Archives / June 2018

മുബശ്ശിർ കൈപ്രം
സംവരണം

കഥയിലുള്ളത് നായകനോ നായികയോ എന്ന് വായനക്കാരാണ് തീരുമാനിക്കേണ്ടത്, ബസുകളോരോന്നു വന്ന് നിർത്തിയിട്ടും കയറാൻ കൂട്ടാക്കിയില്ല. അനേകം ചോദ്യങ്ങൾക് മറുപടി കണ്ട ശേഷമേ തനിക്ക് ബസിൽ കയറാൻ പറ്റൂ...! പ്രൈവറ്റ് ബസ്സിനെയും കടത്തിവെട്ടി സ്റ്റേറ്റ് ബസ് തൊട്ടു മുന്നിൽ ലാന്റ് ചെയ്തു. തനിക്ക് വേണ്ടി മാത്രമാണെന്ന് തോന്നിപ്പിക്കും വിധം കണ്ടക്ടർ മാടി വിളിച്ചു... പുരുഷന്മാർ ഇങ്ങു പോരീ... പെണ്ണുങ്ങൾ മുന്നിലും... എതിലെ കയറാനാണ്?... 'ആൺ ,പെൺ ഒക്കെ ജീവ ശാസ്ത്രപരമായ സവിശേഷതയല്ല. തിരിച്ചറിയാനുള്ള സാങ്കേതികങ്ങളാണെന്ന് ' സ്വയം സിദ്ധാന്തിച്ചു. ഒന്നും നോക്കാതെ പെൺവാതിലിലൂടെ അകത്തു കടന്നു, ഇനി നിങ്ങൾ സ്വതന്ത്രർ എന്നു ഉറക്കെ പറഞ്ഞ് ഓട്ടോമാറ്റിക്ക് ഡോർ അടഞ്ഞു. ഡോറടയൽ സ്വാതന്ത്ര്യമോ? അതൊരുതരം അവകാശലംലനമല്ലേ... കിട്ടിയ കമ്പി അമർത്തി പിടിച്ച് ചിന്തയിലാണ്ടു... ബസിന്റെ ചില്ലുകവചത്തിലേക്ക് മഴത്തുള്ളി താളാത്മകമായി ഉറ്റിത്തുടങ്ങി. പതിയെ പതിയെ കൂടി വന്നു. തണുപ്പിൻ കാറ്റ് അകത്തേക്ക് ഇരച്ചുകയറി... യാത്രക്കാരോരുത്തരും ബസ്സിന്റെ ഹിജാബ്*1താഴ്ത്തി... ആശ്വാസം... നിന്ന നിൽപ്പിൽ കാൽ കുഴഞ്ഞു തുടങ്ങി.... ആരും ഇറങ്ങുന്ന മട്ടില്ല... പരിഭവത്തോടെ 100 ൽ പരം കണ്ണുകൾ തറച്ച ശരീരം വെക്കാൻ ഒരു അര സീറ്റ് പോലും കിട്ടാനില്ല.... അർഹതപ്പെട്ടത് എന്ന് പറഞ്ഞ് നേടിയെടുക്കാനുമില്ല... സംവരണമാണത്രെ... ആൺ സീറ്റിൽ പെണ്ണുണ്ട്... പെൺ സീറ്റിൽ അണുമുണ്ട്..., മിശ്രബുക്കാണ്... എല്ലാവരും... സീറ്റിന്റെ കുറിപ്പടി ഓരോന്നും വായിച്ചു... മുതിർന്നവർക്ക് ,അമ്മയ്ക്ക് കുഞ്ഞിന്, കണ്ടക്ടർക്ക്, സ്തീകൾക്, വികലാംഗർക്ക്... അപ്പോ നപുംസകത്വം ഒരു വൈകല്യമല്ലേ... വേഗം പോയി സീറ്റിനടുത്ത് നിന്നു. ഭവ്യതയോടെ അയാളുടെ കണ്ണ് എൻറ ശരീരത്തിൽ നിന്നും പറിച്ചെടുത്തു.. ഇത് എനിക്കർഹത പെട്ടതാണ്... അവകാശത്തിന്റെ ശബ്ദം സൗമ്യമായുയർത്തി... നിങ്ങൾക്കെന്തു വൈകല്യം... പറയിപ്പിക്കണ്ട.... കാണാനില്ലല്ലോ? പുഛത്തോടെയയാൾ ഉറഞ്ഞു തുള്ളി... ഇവിടെ നിന്റെ പേരില്ലല്ലോ? ഗവൺമെന്റ് ഉദ്യോഗസ്ഥനാണെന്ന മാന്യത പോലും കളഞ്ഞ് അയാൾ വാചാലമായി... നിയമത്തിന്റെ അതിരുകളും ,ഒക്കെ പരാമർശിച്ചു... എല്ലാം ഒറ്റക്ക് കേട്ടിരുന്നു... ബസിൽ ബഹളമയം... അതും സർക്കാർ ചിലവിൽ... എല്ലാവരും അയാൾക്കൊപ്പം കൂടി.... ഒറ്റപ്പെടലിന്റെ ഏകാന്തത തന്റെ ഈർഷ്യതയുടെ ഹോർമോൺ ഉൽപാദിപ്പിച്ചു... ബഷീറിന്റെ ഭൂമിയുടെ അവകാശികൾ കൂടുതൽ പ്രസക്തമായിത്തോന്നി... പാതി മുറിഞ്ഞ വാക്കുകൾ സംവരണ സീറ്റിൽ നിന്നും ഇടക്കിടെയുയരുന്നുണ്ടായിരുന്നു. ശരീരം ചൂടു പിടിക്കുന്ന പോലെ തോന്നി... കുതറി മാറി പെൺ സീറ്റിലിരുന്നാലോ? 'പക്ഷെ തന്റെ ശബ്ദത്തിന്റെ ഗൗരവം അതിനു സമ്മതിച്ചതേയില്ല...' മുളച്ചുപൊങ്ങിയ പൊടിമീശയും അരുതെന്ന് പറയുന്നുണ്ടായിരുന്നു... അല്ല... ആൺ സീറ്റിലിരുന്നാലോ? മാറിടത്തിൽ തൂങ്ങിയ സ്തനങ്ങൾ ആണല്ലായെന്ന് തെളിവു സഹിതം സമർത്ഥിച്ചു തുടങ്ങി... ഹൊ... വൈകല്യം അംഗീകാരമാണ്... ഇന്നു മുതൽ ഞാനും വികലയാണ്... അതും സർക്കാർ ചിലവിൽ... ബസ്സിന്റെ ഉലച്ചിലിനിടയിലും പിറകിലെ സീറ്റിന്റെ അടിയിൽ നിന്നും ജാക്കിയെടുത്തു.... തന്നെ ഉയർത്താനും ഈ ജാക്കിക്ക് കഴിയും... നാടകീയമായ ആ രംഗം യാത്രക്കാരുടെ ഭാവനക്കതീതമായിരുന്നു... ജാക്കിടുത്ത് കൈ തല്ലിയൊടിച്ചു... കാലിന്റെ തുടയെല്ലും... ബസിൽ ശ്മശാന മൂകത... പിറുപിറുത്തവരൊക്കെ അന്ധാളിച്ചു... ശബ്ദം മുഴക്കിയവരുടെ ഊർജം മൗനം വിഴുങ്ങി... മറുത്തൊന്നും പറയാനില്ലാതെ... ബസ് യാത്ര ലക്ഷ്യത്തിലേക്കടുത്തു തുടങ്ങി... വേദന കടിച്ചിറക്കി... മുടന്തിയെങ്കിലും വികലാംഗ സീറ്റിനടുത്തെത്തി... 'സർ... ഞാൻ വികലാംഗയാണ്... എഴുന്നേൽക്കൂ... എം.എസ്.ഡബ്ല്യു വിദ്യാർത്ഥിയായ അയാൾ സ്വതസിദ്ധമായി എഴുന്നേറ്റു. സർക്കാർ സീലുള്ള ടാഗ് ബാഗ് കൊണ്ട് മറച്ചു പിടിച്ചു താൻ ശശീന്ദ്രനാണെന്നറിയാത്ത വിധം എഴുന്നേറ്റു... മറച്ച ബാഗിന്റെ പുറത്ത് ... പെയിൻ & പാലിയേറ്റീവിന്റെ പരസ്യവും കാണാം... കനം തൂങ്ങിയ ബസിലെ മൗനത്തെയും ഭഞ്ഞ്ചിച്ച് അയാൾ കമ്പിയിൽ തൂങ്ങി... സർ... വൈകല്യത്തിന്റെ നിർവ്വചനം ഒന്നു പറയ്യോ... നനഞ്ഞു പൊതിർന്ന വാക്കുകൾ അയാളെ കുത്തി നോവിച്ചു... പരിഗണിച്ചില്ലേലും അവഗണിക്കരുത്... ഞാൻ ചെയ്തത് ശരിയല്ലേ... നിങ്ങളുടേതും ശരിയാണ്.. മണ്ണിരയുടെ ജീവശാസ്ത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? "കൊച്ചു കുട്ടി വിട്ടുവളപ്പിൽ ഒരു മണ്ണിരയെ നൈസായി മുറിക്കുന്നു. അമ്മ ഓടി വരുന്നു... ഒറ്റത്തല്ല്... ജീവികളെ കൊല്ലുകയാണോ...? മകൻ പ്രതിവചിച്ചു: അമ്മേ... ഒരു മണ്ണിരയുടെ ഏകാന്തത എത്രത്തോളം സങ്കീർണ്ണമാണെന്നറിയോ? അവയെ മുറിച്ചാൽ പുതു ജീവൻ ലഭിക്കും... എന്നാൽ പിന്നെ അവർക്ക് കൂട്ടുകാരായി കുശലം പറഞ്ഞ് നടക്കാമല്ലോ? അമ്മ തല താഴ്ത്തി... രണ്ടും രണ്ട് ശരികളാണ്.. " ഒന്ന് അജ്ഞന്റെ ശരി... മറ്റെത് വിജ്ഞന്റെയും... ഞാൻ എന്റെ ശരിയിലാണ്... നിങ്ങൾ നിങ്ങളുടെതും... അവൾ പറഞ്ഞു നിർത്തി... അയാൾക്കൊപ്പം കൂടി ഒച്ചയിട്ടവരൊക്കെ ബസിൽ മയങ്ങിത്തുടങ്ങിയിരുന്നു... വാക്ചാതുരിയെ അപ്പാടെ വിഴുങ്ങി മൗനം ന്യത്തമാടിയ ബസിൽ ഇടക്കിടെ ബെൽ മാത്രം മുഴങ്ങുന്നുണ്ടായിരുന്നു... നിൽക്കാൻ ഒന്നും... പോകാൻ രണ്ടും... ഒരു അനിവാര്യത പോലെ...

Share :