പുതുനാമ്പുകള്‍ നല്‍കുന്ന പാഠം.
പുതുനാമ്പുകള്‍ നല്‍കുന്ന പാഠം.
മലയാള സിനിമയുടെ ഭാവി വളരെ പ്രതിഭാധനരായ കലാസാങ്കേതികപ്രവര്‍ത്തകരുടെ കൈകളിലാണെന്നു തെളിയിക്കുന്നതായി അടുത്തിടെ ഒരനുഭവം.സംസ്ഥാനത്തെ കോളജ് ക്യാംപസുകള്‍ക്കായി തിരുവനന്തപുരം ആയുര്‍വേദ കോളജ് ഫിലിം ക്‌ളബ് സംഘടിപ്പിച്ച കാലോപ്‌സിയ 2018 ഹ്രസ്വകഥാചിത്രമേളയുടെ പ്രാഥമിക തെരഞ്ഞെടുപ്പു ജൂറിയംഗമായി സംവിധായക വിധു വിന്‍സന്റിനോടൊപ്പം ചിത്രങ്ങള്‍ കാണാന്‍ സാധിച്ചതാണ് നമ്മുടെ സിനിമായുവത്വത്തില്‍ പ്രതീക്ഷവയ്ക്കാന്‍ ചില തിരിച്ചറിവുകളായത്. പുതിയ തുടക്കം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഈ ഹ്രസ്വചലച്ചിത്രമേള.സാങ്കേതികവും പ്രമേയപരവുമായ മികവില്‍ ദേശീയതലത്തില്‍ കേരളത്തിന്റെ സംഭാവനയായ കോട്ടയം കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിലെ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളാണ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയതെങ്കിലും നെഞ്ചില്‍ കൈവച്ചു പറയാനാവും, സിനിമാനിര്‍മാണത്തില്‍ ഔപചാരികപരിശീലനങ്ങളൊന്നുമില്ലാത്ത കലാലയങ്ങളില്‍ നിന്നുള്ളവരുടെ ചിത്രങ്ങളിലും തീര്‍ച്ചയായും പ്രതിഭയുടെ മിന്നലാട്ടങ്ങളുണ്ടായിരുന്നു. സാങ്കേതികതയിലും അവതരണത്തിലും നാളത്തെ ചലച്ചിത്രപ്രവര്‍ത്തകരായിത്തീര്‍ന്നേക്കാമെന്ന വിശ്വാസമുളവാക്കുന്നതു തന്നെയായിരുന്നു പലതും.
അതുകൊണ്ടുതന്നെയാണല്ലോ, വരും വര്‍ഷങ്ങളില്‍ പ്രൊഫഷനല്‍ ചലച്ചിത്രവിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളെ വേറെ വിഭാഗമായേ പരിഗണിക്കാവൂ എന്നും ഇതരകലാലയങ്ങളില്‍ നിന്നുള്ളവരുടെ സൃഷ്ടികള്‍ക്ക് മുഖ്യമത്സരത്തിലിടം നല്‍കണമെന്നും മേളയുടെ മുഖ്യജൂറികളായ വിജയകൃഷ്ണന്‍, വിനു ഏബ്രഹാം, വി.സി അഭിലാഷ് എന്നിവര്‍ ശുപാര്‍ശ ചെയ്തത്.
പ്രമേയത്തിലും ദൃശ്യപരിചരണത്തിലും മാറിച്ചിന്തിക്കുന്ന മലയാളത്തിലെ നവഭാവുകത്വസിനിമകളുടെ ഗുണപരമായ സ്വാധീനം സിനിമയെടുത്തു പഠിക്കുന്നവരുടെ ചലച്ചിത്രസമീപനങ്ങളില്‍ ദൃശ്യമാണ്. അവതരണത്തിലും സാങ്കേതികപരിചരണങ്ങളിലും അഭിനയത്തിലുമൊക്കെ ഈ സ്വാധീനം ദൃശ്യമാണ്. പലകുറി പറഞ്ഞിട്ടുള്ള വിഷയങ്ങളില്‍പ്പോലും അത്രകണ്ട് ആവര്‍ത്തിക്കപ്പെട്ടിട്ടില്ലാത്ത ഒരു അവതരണശൈലിയും വീക്ഷണകോണും കണ്ടെത്താനും സ്വീകരിക്കാനും സാധിക്കുന്നിടത്താണ് സിനിമയുണ്ടാക്കി ശീലിച്ചിട്ടില്ലാത്തവരുടെ ഈ സംരംഭങ്ങള്‍ ശ്‌ളാഘനീയമായിത്തീരുന്നത്. നാടകീയത പാടെ മാറ്റിനിര്‍ത്തി അതിയാഥാര്‍ത്ഥ്യത്തിന്റെയോ ഹൈപ്പര്‍ റിയാലിസത്തിന്റെയോ തലത്തില്‍ മാത്രമാണ് ആ അവതരണങ്ങളില്‍ പലതും. സ്വാഭാവികമായ അഭിനയശൈലിയും മറ്റും സിനിമാറ്റിക്കായിത്തന്നെ വിനിയോഗിക്കപ്പെടുന്നുമുണ്ട്.
കേരളത്തിലെ ചലച്ചിത്രമേളകള്‍ നമ്മുടെ തലമുറയിലുണ്ടാക്കിയ സ്വാധീനത്തിന്റെ കൂടി പരിണതഫലമായാണ് ഈ പ്രതിഭാസത്തെ വിലയിരുത്തേണ്ടത്. ഇന്ത്യയിലെ മള്‍ട്ടീപ്‌ളക്‌സ് സിനിമകള്‍ക്കപ്പുറം ലോകഭാഷകളിലെ നവസിനിമയുടെ രീതിയും സൗന്ദര്യശാസ്ത്രവും ഇന്റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങളിലൂടെ ചിരപരിചിതമായ തലമുറയാണല്ലോ നമ്മുടേത്. സ്വാഭാവികമായി അത്തരം കാഴ്ചകളുടെ സ്വാധീനവും അവരുണ്ടാക്കുന്ന സിനിമകളില്‍ കൈകടത്തിയേക്കാം. കാല്പശ്ചാത്തലസംഗീതത്തിന്റെയും ക്യാമറയുടെയും മറ്റും ഉപയോഗത്തില്‍, കാലോപ്‌സിയയിലെ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ വച്ചു പരിശോധിച്ചാല്‍ ഈ നിരീക്ഷണം സാധൂകരിക്കപ്പെടുന്നതായി കാണാം.
ആത്മഹത്യ, മയക്കുമരുന്നുപയോഗം, ലൈംഗികചൂഷണം/പീഡനം, ഭിന്നലൈംഗികത തുടങ്ങി സമകാലിക സമൂഹം നേരിടുന്ന ഏറ്റവും പ്രസക്തമായ വിഷയങ്ങള്‍ തന്നെയാണ് 41 ചിത്രങ്ങളിലും പ്രകടമായിക്കണ്ടത്. മയക്കുമരുന്ന് പുകവലി മദ്യപാനം എന്നിവയോടുള്ള അമിതാസക്തിയും ഒരുപക്ഷേ സര്‍വസാധാരണമെന്നോണം അതിനെ സമീപിക്കുന്ന ലാഘവത്വവും മിക്ക സിനിമകളിലും ആവര്‍ത്തിക്കപ്പെട്ടു. അതേസമയം സ്ത്രീപീഡനത്തിന്റെ കാര്യത്തില്‍ സിനിമകള്‍ക്കെല്ലാം ഒരുപക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂതാനും. പക്ഷേ ഇവിടെ ശ്രദ്ധിക്കപ്പെട്ട ഒരു ഘടകം, പരിഗണനയ്ക്കായി ലഭിച്ച ചിത്രങ്ങളില്‍ മഹാഭൂരിപക്ഷവും പുരുഷകേന്ദ്രീകൃതവും പുരുഷപരിപ്രേക്ഷ്യത്തില്‍ ആണ്‍ കാഴ്ചപ്പാടില്‍ പെണ്‍വിഷയങ്ങളെ പോലും നോക്കി കാണുന്ന സിനിമകളായിരുന്നുവെന്നുള്ളതാണ്. സ്ത്രീപരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കപ്പെട്ടവയാവട്ടെ പലതും ദുര്‍ബലവും ആവര്‍ത്തനവൈരസ്യമുളവാക്കുന്നതുമായിരുന്നു. സ്ത്രീ സംവിധാനം ചെയ്ത ചിത്രങ്ങള്‍ പോലും എണ്ണത്തില്‍ ഒന്നോ രണ്ടോ മാത്രമായൊതുങ്ങുയും ചെയ്തു.
ചലച്ചിത്രനിര്‍മാണത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന്റെ ഗുണഫലമായിവേണം ഇത്തരം ചലച്ചിത്രോദ്യമങ്ങളെയും മേളകളെയും പോലും കണക്കാക്കാനെന്നു തോന്നുന്നു. പ്രസാധനം നേടിയ ജനാധിപത്യവല്‍ക്കരണത്തിനു സമാനമാണീ മാറ്റം. ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ മികച്ചൊരു സ്റ്റില്‍ ക്യാമറയുപോയുഗിച്ചു പോലും മികച്ച ദൃശ്യാഖ്യാനം നിര്‍മിക്കാമെന്ന അവസ്ഥയുടെ നേട്ടമാണിത്. മികച്ച ദൃശ്യപാഠവും ശബ്ദപഥവും കാഴ്ചവയ്ക്കുന്നതില്‍ അമച്ച്വര്‍ എന്നു തള്ളിക്കളയാവുന്ന ഹ്രസ്വചിത്രങ്ങള്‍ പോലും വിജയിച്ചു എന്നു നിരീക്ഷുക്കുമ്പോള്‍ ഇപ്പറഞ്ഞതു വ്യക്തമാവും.കവിതയെഴുതുന്ന ഏതൊരാള്‍ക്കും പ്രസാധകന്റെയും പ്രസിദ്ധീകരണത്തിന്റെയും പിന്തുണകൂടാതെ തന്നെ സമൂഹമാധ്യമത്തില്‍ ആത്മപ്രകാശനത്തിനു സ്വതന്ത്രവേദിയുണ്ടെന്ന പോലെ തന്നെയാണ് സ്വന്തമായുണ്ടാക്കുന്നൊരു ഹ്രസ്വചിത്രത്തെയും പ്രേക്ഷകസമക്ഷമെത്തിക്കാനാവുമെന്ന നടപ്പുകാല അവസ്ഥ. ഈ വ്യവസ്ഥിതിയുടെ പരിണതിയും ഫലവുമായിട്ടാണ് കാലോപ്‌സിയയിലെ ഹ്രസ്വചിത്രങ്ങളെയും നോക്കിക്കാണേണ്ടത്. പ്രതിഭകളെ കണ്ടെത്താന്‍ നടത്തുന്ന മേള പ്രതിഭകളുടെ മേളയായിത്തീരുന്ന അനുഭവമായിരുന്നു കാലോപ്‌സിയ. കൈത്തഴക്കം വന്ന സംവിധായകരുടെയും എഴുതിത്തെളിഞ്ഞ തിരക്കഥാകൃത്തുക്കളുടെയും അഭിനയിച്ചുവളര്‍ന്ന താരങ്ങളുടെയും മിന്നലാട്ടങ്ങളായിരുന്നു അവ. ഈ കുറിപ്പില്‍ അവയിലൊന്നിന്റെയും പേരെടുത്തു പരാമര്‍ശിക്കാത്തതും അതുകൊണ്ടാണ്. പ്രവേശനം നേടാത്ത ചിത്രങ്ങളില്‍ പോലും ഇവയിലേതെങ്കിലുമൊക്കെ ഘടകങ്ങളില്‍ അത്ഭുതാവഹമായ മികവുപുലര്‍ത്തിയ മുഹൂര്‍ത്തങ്ങളും സന്ദര്‍ഭങ്ങളും സംഭാവനകളുമുണ്ടായിരുന്നുവെന്നതാണ് വാസ്തവം. ഇതൊരു തിരിച്ചറിവാണ്. ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. മലയാളസിനിമയുടെ ഭാവിയില്‍ ആശങ്കയേ വേണ്ടെന്നതിലേക്കുള്ള സൂചന. ഒപ്പം ചലച്ചിത്രമേളകളും ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളുമടക്കമുള്ള നല്ല സിനിമയ്ക്കു വേണ്ടിയുള്ള കേരളത്തിലെ ചലച്ചിത്രപ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയുടെ അടയാളം കൂടിയായിവേണം ഈ പ്രിതഭാവിളയാട്ടങ്ങളെ വിലയിരുത്താന്‍.അതാകട്ടെ ഏറെ ശുഭാപ്തിവിശ്വാസമുളവാക്കുന്നതുമാണ്.