Archives / September 2018

ഗീത മുന്നൂർക്കോട്

ഒലികളും മാറ്റൊലികളുമായി മഴയോർമ്മകൾ


ഒലികളും മാറ്റൊലികളുമായി മഴയോർമ്മകൾ

ഇറ്റിറ്റിറങ്ങുന്ന മഴത്തുള്ളികളെ കണ്ട് ഒരു നിശ്വാസത്തിനൊപ്പം ഉൾവലിയുമ്പോൾ, പെട്ടെന്ന് വെള്ളയും പൂശി വെളുക്കെച്ചിരിക്കുന്ന മാനത്തേക്ക് ദാഹത്തോടെ നോട്ടമുയർത്തുമ്പോൾ തുടങ്ങുകയായി , ഓർമപ്പെയ്ത്ത്; അവിടെ ഇടിവെട്ടി മിന്നുന്നുണ്ടൊരു കാലവർഷം .

1978 ലാണെന്നാണോർമ്മ. ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാ‍ലം. അന്നൊക്കെ മേടം, ഇടവം, കർക്കിടകം മാസങ്ങളിൽ പെരുമഴക്കാലം തന്നെയായിരുന്നു. രാവും പകലുമില്ലാതെ കോരിച്ചൊരിഞ്ഞ ആ കർക്കടകത്തിന്റെ സ്വാധീനം എന്റെ ഓർമകളിൽ മാത്രമല്ല, കവിതകളിൽപ്പോലും ഇപ്പോഴും മുദ്ര വെയ്ക്കുന്നു എന്നതാണ് വിചിത്രം.

കോളേജിൽ നിന്നുമുള്ള ഒരു മടക്കയാത്രയിലെ കർക്കടക മഴ. കുഞ്ഞു കല്ലുകൾ ആരോ കനത്തിലെറിയുന്ന പോലെ തുള്ളികൾ…. മാനം ക്ഷോഭിച്ച് വിറപ്പിക്കുന്ന ഇടിവെട്ട്, ഗർജ്ജനം….!. ഓരോ മിന്നലിനുമുണ്ടായിരുന്നോ ആയിരം വാൾത്തലകളുടെ മൂർച്ച… ! അന്ന് തൃക്കടീരിയിൽ ബസ്സിറങ്ങി 1 ½ കി മി നടക്കണം മുന്നൂർക്കോട്ടുള്ള തറവാട്ട് വീട്ടിലെത്താൻ. മിക്കപ്പോഴും അര മണിക്കൂർ മതിയായിരുന്നു ഈ ദൂരം താണ്ടാൻ. എന്നാൽ ഭ്രാന്തെടുത്ത് പെയ്തിറങ്ങുന്ന മഴയിൽ ഏതാണ്ട് 45 മിനിറ്റിൽ പഞ്ചായത്ത് റോഡ് നീന്തിക്കയറിയാൽ പിന്നെയങ്ങോട്ട് പാടമാണ്. 5 മിനിറ്റിൽ നടക്കാവുന്ന ദൂരമേയുള്ളൂ.. പക്ഷേ… ചേറിട്ടു പൊതിഞ്ഞ വരമ്പുകൾ.. ഇടയ്ക്കും തലയ്ക്കും ചാലുകൾ … വരമ്പുകളിടിഞ്ഞ് കുത്തിയൊഴുകുന്ന വെള്ളം…. കൈകളിൽ തുറന്ന കുട, പുസ്തകങ്ങൾ, കാലിൽ നിന്നൂരിയെടുത്ത ചെരിപ്പ്… ഹാന്ഡ് ബാഗ്…നനഞ്ഞ സാരിയും വലിച്ചു കേറ്റിയ കെട്ടു ഭാരം. രണ്ടെണ്ണം പോരല്ലോ കൈയ്യുകൾ എന്ന അവസ്ഥ…

നേരം 6 മണി കഴിഞ്ഞു.. ഇരുട്ടും പയ്യെപ്പയ്യെ അടുക്കുന്നു… വീശിയടിക്കുന്ന കാറ്റിൽ നനഞ്ഞൊട്ടി ഏന്തി വലിച്ചുള്ള ആ വയൽക്കയറ്റം… ഇന്നുമതൊരു ഭയപ്പെടുത്തുന്ന ചിത്രം ! പുഴ പോലെ… ചേർമണ്ണ് ചിരിച്ചൊഴുകുന്ന ചാലുകൾ….വീണ്ടും കാതു പൊട്ടിക്കുന്ന മേഘഗർജ്ജനങ്ങൾ… വീശിയടിച്ച് മുക്കിക്കുളിപ്പിക്കുന്ന കാറ്റൊരു ഭൂതച്ചുഴലി പോലെ….

വീടിനടുത്തേക്കുള്ള തിരിവിലെ വരമ്പിന്നോരത്ത് ഒരു പാറക്കല്ലുണ്ട്. മിക്കപ്പോഴും ഞങ്ങൾ തറവാട്ടിലെ കുട്ടികൾ അവധി ദിവസങ്ങളിലെ തെളിഞ്ഞ സായന്തനങ്ങൾ ആ പാറപ്പുറത്തിരുന്ന് കഥകളും തമാശകളും പറഞ്ഞ് ചിലവഴിച്ചിരുന്നു… പെട്ടെന്നാണ് ഞാൻ കണ്ടത്… ആ കല്ലിന്നോരം ചേർന്ന് ഒരു വള്ളിക്കെട്ടൻ പാമ്പ് ചുരുണ്ട് കിടക്കുന്നു. വെള്ളിക്കെട്ടൻ നല്ല വിഷമുള്ള ഇനം പാമ്പാണെന്ന് അറിയാമായിരുന്നതു കൊണ്ട് ഞാൻ സ്തംഭിച്ചു പോയി. എന്തോ ഒരു ഉൾപ്രേരണയോ നിമിത്തമോ എന്നറിയില്ല, കാലുകൾ വളരെപ്പതുക്കെ അല്പം പോലും ശബ്ദമുണ്ടാക്കാതെ ആ കല്ലിന്റെ വളവു കടന്നു. നോട്ടം പിറകോട്ടും നടത്തം പയ്യെ പയ്യെ മുന്നോട്ടുമായി 5 മിനിറ്റെടുത്തു വീട്ടുപടിക്കലേയ്ക്കുള്ള ഒരേയൊരു വരമ്പു കയറാൻ.

പൂമുഖത്ത് പരിഭ്രാന്തിയോടെ കാത്തു നിലക്കുന്നുണ്ടായിരുന്നു എല്ലാവരും, കുട്ടിയെത്തിയില്ലല്ലോ എന്ന വേവലാതിയോടെ. ആരെയും മുഖമുയർത്തി നോക്കാതെ കൈയ്യിലുള്ളതെല്ലാം ആർക്കോ തള്ളിക്കൊടുത്ത് വടക്കേപ്പുറത്തെ കുളിമുറിയിൽ കയറി ഈറൻ മാറി. പിന്നെ മുറിക്കുള്ളിൽ കയറി കതകടച്ച് കിടന്നതാണ്. അടുത്ത നാൾ പലവട്ടം അമ്മയും വല്യമ്മമാരും മുട്ടി വിളിച്ചപ്പോഴാണുർന്നത്. ശേഷം രണ്ടാഴ്ച്ച കടുത്ത പനിയിൽ വിറച്ച്.. മൂടിപ്പുതച്ച്.. കഞ്ഞിയും കഷായവുമൊക്കെയായി… പിന്നീടറിഞ്ഞു മഴ വീണ്ടും ശക്തി പ്രാപിച്ചതും തോടും പാടവുമൊന്നായി ഒരാഴ്ച്ചക്കാലം വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതുമെല്ലാം.

പനി മാറി എഴുന്നേറ്റതും ഒരു മഴക്കവിതയെത്തി തൂലികത്തുമ്പിൽ “ഒലികൾ മാറ്റൊലികൾ”… പ്രാകൃതരമ്യപ്രപഞ്ചപ്രതിരൂപമായി പെയ്തു നിന്ന ആ മഴ. പിന്നീടൊരിക്കലും അത്രയും ശക്തമായ ഒരു മഴ ഇന്നോളം പെയ്തിട്ടില്ല.

ഇപ്പോഴും തറവാട്ടുവീട്ടിൽ പോകും വഴി ആ പാറക്കല്ലിനടുത്തെത്തുമ്പോൾ ഞാൻ തറപ്പിച്ച് നോക്കാറുണ്ട്, പടിക്കലെത്തുവോളം ഇടയ്ക്കിടെ തിരിഞ്ഞു നോക്കാറുമുണ്ട്…

ഇതാ വീണ്ടും പ്രകൃതി പ്രാകൃതരൂപം ധരിച്ച് ഈ വർഷം ദുരിതവിത്തുകൾ വിതച്ച് കൊടുംമാരി പെയ്യിച്ച്........ താണ്ഡവമാടുന്നു... ഇനിയുമെത്ര നാൾ...
******************

Share :