Archives / July 2018

ഉമാ പ്രദീപ്
വൃദ്ധസദനം

എത്ര നാളുകള്‍ ഇനി ഞാൻ ഈ വിധം
ദുഃഖമാം പെരുമഴയിൽ നനയണം ?
എത്ര നാളുകള്‍ ഇനി ഞാൻ ഈ മണ്ണിൽ
നിന്റെ ഓർമ്മയിൽ നീറിപ്പുകയണം ?

എന്റെ ഉള്ളിലായ് നീ തളിരിട്ട നാൾ
എന്റെ പ്രാണനിൽ പൂക്കൾ വിടർന്ന നാൾ
നാളുകളെണ്ണി കാത്തിരുന്നന്നു ഞാൻ
നീ വരുന്നതും ഓർത്തിരുന്നന്നു ഞാൻ

പ്രാണന്‍ മേനിയെ വിട്ടുപോകുന്നൊരാ
വേദനയിലും നിൻ മുഖം കാണുവാൻ
മാറിൽ വാൽസല്യപ്പാൽ ചുരത്തിക്കൊണ്ടു
ആത്മനിർവൃതിയെന്തെന്നറിഞ്ഞ നാൾ

നിന്റെ കുഞ്ഞുകരച്ചിലെൻ കർണ്ണത്തിൽ
ആർത്തിരമ്പി പൂമഴയായ് പൊഴിഞ്ഞനാൾ
നിന്റെ പൂമുഖം എന്റെ നേത്രങ്ങളിൽ
ആയിരം തിരിയായി തെളിഞ്ഞ നാൾ

എൻ വിരൽ തുമ്പിൽ തൂങ്ങി നടന്നതും
എന്റെ ചൂടേറ്റുറങ്ങിയുണർന്നതും
നിന്റെ കൊഞ്ചലാൽ ഉള്ളം കുളിർത്തതും
നിൻ കുസൃതിയിൽ കൂട്ടായി നിന്നതും

നിന്റെ യൌവനം എന്റെ വാർദ്ധക്യത്തെ
നാലു ചുവരുകൾക്കുള്ളിൽ തളച്ചുപോയ്
പ്രാണന്‍ വിട്ടകലുന്നതിൻ മുൻപെ ഇന്നഗ്നിജ്വാലകളാളുന്നെൻ മേനിയിൽ

എങ്കിലും എന്റെ ജാലകക്കാഴ്ച്ചകൾ
നിന്നെ മാത്രം തിരഞ്ഞു വന്നീടുന്നു
എന്റെ പ്രാർത്ഥനയ്ക്കുള്ളിലും നീ മാത്രം
അന്നുമിന്നും നിറഞ്ഞു നിന്നീടുന്നു

എന്റെ യൌവനം നിന്റെ ബാല്യത്തെയെൻ മാറിൻ ചൂടിലുറക്കിയതല്ലയോ

ഇന്ന്..
നിന്റെ യൌവനം എന്റെ വാർദ്ധക്യത്തെ
പൊള്ളുമോർമ്മയാൽ നീറ്റുവതെന്തിനോ ?

Share :