Archives / June 2018

നീതാലക്ഷ്മി ദേവ്
മാധവിക്കുട്ടി - എന്‍റെ ചേച്ചി

മാധവിക്കുട്ടിയെക്കുറിച്ചും അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും എന്‍റെ ഭര്‍ത്താവ് ദേവ് (പി. കേശവദേവ്) ധാരാളം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മാധവിക്കുട്ടിയുടെ അച്ഛന്‍ എന്‍റെ ദേവിന്‍റെ അടുത്ത സുഹൃത്തായിരുന്ന ശ്രീ. വി.എം. നായര്‍ (മാതൃഭൂമി പത്രാധിപര്‍) ആണ്. പക്ഷേ മാധവിക്കുട്ടിയെ നേരില്‍ കണ്ടിട്ടില്ല. എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു നേരില്‍ കാണാന്‍. എന്‍റെ ദേവ് സുഖമില്ലാതെ കിടന്നപ്പോള്‍ ഏറെ സാഹിത്യകാരന്മാര്‍ അദ്ദേഹത്തെ കാണാന്‍ വരുമായിരുന്നു. (അക്കാര്യങ്ങളൊക്കെ എന്‍റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്). ഒരു ദിവസം രാവിലെ 10 മണിയായിക്കാണും ഞങ്ങളുടെ മുടവന്‍മുകളിലെ ലക്ഷ്മിനിലയത്തില്‍ മാധവിക്കുട്ടിയും അമ്മ ബാലാമണിയമ്മയും വന്നു. രണ്ട് പേരേയും ഞാന്‍ ആദ്യമായാണ് കാണുന്നത്. ആഡംബരത്തൊടുകൂടി തന്നെയാണ് മാധവിക്കുട്ടി ചേച്ചിവന്നത്. നടക്കുമ്പോള്‍ കാലിലെ പാദസ്വരത്തില്‍ നിന്നും ചെറുമണിനാദം കേള്‍ക്കുമായിരുന്നു. അഴകിന്‍റെ റാണി തന്നെയായിരുന്നു മാധവിക്കുട്ടി ചേച്ചി. എന്നെ അമ്മ ബാലാമണി അമ്മയ്ക്ക് പരിചയപ്പെടുത്തിയതു തന്നെ - \'ഇതാണ് മലയാളനാട്ടില്‍ കേശവദേവ് എഴുതുന്ന നിത്യകാമുകിയിലെ സീത\'. ആ അമ്മ എന്നെ വാത്സല്യത്തോടെ കൈപിടിച്ചിരുന്നു.

ദേവിന്‍റെ മുറിയില്‍ രണ്ട് പേരും ഏറെ സമയം സംസാരിച്ചിരുന്നു. രണ്ട് പേരും ഞങ്ങളുടെ മോനെ തിരക്കി. അവന്‍ സ്കൂളിലാണ് - ഞാന്‍ പറഞ്ഞു.

യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ \'ഞാന്‍ ഇനിയും വരും\'- ചേച്ചി പറഞ്ഞു. ആ പറഞ്ഞത് വെറുമൊരു മര്യാദ വാക്ക് മാത്രമായിരുന്നില്ല. ചേച്ചി വീണ്ടും എന്നെ കാണാന്‍ വന്നു. ഞങ്ങള്‍ ഏറെനേരം സംസാരിച്ചിരിക്കും. ഞങ്ങള്‍ സംസാരിക്കാത്ത വിഷയങ്ങള്‍ ഇല്ല. ആ തുറന്ന പെരുമാറ്റവും ചിരിയുംമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെയാണ് ഞാന്‍ ഓര്‍ക്കുന്നത്; കാലം എത്ര കടന്നുപോയിട്ടും എന്നെ ഒരു കൂടപ്പിറപ്പിനെപോലെ ചേച്ചി സ്നേഹിച്ചിരുന്നു.

ഒരിക്കല്‍ കൊട്ടാരസദൃശ്യമായ ചേച്ചിയുടെ ശാസ്തമംഗലത്തുള്ള വീട്ടില്‍ ഞാന്‍ പോയി. ആ മണിമാളിക കണ്ടാല്‍ ആരും നോക്കി നില്ക്കും. അത്ര മനോഹരമായിരുന്നു ചേച്ചിയുടെ വാത്സല്യം. പലപ്പോഴും ഞാന്‍ ആ കൊട്ടാരത്തില്‍ പോയിട്ടുണ്ട്. ഒരിക്കല്‍ മോനാണ് കാറില്‍ എന്നെ അവിടെ കൊണ്ടുവിട്ടത്. (അവന്‍ അപ്പോള്‍ എം.ബി.ബി.എസ്സിന് പഠിക്കുകയായിരുന്നു) മോനേയും ഏറെ വാത്സല്യത്തോടെയാണ് ചേച്ചി കണ്ടിരുന്നത്. മിക്കപ്പോഴും ചേച്ചി പറയുമായിരുന്നു ദേവും സീതയും ഒരുമിച്ചത് ഇങ്ങനെ ബുദ്ധിമാനായൊരു മകന്‍ പിറക്കാന്‍ വേണ്ടിയാണെന്ന്. (ഇതെല്ലാം എന്‍റെ പല പുസ്തകങ്ങളിലും എഴുതിയിട്ടുണ്ട്.) എന്നെ കാണുമ്പോള്‍ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കും. എന്നിട്ടേ വിശേഷങ്ങള്‍ ചോദിക്കുകയുള്ളു. അന്ന് ചേച്ചി ഏറെ ഉത്സാഹവതിയായിരുന്നു. എന്നോട് പറഞ്ഞതാണ് \'ഇന്നലെ ഇവിടെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. എനിക്ക് പല തവണ വേഷം മാറിവന്ന് ഷൂട്ടിംഗിന് നില്‍ക്കേണ്ടി വന്നു. അത് ദാസേട്ടന് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു.

\'ദാസേട്ടന് അങ്ങനെയൊന്നുമില്ല ചേച്ചി\' - ഞാന്‍ പറഞ്ഞു.

ദാസേട്ടന്‍റെ മരണശേഷം ചേച്ചി കൊച്ചിയിലേക്കു മാറി. എങ്കിലും മിക്കപ്പൊഴും ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നെ കാണണമെന്ന് തോന്നുമ്പോള്‍ ചേച്ചി ആവശ്യപ്പെടും. ഞാന്‍ കൊച്ചിയില്‍ അവരുടെ ഫ്ളാറ്റില്‍ പോയി കാണുമായിരുന്നു.

ഒരിക്കല്‍ ഞാന്‍ എഴുതിയ \\\'ആരാധിക\\\' എന്ന നോവല്‍ ചേച്ചിക്ക് അയച്ചുകൊടുത്തു. അത് വായിച്ചിട്ട് എന്നെ വിളിച്ച് പറഞ്ഞു - \'സീതയെ ഒന്ന് കാണണം\'. ഞാന്‍ എന്‍റെ അനുജത്തി രാധയുമൊത്ത് കടവത്രയിലെ ഫ്ളാറ്റില്‍ പോയി. വിശാലമായ പുറം വരാന്തയുള്ള ആ ഫ്ളാറ്റില്‍ അകത്ത് കയറാന്‍ രണ്ട് വാതിലുകളുണ്ട്. ഒന്ന് സ്വീകരണമുറിയില്‍ കയറാനും മറ്റൊന്ന് അടുക്കളയില്‍ കയറാനും. എന്നോടൊപ്പമുണ്ടായിരുന്ന പത്രക്കാരും ഞാനും സ്വീകരണമുറിയില്‍ കയറി. ആ സ്വീകരണ മുറിയില്‍ പ്രത്യേകമായി ഒരു ചെയര്‍ മാറ്റിയിട്ടിരുന്നു - അതില്‍ \\\'അമ്മ\\\' എന്ന് എഴുതിയിട്ടുണ്ടായിരുന്നു. എനിക്ക് മനസ്സിലായി അത് ചേച്ചിയുടെ മാത്രം കസേരയാണെന്ന്. ഞാന്‍ ചേച്ചിയെന്ന് വിളിച്ചു. അടുത്ത മുറിയില്‍ നിന്നും ചേച്ചി ചോദിച്ചു. - \'സീതവന്നോ\' ഞാന്‍ അങ്ങോട്ട് പോയി. എന്നോടൊപ്പം പത്രക്കാരും അപ്പോള്‍ വാല്യക്കാരിയുടെ സഹായത്തോടെ ചേച്ചി പ്രത്യക്ഷപ്പെട്ടു. - ഞാന്‍ എന്താ കാണുന്നത് സീതയ്ക്ക് ഒരു മാറ്റവുമില്ല - പൂവ് ചൂടിയിട്ടുണ്ട്\'.

എന്നിട്ട് പത്രക്കാരോടായി - \'ഞാന്‍ ഇവളെ പൂവ് വെയ്ക്കാതെ കണ്ടിട്ടില്ല\'. പത്രക്കാര്‍ ശരിക്കും ആ നിമിഷങ്ങള്‍ തങ്ങളുടെ ക്യാമറയിലേക്ക് പകര്‍ത്താന്‍ മത്സരിക്കുകയായിരുന്നു. ചേച്ചി അന്നും സന്തോഷവതിയായിരുന്നു - ആ ധന്യ നിമിഷങ്ങള്‍ എന്‍റെ ഉള്ളില്‍ നിന്നും മായാതെ കിടക്കുന്നു.

പിന്നീട് ചേച്ചി പൂനയിലേക്ക് താമസം മാറ്റി. അപ്പോഴും ഞാന്‍ ചേച്ചിയെ ഫോണില്‍ വിളിച്ച് സംസാരിക്കുമായിരുന്നു. ഞാനാണ് വിളിക്കുന്നതെന്നറിഞ്ഞാല്‍ എത്ര സുഖമില്ലെങ്കിലും എന്നോട് സംസാരിക്കുമായിരുന്നു. ക്ഷീണത്തെക്കുറിച്ച് പറയുമായിരുന്നു. ഷുഗര്‍ കൂടുതലാണെന്ന് പറയും. . . .

2009 മെയ് 31 -ന് ആ മഹാപ്രതിഭ ഈ ലോകം വിട്ടു.

ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് ചേച്ചിയുടെ അനുജത്തിയായിതന്നെ പിറക്കണം.

Share :

Photo Galleries