Archives / July 2018

സ്വയംപ്രഭ
നിന്‍റെ നാദം ഞാന്‍ കേട്ടില്ല

മൊബൈലിന്‍റെ നാദം തുടരുന്നത് കേട്ടുകൊണ്ടു തന്നെ ഞാന്‍ അതിനെ തൊടാന്‍ പോയില്ല - സ്ക്രീനില്‍ എഴുതിക്കാണിക്കുന്ന പേര് കണ്ടപ്പോള്‍. അടുത്ത് ഉടന്‍ തന്നെ വാട്ട്സ് ആപ്പില്‍ ഉറപ്പായും മെസേജ് എത്തും എന്നെനിക്കറിയാം. മൊബൈല്‍ എടുക്കാതെ തന്നെ വീട് പൂട്ടി ഞാന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി - പ്രത്യേക ലക്ഷ്യമില്ലാതെ നഗരത്തിന്‍റെ തിരക്കില്‍ ചേര്‍ന്നു.
ലക്ഷ്യമില്ലെങ്കിലും മിക്കപ്പോഴും പോകുന്നത് ക്ഷേത്രത്തിലേക്കാണ് - പുസ്തകങ്ങളുടെ ക്ഷേത്രം. പുസ്തകങ്ങളുടെ മണം എനിക്ക് ഒരുവിധം സമാധാനം നല്‍കുന്നുണ്ട്. ഈ ക്ഷേത്രം പലേ സൗഹൃദങ്ങളേയും എനിക്ക് സമ്മാനിച്ചിട്ടുണ്ട്. "ക്ഷേത്രത്തിനു" അകത്ത് കടക്കാതെ വെറുതെ ഞാന്‍ പുറത്ത് പുല്‍ത്തകിടിയില്‍ ഇരുന്നു. അപ്പോഴും എന്‍റെ ചിന്ത പതിവില്ലാതെ എന്നെക്കുറിച്ച് തന്നെയാണ്. മാഗസിനുകളില്‍ കൊടുക്കാമെന്ന് ഏറ്റതൊന്നും കൊടുക്കാന്‍ കഴിഞ്ഞില്ല - എഴുതാനുള്ള ഒരു അവസ്ഥ കിട്ടുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക അവസ്ഥ കൈവന്നാല്‍ മാത്രമേ എനിക്ക് എഴുതാനാകൂ. ജീവിതം പഠിപ്പിച്ചതൊക്കെ ഉള്ളിലുണ്ട് - പക്ഷേ അത് എഴുതാനുള്ള മൂഡ് പലപ്പോഴും കിട്ടുന്നില്ല. കഴിഞ്ഞ തവണ മാഗസിനില്‍ നിന്നും വിളിച്ചപ്പോള്‍ അടുത്ത തവണ ഉറപ്പെന്ന് പറഞ്ഞതാണ്. ഇപ്പോള്‍ വീട്ടില്‍ നിന്നും "ഒളിച്ചോടി" ഇവിടെ എത്തിനില്ക്കുന്നു. - ഇനിയെന്ത്? എന്ന ചോദ്യവുമായി.
ഒറ്റപ്പെട്ട എന്‍റെ ജീവിതം എന്നെ ക്രമേണ മറ്റൊരാളാക്കി. പലപ്പോഴും എനിക്ക് തന്നെ അറിഞ്ഞുകൂടാത്ത, മനസ്സിലാവാത്ത ഒരാള്‍.
ഇക്കഴിഞ്ഞ ദിസങ്ങളായി "റിസര്‍ച്ച്കാരി"യെ വിളിക്കുന്നു. (ആവശ്യമില്ലാതെ ആരെയും വിളിക്കാറില്ലെന്ന് എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും അറിയാം). അവളൊട്ട് ശ്രദ്ധിക്കുന്നതേയില്ല. എടുത്താല്‍ തന്നെ രണ്ട് വാക്ക് - തിരക്കിനെക്കുറിച്ച്. അല്ലെങ്കില്‍ പഠനകാര്യങ്ങളായിരിക്കും അവള്‍ പുലമ്പുക. അപ്പോള്‍ തന്നെ എനിക്ക് മതിയാവും. ശരി ഒ.കെ. പറഞ്ഞ് ഞാന്‍ തന്നെ കട്ട് ചെയ്യും. ഈ "ക്ഷേത്രത്തില്‍" നിന്നുമാണ് എനിക്കവളെ കിട്ടിയത്. നല്ലൊരു സുഹൃത്താണ്. ഇത്തരത്തില്‍ മൂഡ് നഷ്ടപ്പെടുമ്പോള്‍ മുമ്പ് അവള്‍ മനസ്സിലാക്കിയിരുന്നു. എന്നേയും കൂട്ടി വെറുതെ നഗരത്തില്‍ കറങ്ങും. നഗരത്തിന്‍റെ തിരക്കില്‍പോലും ഫുട്ട്പാത്തിലൂടെ നടക്കുമ്പോള്‍ എന്‍റെ ചെവിയില്‍ ശബ്ദം താഴ്ത്തി അവളുടെ അതിമനോഹര ശബ്ദത്തില്‍ പാടും. ആ ശബ്ദവീചികള്‍ എന്നെ ഞാനാക്കും. നിമിഷങ്ങള്‍ക്കകം എനിക്ക് പുതിയൊരു ഉണര്‍വ് അവള്‍ ഉണ്ടാക്കിയെടുക്കും. അക്കാലത്ത് പത്രാഫീസില്‍ കൃത്യമായി 'ആര്‍ട്ടിക്കല്‍' എത്തിക്കുമായിരുന്നു.
ആര്‍ട്ടിക്കിള്‍ വായിച്ച് കഴിയുമ്പോള്‍ എഡിറ്റര്‍ ചിരിച്ച മുഖത്തോട് എന്നെ നോക്കി മൂളും. എന്നിട്ട് പറയും "ഈ മൂഡ് കളയരുത്". . . തുടര്‍ച്ചയായി എഴുതി വെയ്ക്കൂ. അപ്പോള്‍ എപ്പോഴും സാധനം സ്റ്റോക്കുണ്ടാവും. ആ അങ്ങേരാണ് ഇന്ന് വിളിച്ചപ്പോള്‍ മൊബൈല്‍ പോലുമെടുക്കാതെ ഞാന്‍ ഇവിടെ എത്തി ഇങ്ങനെ ഇരിക്കുന്നത്.
എനിക്ക് മറ്റൊരു സുഹൃത്തുണ്ടായിരുന്നു. ഒരു "സ്വിഫ്റ്റ്കാരി" അവളുടെ വെളുത്ത സ്വിഫ്റ്റ് കാറില്‍ ഈ നഗരത്തിന്‍റെ തിരക്കില്‍പോലും അതിസമര്‍ത്ഥമായി ഡ്രൈവ് ചെയ്ത് പോകുന്നത് കാണാന്‍ തന്നെ നല്ല സ്റ്റൈലാണ്. ഇപ്പോള്‍ പക്ഷേ കക്ഷി ഒരു കാര്യവുമില്ലാതെ - ഒരു വാക്ക്പോലും മിണ്ടാതെ എന്നില്‍ നിന്നും അകന്നു. ഇന്നും എന്താ കാരണമെന്ന് എനിക്കറിയില്ല - ഒരു വാക്ക് വാട്ട്സ്ആപ്പില്‍ പോലും കുറിച്ചിടാതെ. ഒരു പക്ഷേ മറ്റൊരു സുഹൃത്തിനെ കിട്ടിയിട്ടുണ്ടാവും. എനിക്കാണെങ്കില്‍ മാറി മാറി സൗഹൃദമുണ്ടാക്കാന്‍ ആകുകയുമില്ല.
ആ കക്ഷിയെ ഞാന്‍ പരിചയപ്പെടുന്നതു തന്നെ, തിരക്കില്ലാത്ത ഒരു റോഡില്‍ വെച്ചാണ്. ഫുട്പാത്തിലൂടെ ഞാന്‍ നടന്നു പോകുകയായിരുന്നു. ഒരൊച്ചയും വണ്ടി ബ്രേക്കിടുന്ന ശബ്ദവും ഒരുമിച്ച് കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. ഒരു ബൈക്ക് റോഡില്‍ വീണുകിടപ്പുണ്ട്. അത് ഓടിച്ചിരുന്ന പയ്യനും അവന്‍റെ പെണ്‍സുഹൃത്തും റോഡില്‍ നിന്നും എഴുന്നെല്‍ക്കുന്നു. സ്വിഫ്റ്റിന്‍റെ ഡ്രൈവിംഗ് സീറ്റില്‍ കക്ഷിയും. എഴുന്നേറ്റ പയ്യന്‍ അസ്ത്രംവിട്ട വേഗത്തില്‍ ഡ്രൈവിംഗ് സീറ്റിനടുത്തെത്തി കൈവിരില്‍ ചൂണ്ടിക്കൊണ്ട് കക്ഷിയോട് ആക്രോശിക്കാന്‍ തുടങ്ങി. അവന്‍ ഇടക്കിടെ തന്‍റെ പെണ്‍സുഹൃത്തിനെ നോക്കുന്നുമുണ്ട്. വെള്ളത്തില്‍ വീണ കോഴിക്കുഞ്ഞിനെപ്പോലെ സ്വിഫ്റ്റ്കാരി "കമാന്നൊരക്ഷരം" മിണ്ടാതെയിരിക്കുന്നു. ചുറ്റും ആളുകള്‍ കൂടുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഞാന്‍ അവളുടെ അടുത്തേക്ക് പോയത് അവിടെ കൂടിയ എല്ലാപേരും ബൈക്ക്കാരനെ അനുകൂലിച്ചാണ് സംസാരിക്കുന്നത്. എങ്കില്‍ വാഹനങ്ങളുടെ അപ്പോഴത്തെ കിടപ്പ് കണ്ടാല്‍, സ്വിഫ്റ്റ്കാരിയുടെ കുഴപ്പമായി തോന്നുന്നുമില്ല. പെട്ടെന്ന് തോന്നിയ ബുദ്ധിയില്‍ - പത്രത്തിലാണ് ഞാന്‍ എന്നു പറഞ്ഞുകൊണ്ട് മൊബൈലില്‍ ഫോട്ടോയെടുക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ ബൈക്ക് മറ്റൊരിടത്തേക്ക് മാറ്റിവെയ്ക്കാന്‍ വേണ്ടി ബൈക്ക് ഉയര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ ഞാന്‍ അതിന് അനുവദിച്ചില്ല. അവന്‍ ആ ശ്രമം ഉപേക്ഷിച്ചു. അത് എനിക്കൊരു പിടിവള്ളിയായി. പെട്ടെന്ന് തന്നെ പ്രശ്നം തീര്‍ക്കാന്‍ കഴിഞ്ഞു. പയ്യന്‍ ബൈക്കില്‍ പെണ്‍സുഹൃത്തിനേയും കയറ്റി പോയി. അപ്പോഴാണ് സ്വിഫ്റ്റ്കാരിയൊന്ന് നേരെ നോക്കിയത്. ഒരുതരം ആരാധനയായി എന്നോട് കക്ഷിക്ക് പിന്നീട്.
രണ്ട് നാള്‍ കഴിഞ്ഞാണ് കക്ഷിയൊരു ''ഫെമിനിച്ചി"യായാണ് പൊതുവില്‍ അറിയപ്പെടുന്നതെന്ന് ഞാന്‍ അറിയുന്നത് തന്നെ. പക്ഷേ എന്നോട് അത്തരത്തിലുള്ള ഒരു ജാടയും കാട്ടിയിട്ടുമില്ല.
പുല്‍ത്തകിടിയില്‍ നിന്നും ഞാന്‍ എഴുന്നേറ്റ് ക്ഷേത്രത്തില്‍ കയറാന്‍ തന്നെ തീരുമാനിച്ചു. പടികള്‍ കയറി അകത്ത് കടക്കുമ്പോഴാണ് - അതുണ്ടായത്. വാതിലിനടുത്തുവെച്ച് മറ്റൊരു തല എന്‍റെ നെറ്റിയില്‍ ശക്തമായി മുട്ടി. വേദനയോടെ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു യുവതിയായ കന്യാസ്ത്രി എന്നെ നോക്കി നില്ക്കുന്നു. ആ മുഖത്തെ ഭാവവും കണ്ണിലെ നോട്ടവും വല്ലാതെയെന്നെ സ്പര്‍ശിച്ചു - ഒന്നും പറയാതെ കന്യാസ്ത്രീയും. അല്പം ദൂരം നടന്നശേഷം എന്നെ ഒന്ന് കൂടി തിരിഞ്ഞ് നോക്കിയിട്ട് കന്യാസ്ത്രി നടന്ന് പോയി. വീണ്ടും ഞാന്‍ നോക്കി.
കണ്ണില്‍ നിന്നും മറയുവോളം.. . . . . . .

Share :