Archives / 

ജോസ് ചന്ദനപ്പള്ളി
എസ് കെ പൊറ്റെക്കാട്ട്‌

നിത്യയാത്രികനായ പൊറ്റക്കാട്ട് ഓർമ്മയായിട്ട് (6.8.2018) 36 വർഷം തികയുന്നു

കേരളം കണ്ട ഏറ്റവും വലിയ സഞ്ചാര സാഹിത്യകാരനായിരുന്നു എസ്.കെ.പൊറ്റക്കാട്ട്. മലയാളത്തിലെ യാത്രാവിവരണ ശാഖയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ സാഹിത്യകാരന്‍ എന്നറിയപ്പെടുന്ന പൊറ്റക്കാട്ട് കവിത, ചെറുകഥ, നോവല്‍, നാടകം, ഉപന്യാസം എന്നിവയിലും വ്യക്തിമുദ്ര പതിപ്പിച്ചു. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വ്വേഷ്യാ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്. കാപ്പിരികളുടെ നാട്ടില്‍, സിംഹഭവൂമി, ബാലിദ്വീപ് തുടങ്ങിയവയാണ് പ്രധാന യാത്രവിവരണങ്ങള്‍. മലയാളികളുടെ പ്രിയപ്പെട്ട സഞ്ചാര സാഹിത്യകാരന്‍ മാത്രമല്ല പൊറ്റകാട്ട്, അതിലുപരി മലയാളസാഹിത്യത്തിന് രണ്ടാമതായി ജ്ഞാനപീഠ പുരസ്കാരം ലഭ്യമാക്കിയ മലയാളിയുടെ അഭിമാനം കൂടിയാണ് ഈ കോഴിക്കോട്ടുകാരന്‍. ഒരു ദേശത്തിന്‍റെ കഥയും ഒരു തെരുവിന്‍റെ കഥയും പോലെ കൈരളി അദ്ദേഹത്തിന്‍റെ യാത്രാവിവരണങ്ങളെയും നെഞ്ചോട് ചേര്‍ത്തു.

നാലാം ഫോറത്തില്‍ പഠിക്കുമ്പോഴാണ് ആദ്യ കഥയെഴുതുന്നത്. വെള്ളിനക്ഷത്രം എന്നായിരുന്നു ആ കഥയുടെ പേര്. പക്ഷേ ഇതു പ്രസിദ്ധീകരിച്ചുവന്നില്ല. സാമൂതിരി കോളേജില്‍ പഠിക്കവേ കോളേജ് മാഗസിനില്‍ രാജനീതി എന്ന ആദ്യകഥ പ്രസിദ്ധീകരിച്ചു. ആത്മകാഹളം എന്ന മാസികയില്‍ 1933-ല്‍ പ്രസിദ്ധീകരിച്ച മകനെ കൊന്ന മദ്യം എന്ന കവിതയാണ് ആദ്യം അച്ചടിച്ച കവിത. ആദ്യ കവിതാ സമാഹാരമായ പ്രഭാതകാന്തി 1936-ല്‍ പുറത്തിറങ്ങി. 1939-ല്‍ കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച നാടന്‍ പ്രേമം ആണ് എസ്.കെ.യുടെ ആദ്യനോവല്‍. നാല്പതുകളുടെ ആദ്യത്തില്‍ അരുണന്‍ എന്ന തൂലികാനാമത്തില്‍ ഹാസ്യവിമര്‍സന ലേഖനങ്ങള്‍ എഴുതിയിരുന്നു. 1947-ല്‍ ഈ ലേഖനങ്ങള്‍ സമാഹരിച്ചു പൊന്തക്കാടുകള്‍ എന്ന പുസ്തകം ഇറക്കി.

അദ്ദേഹത്തിന്‍റെ ബാല്യകാലാനുഭവങ്ങള്‍ ഒരു ദേശത്തിന്‍റെ കഥയ്ക്ക് നിറക്കൂട്ടായി. 1936-ല്‍ കോഴിക്കോട് ഗുജറാത്തി സ്കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്ന കാലത്ത് സ്വാതന്ത്ര്യ സമരത്തിലും ദേശീയ പ്രസ്ഥാനത്തിലും ആകൃഷ്ടനായി. 1939-ലെ കോണ്‍ഗ്രസ്സ് ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്കൂളില്‍ നിന്ന് അവധി ചോദിച്ചെങ്കിലും ലഭിച്ചില്ല. അങ്ങനെ ജോലി രാജിവച്ച് സ്വാതന്ത്ര്യസമരത്തിന്‍റെ തീച്ചൂളയിലേക്ക് എടുത്തുചാടിയ പൊറ്റക്കാട്ട്. മുഹമ്മദ് അബ്ദുര്‍ റഹിമാന്‍ സാഹിബിനൊപ്പം ത്രിപുരയിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു. ഈ യാത്രയാണ് അദ്ദേഹത്തിനെ സഞ്ചാരപ്രിയനാക്കിയത്. പിന്നീട് വീണ്ടും ജോലി തേടി മുംബെയില്‍ എത്തി. അവിടെവച്ച് മത്തായി മാഞ്ഞുരാന്‍, ഏ.കെ.ജി. എന്നിവരുമായി സൗഹൃദത്തിലായി. 1941 വരെയുള്ള കാലയളവില്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. ബോംബെയില്‍ നിന്ന് കാശ്മീരിലേക്കുള്ള യാത്രയില്‍ മനോഹരങ്ങളായ തടാകങ്ങളും, മഞ്ഞുമലകളും പച്ച പുതച്ച താഴ്വാരങ്ങളും അദ്ദേഹത്തെ മോഹിപ്പിച്ചു. ഏഷ്യാ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പര്‍വ്വതനിരയായ ഹിമാലയം വരെ ആ യാത്ര തുടര്‍ന്നു. ഇക്കാലയളവില്‍ തന്നെ അദ്ദേഹം യാത്രാവിവരണം എഴുതിത്തുടങ്ങി.

1949-ല്‍ ആയിരുന്നു ആദ്യ വിദേശ പര്യടനം. എസ്.കെ.യുടെ ആദ്യ വിദേശയാത്ര ഇരുണ്ട ആഫ്രിക്കയിലേക്കായിരുന്നു. ആഫ്രിക്കയിലേക്ക് യാത്ര പുറപ്പെടുന്ന എസ്.കെ.യെ യാത്രയാക്കവെ പ്രമുഖ നിരൂപകന്‍ കുട്ടികൃഷ്ണ മാരാര് അദ്ദേഹത്തോട് ചോദിച്ചു: "ലോകത്ത് എത്രയോ നല്ല രാഷ്ട്രങ്ങള്‍ ഉണ്ടെന്നിരിക്കെ എസ്.കെ. എന്തിന് ഇരുണ്ട ആഫ്രിക്കയിലേക്ക് പോവുന്നു?" "പച്ചയായ മനുഷ്യരെ കാണാനും പഠിക്കാനുമാണ് ഞാന്‍ ആഫ്രിക്കയിലേക്ക് പോവുന്നത്" എന്നാണ് എസ്.കെ. മറുപടി പറഞ്ഞത്. തുടര്‍ന്ന് യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിലേക്ക് പിന്നീട് നിരവധി യാത്രകള്‍ യാത്രാനുഭവങ്ങള്‍ സാഹിത്യഭംഗിയോടെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ച് പൊറ്റക്കാട്ട് യാത്രാവിവരണ ശാഖയ്ക്ക് പുതിയ മാനം നല്‍കി. കെയ്റോ കത്തുകള്‍, കാപ്പിരികളുടെ നാട്ടില്‍, സിംഹഭൂമി, നൈല്‍ ഡയറി, ബാലിദ്വീപ് തുടങ്ങി നിരവധി യാത്രാ വിവരണ കൃതികള്‍, കവിതാ ഉപന്യാസം തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹം മികവ് തെളിയിച്ചു.

പൊറ്റക്കാട്ടിന്‍റെ മുപ്പതുവര്‍ഷത്തെ കഥാജീവിതത്തിനിടയില്‍ നൂറ്റിമുപ്പത് കഥകളാണ് എഴുതിയത്. ഏതാണ്ടെല്ലാ. കഥകളും താന്‍ ജീവിക്കുന്ന കാലത്തെയാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. ആ കഥകളുടെ ചാരുതയ്ക്ക് ഇപ്പോഴും മങ്ങലേല്‍ക്കുന്നില്ല. ഇന്‍സ്പെക്ഷന്‍ എന്ന ഒരൊറ്റ കഥ വീണ്ടുമെടുത്തു വായിക്കുമ്പോള്‍ ഇതു ബോധ്യമാകും. വ്യക്തിക്കപ്പുറം സമൂഹം മുഴുവനായി കഥയ്ക്ക് വിഷയമാകുന്നു എന്നതാണ് എസ്.കെ.യുടെ രചനയുടെ പ്രത്യേകത. നോവലും കവിതയും നാടകവുമെല്ലാം അദ്ദേഹത്തിന്‍റെ കൈകളിലൊതുങ്ങുന്നു. കാല്പനികതയും റിയലിസവും എസ്.കെയുടെ രചനകളില്‍ കാണാം. ആനന്ദവും വിജ്ഞാനവും ഒരുപോലെ പ്രദാനം ചെയ്യുന്നതാണ് അദ്ദേഹത്തിന്‍റെ സഞ്ചാര സാഹിത്യകൃതികള്‍. വ്യത്യസ്ത ലോകങ്ങളിലെ വിസ്മയ കാഴ്ചകള്‍ അക്ഷരങ്ങളിലൂടെ അറിയാന്‍ മലയാളിയെ പ്രാപ്തനാക്കിയത് എസ്.കെ. പൊറ്റക്കാട്ട് ആയിരുന്നു. അദ്ദേഹത്ത ജ്ഞാനപീഠത്തിനര്‍ഹനാക്കിയ ഒരു ദേശത്തിന്‍റെ കഥ ആത്മകഥാപരമായ നോവലാണ്. 1947 മുതല്‍ 77 വരെ കാലയളവില്‍ ഇരുപതോളം യാത്രാവിവരണങ്ങളാണ് അദ്ദേഹം എഴുതിയത്.
ډ
ജډനാടിന്‍റെ പിന്‍വിളി കാതോര്‍ത്ത നിത്യയാത്രികന്‍

എല്ലാ യാത്രകളിലും തന്‍റെ ജډനാടായ കോഴിക്കോടിന്‍റെ പിന്‍വിളിക്ക് അദ്ദേഹം കാതോര്‍ത്തിരുന്നു. ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്ക് യാത്ര ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയശേഷം പുതിയറയില്‍ അദ്ദേഹം "ചന്ദ്രകാന്തം" എന്ന പേരില്‍ ഒരു വീടു പണിതു. ഭാര്യയോടൊപ്പം ലോകം ചുറ്റിസഞ്ചരിച്ച എസ്.കെ. തന്‍റെ ഡയറിക്കുറിപ്പുകളിലൂടെ ആധുനിക വാര്‍ത്താവിതരണ വിദ്യകളൊന്നും അധികം പുരോഗിച്ചിട്ടില്ലാത്ത കാലത്ത് മലയാളികള്‍ക്ക് ലോകം പരിചയപ്പെടുത്തി. കാപ്പിരികളുടെ നാടും, ക്ലിയോപാട്രയുടെ ദേശവും നൈല്‍നദിക്കരയും കെയ്റോയും ലാഹോറിലെ ഷാലിമാര്‍ തോട്ടങ്ങളും കുത്തബ്ബ്മീനാറും കാശ്മീരുമെല്ലാം എസ്.കെ.യുടെ രസകരവും ആസ്വാദ്യകരവുമായ ശ്രേഷ്ഠഭാഷയിലൂടെ മലയാളികള്‍ വായിച്ചറിഞ്ഞു. "ഒരു ദേശത്തിന്‍റെ കഥ" പൊറ്റക്കാട്ടിന്‍റെയും "ഒരു തെരുവിന്‍റെ കഥ" കോഴിക്കോട് നഗരത്തിന്‍റെയും ആത്മകഥകളാണ്. വയനാട്ടിലെ ജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ വിഷകന്യക, നോവല്‍ എന്ന കലാരൂപത്തിലൂടെ മലയാളഭാഷയ്ക്കു ലഭിച്ച ഒരു ക്ലാസിക് തന്നെയാണെന്ന് പറയാം.
ډ
പുരസ്കാരങ്ങളും അവാര്‍ഡുകളും

"യവനികയ്ക്കു പിന്നില്‍"- 1940-ല്‍ മികച്ച കഥയ്ക്കുള്ള മദിരാശി ഗവണ്‍മെന്‍റ് അവാര്‍ഡ് "വിഷകന്യക" - 1949-ല്‍ മികച്ച നോവലിനുള്ള മദിരാശി ഗവണ്‍മെന്‍റ് അവാര്‍ഡ് "ഒരു തെരുവിന്‍റെ കഥ" - 1962-ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് "ഒരു ദേശത്തിന്‍റെ കഥ" - 1972-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് - 1973-ല്‍ സാഹിത്യ പ്രവര്‍ത്തകസംഘം അവാര്‍ഡ് "എന്‍റെ വഴിയമ്പലങ്ങള്‍" - 1977-ല്‍ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡ് "ഒരു ദേശത്തിന്‍റെ കഥ" - 1980-ല്‍ ഭാരതീയ ജ്ഞാനപീഠം അവാര്‍ഡ് കാലിക്കട്ട് സര്‍വ്വകലാശാല അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.

ജീവിതരേഖ

ജനനം: 1913 മാര്‍ച്ച് 11 ന് കോഴിക്കോട് പുതിയറയില്‍. പിതാവ്: കുഞ്ഞിരാമന്‍ പൊറ്റക്കാട്ട്. മാതാവ്: കിട്ടൂലി. കോഴിക്കോട് ചാലപ്പുറം ഗണപതി സ്കൂള്‍, സാമൂതിരി കോളേജ് എന്നിവിടങ്ങളില്‍ പഠനം. 1936-ല്‍ കോഴിക്കോട് ഗുജറാത്തി സ്കൂളില്‍ അദ്ധ്യാപകനായി. 1942-ല്‍ ക്വിറ്റ് ഇന്‍ഡ്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ രഹസ്യ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. കീഴരിയൂര്‍ ബോംബ് കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ നിന്നു രക്ഷപ്പെടാന്‍ ബോംബെയിലേക്ക് വണ്ടികയറി. അവിടെ ഗുമസ്തനായി ജോലി ചെയ്തു. തുടര്‍ന്ന് ഇന്ത്യയൊട്ടാകെയുള്ള സഞ്ചാരവും വിദേശസഞ്ചാരവും 1950-ല്‍ മയ്യഴി സ്വദേശി ജയവല്ലിയെ വിവാഹം കഴിച്ചു. 1955-ല്‍ ഹെല്‍സിങ്കിയില്‍ നടന്ന ലോകസമാധാന സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തു. 1957-ല്‍ തലശ്ശേരി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ പാരജയപ്പെടുന്നു. 1962-ല്‍ തലശ്ശേരിയില്‍ നിന്നും വിജയിക്കുന്നു. 1982 ആഗസ്റ്റ് 6-ന് ആ മഹാനായ യാത്രികന്‍ യാത്രകളവസാനിപ്പിച്ചു.

Share :

Photo Galleries