Archives / September 2018

പ്രശാന്ത്‌ . എം

പ്രണയ ജീവനം


പ്രണയ ജീവനം

ഖലീൽ ജിബ്രാൻ

പരിഭാഷ: പ്രശാന്ത്.എം.

വസന്തം

എന്റെ പ്രിയപ്പെട്ടവളെ;
നമുക്ക് മേടുകൾക്കിടയിലൂടെ നടക്കാം,
ഹിമം ജലമാവാനായ്,
പ്രാണൻ നിദ്രയിൽ നിന്നുണരാനായ്,
അനന്തരം കുന്നുകളിലും താഴ്‌വാരങ്ങളിലുമലയാൻ, വരൂ.

ദൂരെയുള്ള വയലുകളിലേയ്ക്കും
അനന്തരം കുന്നിൻമുകളിൽ കയറി,
ആകാശത്തിനുമതീതമായി,
സമതലങ്ങളിലെ തണുത്ത
പുൽത്തകിടുകളിൽ നിന്നും
പ്രചോദനം വരയ്ക്കുവാൻ,
നമുക്ക് വസന്തകാലത്തിന്റെ
പാദങ്ങളെ അനുഗമിയ്ക്കാം.

വസന്തത്തിന്റെ പുലരിയിൽ,
അവളുടെ ശീതകാലവസ്ത്രം നിവർത്തേണ്ടതുണ്ട്,
അനന്തരമത് പീച്ച് മരങ്ങളിലും
സിട്രസ് മരങ്ങളിലും വിരിയ്ക്കാം;
കേഡ്രേ രാത്രിയുടെ ആചാരരീതി പോലെ,
അവ മണവാട്ടികളെപോലെ കാണപ്പെട്ടു.

കമിതാക്കളെപ്പോലെ,
പാറകൾക്കിടയിൽ നൃത്തംവയ്ക്കുന്ന
അരുവി ചിതറും പോലെ,
ആനന്ദഗാനമാവർത്തിയ്ക്കും പോലെ,
പ്രകൃതിയുടെ ഹൃദയത്തിൽ നിന്നും
പൂവുകൾ മൊട്ടിടും പോലെ,
സാഗരത്തിൻ ഹൃദയശോഭയിൽനിന്നും
പതനുരയും പോലെ,
വസന്തത്തിൻ മുന്തിരിവള്ളികൾ
പരസ്പരം പുണരുന്നു;

വരൂ, എന്റെ പ്രിയപ്പെട്ടവളെ;
നമുക്ക് ശീതത്തിന്റെ അവസാന നാൾ കുടിയ്ക്കാം
, ചകത്തിലെ ലില്ലീസിൽ നിന്നും കണ്ണീര്,
കിളികളുടെ സപ്തസ്വര പെയ്ത്തിലൂടെ
ലഹരികൾ ശമിപ്പിയക്കാം,
ശുദ്ധമായ കാറ്റിലൂടെ ഹർഷോന്മാദത്തിലലയാം.
വയലറ്റുകൾ ഒളിച്ചു പാർക്കുന്ന
ആ പാറയിൽ നമുക്കിരിയ്ക്കാം;
അവരുടെ ചുംബനങ്ങളുടെ മധുരം കൈമാറുന്നത് നമുക്ക് പിന്തുടരാം.

ഗ്രീഷ്മം

എന്റെ പ്രിയപ്പെട്ടവളെ,
കൊയ്ത്തുകാലത്തിനായി,
സൂര്യന്റെ കണ്ണുകളാൽ
ധാന്യം വിളയിക്കുന്ന കാലത്തിനായി
, നമുക്ക് വയലുകളിലേയ്ക്ക് പോകാം.
നമ്മുടെ ഹൃത്തടങ്ങളിൽ പാകിയ,
പ്രണയത്തിൻ വിത്തിൽ നിന്ന്
ആത്മാവ് ആനന്ദത്തിന്റെ
ധാന്യം വിളയിക്കാനായ്
പരിപാലിക്കുന്നതു പോലെ
നമുക്ക് ഭൂമിയുടെ ധാന്യങ്ങളെ
പരിപാലിയ്ക്കാം.

അവളുടെ ഒടുങ്ങാത്ത പാരിതോഷികങ്ങളാൽ
അമിതമായ് നിറയുന്ന നമ്മുടെ ഹൃത്തടംപോലെ,
പ്രകൃതിയുടെ വിളവുകൾകൊണ്ട്
നമുക്ക് നമ്മുടെ പാത്തായങ്ങൾ നിറയ്ക്കാം.

നമുക്ക്,
പൂക്കളെ നമ്മുടെ മെത്തയാക്കാം,
ആകാശത്തെ നമ്മുടെ പുതപ്പാക്കാം,
മൃദുലമാം വൈക്കോൽ - തലയിണകളിലൊരുമിച്ച്
നമ്മുടെ ശിരസ്സുകൾ വച്ച് വിശ്രമിയ്ക്കാം.

ശരത്കാലം

നമുക്ക് പോകാം,
മുന്തിരിത്തോപ്പുകളിൽ നിന്നും
മുന്തിരികൾ ശേഖരിയ്ക്കാം.
ജീവിതകാലത്ത് ആത്മാവ്,
അനന്തമായ ഭരണികളിൽ
അറിവ് സൂക്ഷിയ്ക്കും പോലെ,
ചാറുപിഴിഞ്ഞമർത്തി,
പഴയ ഭരണികളിൽ വീഞ്ഞ് സൂക്ഷിയ്ക്കാം.

മഞ്ഞയിലകളെ പൊഴിയാൻ
കാറ്റു നിദാനമാകുവാൻ,
വാടുന്ന പൂക്കൾ വിതറിയാ ഗ്രീഷ്മത്തിൻ
കാതിലൊരു ശോകഗാനം മൂളാൻ.

കിളികൾക്ക് ഉഷ്ണത്താൽ
തീർത്ഥയാത്ര നടുത്തുവാനുണ്ടതിനായ്,
അല്ലെങ്കിൽ തണുത്ത പുൽമേടുകളിൽ
വിജനയുടെ നോവനുഭവിയ്ക്കാനായ്
എന്റെ നിത്യകാമുകി, വീട്ടിലേയ്ക്ക് വരൂ.
മുല്ലച്ചെടിയ്ക്കും മൈർട്ടിൽച്ചെടിയ്ക്കും
ഇനിയുമധികം കണ്ണീരുണ്ടാവില്ല.

നമുക്ക് മടങ്ങാം,
തളർന്ന അരുവിയ്ക്കതിന്റെ
ഗാനമവസാനിപ്പിയ്ക്കേണ്ടതിനായ്,
വഞ്ചനാപരമായ വസന്തകാലമവരുടെ
നിറഞ്ഞു കവിഞ്ഞ വിലാപങ്ങളാൽ നിലച്ചു;
അവർ സൂക്ഷിച്ച പുരാതനമായ കുന്നുകൾ
, അവരുടെ വർണാഭമായ വസ്ത്രങ്ങൾ
നീക്കിവയ്ക്കേണ്ടതുണ്ട്.

വരൂ, എന്റെ പ്രിയപ്പെട്ടവളെ;
പ്രകൃതി തികച്ചും ക്ഷീണിതയാണ്,
അവളുടെ ഉൻമേഷത്താൽ
അഭിവാദനം ചെയ്യുകയാണ്,
ശാന്തമായ് മധുര ഗാനത്തിൻ
തൃപ്തിയോടെ വിടവാങ്ങുന്നു.

ഹേമന്തം

എന്നടുത്തേയ്ക്ക് വരൂ,
ഓ! എന്റെ സഖിയായ്
ജീവതകാലം മുഴുവനും ;
എന്നടുത്തേയ്‌ക്ക് വരൂ,
നമ്മളിലിതുവരെയെത്തിടാത്ത
ശിശിര സ്പർശനം.
എന്നിലലസമായിരുത്തിയ
അഗ്നികുണ്ഠത്തിൻ മുന്നിൽ,
അഗ്നിമാത്രമാണ് ശിശിരത്തിന്റെ
കായ്കനി.

നിന്റെ ഹൃദയത്തിൻ
സ്വർഗ്ഗീയ സൗന്ദര്യത്തെപ്പറ്റി
എന്നോടു പറയൂ,
നമ്മുടെ വാതിലിനുമപ്പുറം,
ആർത്തനാദത്തിൻ ഭൂതഗണങ്ങളേക്കാൾ
മഹനീയമാണത്.

വാതിലടയ്ക്കൂ, ജനാലക്കുറുഞ്ചട്ടമടയ്ക്കൂ,
സ്വർഗ്ഗത്തിന്റെ കുപിത മുഖഭാവം
എന്റെ ആത്മാവിനെ വിഷാദിപ്പിയ്ക്കുന്നു. കുറ്റബോധത്തിന്റെ മഞ്ഞേന്തിയ വയലുകൾ
എന്റെ ആത്മാവിനെ കരയിപ്പിക്കുന്നു.

വിളക്കിലെണ്ണയൊഴിയ്ക്കൂ,
മങ്ങാതിരിയ്ക്കണമത്,
നീ തന്നെ അത് വയ്ക്കൂ,
എന്നൊടൊത്തുള്ള നിന്റെ ജീവിതം
നിന്റെ മുഖത്ത് എഴുതിയിട്ടുണ്ട്,
അതിനാൽ കണ്ണീരുകൊണ്ടെനിയ്ക്ക്
വായിച്ചെടുക്കാൻ കഴിയൂ.

ശരത്കാലത്തിന്റെ വീഞ്ഞെടുക്കൂ.
നമുക്ക് കുടിയ്ക്കാം,
അനന്തരം അല്ലലില്ലാത്ത ഹേമന്തത്തിൻ
വിതയ്ക്കലിന്റെ സ്മൃതിഗീതം ആലപിയ്ക്കാം,
പിന്നെ ജാഗരൂഗരായ്
വേനലിന്റെ പരിപാലനത്തെപ്പറ്റി
പിന്നെയോ, ശരത്കാലത്തിന്റെ
വിളവിൻ പാരിതോഷികത്തെപ്പറ്റി....

ഓ! എന്റെ ആത്മാവിനു പ്രിയമുള്ളവളേ;
എന്നടുത്തേയ്ക്ക് വരൂ;
അഗ്നി ശ്രമിയ്ക്കുകയാണ്,
അനന്തരം ചാരങ്ങൾക്കടിയിലേയ്ക്ക്
പലായനം ചെയ്യുകയാണ്.
ഞാൻ ഏകാന്തതയെ ഭയക്കുന്നതിനാലേ
എന്നെ പുണരൂ;
വിളക്ക് മങ്ങുകയാണ്,
നമ്മൾ ചേർത്തുവച്ച വീഞ്ഞിനാൽ
നമ്മുടെ കണ്ണുകൾ അടയുകയാണ്.
അവ അടയുന്നതിൻ മുൻപ്
നമുക്ക് പരസ്പരം നോക്കിയിരിയ്ക്കാം.

നിന്റെ കരങ്ങളിലൂടെ
എന്നെ കണ്ടെടുക്കൂ,
അനന്തരമെന്നെ പുണരൂ;
ഗാഢനിദ്രയിലാഴൂ,
തത്ക്ഷണം നമ്മുടെ ആത്മാവുകൾ
പുണർന്നൊന്നാകുന്നു.
എന്റെ പ്രേയസീ, എന്നെ ചുംബിയ്ക്കൂ,
ഹേമന്തത്താൽ എല്ലാം കട്ടെടുക്കുന്നുണ്ട്,
എന്നിട്ടും നമ്മുടെ അധരങ്ങൾ ചലിയ്ക്കുന്നു.

നീയെന്നരികിലാണ്,
എന്റെ നിത്യതേ.
എത്രയഗാധം, വിശാലം,
നിദ്രയുടെ സമുദ്രമായിരിക്കും,
പിന്നെയെത്രമേൽ നവപ്പുലരിയായിരിയ്ക്കും!

Share :