Archives / July 2018

സുനിത ഗണേഷ്
കണ്ണാടിമല

ഇന്നലത്തെ സന്ധ്യയിലും
ഞാൻ കണ്ടതാണ്...

ഉയരമേറെയുള്ള മലകൾക്ക്
കരിനിറമാണ്....
ഉള്ളു കാണാൻ കഴിയാത്തവിധം
കരിമ്പടം പുതച്ചിരിപ്പാണ്....

സൂര്യന്റെ,
ചുംബനം നെറുകയിൽ ചാർത്തി
നിൽക്കുമ്പോഴും
ഉള്ളിൽ കഠിനമാം കൽത്തരികൾ
ഘനീഭവിച്ചിരിക്കയാണ്...

ഇന്നലെ, സന്ധ്യയിലും
ഞാൻ മോഹിച്ചിരുന്നു....

കരിമല വമ്പിന്റെയുള്ളിൽ
ഒന്നു കേറാൻ....
മലയുടെ തൊലി
തുടച്ചു മിനുക്കി
കരിമലയെ ഒരു
കണ്ണാടിമലയാക്കി മാറ്റാൻ...

ഉടയാത്ത കണ്ണാടിമലയുടെ
അകതാരിൽ
ചിത്രശലഭങ്ങൾ പുഞ്ചിരിക്കുന്ന
ആരാമം തീർക്കാൻ....

വർണശലഭമായി,
കണ്ണാടിമലക്കുള്ളിലെ
ചിറകടി നാദമാകാൻ....


Share :