അമ്മയും കുഞ്ഞും
ഒന്നാം ഭാഗം:-
രണ്ട് ഭാഗങ്ങളിലായി "ആര്യനാട് രാജേന്ദ്രനെ" - ചേര്‍ക്കുന്നു.
ആര്യനാട് രാജേന്ദ്രന്‍ എന്ന ശീര്‍ഷകത്തിനേക്കാള്‍ ഏറെ അര്‍ത്ഥപൂര്‍ണ്ണമാണ് - "അമ്മയും കുഞ്ഞും" മറ്റൊരു വാക്കില്‍ "രാജേന്ദ്രന്‍റെ അമ്മയും കുഞ്ഞും". (വിശദമായി രണ്ടാം ഭാഗത്ത് ചേര്‍ക്കുന്നു.)
രാജേന്ദ്രന്‍ എന്ന ശില്പി അല്ലെങ്കില്‍ കലാകാരന്‍ നമ്മളില്‍ ഒരാളാണ്. - ഒരാളായിരിക്കണമെന്ന് ഏറെ നിര്‍ബന്ധം രാജേന്ദ്രനുണ്ട്. അതാണ് രാജേന്ദ്രന്‍റെ ലാളിത്യം.
ആര്യനാടിന്‍റെ രാജേന്ദ്രന്‍ - തിരുവനന്തപുരം ജില്ലയില്‍ ആര്യനാട് എന്ന ഗ്രാമപ്രദേശത്ത് 1952 ഏപ്രില്‍ പത്തിന് രാജേന്ദ്രന്‍ ജനിച്ചു. പിരപ്പനംകോട് വീട്ടില്‍ വാസവന്‍റെയും ജഗദമ്മയുടെ മൂത്തമകനായി. പ്രത്യേകിച്ച് കലാപാരമ്പര്യമില്ലാത്ത വീട്ടില്‍ നിന്നാണ് രാജേന്ദ്രന്‍ കലാ ലോകത്ത് കടന്നുവന്നത്.
നാട്ടിലെ നല്ലൊരു ചെണ്ടമേളക്കാരനും ബോര്‍ഡെഴുത്തുകാരനുമായിരുന്നു അപ്പുക്കുട്ടനാശാന്‍. ആശാന്‍റെ കൈപ്പിടിയിലൊതുങ്ങുന്ന ബ്രഷില്‍ നിന്നും വരുന്ന അക്ഷരങ്ങളുടെ വടിവുകളാണ് രാജേന്ദ്രന്‍ ശ്രദ്ധിച്ചത്. സ്കൂളില്‍ പഠിച്ച ഈ അക്ഷരങ്ങള്‍ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുകൊടുക്കാനുള്ളതാണെന്ന് മാഷ്മാര്‍ പറഞ്ഞിരുന്നു എങ്കില്‍ അക്ഷരങ്ങളില്‍ ഒളിഞ്ഞ് കിടക്കുന്ന കല രാജേന്ദ്രന്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ശിലയിലും കളിമണ്ണിലും ഒളിഞ്ഞ് കിടക്കുന്ന കവിതകളെ രാജേന്ദ്രന്‍ പില്ക്കാലത്ത് വശത്താക്കിയത്.
തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥിയായ രാജേന്ദ്രന്‍ ചായങ്ങളില്‍ ചന്തംപുരട്ടിയപ്പോള്‍ സഹപാഠികള്‍ ആവേശം കാട്ടി. അത് രാജേന്ദ്രനില്‍ പുതിയ മാനങ്ങള്‍ തീര്‍ക്കാന്‍ പര്യാപ്തമായിരുന്നു.
അക്കാലങ്ങളില്‍ ഗുരുക്കളായി കിട്ടിയ ശില്പകലാ വിഭാഗം പ്രൊഫസറായ കേശവന്‍കുട്ടി മാവേലിക്കര രവിവര്‍മ്മാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഇന്‍സ്ട്രക്ടറായ ഭാസുരന്‍ എന്നിവരുടെ വിദഗ്ധശിക്ഷണം രാജേന്ദ്രനില്‍ ആത്മവിശ്വാസത്തിന്‍റെ പുതിയ നാമ്പുകള്‍ തീര്‍ത്തു. അങ്ങനെയാണ് എന്തും ഒരു വെല്ലുവിളിയായി കാണാനും പുതിയ തീരങ്ങള്‍ അണയാനും രാജേന്ദ്രനില്‍ വിജയത്തിന്‍റെ പഥങ്ങള്‍ തീര്‍ത്തത്.
ക്രിസ്തുദേവന്‍, ശ്രീബുദ്ധന്‍, ശ്രീനാരായണഗുരു എന്നീ ആത്മീയപ്രതിഭകളുടെ പ്രതിമകളും മദീനാദേവാലയത്തിന്‍റെ മാതൃകയും അടങ്ങുന്നതായിരുന്നു രാജേന്ദ്രന് കഴിവ് തെളിയിക്കാന്‍ വീണുകിട്ടിയ പ്രഥമ ശില്പ്പ സംരംഭം. അതിന്‍റെ പ്രശസ്തി രാജേന്ദ്രന് "ആശയാവിഷ്കാരങ്ങളുടെ ശില്പി" എന്ന പേര് ചാര്‍ത്തിക്കിട്ടി.
1974-ല്‍ വെള്ളനാട് മിത്രാനികേതന്‍ സ്കൂളില്‍ രാജേന്ദ്രന്‍ തുടങ്ങിവെച്ച കളിമണ്‍ ശില്പ പരിശീലന പരിപാടി ഇന്നും തുടര്‍ന്ന് പോകുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അവധിക്കാല ശില്‍പ്പകലാ ക്യാമ്പുകള്‍ ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ക്യാമ്പുകള്‍ തുടങ്ങിയവയില്‍ സജീവ സാന്നിദ്ധ്യമാണ് രാജേന്ദ്രന്‍ ഇന്നും.
1976-ല്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ പത്തോളജി ഡിപ്പാര്‍ട്ട്മെന്‍റില്‍ ആര്‍ട്ടിസ്റ്റ് മോഡലറായി സേവനമാരംഭിച്ചതോടെ ഔദ്യോഗിക തലത്തില്‍ തന്‍റെ കലാ വൈഭവം തെളിയിക്കുകയായിരുന്നു രാജേന്ദ്രന്‍ ചെയ്തത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനാവശ്യമായ മനുഷ്യശരീരം ഘടനാഭാഗങ്ങള്‍ വരച്ചുണ്ടാക്കിയും ശരീരഭാഗങ്ങള്‍ ശില്പങ്ങളാക്കിയും പുതിയ സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച്, സമൂഹത്തിന് പുതിയ പുതിയ ഡോക്ടര്‍മാരെ അവതരിപ്പിച്ചു. ഒപ്പം തന്നെ തന്‍റെ സര്‍ഗാത്മകത നിലനിര്‍ത്തുകയും സ്വപ്ന ശില്പങ്ങളെ വാര്‍ത്തെടുക്കാനും മറന്നില്ല.
1982-ല്‍ പാശ്ചാത്യ ശില്‍പാലങ്കാരത്തിന്‍റെ ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കാനുള്ള പഠനയാത്ര ബഹറിലും എത്തിച്ചു. ഇറ്റാലിയന്‍ പ്രതിമാ നിര്‍മ്മാണ സാങ്കേതിക വിദ്യയിലും വൈദഗ്ധ്യം പാലസ് ഇന്‍റീരിയര്‍ ഡക്കറേഷന്‍ ആര്‍ട്ടിസ്റ്റായി രണ്ട് വര്‍ഷം അവിടെ ജോലി നോക്കി.
2002-ല്‍ കേരളാ അക്കാദമി വൈലോപ്പിളളി സംസ്കൃതി ഭവനില്‍ സംഘടിപ്പിച്ച ലളിതകലാ സംഗമത്തിന്‍റെ സ്മരണയായ സംഗമ ശില്പ നിര്‍മ്മാണത്തില്‍ രാജേന്ദ്രനും പങ്കാളിയായി. സര്‍വകലകളുടെയും സംഗമം എന്ന ആശയത്തില്‍ ഉരുത്തിരിഞ്ഞ ലളിതകലകളുടെ പ്രതീകാത്മക ശില്‍പ്പമാണ് രാജേന്ദ്രന്‍ സൃഷ്ടിച്ചത്.
കളിമണ്ണ് മെനഞ്ഞ്, രൂപനിര്‍മ്മിതിയിലേക്കു പരിണമിക്കുമ്പോള്‍ അത് യാഥാര്‍ത്ഥ്യങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും അതീതമായ സംഗ്രഹീത ബിംബങ്ങളായി മാറി. ഇത്തരം സംഗ്രഹിത രൂപങ്ങളുടെ ഘടനാപരമായ സംയോജകമാണ് 'മരണത്തിന്‍റെ മല്‍പ്പിടിത്തം' എന്ന രാജേന്ദ്രന്‍റെ അമൂര്‍ത്ത ശൈലിയിലുള്ള കളിമണ്‍ ശില്പം.
ഉപാസകരായ കലാകാരډാര്‍ക്ക് മാത്രം കിട്ടുന്ന വരദാനമാണ് സൃഷ്ടിയുടെ ഉറവ. മുത്തുച്ചിപ്പിയുടെ ഉള്ളില്‍ പതിച്ച ജലകണം മുത്തായി രൂപാന്തരപ്പെടുന്ന ജൈവപരിണാമം. സൃഷ്ടി കര്‍മ്മത്തിന്‍റെ അനുഭൂതിപേറുന്ന സവിശേഷതയാണിത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു രോഗശയ്യയില്‍ രാജേന്ദ്രന്‍ ദര്‍ശിച്ച മരണത്തിന്‍റെ മല്‍പിടിത്ത രംഗമാണിത്. ആശുപത്രി ജീവനക്കാര്‍ക്ക് നിത്യസംഭവം. അത് നോക്കിക്കാണുന്ന ബന്ധുമിത്രാദികള്‍ക്ക് അസഹനീയ തീവ്രാനുഭവം. അത് രാജേന്ദ്രനിലുണ്ടാക്കിയ മാനവിക സംഘര്‍ഷമാണ്. "മരണത്തിന്‍റെ മല്‍പ്പിടിത്തം" എന്ന അമൂര്‍ത്ത കളിമണ്‍ ശില്‍പ്പ സൃഷ്ടിക്കാധാരമായ പ്രചോദനം.
(ശേഷം അടുത്ത ഭാഗത്ത്)