റോമാ ഓർമകളിൽ ഒരേട് - ട്രെവി ജലധാര
മൈക്കലാഞ്ജലോവിനോടുള്ള ആരാധന തുടങ്ങിയപ്പോൾ മുതൽ ഇറ്റലി സന്ദർശിച്ച് അദ്ദേഹത്തിന്റെ ഡേവിഡും പിയാത്ത ശില്പങ്ങളും സിസ്റ്റൈൻ ചാപ്പലിലെ കലാവിസ്മയവും നേരിട്ട് കാണാനായെങ്കിൽ എന്ന് കൊതിച്ചിരുന്നു . നവോത്ഥാന കാലത്തെ ശില്പികളെയും ചിത്രകാരന്മാരെയുമെല്ലാം പരിചയപ്പെടാൻ മൈക്കലാഞ്ജലോവിനോടുള്ള ആരാധന ഒരു നിമിത്തമായി. അതോടെ ഫ്ലോറൻസ് എന്റെ സ്വപ്നഭൂമിയായി.
നല്ല ചലച്ചിത്രങ്ങൾ ആസ്വദിക്കാൻ തുടങ്ങിയപ്പോൾ ബൈസിക്കിൾ തീവ്സ്, ലാ സ്ട്രാഡ , ഉംബെർട്ടോ ഡി , നൂവോ സിനിമ പാരഡിസോ , ലൈഫ് ഈസ് ബ്യൂട്ടിഫുൾ തുടങ്ങിയ സിനിമകൾ ഒരു നീറ്റലായി മനസ്സിൽ ചേക്കേറി ഇറ്റാലിയൻ സിനിമയും എനിക്ക് പ്രിയപ്പെട്ടതാക്കി.
ഇറ്റലിക്കാരായ മത്തേയോയും മറീസയും ഇരുപതു വര്ഷം മുൻപ് സുഹൃത്തുക്കൾ ആയി. രണ്ടു മൂന്നു വര്ഷങ്ങളുടെ ഇടവേളകളിൽ അവർ ഇന്ത്യ സന്ദർശിക്കുമ്പോഴൊക്കെ ഞങ്ങൾ ഒത്തുകൂടാറുണ്ടായിരുന്നു. ഇതിനിടയിൽ അവർ ഞങ്ങളെ സ്നേഹപൂർവ്വം ഇറ്റലിയിലേക്ക് ക്ഷണിച്ചു.. യൂറോയിലിടിച്ചു നമ്മുടെ രൂപ ചിതറിപ്പോകുമെന്നതുകൊണ്ടു യാത്ര നടന്നില്ല. ടിക്കറ്റു സ്പോൺസർ ചെയ്യാൻ പോലും അവർ ഒരുക്കമായിരുന്നു. പല പല കാരണങ്ങൾ പറഞ്ഞു ഞങ്ങൾ യാത്ര ഒഴിവാക്കിക്കൊണ്ടിരുന്നു. മനസ്സുകൊണ്ട് ഒരായിരം വട്ടം പോയെങ്കിലും ഇറ്റലിയാത്ര സ്വപ്നമായി മാത്രം തുടർന്നു. ഒൻപതു വര്ഷങ്ങള്ക്കു മുൻപ് മത്തേയോ മരിച്ചുപോയി. അതിനു ശേഷം ഇക്കഴിഞ്ഞ മാർച്ചിൽ മരിസ ഞങ്ങളുടെ അടുത്തെത്തി.
മരീസയുടെ സ്നേഹപൂർവ്വമുള്ള ക്ഷണം പരിഭവത്തിലേക്കും പിന്നെ നിർബ്ബന്ധത്തിലേക്കും നിറം പകർന്നപ്പോഴാണ് ഇറ്റലി സന്ദർശനം ഇനി വൈകിക്കരുത് എന്ന് തീരുമാനിച്ച് ഞങ്ങൾ, അതായത് ശശിയും ഞാനും, യാത്ര പുറപ്പെട്ടത്. മെയ് മാസം പന്ത്രണ്ടാം തീയതി തുടങ്ങി 19 ദിവസങ്ങൾ നീണ്ട യാത്രയിൽ 14 ദിവസങ്ങൾ ഇറ്റലിയിലായിരുന്നു.
മിലൻ, വെനീസ് , ഫ്ലോറെൻസ് എന്നിവ സന്ദർശിച്ച ശേഷം ആറ് ദിവസങ്ങൾ റോമിൽ ചിലവഴിച്ചു. മരിസ, സഹോദരി മിന്നയുമൊത്ത്, റോമിൽ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
റോമാ ടെർമിനി തീവണ്ടി സ്റ്റേഷൻ മുതൽ മരിസയും മിന്നയും ഞങ്ങളെ അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തു. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകുന്നേരത്തോടെ ഞങ്ങൾ റോമിലെ തെരുവുകളിൽ അലയാൻ തുടങ്ങി. ആദ്യം മിന്നയുടെ കാറിലും പിന്നെ നടന്നും. അപ്പോഴൊക്കെ മരിസയും മിന്നയും മികച്ച ടൂറിസ്റ്റ് ഗൈഡുകളെ വെല്ലുന്ന വിധത്തിൽ കാണുന്നതിനെ കുറിച്ചൊക്കെ ഞങ്ങൾക്ക് പറഞ്ഞു തന്നുകൊണ്ടിരുന്നു.
ട്രെവി ജലധാരയുടെ മുന്നിലാണ് ഞങ്ങൾ നടന്നെത്തിയത്. സൗന്ദര്യവും ഗാംഭീര്യവും പരസ്പരം മത്സരിക്കുന്ന Fontano Di Trevi, അതിനു ചേർന്ന പ്രൗഢിയുള്ള പോളി പാലസിന് മുന്നിൽ അതിന്റെ മുഖപ്പു നിറഞ്ഞങ്ങനെ വിരാജിക്കുകയാണ്. 85 അടി ഉയരവും 160 അടി വീതിയുമുള്ള ഈ സുന്ദരമായ ജലധാര കാണുമ്പോൾ അത്ഭുതവും സന്തോഷവും കൊണ്ട് നമ്മുടെ മനസ്സ് വിരിയുന്നത് അനുഭവിക്കാനാകും . നാമറിയാത്തൊരു 'Wow " നമ്മിൽ നിന്ന് ഉയരും. ട്രെവിയുടെ മഹിമയിൽ ഞാൻ മയങ്ങിപ്പോയി. ലോകത്തിലെ ഏറ്റവും സുന്ദരമായ പത്തു ജലധാരകളിൽ മികച്ചൊരു സ്ഥാനം ട്രെവി കരസ്ഥമാക്കിയിരിക്കുന്നത് വെറുതെയല്ല.
ഊട്ടിയിലെ ആഡംസ് ഫൗണ്ടനും ബംഗളൂരുവിലെ ബ്രിന്ദാവൻ ഗാർഡൻസിലെ ഫൗണ്ടനും മാത്രമാണ് ഞാൻ ട്രെവിക്കു മുൻപ് നേരിട്ട് കണ്ടിട്ടുള്ള മികച്ചതെന്ന് പറയാവുന്ന ജലധാരകൾ. ട്രെവിക്കു മുന്നിൽ അവയൊക്കെ നിഷ്പ്രഭം.
ഫൗണ്ടനുകൾ കൗതുക ദൃശ്യങ്ങളാണ്. വളരെ പെട്ടെന്ന് ജനത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുവാൻ ഇവയ്ക്കാകും. പ്രവഹിക്കുന്ന ജലത്തിനു ലാവണ്യമുണ്ട്. ആ ലാവണ്യം ശില്പകലയുടെ ലാവണ്യവുമായി യോജിക്കുമ്പോൾ അവിടെ ലാവണ്യത്തിന്റെ synergy സംഭവിക്കുന്നു ജലത്തിന്റെ പല തരത്തിലുള്ള പ്രവാഹം കൊണ്ട് പല തരത്തിലുള്ള വികാരങ്ങളാണ് മനുഷ്യ മനസ്സിൽ ഉളവാകുക. മറ്റൊന്ന്, ഫൗണ്ടനുകൾ ഒരേ സമയം തന്നെ നിശ്ചലവും ജലപ്രവാഹ മുള്ളതുകൊണ്ട് ചലിക്കുന്നതുമാണ്. നമ്മുടെ ശരീരം പോലെ. നിശ്ചലമായിരിക്കുമ്പോഴും അതിൽ രക്തമൊഴുകുന്നുണ്ട്, പ്രാണന്റെ ചലനമുണ്ട് ഒരു വിചിത്രമായ മാനസികാവസ്ഥ അത് കാഴ്ചക്കാരനിൽ സൃഷ്ട്ടിക്കും. അവയുടെ കലാമേന്മയും ഗാംഭീര്യവും കൊണ്ട് നമ്മെ അത്ഭുതപ്പെടുത്താനും പ്രചോദിപ്പിക്കാനും അവക്ക് കഴിവുണ്ട്. ഉജ്ജ്വലങ്ങളായ ചരിത്ര സ്മാരകങ്ങൾ കൂടിയാണ് ജലധാരകൾ . ഓരോന്നിന്റെയും നിർമ്മാണത്തിനു പുറകിൽ ചരിത്രത്തിന്റെ ഈടുവയ്പുകളുണ്ട്. അതിൽ ഒളിച്ചിരിക്കുന്ന ശക്തി തിരിച്ചറിഞ്ഞവരാണ് ഭരണാധികാരികളും മതാധ്യക്ഷന്മാരും
റോമിൽ കത്തോലിക്കാസഭ അവരുടെ ശക്തിയും സ്വാധീനവും വിളംബരം ചെയ്യാൻ ജലധാരകൾ നിർമ്മിച്ചു. കലാമത്സരം നടത്തി വിജയികളെയാണ് രൂപകല്പനയുടെയും നിർമ്മാണത്തിന്റെയും ചുമതല ഏൽപ്പിക്കാറ്. അത്തരത്തിലൊന്നാണ് ട്രെവിയും.
19 BC യിൽ അഗസ്റ്റസ് ചക്രവർത്തിയുടെ കമാൻഡർ ആയിരുന്ന മാർക്കസ് അഗ്രിപ്പയുടെ മേൽനോട്ടത്തിൽ, പടയാളികൾ 20 കിലോമീറ്റർ അകലെയുള്ള നീരുറവയിൽ നിന്ന് ഇവിടേയ്ക്ക് വെള്ളമെത്തിക്കുവാ നായി വിർഗോ അക്വാ (കന്യാജലം) എന്ന് വിളിക്കപ്പെടുന്ന ഒരു ജലനാളിയും (അക്വഡക്ട്) ഒരു ചെറിയ ജലധാരയും നിർമ്മിച്ചിരുന്നു. പടയാളികൾക്കു ജലസ്രോതസ്സ് കാണിച്ചു കൊടുത്ത ഒരു കന്യകയുടെ സ്മരണാർത്ഥമാണ് വിർഗോ അക്വാ എന്ന നാമകരണം. AD 1500 മുതൽ പല തവണയായി കത്തോലിക്കാ നേതൃത്വം ജലധാര നവീകരിക്കാൻ ഉദ്യമിച്ചു. നവോഥാന കാലത്തെ മികച്ച ശിൽപികൾ അതിലെ പല ഭാഗങ്ങൾ നിർമിച്ചു.
തുടർന്ന് ക്ലെമെന്സ് മാർപ്പാപ്പ AD 1730ൽ നടത്തിയ മത്സരാനന്തരം ജലധാരയുടെ നവീകരണത്തിന് നിക്കോളാ സാല്വി എന്ന ശില്പിയെ ചുമതലപ്പെടുത്തി. AD 1736 ൽ പണി പൂർത്തിയാകുന്നതിനു മുൻപുതന്നെ ജലധാര ഉദ്ഘാടനം ചെയ്യപ്പെട്ടു. AD 1740ൽ പോപ് കാലം ചെയ്തു . അടുത്ത പോപ്പ് ബെനഡിക്ട് പതിനാലാമന്റെ കാലത്താണ് ഫൗണ്ടനിൽ നിന്നും ആദ്യമായി ജലമൊഴുകുന്നത്. 1751ൽ സാൽവി മരിച്ചപ്പോൾ നവീകരണ ചുമതല ജിയോസേപ്പേ പണിനി എന്ന പ്രശസ്ത ശില്പി ഏറ്റെടുത്ത്, പീട്രോ ബ്രാസി അടക്കമുള്ള ശില്പികളുടെ സഹകരണത്തോടെ പൂർത്തീകരിച്ചു. പൂർത്തിയായ ജലധാരയുടെ ഔദ്യോഗികമായ ഉദ്ഘാടനം AD 1762ൽ ആയിരുന്നു. അപ്പോൾ ക്ലെമെന്റ്സ് എട്ടാമൻ ആയിരുന്നു മാർപ്പാപ്പ.
ട്രാവെർടൈൻ എന്ന ശിലയാണ് പ്രധാനമായും ജലധാരയുടെ നിർമ്മിതിക്ക് ഉപയോഗിച്ചിട്ടുള്ളത്. റോമിനടുത്തുള്ള ട്രിവോലി എന്ന സ്ഥലത്താണ് ക്വാറി. ശിൽപ്പങ്ങൾ തീർത്തിരിക്കുന്നത് പ്രശസ്തമായ കരാര മാർബിൾ കൊണ്ടാണ്.
ട്രെവി ജലധാരക്ക് ഒത്ത മധ്യത്തിൽ പീട്രോ ബ്രാസി കരാര മാർബിളിൽ കൊത്തിയെടുത്തിട്ടുള്ള സമുദ്രമൂർത്തിയുടെ ഉജ്ജ്വലരചനയാണ് ആദ്യം എന്റെ ശ്രദ്ധ കവർന്നത്. സമുദ്രത്തെത്തന്നെയാണ് ഗാംഭീര്യവും ആജ്ഞാശക്തിയും തേജസ്സുമുള്ള ആജാനുബാഹുവായ പുരുഷാകാരത്തിൽ മൂർത്തീകരിച്ചിട്ടുള്ളത്. അതൊരു ശില്പമാണെങ്കിലും ആ ചരിഞ്ഞുള്ള നിൽപ്പ് വളരെ ചലനാത്മകമായി തോന്നി. കാറ്റത്തുലയുന്ന വസ്ത്രങ്ങളെ താങ്ങാനെന്നോണം ഇടതുകൈ അരയിൽ വച്ച് ഒരു ദണ്ഡു പിടിച്ച വലതുകൈ മുന്നോട്ടു നീട്ടിപ്പിടിച്ച് ആൾ അങ്ങനെ നിൽക്കുകയാണ്. ഏയ്അല്ല .. സവാരി ചെയ്യുകയാണ്, ചിറകുള്ള വെള്ളക്കുതിരകൾ വലിക്കുന്ന മുത്തുച്ചിപ്പിത്തേരിൽ. മുന്നോട്ടു വച്ചിരിക്കുന്ന ഇടതുകാലും മുന്നോട്ടു നീട്ടിപ്പിടിച്ച വലതുകൈയും ശില്പത്തെ സമതുലിതമാക്കുന്നു . ഓരോ കുതിരയെയും ഓരോ സമുദ്രദേവൻ (അതോ മത്സ്യനരനോ?) നയിക്കുന്നു. ക്ഷോഭിക്കുന്ന കുതിരയെ ഒരാൾ ശാന്തനാക്കാൻ ശ്രമിക്കുന്നു. ശാന്തനായ കുതിരയെ നയിക്കുന്നയാൾ ശംഖൂതുന്നു. സമുദ്രമൂർത്തിയുടെ എഴുന്നള്ളത്തിന്റെ വിളംബരമാവാം. കുതിരകളുടെ ക്ഷോഭവും ശാന്തതയും കടലിന്റെ ക്ഷോഭത്തെയും ശാന്തതയെയും സൂചിപ്പിക്കുന്നു.
വിജയകമാനത്തിനു നടുവിലാണ് സമുദ്രമൂർത്തിയുടെ സ്ഥാനം. അതിനു ഇരുഭാഗത്തും അതിസുന്ദരികളായ രണ്ടു ദേവതമാർ. സമൃദ്ധിയും സുസ്ഥിതിയും. (ആരോഗ്യവും). സമൃദ്ധി തന്റെ വലതുകൈയിലെ പലതരം പഴങ്ങൾ നിറച്ച ഒരു കൂടയിൽ നിന്ന് ഒരു മുന്തിരിക്കുല ഇടതുകൈ കൊണ്ട് എടുക്കുന്നത് പോലെയാണ് ശില്പം. അവളുടെ ഇടതുവശത്തായി നിലത്തു മറിഞ്ഞു കിടക്കുന്ന ഒരു കുടത്തിൽ നിന്ന് ജലമൊഴുകുന്നതായി കൊത്തിവച്ചിരിക്കുന്നു. അവളുടെ ഇടതു തോളും സ്തനവും കാണുന്ന രീതിയിൽ വസ്ത്രത്തിനു സ്ഥാനചലനമുണ്ട്. എത്ര സുന്ദരമായിട്ടാണെന്നോ വസ്ത്രത്തിലെ ഓരോ ഞൊറിവും ഒഴുക്കും ശില്പിയുടെ അനുഗൃഹീത കാര്യങ്ങൾ രചിച്ചിട്ടുള്ളത്.
സുസ്ഥിതി ശിരസ്സിൽ ഒരു പുഷ്പചക്രം ചൂടിയിട്ടുണ്ട്. അവളുടെ ഇടതുകൈയിൽ ഒരു കുന്തമുണ്ട്, വലതുകൈയ്യിൽ ഒരു പാത്രവും. സർപ്പം ചുറ്റിയ ഒരു മരക്കുറ്റിയിൽ പാത്രമെന്തിയ കൈയ്യ് വിശ്രമിക്കുന്നു. സർപ്പം ആ പാത്രത്തിൽ നിന്ന് കുടിക്കാൻ തുടങ്ങുന്നു.
ഈ പ്രധാന ശിൽപ്പങ്ങൾ ആസ്വദിച്ചശേഷം കണ്ണെടുത്തപ്പോൾ കൂടെയുണ്ടായിരുന്ന മൂന്നുപേരും അടുത്തില്ല. ശില്പങ്ങളിൽ ഞാൻ തറഞ്ഞു നിന്നുപോയപ്പോൾ അവർ നേരെ വെള്ളത്തിനടുത്തേക്കു എന്നെ ശല്യപ്പെടുത്താതെ പോയതായിരുന്നു. നമ്മിൽ പലരും ശില്പങ്ങൾ കാണുന്നേയുള്ളൂ നോക്കുന്നില്ല . ഒന്ന് കണ്ണോടിച്ചു കഴിയുമ്പോഴേക്കും അവർക്കു മതിയാകും.
സ്വിറ്റ്സർലന്റിലെ ലുസെർനിൽ The dying lion എന്ന ശില്പത്തിന് മുന്നിൽ ഞാൻ നിൽക്കുമ്പോൾ കണ്ട കാഴ്ചയാണ് . ടൂറിസ്റ്റുകൾ കൂട്ടത്തോടെ വന്നു ഒരു രണ്ടു മിനിറ്റ് ആ ശില്പത്തെ നോക്കും . അടുത്ത രണ്ടു മിനുട്ടിനുള്ളിൽ അതിനു മുന്നിൽ നിന്ന് ഒരു ഫോട്ടോയോ സെൽഫി യോ എടുത്തിട്ട് മടങ്ങും. ആ മരിക്കുന്ന സിംഹത്തെ അറിഞ്ഞു കാണാൻ ശ്രമിക്കുന്നവർ വളരെ കുറവായിരുന്നു. വല്ലാത്ത വിഷമം തോന്നി അപ്പോൾ.
കൂടെയുള്ളവരെ തിരയുന്നതിനിടയിൽ ജലധാരയിലേക്കു എന്റെ ശ്രദ്ധ പതിഞ്ഞു. പാറക്കെട്ടുള്ള ഒരു മലഞ്ചരിവാണ് രചിച്ചിരിക്കുന്നത് . അതിന്റെ മദ്ധ്യത്തിൽ വൃത്തസ്തൂപികാകൃയിൽ താഴേക്കു പതിക്കുന്ന ജലപ്രവാഹം, പിന്നെ ഒഴുകി വലിയ ടാങ്കിൽ നിറയുന്നു. വെള്ളത്തിന് പച്ച കലർന്ന ഇളം നീല വർണമാണ് . എത്ര സമയം വേണമെങ്കിലും ആ നീരൊഴുക്ക് നോക്കി നിൽക്കാം.
ടാങ്കിനു ചുറ്റും ടൂറിസ്റ്റുകളുടെ വൻ തിരക്കാണ്. ശശിയും മരിസയും മിന്നയും ആ തിരക്കിൽ ജലധാരക്കടുത്തേക്ക് എത്തിപ്പെടാൻ കഷ്ടപ്പെടുന്നത് ഞാൻ കണ്ടു. അത്രയും ജനക്കൂട്ടത്തിനിടയിൽ തിക്കി തിരക്കി ജലത്തിനു തൊട്ടടുത്തേക്ക് പോകാൻ അപ്പോൾ പ്രയാസമായിരുന്നതിനാൽ മറ്റു ശില്പങ്ങൾ ആസ്വദിക്കുന്നതാവും കരണീയം എന്ന് ഞാൻ തീരുമാനിച്ചു
സമൃദ്ധി ദേവതയുടെ മുകൾ ഭാഗത്തു കമാൻഡർ അഗ്രിപ്പ നിർദ്ദേശം കൊടുക്കുന്ന ചിത്രവും സുസ്ഥിതിയുടെ മുകളിലായി കന്യക നീരുറവ കാണിച്ചു കൊടുക്കുന്ന ചിത്രവും relief work ചെയ്തിരിക്കുന്നു.
അതിനും മുകളിൽ കെട്ടിടത്തിന്റെ മച്ചിന് മുന്നിലായി നാല് ദേവതാ ശില്പങ്ങൾ ഉണ്ട്. മുന്തിരിക്കുല കൈയ്യിലേന്തിയവൾ ‘ഫലസമൃദ്ധി’യും, ധാന്യക്കതിര് കൈയ്യിലുള്ളവൾ ‘പുഷ്കല’യുമാണ്. ‘ശരത്കാലത്തിന്റെ സമ്മാനം’ ഒരു ചഷകം പൊക്കിപ്പിടിച്ചിട്ടുണ്ട് . പുഷ്പങ്ങൾ കൈയ്യിലുള്ളവൾ ‘തോട്ടങ്ങളുടെയും മേച്ചിൽപ്പുറങ്ങളുടെയും ആനന്ദ’മാണ്.
ഏറ്റവും മുകളിലായി നടുക്ക് പേപ്പൽ ചിഹ്നത്തിന്റെ ശില്പം വളരെ പ്രാധാന്യത്തോടെ സ്ഥാപിച്ചിരിക്കുന്നു
വ്യത്യസ്ത വലിപ്പത്തിലും വിധത്തിലുമുള്ള മൂന്നു ലിഖിതങ്ങൾ മൂന്നു മാർപ്പാപ്പാമാരുടെ പങ്കിനെക്കുറിച്ചു പ്രസ്താവിക്കുന്നുണ്ട്. ഏറ്റവും വലിപ്പത്തിലുള്ളത് ഇങ്ങനെ പറയുന്നു.
PERFECIT BENEDICTUS XIV PONT. MAX- അതായത്, “Benedict XIV Pontifex Maximus സമ്പൂർണമാക്കി” (പെർഫെക്റ്റ് ആക്കി)
തിരക്ക് താൽക്കാലികമായി ഒരൽപം കുറഞ്ഞു. എനിക്കും ഫൗണ്ടനടുത്തേക്കു ഒരുവിധം എത്താൻ കഴിഞ്ഞു. ഫൗണ്ടന് പുറം തിരിഞ്ഞിരുന്നു വെള്ളത്തിലേക്ക് ഒരു നാണയമിട്ടാൽ റോമിലേക്ക് വീണ്ടും വരാൻ സാധിക്കും എന്നാണ് വിശ്വാസവും ആചാരവും. അപ്പോപ്പിന്നെ ഞങ്ങളും നാണയമിടാതിരിക്കുന്നതെങ്ങനെ? നാണയമിടുന്ന ഫോട്ടോയും ഓർമ്മചിത്രശേഖരത്തിനു വേണ്ടി എടുത്തു. ഒരു വർഷത്തിൽ ഇങ്ങനെ പത്തുലക്ഷത്തിൽ പരം യൂറോ നാണയങ്ങളായി അവിടെ നിക്ഷേപിക്കപ്പെടുന്നുവത്രേ. അത് വെറുതെ പോകുന്നില്ല. അവ ശേഖരിച്ചു ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. ആചാരത്തിന്റെയോ വിശ്വാസത്തിന്റെയോ അന്ധവിശ്വാസത്തിന്റെയോ പേരിലായാലും ആ നാണയങ്ങൾക്ക് ആരുടെയൊക്കെയോ കണ്ണീരൊപ്പാനാവുമെന്നത് വളരെ സന്തോഷം പകരുന്നു.
ബറോക് ശൈലിയിലെ ശില്പങ്ങളും ചിത്രങ്ങളും എനിക്ക് പണ്ടേ ഇഷ്ടമാണ്. അതിലെ ചടുലതയും നാടകീയതയും അലങ്കാരങ്ങളും ഡീറ്റൈലിംഗ്ഉം കൈറോസ്ക്യൂരോയും എന്നെ എപ്പോഴും ആകർഷിക്കാറുണ്ട്. പല തരം ചിത്രരചനാ ശൈലികൾ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും ആസ്വദിക്കുന്നുണ്ടെങ്കിലും ബറോക്ക് അതിന്റെ സൗന്ദര്യത്തികവ് കൊണ്ട് മാത്രമല്ല, അത് പൂർത്തിയാക്കാൻ ഒരു കലാകാരന് വേണ്ടിവരുന്ന യത്‌നത്തിന്റെ അളവുകൊണ്ടും എന്നെ വിസ്മയിപ്പിക്കാറുണ്ട്. ട്രെവി ഫൗണ്ടൻ ബറോക് ശൈലിയിലുള്ളതാണ്. അതാണ് ശില്പങ്ങൾക്കു ഇത്ര ചാരുതയും വിശദശാംശങ്ങളും ചലനാത്മകതയും. കലയും വാസ്തുവിദ്യയും പ്രകൃതിയും ഒരുമിക്കുന്ന ഈ വിസ്മയക്കാഴ്ച ഒരുക്കിയ ഒരുകൂട്ടം ശില്പികളുടെ ദിവ്യ കരങ്ങളെ അത്ഭുതാദരങ്ങളോടെ ആരും മനസ്സ് കൊണ്ട് നമിച്ചു പോകും,
ഇവിടേയ്ക്ക് വീണ്ടുമെത്താനാവുമെന്നു പ്രതീക്ഷ നൽകുന്ന ട്രെവി തന്നെ റോമിലെ ഞങ്ങളുടെ ആദ്യ കാഴ്ചയായതിൽ മരീസക്കു നന്ദി പറഞ്ഞു കൊണ്ട് ഞങ്ങൾ അടുത്ത കൗതുകക്കാഴ്ചയിലേക്കു നടന്നു.