Archives / June 2018

പി. വത്സല
തിരുനെല്ലി

തിരുനെല്ലി ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലമാണ്. അതു എന്ത് കൊണ്ടാന്ന് ചോദിച്ചാല്‍ - ഇവിടെയുള്ള മനുഷ്യരോടും പ്രകൃതിയോടുമുള്ള പ്രതിപത്തികൊണ്ട്, എല്ലാ കൊല്ലവും ഒന്നിലധികം തവണ ഇവിടെ വരികയും ഈ വീട്ടില്‍ താമസിക്കുകയും ചെയ്യുന്നത്. ഇവിടെ പ്രകൃതിയുടെ എല്ലാ മുഖങ്ങളും കാണാന്‍ കഴിയുന്നതുകൊണ്ടാണ്. ഇവിടെ മനുഷ്യനും പ്രകൃതിയും ഒന്നിച്ച് ജീവിക്കുന്ന പ്രദേശമാണ്. പ്രാകൃതകാലം മുതല്‍ അവര്‍ കാടിനെ അവലംബിച്ച് ജീവിച്ചിരുന്നുവെന്ന് ചരിത്രത്തില്‍ നാം പഠിച്ചിരുന്നു. എങ്കില്‍ ഇവിടെ അത് നേരിട്ട് കാണാന്‍ കഴിയും. ആഹാരം തേടാനും ഇഷ്ടത്തിനൊത്ത് നടക്കാനും ഇരിക്കാനും അന്തിയുറങ്ങാനും അവരുടെ ഇച്ഛയ്ക്കൊത്ത് ജീവിക്കാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ഇവിടെയുള്ളതുപോലെ മറ്റൊരിടത്തുമില്ല. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ അറിയാതെ ശുദ്ധമനസ്കൃതരായി പരസ്പരം സ്നേഹിച്ചും പ്രകൃതിയെ സ്നേഹിച്ചും അവര്‍ കഴിഞ്ഞു പോകുന്നു. ഒരു വൃക്ഷത്തൈപോലും നശിപ്പിച്ചു കളയാതെ ശുദ്ധജലം വൃത്തികേടാക്കാതെ അവര്‍ ജീവിച്ചു പോകുന്നു. സ്വന്തം കുട്ടികളെപ്പോലും സ്വാതന്ത്ര്യത്തോടെ വിട്ടുകൊണ്ട്. ഇന്ന് മറ്റുള്ളവരാണ് അവര്‍ക്ക് ഉപദ്രവമായിക്കൊണ്ടിരിക്കുന്നത്. അവരുടെ ജീവിതത്തിന് കലുഷമായി, അവരുടെ സ്വച്ഛത നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഗതാഗതം മുമ്പ് - ബ്രിട്ടീഷ്കാരുടെ കാലത്ത് തനി റോഡാണ് ഉണ്ടായിരുന്നത്- കുതിര ഓടിക്കാന്‍ മാത്രമുളളറോഡ്. എങ്കില്‍ ഇന്ന് റോഡ് വികസിച്ചു. മാത്രമല്ല ഇതൊരു ടൂറിസ്റ്റ് കേന്ദ്രമാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതു വേണ്ടത്ര ശരിയായില്ലെന്ന് അന്നും ഇന്നും എനിക്ക് തോന്നി. ടൂറിസമെന്നാല്‍ നമ്മുടെ നാട്ടിന് സൗന്ദര്യം വര്‍ദ്ധിക്കുവാനുള്ള ഒരു ഏര്‍പ്പാടാണ്. അല്ലാതെ ഈ പ്രകൃതിയെ നശിപ്പിച്ചും മനുഷ്യന് നഗര ജീവിതത്തിന്‍റെ എല്ലാ സൗകര്യങ്ങളും ഉണ്ടാക്കിക്കൊടുത്ത് പണം വാങ്ങാനുള്ള ഏര്‍പ്പാടല്ല. എല്ലാ രാജ്യങ്ങളും ഇന്ത്യയെപ്പോലെയല്ല അമേരിക്കയില്‍ ഒരു ടൂറിസ്റ്റ് കേന്ദ്രമുണ്ടെങ്കില്‍ അവര്‍ അതേപടി പ്രകൃതിയെ കാത്ത് സൂക്ഷിക്കുന്നു. ഒരു തടാകമോ, ഒരു കുളമോ, ഒരു വലിയൊരു മരുഭൂമിയോ - അതേപടി നിലനിര്‍ത്തുകയാണ് ചെയ്യുന്നത് - പ്രകൃതിക്ക് കേട് വരുത്താതെ, ആരോഗ്യം വര്‍ദ്ധിക്കാന്‍ മനുഷ്യന് മാത്രമല്ല പ്രകൃതിക്കും അവകാശമുണ്ടെന്ന കാഴ്ചപ്പാടാണ് അവര്‍ക്കുള്ളത്. ഞാന്‍ അവിടെ കണ്ട കാഴ്ച നദികളില്‍ ഒരാള്‍ പോലുമിറങ്ങി കുളിക്കുകയോ, നനയ്ക്കുകയോ ചെയ്യുന്നില്ല. അവര്‍ക്ക് അതിന് തീരങ്ങളിലുള്ള ഫ്ളാറ്റുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. തടാകങ്ങള്‍ സമുദ്രങ്ങള്‍പോലെ വിശാലമായി അവിടെയുണ്ട്. തടാകത്തിനു ചുറ്റും കാടുകളാണ് - അതിനെ അതേപടി നിലനിറുത്തുന്നു. ഒരു കാവല്‍ക്കാരനെങ്കിലുമുണ്ടാകും അതിനെ സംരക്ഷിക്കാന്‍. ഒരു പുഴയില്‍പോലും നമ്മുടെ നാട്ടിലുള്ളത് പോലെ ഓട്ടോറിക്ഷ ഇറക്കി കഴുകുന്നത് കാണാന്‍ കഴിയില്ല. അത്തരത്തിലുള്ള ദുഷ്ടപ്രവര്‍ത്തനങ്ങള്‍ നമുക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ. വാഹനങ്ങള്‍ കഴുകാനും വൃത്തിയാക്കാനും പ്രത്യേക സൗകര്യങ്ങള്‍ അവര്‍ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചെയ്തിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ താമസിക്കുന്ന ഇടം എന്ന നിലയില്‍ ജാഗ്രത എല്ലാ കാര്യങ്ങളിലും അവര്‍ ചെയ്യുകയും പരിപാലിക്കുകയും ചെയ്യാനുള്ള ശേഷി അവര്‍ക്കുണ്ട്.

Share :

Photo Galleries