Archives / June 2018

പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍
ചരിത്രത്തിന്‍റെ സ്രഷ്ടാക്കളും ചരിത്രത്തിന്‍റെ സൃഷ്ടികളും

ജീവിച്ചിരുന്നകാലത്ത് പരിമിതമായ ഒരു സുഹൃദ്വലയത്തിനുള്ളില്‍ മാത്രം അറിയപ്പെട്ടിരുന്ന ഒരു വ്യക്തി തന്‍റെ നിര്യാണത്തിനുശേഷം മൂന്നരപ്പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍ ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്ന അത്ഭുത പ്രതിഭാസമായിരുന്നു കാള്‍മാര്‍ക്സ്. യേശുക്രിസ്തുവിനും പ്രവാചകനായ മുഹമ്മദുനബിക്കും മാത്രമേ അതിനു മുമ്പ് ഇത്തരത്തിലൊരു അംഗീകാരം കിട്ടിയിട്ടുള്ളു. കാള്‍മാര്‍ക്സിനു ശേഷം അത്തരമൊരംഗീകാരം മറ്റാര്‍ക്കും കിട്ടിയിട്ടുമില്ല. \'നീയുറങ്ങുമ്പോഴും നിന്‍വാക്കുറങ്ങാതിരിക്കുന്നു\'വെന്ന് അവകാശപ്പെടാന്‍ ഇവര്‍ക്കു മൂവര്‍ക്കും മാത്രമേ കഴിഞ്ഞിട്ടുള്ളു.

ആറുമാസത്തിന്‍റെ ഇടവേളയില്‍ നൂറ്, നൂറ്റമ്പത്, ഇരുന്നൂറ് എന്നിങ്ങനെ മൂന്ന് വാര്‍ഷികാചരണങ്ങള്‍ നടത്താനിടയാക്കിയത് കാള്‍മാര്‍ക്സ് എന്ന ദാര്‍ശനികന്‍റെ പേരിലാണ്. സോവിയറ്റ് വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികവും \'മൂലധന\'ത്തിന്‍റെ ഒന്നാം വാല്യം പ്രസിദ്ധീകരിച്ചതിന്‍റെ നൂറ്റമ്പതാം വാര്‍ഷികവും, കാള്‍മാര്‍ക്സിന്‍റെ ഇരുന്നൂറാം ജډവാര്‍ഷികവും ആചരിക്കപ്പെടുന്നത് 2017 ഒക്ടോബര്‍ മുതല്‍ 2018 മെയ് 5 വരെയുള്ള കാലയളവിലാണ്. ഈ ദിനാചരണങ്ങള്‍ യാദൃശ്ചികമായിട്ടാണ് ഒരേ കാലയളവില്‍ വന്നതെങ്കിലും അതിന്‍റെ പ്രസക്തി സാര്‍വകാലികമാണ്. തനതുചിന്തക്കു പകരം വയ്ക്കാവുന്ന ഒന്നല്ല മാര്‍ക്സിസമെന്നും അത് ഒരു അപഗ്രഥനോപാധിയാണെന്നുമാണ് പ്രസിദ്ധ ഇന്ത്യാചരിത്രകാരനായ ഡി.ഡി. കൊസാംബി അഭിപ്രായപ്പെട്ടത്. ഒരു താക്കോല്‍കൊണ്ട് പൂട്ടാനും തുറക്കാനും കഴിയുന്നതുപോലെ, ഒരു സ്ക്രൂഡ്രൈവര്‍ കൊണ്ട് ആണി മുറുക്കാനും അഴിക്കാനും കഴിയുന്നതുപോലെ പ്രശ്നനിര്‍ധാരണത്തിനുള്ള സൂത്രവാക്യമാണ് മാര്‍ക്സിസം. ഏതുപകരണമായിരുന്നാലും അതുപയോഗിക്കുന്നതിന് വൈദഗ്ധ്യം ആവശ്യമുള്ളതുപോലെ മാര്‍ക്സിസം കൈകാര്യം ചെയ്യുന്നതിനും വൈദഗ്ധ്യം ആവശ്യമാണ്. താക്കോലും സ്ക്രൂഡ്രൈവറും അവിദഗ്ധമായി ഉപയോഗിക്കുന്നതുകൊണ്ട് വ്യക്തിഗതമായ ദുരന്തം മാത്രമാണ് സംഭവിക്കാന്‍ സാധ്യതയെങ്കില്‍ മാര്‍ക്സിസം അവിദഗ്ധമായി ഉപയോഗിച്ചാല്‍ സംഭവിക്കുന്നത് സാമൂഹികമായ ദുരന്തമായിരിക്കും; രക്തസാക്ഷികളെ സൃഷ്ടിക്കലായിരിക്കും..
മാര്‍ക്സിസത്തിന് മൂന്ന് ഉറവിടങ്ങളാണ് ഉള്ളതെന്ന് ഏറ്റവും വലിയ മാര്‍ക്സിസ്റ്റായ ലെനിന്‍ നിരീക്ഷിച്ചിട്ടുണ്ട്. ജെര്‍മന്‍ ദര്‍ശനം (German Ideology), ബ്രിട്ടീഷ് ക്ലാസിക്കല്‍ അര്‍ഥശാസ്ത്രം (British Classical Political Economy), ഫ്രഞ്ച് രാഷ്ട്രമീംമാംസ (French Political Thought) എന്നിവയാണവ. മേല്‍പ്പറഞ്ഞ ഉറവിടങ്ങളില്‍ നിന്നും ഊറിവന്ന സിദ്ധാന്തങ്ങളാണ് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവും മിച്ചമൂല്യസിദ്ധാന്തവും ചരിത്രപരമായ ഭൗതികവാദവും ശാസ്ത്രീയസോഷ്യലിസവും.

പ്രപഞ്ചത്തിന്‍റെ ഉല്‍പ്പത്തിയെപ്പറ്റിയും പ്രപഞ്ച പ്രതിഭാസങ്ങളെപ്പറ്റിയും ദ്രവ്യത്തിന്‍റെ ഘടനയെയും പരിണാമത്തെപ്പറ്റിയും മറ്റേതു സമൂഹത്തിലുമെന്നപോലെ യൂറോപ്യന്‍ സമൂഹത്തിലും ആശയവാദപരവും ഭൗതികവാദപരവുമായ രണ്ടു ധാരണകളുണ്ടായിരുന്നു. ഭാരതീയ സമൂഹത്തില്‍ ആസ്തികദര്‍ശനമെന്നും നാസ്തികദര്‍ശനമെന്നും രണ്ടു ധാരണകളുണ്ടായിരുന്നതിനു സമാനമാണിത്. യൂറോപ്യന്‍ സമൂഹത്തിലാകട്ടെ പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍ അടിസ്താന ശാസ്ത്രത്തിലുണ്ടായ വികാസവും അവയെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സാങ്കേതികവിദ്യയുടെ വളര്‍ച്ചയും സാങ്കേതികവിദ്യയെ ഉപയോഗിച്ചുള്ള കാര്‍ഷി-വ്യാവസായികരംഗങ്ങളിലെ ഉല്‍പ്പാദനവര്‍ദ്ധനവും മനുഷ്യരുടെ ചിന്താമണ്ഡലത്തില്‍ പുതിയ തരംഗങ്ങള്‍ സൃഷ്ടിച്ചു. ഭൗമകേന്ദ്രമായിരുന്ന പ്രപഞ്ചത്തെ സൗരകേന്ദ്രമാക്കി കോപ്പര്‍നിക്കസ് അവതരിപ്പിച്ചതും സൗരയൂഥം ഒന്നാകെ ചലിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗലീലിയോ സിദ്ധാന്തിച്ചതും പാശ്ചാത്യ ആശയവാദത്തിന്‍റെ അടിത്തറയില്‍ വിള്ളലുകളുണ്ടാക്കി. മനുഷ്യന്‍റെ ചിന്താമണ്ഡലത്തിലുണ്ടായ ഈ പ്രകമ്പനത്തെയാണ് ജ്ഞാനോദയം(Enlightenmnet) അഥവാ ധൈഷണികവിപ്ലവം(Intellectual Revolution) എന്ന് വിശേഷിപ്പിച്ചത്..

മനുഷ്യാധ്വാനത്തിനുപകരംവക്കാവുന്ന യന്ത്രശക്തിയുപയോഗിച്ച് കാര്‍ഷികവും വ്യാവസായികവുമായ ഉപഭോഗവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയപ്പോഴുണ്ടായ വമ്പിച്ച ഉല്‍പ്പാദനവര്‍ദ്ധനവിനെയാണ് കാര്‍ഷിക-വ്യാവസായിക വിപ്ലവങ്ങള്‍ എന്ന് വിശേഷിപ്പിച്ചത്. ഈ ഉല്‍പ്പാദനവര്‍ധനവ് സാമ്പത്തികരംഗത്ത് വമ്പിച്ച മാറ്റങ്ങളുണ്ടാക്കുകയും ചെയ്തു. സാമ്പത്തിക-സാമൂഹികരംഗങ്ങളിലെ മാറ്റം രാഷ്ട്രീയമായ പൊട്ടിത്തെറികള്‍ക്ക് കാരണമാവുകയും പരമ്പരാഗതമായ അധികാരഘടന തല്‍ഫലമായി അട്ടിമറിക്കപ്പെടകയും ചെയ്തു. പതിനേഴാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ നടന്ന രാഷ്ട്രീയ മാറ്റവും പതിനെട്ടാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ ഫ്രാന്‍സിലും പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ധത്തില്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും നടന്ന വിപ്ലവങ്ങളും ഇതിന്‍റെ ഫലമായിട്ടുണ്ടായതാണ്. അതായത് ശാസ്ത്ര-സാങ്കേതികവിപ്ലവം, ധൈഷണികവിപ്ലവം, കാര്‍ഷിക വ്യാവസായികവിപ്ലവം, സാമൂഹ്യ-രാഷ്ട്രീയ വിപ്ലവം എന്നിവകളുടെ ഉല്‍പ്പന്നമാണ് മാര്‍ക്സിസം..

പ്രഞ്ചത്തിന്‍റെയും മനുഷ്യനുള്‍പ്പെടെയുള്ള സകലജന്തുലോകത്തിന്‍റെയും സ്രഷ്ടാ വ് ദൈവമാണെന്നും മാറ്റങ്ങളുണ്ടാകുന്നത് ദൈവേച്ഛകൊണ്ടാണെന്നും സമര്‍ത്ഥിച്ചുകൊണ്ടിരുന്ന ആശയവാദികളെ ഫലപ്രദാമയി നേരിടാന്‍ ഭൗതികവാദികള്‍ക്കു കിട്ടിയ ശക്തമായ ഉപകരണങ്ങളായിരുന്നു ശാസ്ത്ര-സാങ്കേതിക വിപ്ലവവും കാര്‍ഷിക-വ്യാവസായികവിപ്ലവവും. മനുഷ്യന്‍റെ കണ്‍മുന്നില്‍ നടക്കുന്ന സാമൂഹികവും അല്ലാത്തതുമായ മാറ്റങ്ങള്‍ എങ്ങിനെയുണ്ടാകുന്നുവെന്ന ചോദ്യത്തിനു മുമ്പില്‍ വഴിമുട്ടി നിന്ന ആശയവാദികള്‍ക്ക് കിട്ടിയ പിടിവള്ളിയായിരുന്നു ജെര്‍മന്‍ചിന്തകനായ ഇമ്മാനുവല്‍ കാന്തിന്‍റെ സിദ്ധാന്തം. ആശയങ്ങള്‍ക്ക് സാമൂഹ്യമാറ്റമുണ്ടാക്കാന്‍ കഴിയും(Ideas can change society) എന്ന സിദ്ധാന്തമായിരുന്നു അത്. എന്നാലും മാറ്റമെങ്ങിനെയുണ്ടാകുന്നുവെന്നുള്ള ആവര്‍ത്തിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു മറ്റൊരു ജര്‍മന്‍ സിന്തകനായ ഹെഗലിന്‍റേത്. അശയരംഗത്തുണ്ടാകുന്ന വൈദരുദ്ധ്യങ്ങളും അവ തമ്മിലുള്ള ഏറ്റുമുട്ടലുകളുമാണ് പുതിയ ആശയങ്ങളുടെ ഉല്‍പ്പത്തിക്കും സാമൂഹ്യമാറ്റത്തിനും കാരണമെന്നായിരുന്നു ഹെഗല്‍ സിദ്ധാന്തിച്ചത്. ഇതായിരുന്നു വൈരുധ്യാധിഷ്ഠിത ആശയവാദം(Dialectical Idealism ).

ശാസ്ത്ര-സാങ്കേതിക വിപ്ലവവും കാര്‍ഷിക-വ്യാവസായിക വിപ്ലവവും ഭൗതികവാദികള്‍ക്ക് ആവേശം പകര്‍ന്നു. കോപ്പര്‍ നിക്കസിനും ഗലീലിയോക്കും പിന്നാലെ ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണനിയമം കണ്ടെത്തിയത് അവരുടെ നിലപാടിന് ശക്തിപകര്‍ന്നു. സൂര്യനും ഗ്രഹങ്ങളും മറ്റു പ്രപഞ്ചഗോളങ്ങളും ചലിക്കുന്നത് ഒരു യന്ത്രത്തിന്‍റെ വിവിധ ഘഷകങ്ങളെപ്പോലെയാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഒരു ഘടികാരത്തിന്‍റെ സൂചികളെപ്പോലെ കൃത്യമായും അവിരാമമായും സഞ്ചരിച്ചുകൊണ്ടിരിക്കുന്നതാണ് പ്രപഞ്ചവും പ്രപഞ്ചശക്തികളും. ഇതായിരുന്നു യാന്ത്രികഭൗതികവാദം(Mechanistic Materialism) .

ജെര്‍മന്‍ തത്വചിന്ത ഇത്തരത്തില്‍ രണ്ടുചേരിയായിതിരിഞ്ഞു നിന്ന് മത്സരിക്കുന്ന സന്ദര്‍ഭത്തിലാണ് കാള്‍ മാക്സ് ജനിക്കുന്നത്. അദ്ദേഹത്തിന്‍റെ മുമ്പിലുണ്ടായിരുന്ന സമസ്യ ഇതായിരുന്നു -വൈരുധ്യാധിഷ്ഠിത ആശയവാദവും യാന്ത്രിക ഭൗതികവാദവും. ഇവ രണ്ടില്‍ നിന്നും ഓരോന്ന് സ്വീകരിക്കുകയും മറ്റുള്ളവയെ തിരസ്കരിക്കുകയും ചെയ്തു. അങ്ങിനെ കിട്ടിയതാണ് വൈരുധ്യാധിഷ്ഠിത ഭൗതികവാദം.
യന്ത്രവല്‍ക്കരണത്തിന്‍റെ ഫലമായി സാമ്പത്തികരംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത് ബ്രിട്ടനിലായിരുന്നു. സ്വാഭാവികമായും സാമ്പത്തികശാസ്ത്രവും ഏറെ വികസിച്ചത് ബ്രിട്ടനിലായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡേവിഡ് റിക്കാര്‍ഡോ മുന്നോട്ടുവച്ചതായിരുന്നു അധ്വാനമൂല്യ സിദ്ധാന്തം(Labour Theory Of Value). ഒരു വസ്തുവിന് മൂല്യമുണ്ടാകുന്നത് അതില്‍ മനുഷ്യന്‍ തന്‍റെ അധ്വാനശേഷി പ്രയോഗിക്കുമ്പോഴാണ് എന്നതാണ് ഈ സിദ്ധാന്തത്തിന്‍റെ കാതല്‍. ഈ സിദ്ധാന്തത്തില്‍ മാര്‍ക്സ് ഒരു ചെറിയ കൂട്ടിച്ചേര്‍ക്കല്‍ മാത്രമാണ് നടത്തിയത്. മനുഷ്യന്‍ തന്‍റെ അധ്വാനശേഷി ചെലുത്തി ഉല്‍പ്പാദിപ്പിക്കുന്ന മൂല്യം അയാള്‍ക്ക് പ്രതിഫലമായി കിട്ടുന്ന കൂലിയുടെ മൂല്യത്തേക്കാള്‍ കൂടുതലായിരിക്കും. അതായത് അയാള്‍ അധികമൂല്യം ഉല്‍പ്പാദിപ്പിക്കുന്നു. ഇതാണ് മിച്ചമൂല്യസിദ്ധാന്തം(Theory of Surplus Value).

സാമൂഹ്യ-രാഷ്ട്രീയവിപ്ലവങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരുന്നത് ഫ്രാന്‍സിലായതിനാല്‍ രാഷ്ട്രീയദര്‍ശനങ്ങള്‍ രൂപപ്പെട്ടതും അവിടെയായിരുന്നു. അതില്‍ ഏറ്റവും ഉദാത്തമായ ഒന്നായിരുന്നു സോഷ്യലിസം. ഫാബിയന്‍ സോഷ്യലിസം, ഗില്‍സ് സോഷ്യലിസം, സിന്‍ഡിക്കലിസം, യൂട്ടിലിറ്റേറിയനിസം, യുട്ടോപ്യന്‍ സോഷ്യലിസം എന്നിങ്ങനെ പലതരം ദര്‍ശനങ്ങള്‍ ഇതിന്‍റെ ഭാഗാമയി ഉയര്‍ന്നുവന്നു. അവയില്‍ നിന്നും കാള്‍ മാക്സ് കടഞ്ഞെടുത്തതാണ് ശാസ്ത്രീയസോഷ്യലിസം. ഓരോരുത്തരും കഴിവിനനുസരിച്ച് പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിക്കനുസരിച്ച് പ്രതിഫലം കിട്ടുകയും ചെയ്യുക എന്ന അവസ്ഥയില്‍ നിന്നും ഓരോരുത്തരും കഴിവിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ആവശ്യത്തിനനുസരിച്ച് ലഭിക്കുകയും ചെയ്യുക എന്ന സ്ഥിതിയിലേക്കുള്ള വികാസമാണ് ശാസ്ത്രീയസോഷ്യലിസം. ഉല്‍പ്പാദന-വിതരണോപാധികളുടെ സാമൂഹികമായ ഉടമസ്ഥതയാണ് ഈ വ്യവസ്ഥ വിഭാവനം ചെയ്യുന്നത്..

മനുഷ്യസമൂഹത്തിന്‍റെ മാത്രം സിദ്ധിയായ ഉപകരണങ്ങളുടെ നിര്‍മിതിയും കാലോചിതമായ നവീകരണവും അവകൊണ്ടുള്ള സമ്പത്തുല്‍പ്പാദനവും ഉല്‍പ്പാദനത്തിനനുസരിച്ചുള്ള സാമൂഹിക-രാഷ്ട്രീയമാറ്റവും ആണ് സമൂഹത്തെ പുരോഗതിയിലേക്കു നയിക്കുന്നത് എന്നാണ് ചരിത്രപരമായ ഭൗതികവാദം അഥവാ ഉല്‍പ്പാദനവ്യവസ്ഥാസിദ്ധാന്തം സമര്‍ഥിക്കുന്നത്..

ശാസ്ത്രീയവും യുക്തിസഹവും സുവ്യക്തവുമായ ഈ സിദ്ധാന്തങ്ങളാണ് മാര്‍ക്സിസം എന്ന പേരിലറിയപ്പെടുന്നത്. ഒരു അപഗ്രഥനോപകരമെന്ന നിലയില്‍ ഓരോ സമൂഹത്തിന്‍റെയും സവിശേഷതക്കനുസരിച്ച് മാര്‍ക്സിസത്തെ പ്രയോഗിക്കാന്‍ കഴിയുന്നവനെയാണ് വിപ്ലവകാരി എന്നു വിശേഷിപ്പിക്കുന്നത്. മനുഷ്യശരീരത്തിന്‍റെ പ്രത്യേകതക്കനുസരിച്ച് ഔഷധക്കൂട്ടിന്‍റെ മാത്ര നിശ്ചയിക്കുന്ന ഭിഷഗ്വതനെപ്പോലെയായിരിക്കണം വിപ്ലവകാരി തന്‍റെ സിദ്ധാന്തത്തെ സമൂഹഗാത്രത്തില്‍ പ്രയോഗിക്കേണ്ടത്. അങ്ങിനെ പ്രയോഗിച്ചവരായിരുന്നു ലെനിനും മാവോയും ഹോചിമിനും കാസ്ട്രോയും. \"അവര്‍തന്‍ കുലം അനാകുലം വാഴട്ടെ\" എന്ന് ആശംസിക്കാം.

കാള്‍ മാക്സിന്‍റെ ഇരുന്നൂറാം ജډവാര്‍ഷികമാഹോഷിക്കുന്ന വേളയില്‍ മാര്‍ക്സിസമെന്ന ദര്‍ശനത്തെ പ്രയോഗിക്കേണ്ടത് യാന്ത്രികമായിട്ടല്ല സര്‍ഗാത്മകമായിട്ടായിരിക്കണം എന്നതാണ് ചരിത്രം നമുക്ക് നല്‍കുന്ന പാഠം. ഭൂതകാലത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വര്‍ത്തമാനകാലസമൂഹത്തിലിടപെട്ട് ഭാവിയെ കരുപിടിപ്പിക്കാനുള്ള സൂത്രവാക്യമാണ് മാര്‍ക്സിസം..

Share :