്ക് ജോണിക്കുട്ടീടെ രൂപാണ് ഓർമ്മവന്നത്..
എടീ ന്റെ കരച്ചിലു കേട്ട് അടുത്ത മുറീന്ന് വരെ ആളിറങ്ങി വന്ന്.. കാര്യം തിരക്കാതെ രണ്ട് മൂന്നാള് ചേർന്ന് ആ ചെക്കനെ തല്ലാനും ഒരുങ്ങി... എടീ നിനക്കറിയോവോ ആ ചെക്കന്റെ തള്ളേ ചികിത്സിക്കാനാ ഹോട്ടലിലും ബാറിലുമൊക്കെ ചെന്ന് പാടണത്..
കിടപ്പാടം വരെ വിറ്റു ഇപ്പൊ ഏതോ വാടക വീട്ടിലാ. ഇന്നലെ ഞാൻ അവരെ മീനച്ചലിന്റെ തീരത്തെ മാണിച്ചായന്റെ ഒരു ചിന്നവീട് ഉണ്ടാർന്നു. രണ്ടിനേം അവിടെ കൊണ്ടാക്കി..
ഏലീന്നാ മാണിച്ചായന്റെ ചിന്നവീടിന്റെ പേര്. അവൾക്കാണെങ്കിൽ ഒര്യ് കുഞ്ഞിക്കാല് കർത്താവൊട്ട് കാണിച്ചതൂല്ലാ...ആ വീടും നാലരയേക്കറും അവളുടെ പേരിലാക്കിയതൊക്കെ ഞാനറിഞ്ഞതാ..
പക്ഷേ അവള് നേരും നെറീം ഉള്ള കൂട്ടത്തിലാണേ..അത് എന്റെ പേർക്ക് തന്നെ മാണിച്ചായനെ കൊണ്ട് പ്രമാണം ചെയ്യിച്ചു.. എന്നതായാലും അതേക്കുറിച്ച് ജോണിക്കോ സൂസനോ അറിയത്തില്ല, അറിഞ്ഞാലും അവറ്റകൾക്കൊന്നും ആ കാട്ടുമുക്കിൽ അത്ര താല്പര്യോം കാണുകേലാ. ഞാനതങ്ങ് അവന്റെ പേരിലാക്കി... അവന്റെ
തള്ളേടെ പേരിൽ കുറച്ച് തുകേം ഇട്ടു..
ഇപ്പൊ മൂന്നാളും അവിടെയാ.. ചെക്കന് അടുത്താഴ്ച്ച വെക്കേഷൻ തുടങ്ങും..
അതിനും മുന്നേ നിന്റെ ആഗ്രഹം നടത്തണ്ടേ....?"
വയോഗ്രയിൽ ഒരിക്കൽ ഞാനെന്റെ ആഗ്രഹം പറഞ്ഞിരുന്നു..
രാത്രി ബൈക്കിൽ ടൗണിലൂടെ..
ചീറിപ്പാഞ്ഞ് പോണം സെക്കന്റ് ഷോ കാണണം കൂവണം..
അതിന്റെ അടുത്ത ദിവസം എന്നെ ആനിയമ്മ ഞെട്ടിച്ചു..
കണ്ണനും ഒരു പെങ്കൊച്ചും രാത്രി രണ്ട് ബൈക്കിൽ എത്തി..ഞാൻ ആ പെണ്ണിന്റെ വണ്ടീലും ആനിയമ്മ കണ്ണന്റെ പിറകിലും.. ആഗ്രഹിച്ചതുപോലെ ഒരു പൊട്ടപ്പടം..
കൂകി ഞാൻ തളർന്നു..
ഉറങ്ങാൻ വേണ്ടി തീയേറ്ററിൽ കയറിയവർക്കല്ലാതെ ഒരു വിഷയോം ഉണ്ടായില്ല..
ആ പെണ്ണാണെങ്കിൽ നൂറേ നൂറ്റിപ്പത്തേന്നും പറഞ്ഞാ വണ്ടിയോടിക്കണത്..
നമ്മൾ പറഞ്ഞ് തുടങ്ങിയത് എവിടാണെന്ന് നിങ്ങൾക്ക് വല്ല ഓർമ്മയും ഉണ്ടോ അതോ എന്നെ കേട്ടിരുന്ന് നിങ്ങൾക്കും മറവി പറ്റിയോ...
ജോണിക്കുട്ടിയും സംഘോം കാറിൽ വന്നതിന്റെ കാര്യം പറയണ്ടേ..
ഇതിപ്പൊ ഇനി ആരും വരാനുണ്ടാകില്ല..ആനിയമ്മേ കൊണ്ടുപോകാൻ ആശുപത്രി വണ്ടീം വന്നിട്ടുണ്ട്...
ജോണിക്കുട്ടി ഹെവൻ ഇന്നിന്റെ മാനേജർ മുറിയിലിരുന്ന് ഫോണിൽ എന്തോ നോക്കുന്നു...
ചിലപ്പോൾ ഞാൻ പറയാൻ പോകുന്ന വിഷയമായിരിക്കാം ആ നോക്കുന്നത്...
അതുമല്ലെങ്കിൽ ആനിയമ്മയുടെ പുതിയ ഏതെങ്കിലും പ്ലാൻ..?
ഈ അടുത്തിടെ ഏതോ അദ്ധ്യാപകൻ പെണ്ണിന്റെ മുലയെപ്പറ്റി എന്തോ പറഞ്ഞില്ലേ...?
അതിന്റെ പ്രതിക്ഷേധമായി.
ആനിയമ്മയും ഫേസ് ബുക്കിൽ മുല തുറന്നു...
"രണ്ടെണ്ണം നാലഞ്ചുകൊല്ലം വലിച്ചു കുടിച്ച രണ്ടെണ്ണം.." ഇത് കണ്ടിട്ടാകും സൂസനും കെട്ടിയോനും നാട്ടിലേക്ക് വിമാനം കയറിയതെന്നാ ഞാൻ കരുതിയത്...
പക്ഷേ
ആനിയമ്മയുടെ പ്ലാൻ മറ്റൊന്നായിരുന്നൂന്ന് വൈകിട്ട്...
വാട്സ് ആപ്പ് തുറന്നപ്പോഴാ എനിക്ക് മനസിലായത്...
എന്നെ ഗ്രൂപ്പിന്റെ അഡ്മിൻ ആക്കിയിരിക്കുന്നു.
ആനിയുടെ ആശയത്തിന് സഖാവിന്റെ വക വിശദമായ പദ്ധതിയും അഭിവാദ്യവും.
മക്കൾ കൃഷിയെന്നും ലോംഗ് മാർച്ചെന്നും ചെറിയ ചെറിയ ഓർമ്മയുണ്ട് എങ്കിലും
പൂർണമായി ഓർക്കാൻ പറ്റണില്ല.
എന്നെങ്കിലും ഓർമ്മവന്നാൽ പറയാം അല്ലെങ്കിലും ആനിയമ്മയില്ലാതെ അതെല്ലാം ഓർത്തെടുത്തിട്ടും.എന്തിനാ...?