Archives / June 2018

ശ്രുതി സുജേഷ്
രണ്ട്‌ കവിതകൾ

*കാത്തിരിപ്പ്* നീലാംബൽ നെയ്യുന്നൊരോളങ്ങളെന്നും നീലനിലാവിൽ കുളിച്ചുനിന്നു നീമാത്രമണയുവാൻ വാതിൽക്കലെന്നും നീലാംബരം നോക്കി ഞാനുമിരുന്നു... നിന്നെക്കുറിച്ചുള്ളൊരോർമ്മകൾ എന്നെ നീരാളമായി പുതച്ചു നിന്നു നീർമാതളം പൂക്കുന്നഗന്ധമെന്നുള്ളിൽ നിറഞ്ഞു നീയായി തുളുമ്പിനിന്നു... നിന്നെയുപാസിക്കാൻ വിരിയുന്നൊരിതളുകളെന്റെ നീലാംബരി കേട്ടു നിന്നു... നീ വന്നു; പുൽകി എന്റെ നെഞ്ചോടമർന്നപ്പോൾ നീഹാരമായി ഞാൻ നനഞ്ഞുനിന്നു... 2. *മഴമുകിൽ* പെയ്യാതിരിക്കാൻ ആവതില്ലല്ലോ ഇന്നീ മുകിലിനും മഴക്കാറിനും... നിൻ പദസ്പര്ശനമേറ്റത്തിനാലെ മയിലായ് മഴയായ് മാറിയെന്നുള്ളം... മരുഭൂമിപോലും പൂക്കുമാക്കുളിരിൽ കുതിരാൻ വെമ്പുന്നു ഞാനുമിന്നോളം... നിൻ വിരല്തുമ്പിലെ ജലകണമാകാം അതു തീർക്കും നിന്നിലെ ആനന്ദമാകാം... നിന്നിലലിയാം... നീയായിത്തീരാം... മഴതീർന്ന വാനിലെ മഴവില്ലുപോലെ നിൻ മനതാരിലെ മധുസ്മേരമാകാം... അതുകണ്ടങ്ങിനെ നീയിരിക്കുമ്പോൾ നീപോലുമറിയാതെ നിൻ കുളിർനെറ്റിയിൽ ചെറുചുംബനമേകും ഇളം കാറ്റുമാകാം....

Share :