Archives / September 2018

--- ഗീത മുന്നൂർക്കോട് ----

ഇനിയുമൊരു ഇന്നലേക്കായ്


ഇനിയുമൊരു ഇന്നലേക്കായ്

ഉണ്ടായിരുന്നെന്റേതെന്നോതാ-
നൊരു പുകൾപേറും തറവാട്
വലുതാമൊരു മുറ്റം, കൊച്ചു നടുമുറ്റം
നാലേക്കർതൊടികയാൽത്തളച്ചത്
മുൾവേലിയെപ്പുണരും മുല്ലമാലാഖമാ-
രവരെ നുകർന്നുണ്ണാനിഴയും വെള്ളി-
ക്കെട്ടിൻ പകിട്ടുമായ് സർപ്പക്കൂട്ടങ്ങളും
ഉൾത്തളങ്ങളിൽ പൊട്ടിച്ചിരികളു-
മാൾക്കൂട്ടവും, അമ്മയിളയമ്മയമ്മാമ
വല്യമ്മ, മക്കൾ മരുമക്കൾ വിരുന്നെന്നും
നെൽക്കതിരുകൾച്ചിതറി മുറ്റത്തൊപ്പം
പൊങ്ങും ചേറ്റിൻപ്പുതുപാട്ടുകൾ
പത്തായം മുട്ടെ നെല്ലും, നിറപറയും,
പൂമുഖശ്രീയായ് കതിർക്കുലയാടിയും,
നിലവിളക്കിൽജ്ജ്വലിക്കും കെടാതിരി,
നിറനാക്കിലക്കീറിൽ സദ്യയൂണും;
അടിയാനും കുടിയാനും മനംനിറ-
ഞ്ഞോണനാളുകൾ, വിരിയും പൂക്കാലം!
ഓർമ്മകൾ വട്ടംകൂട്ടിയെന്നുള്ളത്തിൽ
കൂവുന്നുണ്ടുച്ചത്തിലിന്നുമാപ്പൂവിളി..
പൂവേ… പൊലി …. പൂവേ… പൊലി… പൂവേ…
എങ്ങുപോയൊളിച്ചാ പൂവിന്നോണക്കാലം,
പൊലിഞ്ഞുതുലഞ്ഞേപോയോ പൂവിളി ?
തെറ്റിയും തമ്മിൽതല്ലിയും പിന്നെപ്പറഞ്ഞും
ചിരിച്ചുമ്പിരിഞ്ഞവർ, തറവാടികൾ
തലമചുറ്റാനാട്ടക്കളം ചവിട്ടാൻ, താളത്തിൽ
കുമ്മിയും, മാവേലിയെ വിരുന്നൂട്ടാൻ…
എത്തുമോ ഇനിയൊത്തുകൂടാനീമുറ്റത്തൊരു
സ്നേഹക്കളമൊരുക്കാനൊരുമിക്കാൻ ?
പിരിഞ്ഞവർ കിണ്ണവും കിണ്ടിയും, നാഴി-
നാരായമുലക്കച്ചമ്മട്ടികളിനിയും കലമ്പുമോ?
അവിയലോലനെരിശ്ശേരിക്കറിക്കൂട്ടുകൾ
നാക്കിലനിറക്കാനാരാനും വന്നെത്തുമോ ?
കാടും പടര്‍പ്പും വിഷവള്ളികൾ ചുറ്റുമീ
ഛിദ്രഭവനത്തിലേയ്ക്കൂടുവഴികളും താണ്ടി
എങ്ങനെയെഴുന്നെള്ളാൻ, പ്രജാക്ഷേമമേ
കാംക്ഷിക്കും സ്വാത്വികൻ, മഹാമന്നൻ ...
Attachments area

Share :