Archives / September 2018

ദിവ്യ.സി.ആർ.

പ്രണയം കൊണ്ട് മുറിവേറ്റവൾ !


പ്രണയം കൊണ്ട് മുറിവേറ്റവൾ !
**********************
അന്നവൾ ഉറങ്ങുന്നേരം പുസ്തകങ്ങളെ കൂടെ കൂട്ടിയില്ല. പുസ്തകത്തിനുള്ളിലെ പേജുകൾക്കിടയിലെ അക്ഷരങ്ങൾ, വാക്കുകൾ, വാക്യങ്ങൾ... അവ പകർത്തുന്ന വികാരങ്ങൾക്ക് ഒരുപക്ഷെ തൻറെ തീരുമാനങ്ങളെ തകർത്തെറിയാനുള്ള കഴിവുണ്ടാകും. എല്ലാ സംവേദങ്ങളെയും മരവിപ്പിച്ച് മയക്കത്തിലേക്കു മടങ്ങുക ! അതായിരുന്നു അവളുടെ ലക്ഷ്യം. വേദനകളെ വാക്കുകളായി പകർന്നെടുക്കാനൊരു ഡയറിയോ കുത്തികുറിക്കാനൊരു പേനയോ അടുത്തെവിടെയും അവൾ കരുതിയില്ല. എന്തിനേറെ തഴുകിയുണർത്താൻ തുളുന്പിനിൽക്കുന്ന പീലികളെ പോലും അവൾ കണ്ടില്ലെന്നു നടിച്ചു. ചതിയിൽപ്പെട്ടവളുടെ ആത്മരോഷമായി ആകാശം മുഖം കറുപ്പിച്ച് കരയാനായി വെന്പൽ കൊണ്ടു. സങ്കടങ്ങൾ പിടിച്ചുനിർത്താനുള്ള കഴിവ് നഷ്ടപ്പെട്ട് അവൾ കരഞ്ഞു തുടങ്ങി. പുഞ്ചിരിച്ചുകൊണ്ട് ചിന്നിച്ചിതറിയ മഴത്തുള്ളികൾ പതിയെ പതിയെ ശക്തിപ്രാപിച്ചു.

പ്രണയം മനസ്സിലൊളിപ്പിച്ച് വാക്കുകളായി പുറത്തുവന്ന് കണ്ണുകളിൽ നാണമൊളിപ്പിച്ച് ഹൃദയം കൈമാറി വിശ്വാസ്തതയിലെത്തുപ്പോൾ വൈകാരികമായിത്തീർന്ന ശരീരം വിറപൂണ്ടിരുന്നു.. വീണ്ടുമൊരു മഴക്കാലം ഭൂമിയെ പുണരുന്പോൾ പ്രണയം വിട്ടകന്ന മനസ്സുകൾ എങ്ങോ മറഞ്ഞിരുന്നു ! കാത്തുനിൽക്കാൻ ആളുണ്ടായിരുന്ന വഴികളിൽ എത്ര പെട്ടെന്നാണ് അവൾ ഏകയായത്. ചതിയില്‍ പെട്ടവൾക്ക് കരയാനല്ലാതെ മറ്റൊന്നിനുമായില്ല. വിശ്വാസവഞ്ചന കാണിച്ചവനോട് ക്രൂരമായി പെരുമാറമെന്ന് തോന്നി. പക്ഷെ ഹൃദയം തുറന്ന് സ്നേഹിച്ച പുരുഷനെ ശപിക്കുവാൻ എന്തുകൊണ്ടോവൾക്കൂ കഴിയാതെ പോയി. ചതിയിൽ പെട്ട സ്ത്രികൾക്കെല്ലാം ഒരേ മുഖമാണെന്ന് അന്നാദ്യമായി അവൾക്കു തോന്നി.. വിശ്വസിച്ചവൻ ചതിക്കില്ലെന്ന അഹങ്കാരത്തിന് നീർകുമിളയുടെ ആയുസ്സുപോലുമുണ്ടായിരുന്നതോർത്ത് അവൾക്കു സങ്കടം അടക്കാനായില്ല.

അയാൾക്കു വേണ്ടി കരഞ്ഞു തളർന്ന മറ്റൊരു സ്ത്രിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങിയപ്പോഴാണ് പ്രണയത്തിൻറെ അർത്ഥമെന്തെന്ന് വെറുതെയെങ്കിലും ചിന്തിച്ചു പോയത്. നിറമുള്ള സ്വപ്നങ്ങൾ കണ്ട് വിജനമായ വഴികളിൽ ചേർന്നു നടക്കുന്പോൾ പ്രണയത്തിനും അപ്പോൾ പെയ്ത മഴയ്ക്കും ഒരേ സുഗന്ധമാണെന്നു തോന്നി. ഇന്ന് എന്നന്നേക്കുമായി ജീവിതത്തിൽ നിന്നുംവിട പറഞ്ഞിറങ്ങുന്പോൾ മഴ ശക്തമായി പെയ്തിറങ്ങുകയാണ് , അവളുടെ കണ്ണുനീർ പോലെ തോരാതെ. പ്രളയകെടുതിയായി ദുരിതം വിതച്ച് ആ മഴ പെയ്തിറങ്ങി. പെരിയാറും ഭാരതപ്പുഴയും നിറച്ച് ആ നീർത്തുള്ളികൾ മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്കു കടന്നു. പ്രണയച്ച്യുതിയുടെ നേർക്കാഴ്ച്ചയായി പ്രളയക്കെടുതി നിറച്ച് അവളുടെ കണ്ണുനീർ നിറഞ്ഞൊഴുകുകയാണ്. അത്രമേൽ നീ അവളെ ചതിക്കാതിരുന്നുവെങ്കിൽ ഇത്രത്തോളം അവൾ കരയില്ലായിരുന്നു...

മഴ വീണ്ടും ആർത്തു പെയ്തു തുടങ്ങി. കനം വച്ചു തുടങ്ങിയ മഴത്തുള്ളികൾ മാനവരാശിയെ വേദനിപ്പിച്ചു തുടങ്ങി. ഭൂമിയെ മുക്കിയ പ്രളയമായി ആ ജലധാര നിറഞ്ഞു. പുസ്തകങ്ങളെ കൂട്ടാതെ ഉറങ്ങാൻ കിടന്നവൾ മെല്ലെ ആ പ്രളയമഴയിൽ മുങ്ങി. ജീവശ്വാസം കിട്ടാതെ അവൾ ജലപ്പരപ്പിനു മുകളിലേക്കു ഉയർന്നു വന്നു. പതിയെ ശരീരത്തിൻറെ ചൂട് വിട്ടകന്ന് ജലപ്പരപ്പിനു മുകളിലുടെ ഒഴുകി നടന്നു. അവൾ തുടങ്ങി വച്ച കണ്ണുനീർ പെരുമഴയിൽപെട്ട് അവളുടെ കണ്ണുകൾ ആകാശത്തേക്കു നോക്കി തുറിച്ചു നിന്നു. നിഷ്കളങ്കയായിരുന്ന അവൾ ചതിയിൽ പെടാതിിരുന്നുവെങ്കിൽ മഹാപ്രളയം ഒഴിവാക്കാമായിരുന്നു !!

Share :